തിരയുക

കർദ്ദിനാൾ മർത്തിനെസ് സൊമാലോ   - ഫയൽ ചിത്രം കർദ്ദിനാൾ മർത്തിനെസ് സൊമാലോ - ഫയൽ ചിത്രം 

കർദ്ദിനാൾ മർത്തിനെസ് സൊമാലോയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മാർപാപ്പാ

ഓഗസ്റ്റ് 10-ആം തീയതി വത്തിക്കാനിൽ നിര്യാതനായ കർദ്ദിനാൾ എദ്വാർദോ മർത്തിനെസ് സൊമാലോയുടെ (Cardinal Eduardo Martinez Somalo) നിര്യാണത്തിൽ മാർപാപ്പാ അനുശോചനമറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പരിശുദ്ധ സിംഹാസനത്തിനുവേണ്ടി സുദീർഘമായ സേവനമനുഷ്‌ഠിച്ച്, 94-ആം വയസ്സിൽ കാലം ചെയ്ത കർദ്ദിനാൾ സൊമാലോയുടെ സഹോദരപുത്രൻ മോൺസിഞ്ഞോർ ഫെർണാണ്ടോ ലോസ മർത്തിനെസിനയച്ച (Msgr. Fernando Loza Martínez) ടെലഗ്രാം സന്ദേശത്തിലൂടെയാണ്, കർദ്ദിനാളിന്റെ നിര്യാണത്തിൽ ദുഖിക്കുന്നവർക്കെല്ലാവർക്കും പാപ്പാ അനുശോചനങ്ങൾ അറിയിച്ചത്.

"ഈ പ്രിയപ്പെട്ട സഹോദരന്റെ ആത്മീയ ഫലപുഷ്ടിയുള്ള സാക്ഷ്യം വാത്സല്യപൂർവ്വം അനുസ്മരിച്ചുകൊണ്ട്, താങ്കളോടും, കുടുംബാംഗങ്ങളോടും, അദ്ദേഹത്തെ അറിയുന്നവരോടും ബഹുമാനിക്കുന്നവരോടും എന്റെ അടുപ്പം പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു" എന്ന് പാപ്പാ എഴുതി.

തന്റെ മുൻഗാമികളായ ആറു മാർപാപ്പാമാർക്ക് അദ്ദേഹം ചെയ്ത സേവനത്തെ എടുത്തുപറഞ്ഞ ഫ്രാൻസിസ് പാപ്പാ "അദ്ദേഹാം നേടിയ സുദീർഘവും സമ്പന്നവുമായ അനുഭവങ്ങൾ, ആത്മാർത്ഥമായ മതിപ്പോടെ പരിഗണിക്കുമ്പോൾ, സഭയോടും പരിശുദ്ധ സിംഹാസനത്തോടുമുള്ള അദ്ദേഹത്തിന്റെ വിശ്വസ്തവും ഉദാരവുമായ സേവനത്തിന് താൻ കർത്താവിന് നന്ദി പറയുന്നു" എന്നും കൂട്ടിച്ചേർത്തു.

"സുവിശേഷത്തിലെ വിശ്വസ്തരായ ദാസന്മാർക്ക് വാഗ്ദാനം ചെയ്യപ്പെട്ട നിത്യാനന്ദം ആസ്വദിക്കാൻ സ്വർഗ്ഗീയനാട്ടിലേക്ക് അദ്ദേഹത്തെ സ്വീകരിക്കണമെന്ന് പരിശുദ്ധ കന്യകയുടെ അമ്മയുടെ മധ്യസ്ഥതയിലൂടെ ഞാൻ കർത്താവിനോട് അപേക്ഷിക്കുന്നു" എന്നെഴുതിയ പാപ്പാ, കർദ്ദിനാൾ സൊമാലോയെ പരിചരിച്ചിരുന്ന, നിത്യപുരോഹിതനായ യേശുവിന്റെ മിഷനറി സഹോദരിമാർക്കും, കർദ്ദിനാളിന്റെ വേർപാടിൽ വിലപിക്കുന്നവർക്കെല്ലാവർക്കും തന്റെ അപ്പസ്തോലിക അനുഗ്രഹങ്ങളും നേർന്നു.

കർദ്ദിനാൾ സൊമാലോയുടെ മൃതസംസ്കാരച്ചടങ്ങുകൾ ഓഗസ്റ്റ് 13 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക്, വത്തിക്കാനിൽ, വിശുദ്ധ പത്രോസിന്റെ നാമധേയത്തിലുള്ള ബസിലിക്കയിൽവച്ച് കർദ്ദിനാൾ ജ്യോവാന്നി ബത്തിസ്ത റേയുടെ (Giovanni Battista Re) മുഖ്യ കാർമ്മികത്വത്തിൽ നടക്കും

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 August 2021, 17:41