തിരയുക

ജെമെല്ലി പോളിക്ലിനിക്ക് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി കഴിയുന്ന ഫ്രാൻസീസ് പാപ്പായ്ക്ക് ആ ആശുപത്രിയിലെ തന്നെ അർബ്ബുദ ബാധിതരായ കുഞ്ഞുങ്ങൾ   രോഗ സൗഖ്യം നേർന്നുകൊണ്ടെഴുതിയ കത്ത്. ജെമെല്ലി പോളിക്ലിനിക്ക് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി കഴിയുന്ന ഫ്രാൻസീസ് പാപ്പായ്ക്ക് ആ ആശുപത്രിയിലെ തന്നെ അർബ്ബുദ ബാധിതരായ കുഞ്ഞുങ്ങൾ രോഗ സൗഖ്യം നേർന്നുകൊണ്ടെഴുതിയ കത്ത്. 

പാപ്പായ്ക്ക് ക്യാൻസർ രോഗികളായ പൈതങ്ങളുടെ രോഗസൗഖ്യാശംസകൾ!

ജെമെല്ലി ആശുപത്രിയിലെ ക്യാൻസർ രോഗ ചികിത്സാവിഭാഗത്തിൽ കഴിയുന്ന കുഞ്ഞുങ്ങൾ പാപ്പായ്ക്ക് രോഗസൗഖ്യം നേർന്നുകൊണ്ട് കത്തെഴുതി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

റോമിലെ ജെമേല്ലി പോളിക്ലിനിക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അർബ്ബുദ ചികിത്സയിൽ കഴിയുന്ന കുഞ്ഞുങ്ങൾ പാപ്പായ്ക്ക് ക്ഷിപ്രസുഖപ്രാപ്തി ആശംസിക്കുന്നു.

ഈ ആശുപത്രിയിൽ തന്നെ ജൂലൈ നാലിന്, ഞായാറാഴ്ച (04/07/21) വൻകുടൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി സുഖം പ്രാപിച്ചു വരുന്ന ഫ്രാൻസീസ് പാപ്പായ്ക്ക്  ഇറ്റാലിയൻ ഭാഷയിലുള്ള ഒരു കത്തിലൂടെയാണ് ഈ കുഞ്ഞുങ്ങൾ സ്നേഹപൂർവ്വം ഈ ആശംസ നേർന്നത്.

“അങ്ങേയ്ക്കു സുഖമില്ലെന്ന് ഞങ്ങൾക്കറിയാൻ കഴിഞ്ഞു. നേരിൽ കാണാനാകില്ലെങ്കിലും ഇതാ ഞങ്ങളുടെ തീവ്രാശ്ലേഷവും ക്ഷിപ്ര സൗഖ്യാശംസയും” എന്ന് കുഞ്ഞുങ്ങൾ പാപ്പായ്ക്കുള്ള കത്തിൽ കുറിച്ചു.

അതിനിടെ, റോമിൽ, വത്തിക്കാൻറെ കീഴിൽ, കുട്ടികൾക്കായുള്ള, ഉണ്ണിയേശുവിൻറെ നാമത്തിലുള്ള “ബംബീനൊ ജെസു” ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരു ബാലിക, ജൂലിയ, പാപ്പായുടെ സുഖപ്രാപ്തിക്കായി പ്രാർത്ഥിച്ചുകൊണ്ട് വരച്ച ഒരു ചിത്രം ആശുപത്രിയുടെ ട്വിറ്ററിൽ പ്രസിദ്ധീകരിച്ചത് മാദ്ധ്യമ ശ്രദ്ധ പിടിച്ചു പറ്റി.

ആശുപത്രിയിൽ കഴിയുന്ന പാപ്പായുടെ കരം പിടിച്ചു നില്ക്കുന്ന ബാലികയാണ് ചിത്രത്തിലുള്ളത്. ആ ചിത്രത്തിൽ ഇപ്രകാരം കുറിച്ചിരിക്കുന്നു : “ പ്രിയപ്പെട്ട ഫ്രാൻസീസ് പാപ്പാ എൻറെ പ്രാർത്ഥന നിനക്കുണ്ട്. ഞാൻ രോഗിയായിരുന്നപ്പോൾ നിൻറെ പ്രാർത്ഥന ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്”.

പാപ്പായുടെ ശസ്ത്രക്രിയാന്തര സുഖപ്രാപ്തി സാധാരണഗതിയിൽ പുരോഗമിക്കുന്നുണ്ടെന്നും ഭക്ഷണക്രമം പതിവുപോലെയാണെന്നും നിശ്ചിത ചികിത്സകൾ തുടരുന്നുണ്ടെന്നും വത്തിക്കാൻറെ വക്താവ് മത്തേയൊ ബ്രൂണി വെള്ളിയാഴ്ച (09/07/21) വെളിപ്പെടുത്തി.

വരുന്ന ഞായറാഴ്‌ച (11/07/21) പാപ്പാ മദ്ധ്യാഹ്ന പ്രാർത്ഥന ജെമെല്ലി ആശുപത്രിയിലെ പത്താം നിലയിൽ നിന്നായിരിക്കും നയിക്കുകയെന്നും അദ്ദേഹം അറിയിച്ചു.

 

10 July 2021, 06:37