എളിയവരുടെയും യാതനകളനുഭവിക്കുന്നവരുടെയും ചാരെ ആയിരിക്കുക, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആത്മശരീരങ്ങളിൽ യാതനകളനുഭവിക്കുന്നവരുമായി കൂടിക്കാഴ്ച നടത്തുന്നതിന് പാപ്പാ “ഫ്രയേഴ്സ് മൈനർ” അഥവാ, ചെറു സന്ന്യാസികൾ എന്ന ഫ്രാൻസിസ്ക്കൻ സമൂഹത്തിന് പ്രചോദനം പകരുന്നു.
ഓ എഫ് എം (OFM) എന്ന ചുരുക്ക സംജ്ഞയിൽ അറിയപ്പെടുന്ന ഈ സമൂഹത്തിൻറെ പൊതു സംഘത്തിൽ, അഥവാ, ജനറൽ ചാപ്റ്ററിൽ പങ്കെടുക്കുന്നവർക്കയച്ച സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഈ സമൂഹത്തിൻറെ ആദ്ധ്യാത്മികതയുടെ കാതൽ എടുത്തുകാട്ടിക്കൊണ്ട് ഈ പ്രചോദനം പകർന്നിരിക്കുന്നത്.
കാരുണ്യപ്രവർത്തിയുടെ അടയാളത്തിൽ എളിയവരും വേദനിക്കുന്നവരുമായി കണ്ടുമുട്ടുകയാണ് “ഫ്രയേഴ്സ് മൈനർ” സമൂഹത്തിൻറെ ആത്മീയതയുടെ വേരുകൾ എന്ന് പാപ്പാ അനുസ്മരിക്കുന്നു.
മതിലുകളല്ല, പ്രത്യുത, സേതുബന്ധങ്ങൾ തീർക്കാൻ പരിശ്രമിച്ചുകൊണ്ട്, സംഭാഷണത്തിൻറെ മനുഷ്യരായി വേണം എളിയവരുടെ പക്കലെത്തേണ്ടതെന്നും പൊതുവായ ഒരു പദ്ധതിയിലേക്കുള്ള വഴി കണ്ടെത്താൻ പാടുപെടുന്ന ഒരു ലോകത്തിൽ സാഹോദര്യത്തിൻറെയും സാമൂഹ്യമൈത്രിയുടെയും ദാനം നല്കേണ്ടതുണ്ടെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
വാചക കസർത്തല്ല, പ്രത്യുത, എളിയവരോടുള്ള സാമീപ്യം അനുഭവവേദ്യമാക്കലാണ് ആവശ്യമെന്ന് പാപ്പാ പറയുന്നു.
ഒറ്റപ്പെടലിൻറെയും സഹനത്തിൻറെയും അടിയന്തിരാവസ്ഥകൾ നാം ജീവിക്കുന്ന ഒരു ഘട്ടമായ കോവിദ് 19 മഹാമാരിക്കാലത്തിലൂടെ നാം കടന്നു പോകുന്നതും അനുസ്മരിച്ച പാപ്പാ, ഇത് നമ്മെ ഓർമ്മിപ്പിക്കുന്നത് ഐഹികജീവിതത്തിൽ നാം തീർത്ഥാടകരും പരദേശികളും വസ്തുക്കളുടെയും വ്യക്തിതാല്പര്യങ്ങളുടെയും ഭാരം കുറയ്ക്കാൻ സന്നദ്ധരായ യാത്രികരും ആണ് എന്ന വസ്തുതയാണെന്ന് വിശദീകരിച്ചു.
അതോടൊപ്പം തന്നെ ക്രിസ്തുവുമായും സഹോദരങ്ങളുമായും ബന്ധം തീവ്രതരമാക്കാനുള്ള സവിശേഷാവസരമാണ് ഈ മഹാമാരിക്കാലമെന്നും പാപ്പാ പറഞ്ഞു.