തിരയുക

പാപ്പാ റോമിലെ ജെമെല്ലി ആശുപത്രി ജീവനക്കാർക്കൊപ്പം... പാപ്പാ റോമിലെ ജെമെല്ലി ആശുപത്രി ജീവനക്കാർക്കൊപ്പം... 

പാപ്പാ: യേശുവിന്റെ മുറിവേറ്റ ശരീരവുമായി സമ്പർക്കം പുലർത്തുന്ന കരുണയുടെ ഒരു വേലയാണ് ആതുരശുശ്രൂഷ

ഫ്രാൻസിസ് പാപ്പാ റോമിലെ ജെമെല്ലി ആശുപത്രി നിർവ്വാഹക സംഘത്തിനും ജീവനക്കാർക്കും നന്ദി അറിയിച്ച്‌ കൊണ്ട് കത്തെഴുതി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അടുത്തിടെ ഒരു ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്തിനു ശേഷം തന്റെ വാസസ്ഥലത്ത് തിരിച്ചെത്തിയ പാപ്പാ എഴുതിയ കത്തിൽ ശരീരത്തെയും ഹൃദയത്തെയും പരിപാലിക്കുന്ന സ്ഥലമായി ആശുപത്രിയെ വിശേഷിപ്പിച്ചു.

റോമിലെ അഗോസ്റ്റിനോ ജെമെല്ലി "ആശുപത്രിവാസം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ, നിങ്ങളോടും നിങ്ങളിലൂടെ,  ജെമെല്ലി ആശുപത്രിയെ  വലിയ കുടുംബമാക്കുന്ന എല്ലാവരോടും നന്ദിയും സ്നേഹവും അറിയിക്കണമെന്ന്  എനിക്ക് തോന്നുന്നു," ജൂലൈ 15-ന് എഴുതിയ കത്തിൽ പാപ്പാ പറഞ്ഞു. തനിക്ക് അവിടെ ഒരു കുടുംബത്തിലെന്നപ്പോലുള്ള  "സാഹോദര്യപൂർണ്ണമായ സ്വീകരണവും ഊഷ്മളപരിചരണവും" അനുഭവപ്പെട്ടുവെന്ന് പാപ്പാ ഉറപ്പിച്ചു പറഞ്ഞു.

ജൂലൈ 4 ഞായറാഴ്ച, ആശുപത്രിയിൽ പ്രവേശിപ്പിച്ച പരിശുദ്ധ പിതാവ് വൻകുടലിന്റെ ഡൈവേർട്ടിക്കുലാർ സ്റ്റെനോസിസ് ശസ്ത്രക്രിയയ്ക്ക് വിധേയനായി. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചതിനെ തുടർന്ന് ഫ്രാൻസിസ് പാപ്പാ ജൂലൈ 14-ന് വത്തിക്കാനിലേക്ക് മടങ്ങി. ആശുപത്രിയുടെ ഡയറക്ടർ ബോർഡ് പ്രസിഡന്റ് പ്രൊഫസർ കാർലോ ഫ്രാത്ത പസീനിക്ക് അയച്ച കത്തിൽ, ആരോഗ്യ പരിചരണത്തിൽ മനുഷ്യ സംവേദനക്ഷമതയുടെയും ശാസ്ത്രീയ പ്രൊഫഷണലിസത്തിന്റെയും പ്രാധാന്യം ഫ്രാൻസിസ് പാപ്പാ എടുത്തുപറഞ്ഞു.

ആയിരക്കണക്കിനാളുകൾ അവരുടെ പ്രതീക്ഷകളും ആശങ്കകളുമായി ഓരോ ദിവസവും വരുന്ന സ്ഥലമാണ് ജെമെല്ലി ആശുപത്രി. അവിടെ, "പരീക്ഷണങ്ങളുടെ  നിമിഷങ്ങളിൽ ആശ്വാസവും പ്രത്യാശയും ഉളവാക്കാൻ കഴിവുള്ള വ്യക്തിയുടെ അവിഭാജ്യവും ശ്രദ്ധാപൂർവ്വകമായ പരിചരണത്തിലൂടെ" "ശരീരത്തിന്റെ പരിചരണത്തിനു പുറമേ, മനസ്സിന്റെ പരിചരണവും  നടക്കുന്നു." ഇത് തുടരാൻ ഇടയാകട്ടെ എന്ന് താൻ പ്രാർത്ഥിക്കുന്നുവെന്നും ഇപ്പോൾ, "ഞാൻ എന്റെ ഹൃദയത്തിൽ അവിടത്തെ നിരവധി മുഖങ്ങളും, കഥകളും, കഷ്ടപ്പാടിന്റെ സാഹചര്യങ്ങളും കൊണ്ടുനടക്കുന്നു"എന്നും പാപ്പാ സൂചിപ്പിച്ചു.

അവിടുത്തെ മെഡിക്കൽ സ്റ്റാഫിന്റെ  സേവനത്തെ കൂടുതൽ അഭിനന്ദിച്ച പരിശുദ്ധ പിതാവ്, അവരുടെ ജോലി ലോലവും കഷ്ടപ്പാടുനിറഞ്ഞതുമാണ് എന്ന് മാത്രമല്ല രോഗികളിൽ  "യേശുവിന്റെ മുറിവേറ്റ ശരീരവുമായി സമ്പർക്കം പുലർത്തുന്ന" "കരുണയുടെ ഒരു വേല" കൂടിയാണെന്ന് എടുത്തുപറഞ്ഞു."അത് കാണാൻ കഴിഞ്ഞതിനും എന്റെ ഉള്ളിൽ അതിനെ വിലമതിക്കുന്നതിനും പ്രാർത്ഥനയിൽ കർത്താവിന്റെ അടുത്ത് കൊണ്ടുവരാൻ കഴിഞ്ഞതിനും ഞാൻ നന്ദിയുള്ളവനാണ്," പാപ്പാ വ്യക്തമാക്കി. ഉപസംഹാരമായി, ഫ്രാൻസിസ്‌ പാപ്പാ ആശുപത്രിക്കും ജീവനകാർക്കും ആവർത്തിച്ച്‌ നന്ദിയർപ്പിക്കുകയും, ഡയറക്ടർ ബോർഡ് പ്രസിഡന്റിനും ജെമെല്ലി ആശുപത്രി കുടുംബത്തിന്റെ ഭാഗമായ എല്ലാവർക്കും അപ്പോസ്തോലികാശീർവ്വാദം നൽകുകയും ചെയ്തു.

19 July 2021, 15:41