തിരയുക

ഐക്യരാഷ്ട്രസഭാ ഭക്ഷ്യ ഉച്ചകോടിയുടെ ചിത്രം... ഐക്യരാഷ്ട്രസഭാ ഭക്ഷ്യ ഉച്ചകോടിയുടെ ചിത്രം... 

പാപ്പാ: നീതിയുക്തമായ ഒരു ലോകം പണിയാനുള്ള ഒരവസരമാണ് ഐക്യരാഷ്ട്രസഭാ ഭക്ഷ്യ ഉച്ചകോടി

ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്തോണിയോ ഗുട്ടെരസ്സിന് അയച്ച സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഇറ്റാലിയൻ ഭരണകൂടം ആതിഥേയത്വമരുളി റോമിൽ ജൂലൈ 26 മുതൽ28 വരെ നടക്കുന്ന ഉച്ചകോടി ഭക്ഷ്യസംവിധാനത്തെക്കുറിച്ചാണ്  ചർച്ച ചെയ്യുന്നത്. ഇത് ഭക്ഷ്യ സംവിധാനങ്ങളുടെ രൂപാന്തരീകരണം ലക്ഷ്യം വച്ച് 2020ൽ ആരംഭിച്ച ആഗോള പ്രയത്നങ്ങളെ ഒരുമിച്ച് കൊണ്ട് വരാനും സെപ്റ്റംബറിൽ നടത്താനുദ്ദേശിക്കുന്ന മറ്റൊരു ഉച്ചകോടിക്ക് വഴിതെളിക്കുകയുമാണ്. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിനയച്ച സന്ദേശത്തിൽ ഈ സുപ്രധാന സമ്മേളനം "ഉയർത്തി കാട്ടുന്നത് ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന് വിശപ്പും, ഭക്ഷ്യ അരക്ഷിതാവസ്ഥയും, പോഷകാഹാരക്കുറവും കോവിഡ് 19 ന്റെ ഈ കാലഘട്ടത്തിൽ മറികടക്കുക എന്നതാണ്." എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

ഭൂമിയുടെ നിലവിളി

ഈ മഹാമാരി നമ്മെ നേരിട്ടത്, "മനുഷ്യ കുടുംബം എന്ന നിലയിൽ  നമ്മുടെ ഐക്യത്തെ ദുർബ്ബലപ്പെടുത്തുന്ന വ്യവസ്ഥാപിതമായ അനീതിയുമായാണ്."  "ദൈവം അതിൽ നിക്ഷേപിച്ച വസ്തുക്കളുടെ നിരുത്തരവാദിത്വപരമായ ഉപയോഗവും നാം അതിനേൽപ്പിച്ച പരുക്കും മൂലം"  ഏറ്റം ദരിദ്രനും ഭൂമി തന്നെയും നിലവിളിക്കുകയാണ് പാപ്പാ കൂട്ടിചേർത്തു. നമ്മുടെ ഗ്രഹത്തിന്റെ ഫലം പുറപ്പെടുവിക്കാനുള്ള കഴിവ് വർദ്ധിപ്പിക്കാൻ പുത്തൻ സാങ്കേതിക വിദ്യകൾ വികസിതമാകുമ്പോഴും നമ്മൾ പ്രകൃതിയുടെ വന്ധ്യംകരണം എത്തുംവരെ ചൂഷണം ചെയ്യുന്നത്  ബാഹ്യമരുഭൂമികൾ മാത്രമല്ല ആന്തരീക ആത്മീയ മരുഭൂമികളും വിപുലമാക്കുന്നു” എന്ന് പാപ്പാ സൂചിപ്പിച്ചു.

സർവ്വസമ്പുഷ്ടമായ ലോകത്തിൽ വിശപ്പിന്റെ ഉതപ്പ്

സകലർക്കും ആവശ്യമായ ഭക്ഷണം ഉൽപ്പാദിപ്പിക്കുന്ന ഒരു ലോകത്ത് വിശപ്പിന്റെ "ഉതപ്പ് " പാപ്പാ അപലപിക്കുകയും ഇത് “അടിസ്ഥാന മനുഷ്യാവകാശ ലംഘനം നടത്തുന്ന കുറ്റകൃത്യമാണ്”എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു. ഈ അനീതിക്കെതിരേ “പ്രായോഗീകവും ശരിയായതുമായ നടപടികളിലൂടെയും പ്രാദേശികവും അന്തർദ്ദേശീയവുമായ നയങ്ങളിലൂടെയും പോരാടേണ്ടേത്” എല്ലാവരുടേയും കടമയാണെന്നും പാപ്പാ അടിവരയിട്ടു. ഈ വീക്ഷണത്തിൽ ശ്രദ്ധയോടും ശരിയായതുമായ ഭക്ഷ്യ സംവിധാനത്തിന്റെ രൂപാന്തരീകരണത്തിന് ഒരു സുപ്രധാന കർത്തവ്യം നിറവേറ്റാനുണ്ട്.

പുതിയ ചിന്താഗതി

“ഭക്ഷണം ഉൽപ്പാദിപ്പിക്കുക എന്നതു മാത്രം പോരാ” എന്നടിവരയിട്ട പാപ്പാ “ഭൂമിയെ സംരക്ഷിക്കുകയും മനുഷ്യന്റെ അന്തസ്സ് കേന്ദ്രഭാഗത്ത് നിലനിർത്തികൊണ്ടുതന്നെ ആഗോളതലത്തിൽ ആവശ്യത്തിന് ഭക്ഷണവും പ്രാദേശീകമായി മാന്യമായ തൊഴിൽ ഉറപ്പാക്കുകയും ഭാവിയുമായി വിട്ടുവീഴ്ച ചെയ്യാതെയും ഇന്നത്തെ ലോകത്തെ ഊട്ടാനാവശ്യമായ ഒരു ഭക്ഷ്യ സംവിധാനം രൂപീകരിക്കാൻ വേണ്ട ഒരു പുതിയ ചിന്താഗതിയും സമഗ്രമായ സമീപനവുമാണാവശ്യം” എന്ന് എടുത്തു പറഞ്ഞു.

മഹാമാരിക്ക് ശേഷമുള്ള “പുനരാരംഭിക്കൽ” നടപടികളിൽ എടുക്കുന്ന “രാഷ്ട്രീയ സാമ്പത്തിക തീരുമാനങ്ങളിൽ ഗ്രാമീണ മേഖലയുടെ കേന്ദ്രീകത്വം പുനസ്ഥാപിക്കേണ്ട”തിന്റെ ആവശ്യകതയും, കാർഷീക തലത്തിന്റെ പ്രാഥമീകതയും പരിഗണിക്കണ”മെന്നും തന്റെ സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പാ ഉയർത്തിക്കാണിച്ചു.

കുടുംബത്തിന്റെ പ്രാധാന്യം

“ഭക്ഷ്യ സംവിധാനങ്ങളുടെ ഏറ്റം അത്യാവശ്യ ഘടകങ്ങൾ”  ചെറുകിട കർഷകരും കുടുംബവുമാണ്. കൂടാതെ “ഗ്രാമീണ സ്ത്രീകളുടെ ആവശ്യങ്ങൾ പൂർണ്ണമായി നിറവേറ്റാനും, യുവാക്കളുടെ തൊഴിൽ പ്രോൽസാഹിപ്പിക്കാനും, വിദൂരവും ദരിദ്രവുമായ പ്രദേശങ്ങളിലെ കർഷകരുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുവാനുള്ള   നയങ്ങൾ നടപ്പിലാക്കണം” എന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. “ഫലപ്രദമായ ബഹുമുഖത്വവും ഉത്തരവാദിത്വപൂർണ്ണമായ ഒരു ഭക്ഷ്യ സംവിധാനവും നിലനിർത്താൻ നീതിയും, സമാധാനവും മനുഷ്യ കുടുംബത്തിന്റെ ഐക്യവും പരമപ്രധാനമാണ്” എന്ന് ഫ്രാൻസിസ് പാപ്പാ സൂചിപ്പിച്ചു.

ധൈര്യപൂർവ്വമായ സംവാദം

“ഇന്ന് നമ്മൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധി തീർച്ചയായും നമ്മുടെ അന്യായമായ ഭക്ഷ്യ സംവിധാനങ്ങളുടെ വേരുകളെ അഭിസംബോധന ചെയ്യാനും സത്യസന്ധവും, ധീരവുമായ സംവാദത്തിലേർപ്പെടാനുള്ള അതുല്യമായ അവസരമാണ്” എന്നു പാപ്പാ ഊന്നിപ്പറഞ്ഞു.

തന്റെ സന്ദേശം ഉപസംഹരിച്ചു കൊണ്ട് “ഈ പ്രധാനപ്പെട്ട സമ്മേളനത്തിൽ ഉടനീളം ഭക്ഷണവും, വെള്ളവും, മരുന്നും, തൊഴിലും സമൃദ്ധമായി ഒഴുകുകയും അവ ആദ്യം ദരിദ്രരിലേക്ക് എത്തുകയും ചെയ്യുന്ന ഒരു ലോകത്തിന്റെ സ്വപ്നം സാക്ഷാൽക്കരിക്കാനുള്ള ഒരു ഉത്തരവാദിത്വം  നമുക്കുണ്ട്” എന്ന് പാപ്പാ അടിവരയിട്ടു.

സഭയുടെ  പിൻതുണ

“പരിശുദ്ധ സിംഹാസനവും കത്തോലിക്കാ സഭയും തങ്ങളെ തന്നെ ഈ ഉന്നതമായ ലക്ഷ്യത്തിനായി നൽകിക്കൊണ്ട് വിവേകപൂർവ്വമായ തീരുമാനങ്ങളെടുക്കാൻ  തങ്ങളുടെ കഴിവും  പ്രവർത്തനങ്ങളും സംഭാവനകളും” ഉറപ്പിച്ച് വാഗ്ദാനം ചെയ്തു. അവസാനമായി ഭക്ഷ്യസംവിധാനങ്ങളുടെ പുനരുജ്ജീവനത്തിനായുള്ള ഈ സമ്മേളനം "സമാധാനപരവും സമൃദ്ധവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള പാതയിൽ നമ്മെ എത്തിക്കുകയും, സത്യമായ സാഹോദര്യത്തിൽ നടക്കാൻ സാധ്യമാക്കുന്ന സമാധാനത്തിന്റെ വിത്തുകൾ വിതയ്ക്കാൻ ഇടയാക്കുകയും ചെയ്യുമെന്നും” ഫ്രാൻസിസ് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 July 2021, 14:57