തിരയുക

പാപ്പാ തന്റെ മുപ്പത്തിനാലാം അപ്പസ്തോലിക യാത്രയിൽ പാപ്പാ തന്റെ മുപ്പത്തിനാലാം അപ്പസ്തോലിക യാത്രയിൽ 

ഫ്രാൻസിസ് പാപ്പായുടെ ബുദാപെസ്റ്റ്-സ്ലൊവാക്കിയ അപ്പസ്തോലിക യാത്ര

ഫ്രാൻസിസ് പാപ്പായുടെ, ബുദാപെസ്റ്റിൽ നടക്കുന്ന അൻപത്തിരണ്ടാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യകോൺഗ്രസ്സിന്റെ സമാപനചടങ്ങിലേക്കും, സ്ലൊവാക്കിയയിൽ സന്ദര്ശനത്തിനുമായുള്ള, നാല് ദിവസം നീളുന്ന അപ്പസ്തോലികയാത്ര ആരംഭിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലിക യാത്രയുടെ യാത്രാവിവരണം: ശബ്ദരേഖ

അപ്പസ്തോലിക യാത്ര

"മേരിയും യൗസേപ്പുമൊപ്പം യേശുവിലേക്കുള്ള വഴിയിൽ" എന്ന മുദ്രാവാക്യമാണ് തന്റെ മുപ്പത്തിനാലാമത് അപ്പസ്തോലികയാത്രയ്ക്കായി പാപ്പാ തിരഞ്ഞെടുത്തത്. വിശുദ്ധ യൗസേപ്പിനും, സ്ലോവാക്കിയയുടെ മദ്ധ്യസ്ഥയായ കന്യകാമറിയത്തിനും യേശുവിനോടുള്ള സ്നേഹത്തെ പരിഗണിച്ചാണ് മാർപാപ്പാ ഈ ഒരു മുദ്രാവാക്യം തിരഞ്ഞെടുത്തത്. പാപ്പായുടെ യാത്രയുടെ ഉദ്ധേശ്യംകൂടി വ്യക്തമാക്കുന്ന ഒരു വാക്യമാണ് പത്രോസിന്റെ പിൻഗാമിയെന്ന നിലയിൽ, അദ്ദേഹം തിരഞ്ഞെടുത്തത്. ക്രൈസ്തവവിശ്വാസത്തിന് സാക്ഷ്യമേകാനും, ഹംഗറിയിലെയും സ്ലൊവാക്കിയയിലെയും കത്തോലിക്കാസഭയെ സന്ദർശിക്കുന്നതിനും, വിശ്വാസത്തിൽ അവരെ ബലപ്പെടുത്തുന്നതിനും ഒപ്പം ഇരുരാജ്യങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നിന്ന് നേരിട്ടും, വാർത്താമാധ്യമങ്ങൾ വഴിയായും പാപ്പായെ പിന്തുടരുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ക്രൈസ്തവവിശ്വാസത്തിന്റെയും സാഹോദര്യത്തിന്റെയും പാഠങ്ങൾ പറഞ്ഞുകൊടുക്കുവാനുമാണ് ഈ യാത്രകൊണ്ട് പാപ്പാ ലക്ഷ്യമിടുന്നത്. അങ്ങനെ മുൻയാത്രകൾ പോലെ, സാഹോദര്യത്തിന്റെയും, ലോകസമാധാനത്തിന്റെയും, പരസ്പര സഹകരണത്തിന്റെയും, ദൈവവിശ്വാസത്തിൽ അധിഷ്‌ഠിതമായ മനുഷ്യസ്നേഹത്തിന്റെയും, ലക്‌ഷ്യങ്ങൾ തന്നെയാണ് ഫ്രാൻസിസ് പാപ്പായുടെ ഇത്തവണത്തെ യാത്രയും മുന്നിൽ കാണുന്നത്.

ഹംഗറി:

അപ്പസ്തോലിക യാത്രകളുടെ ഭാഗമായി പാപ്പാ സന്ദർശിക്കുന്ന 53-)മത് രാജ്യമാണ് ഹംഗറി. ഒരു കോടിയിൽ താഴെ മാത്രം ജനസംഖ്യയുള്ള, അതായത് ഏതാണ്ട് 98 ലക്ഷത്തോളം ആളുകൾ മാത്രമുള്ള ഒരു രാജ്യമാണ് ഇത്. കേരളത്തിന്റെ മൂന്നിലൊന്നോളം ജനങ്ങളാണ് ഇവിടെയുള്ളത്. എന്നാൽ ഹംഗറിയിലെ ജനങ്ങളിൽ 61 ശതമാനത്തിലധികവും കത്തോലിക്കാ വിശ്വാസികളാണ്. 17 രൂപതകളിലെ 2062 ഇടവകകളിലായി ഏതാണ്ട് 60 ലക്ഷം കത്തോലിക്കാരാണ് ഇവിടെയുള്ളത്. 34 മെത്രാന്മാരും 2089 വൈദികരും ഇവിടെയുണ്ട്. ഇവരിൽ 1714 പേർ രൂപതാവൈദികരും 375 സന്യാസവൈദികരുമാണ്. ഹംഗറിയിൽനിന്ന് ഏതാണ്ട് 620-ഓളം സന്ന്യാസിനിമാരുമുണ്ട്.

ദിവ്യകാരുണ്യകോൺഗ്രസ്

ക്രിസ്തുവിന്റെ ശരീരമായ പരിശുദ്ധ കുർബാനയോടുള്ള ഭക്തിയും ആരാധനയും, വിശ്വാസികളുടെ കൂട്ടായ്മയുടെ പ്രാധാന്യം, പ്രാർത്ഥന, നന്മപ്രവൃത്തികൾ എന്നിവയിലേക്ക് കത്തോലിക്കാവിശ്വാസികളുടെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് അന്താരാഷ്ട്രദിവ്യകാരുണ്യസംഗമത്തിന്റെ പ്രധാനമായ ലക്ഷ്യങ്ങൾ.

ആദ്യ ദിവ്യകാരുണ്യകോൺഗ്രസ് നടന്നത് 1881 ജൂൺ 21-ന്, ഫ്രാൻസിലെ ലീൽ എന്ന നഗരത്തിൽ വച്ചാണ്. ഫ്രഞ്ച് മെത്രാനും, ധാരാളം ഉപവി പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്നതുമായ ലൂയിസ് ഗസ്റ്റോൺ ദേ സേഗ്യുർ (Louis Gaston de Ségur) ആണ് ഏതാണ്ട് 40000 ആളുകൾ പങ്കെടുത്ത ഈ സമ്മേളനത്തിന് മുൻകൈയെടുത്തത്. ലെയോ പതിമൂന്നാമൻ മാർപാപ്പായുടെ അനുമതിയോടെയായിരുന്നു ആദ്യ ദിവ്യകാരുണ്യകോൺഗ്രസ് നടത്തപ്പെട്ടത്.

ബുദാപെസ്റ്റിൽ ഇത് രണ്ടാം തവണയാണ് ദിവ്യകാരുണ്യകോൺഗ്രസ് നടത്തപ്പെടുന്നത്. 1938 മെയ് മാസം 25 മുതൽ 30 വരെ തീയതികളിലായി 34-)മാത്   ദിവ്യകാരുണ്യസമ്മേളനമാണ് അവിടെ ആദ്യം നടന്നത്. പിന്നീട് പന്ത്രണ്ടാം പിയൂസ് മാർപാപ്പാ ആയി തിരഞ്ഞെടുക്കപ്പെട്ട കർദിനാൾ പച്ചെല്ലി ആയിരുന്നു അന്ന് പാപ്പായുടെ പ്രതിനിധിയായി ഇതിൽ പങ്കെടുത്തത്. സെപ്റ്റംബർ 5 മുതൽ 12 വരെ ബുദാപെസ്റ്റിൽ നടന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യസമ്മേളനത്തിന്റെ പ്രമേയം "അങ്ങിലാണ് ഞങ്ങളുടെ എല്ലാ അനുഗ്രഹങ്ങളുടെയും ഉറവ" എന്നതാണ്. 1964-ൽ ഇന്ത്യയിൽ ബോംബെയിൽ വച്ച് 38-)മത് അന്താരാഷ്ട്രദിവ്യകാരുണ്യസംഗമം നടന്നിരുന്നു. ഭാരതകത്തോലിക്കാസഭയുടെ ചരിത്രപ്രധാനമായ ആ സമ്മേളനത്തിൽ അന്ന് പോൾ ആറാമൻ പാപ്പാ സംബന്ധിച്ചിരുന്നു.

പാപ്പാ ബുദാപെസ്റ്റിൽ

ബുദാപെസ്റ്റിലെ ഫൈൻ ആർട്സ് മ്യുസിയത്തിൽ വച്ച് രാവിലെ 9.15-ന് ഹംഗറിയിലെ മെത്രാന്മാരുമായി നടന്ന കൂടിക്കാഴ്ചയിൽ, സഭയുടെ രക്തസാക്ഷിത്വത്തിന്റെയും സഹനങ്ങളുടെയും ചരിത്രത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നോട്ട് സുവിശേഷപ്രഘോഷണവും അതനുസരിച്ചുള്ള ജീവിതവുമായി മുന്നേറാനും, അധികാരത്തെക്കാളുപരി സേവനത്തിന്റെയും സാഹോദര്യത്തിന്റെയും മാർഗ്ഗത്തിൽ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുവാനും ആഹ്വാനം ചെയ്തു.

ബുദാപെസ്റ്റിലെ ഫൈൻ ആർട്സ് മ്യുസിയത്തിൽ വച്ച് 10 മണിക്ക്  എക്യൂമെനിക്കൽ സഭാസമിതികളും, ഹംഗറിയിലെ കുറച്ച് യഹൂദമതസമൂഹങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ അവരുടെ വക്താക്കളെ ശ്രവിച്ചതിന് ശേഷം സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് പാപ്പാ അവരോട് സംസാരിച്ചു.

ബുദാപെസ്റ്റ് നഗരത്തിലെ ഹീറോസ് ചത്വരത്തിൽ വച്ച് നടന്ന വിശുദ്ധബലി മദ്ധ്യേ നൽകിയ വചനസന്ദേശത്തിൽ പാപ്പാ അവിടെ കൂടിയ ആളുകളോട് യേശുവിനോടൊപ്പമുള്ള യാത്രയുടെ പ്രാധാന്യത്തെക്കുറിച്ചാണ് സംസാരിച്ചത്.

വിശുദ്ധബലിക്ക് ശേഷം ഹീറോസ് ചത്വരത്തിൽ വച്ചുതന്നെ നടന്ന ത്രികാലജപ പ്രാർത്ഥനയോടനുബന്ധിച്ച് പാപ്പാ എല്ലാവർക്കും നന്ദി പറയുകയും, പരിശുദ്ധ അമ്മയോടുള്ള അവരുടെ ഭക്തിയെ എടുത്തുപറയുകയും എല്ലാവർക്കും ആശീർവാദം നൽകുകയും ചെയ്തു.

തന്റെ അപ്പസ്തോലിക യാത്രയുടെ ആദ്യപടിയായ ബുദാപെസ്റ്റിലെ സന്ദർശനപരിപാടികൾക്ക് ശേഷം യാത്രയുടെ രണ്ടാം ഭാഗമായ സ്ലൊവാക്കിയയിലേക്ക് ഫ്രാൻസിസ് പാപ്പാ യാത്രയായി.

സ്ലൊവാക്കിയ

ഹംഗറിയുടെ പകുതിയോളം മാത്രം വിസ്തീർണ്ണമുള്ള സ്ലൊവാക്കിയയിൽ  ജനസംഖ്യയും ഹംഗറിയെ അപേക്ഷിച്ച് പകുതിയോളമേയുള്ളു. ഇവിടെ ഏതാണ്ട് 54 ലക്ഷത്തോളം ആളുകളാണുള്ളത്. എന്നാൽ ജനസംഖ്യയുടെ ഏതാണ്ട് 74 ശതമാനത്തോളം കത്തോലിക്കാവിശ്വാസികളാണ്. 40  ലക്ഷത്തോളം ആളുകളുടെ അംഗസംഖ്യയുള്ള ഇവിടുത്തെ കത്തോലിക്കാസഭയിൽ 12 രൂപതകളിലായി 1560 ഇടവകകളുണ്ട്. 22 മെത്രാന്മാരും സ്ലൊവാക്കിയയിൽ ഉണ്ട്. ആളുകളുടെ എണ്ണം കുറവാണെങ്കിലും, ഇവിടം ദൈവവിളിയാൽ കൂടുതൽ സമ്പന്നമാണ്. 3064 വൈദികരാണ് ഇവിടെയുള്ളത്. അതിൽ 2425 പേര് ഇടവകവൈദികരും 639 പേർ സന്യാസവൈദികരുമാണ്. സന്യാസിനിമാരുടെ എണ്ണത്തിലും ഹംഗറിയെക്കാൾ വളരെ മുന്നിലാണ് സ്ലൊവാക്കിയ. 1905 സന്യാസിനിമാരാണ് ഇവിടെനിന്നുള്ളവർ.

ഇന്ന്, സെപ്റ്റംബർ പന്ത്രണ്ടാംതീയതി ഉച്ചതിരിഞ്ഞ് ബുദാപെസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് സ്ലൊവാക്കിയയിലെ ബ്രാത്തിസ്ളാവ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഫ്രാൻസിസ് പാപ്പാ, പതിമൂന്നാം തീയതി വരെ തലസ്ഥാന നഗരത്തിൽ തുടരുകയും, അവിടെ സ്ലൊവാക്കിയയുടെ പ്രസിഡണ്ടും പ്രധാനമന്ത്രിയും ഉൾപ്പെടെ, വിവിധ രാഷ്ട്രീയ, മത നേതാക്കളുമായും, തലസ്ഥാനത്തെ യഹൂദമതസമൂഹവുമായും കൂടിക്കാഴ്ച നടത്തുകയും, സഭൈക്യകൂട്ടായ്മയിൽ പങ്കെടുക്കുകയും ചെയ്യും.

പതിനാലാം തീയതി, സ്ലൊവാക്കിയയുടെ കിഴക്കൻനഗരമായ കോഷിത്സെയിലേക്ക് (Košice) പോകുന്ന പാപ്പാ അവിടെ ബൈസന്റൈൻ ആരാധനാക്രമത്തിൽ വിശുദ്ധബലിയർപ്പിക്കും. അന്നേദിവസംതന്നെ അവിടെയുള്ള നാടോടികളായ ആളുകളുമായും, കുട്ടികളുമായും കണ്ടുമുട്ടിയതിനുശേഷം, പരിശുദ്ധ പിതാവ് തിരികെ തലസ്ഥാനനഗരമായ ബ്രാത്തിസ്ലാവയിലേക്ക് പോരും.

സെപ്റ്റംബർ 15ന്, ബ്രാത്തിസ്ളാവ നഗരത്തിനടുത്ത്, ഷഷ്ടിൻ (Šaštin) എന്ന സ്ഥലത്തുള്ള ദേശീയ മരിയൻ തീർത്ഥാടനകേന്ദ്രത്തിൽവച്ച് മെത്രാന്മാരുമൊത്തുള്ള പ്രാർത്ഥനയ്ക്കുശേഷം വിശുദ്ധബലിയർപ്പിക്കുകയും, തുടർന്ന് ബ്രാത്തിസ്ളാവ വിമാനത്താവളം വഴി റോമിലെ ച്യമ്പീനോ (Ciampino) അന്താരാഷ്ട്രവിമാനത്താവളത്തിൽ എത്തുകയും, അവിടെനിന്ന് വത്തിക്കാനിലേക്ക് തിരികെയെത്തുകയും ചെയ്യും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 September 2021, 17:17