ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സഭാകൂട്ടായ്മയിൽ ആയിരിക്കാൻ അഭിലഷിക്കുന്ന എല്ലാ കുടുംബങ്ങളെയും പങ്കെടുപ്പിക്കുന്നതിന് ദൈവപരിപാലനപരമായ അവസരമൊരുക്കുന്ന ആഗോള സംഗമം ആയിരിക്കും പത്താം ലോക കുടുംബ സമ്മേളനമെന്ന് മാർപ്പാപ്പാ.
2022 ജൂണിൽ റോം മുഖ്യ കേന്ദ്രവേദിയാക്കി സംഘടിപ്പിക്കപ്പെടുന്ന ഈ കുടുംബസമ്മേളനം ഇത്തവണ സവിശേഷമായ രീതിയിൽ സംവിധാനം ചെയ്തിരിക്കുന്നതിനെ അധികരിച്ച് വെള്ളിയാഴ്‌ച (02/07/21) പുറപ്പെടുവിച്ച വീഡിയൊ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.
“കുടുംബസ്നേഹം: വിളിയും വിശുദ്ധിയുടെ വഴിയും” എന്ന വിചിന്തനപ്രമേയം ഈ കുടുംബസംഗമം സ്വീകിരച്ചിരിക്കുന്നതും പാപ്പാ തൻറെ സന്ദേശത്തിൽ അനുസ്മരിക്കുന്നു.
ലോകമെമ്പാടുമുള്ള രൂപതാസമൂഹങ്ങളുടെ പങ്കാളിത്തം പരിപോഷിപ്പിക്കുന്ന ഈ സമ്മേളനം ബഹുകേന്ദ്രീകൃതവും വ്യാപകവുമായ ഒരു രൂപം ഉള്ളതായിരിക്കുമെന്നും റോം ആയിരിക്കും ഇതിൻറെ മുഖ്യ കേന്ദ്രമെന്നും റോമാ നഗരം വേദിയാക്കി ഒരുക്കുന്ന കുടുംബോത്സവത്തിലും അജപാലന സമ്മേളനത്തിലും ദിവ്യബലിയിലും കുടുംബഅജപാലന പ്രവർത്തകരുടെ പ്രധിനിധികൾ പങ്കെടുക്കുമെന്നും പാപ്പാ തൻറെ സന്ദേശത്തിൽ വിശദീകരിക്കുന്നു.
ആ ദിനങ്ങളിൽ തന്നെ ഓരോ രൂപതയ്ക്കും അതതു രൂപതകളിലെ കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും വേണ്ടിയുള്ള പ്രാദേശിക സമാഗമ വേദിയാകാൻ സാധിക്കുമെന്നും അങ്ങനെ, എല്ലാവർക്കും, റോമിലെത്താൻ സാധിക്കാത്തവർക്കും, ഈ ലോക കുടുംബസമ്മേളനത്തിൽ പങ്കാളികളാകാൻ കഴിയുമെന്നും പാപ്പാ പറയുന്നു.
ആകയാൽ റോമിലെ സമ്മേളനത്തോടൊന്നു ചേർന്ന് പ്രാദേശിക തലത്തിലും കുടുംബസംഗമം ഒരുക്കാൻ പാപ്പാ ആഹ്വാനം ചെയ്യുന്നു.
കുടുംബഅജപാലനത്തിനായി ആവേശത്തോടെ പരിശ്രമിക്കാനുള്ള ഒരു അവസരമാണ് ഇതെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു.
എല്ലാ ഭൂഖണ്ഡങ്ങളിലും രൂപതാതലത്തിലും ഇടവകതലത്തിലും ഈ സമാഗമം സംഘടിപ്പിക്കുന്നതിന് പരസ്പരം സഹായിക്കാൻ പാപ്പാ ഇടയന്മാരോടും കുടുംബങ്ങളോടും ആവശ്യപ്പെടുകയും ചെയ്യുന്നു.
പത്താം ലോക കുടുംബ സംഗമം ഇക്കൊല്ലം, അതായത്, 2021-ൽ നടക്കേണ്ടിയിരുന്നതായിരുന്നെങ്കിലും, കോവിദ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ അത് 2022-ലേക്കു മാറ്റുകയായിരുന്നു. ഈ കുടുംബസമാഗമത്തിൻറെ ഔദ്യോഗിക ചിഹ്നവും നവീകൃത സംഘടനാ ശൈലിയും വെള്ളിയാഴ്ച (02/07/21) ഒരു പത്രസമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടു.