തിരയുക

ജപമാലയുമായി! ജപമാലയുമായി! 

അർജന്തീനയിൽ കോവിദ് രോഗികൾക്കായി കൊന്തനമസ്കാരം !

കോവിദ് രോഗികൾക്കു വേണ്ടിയുള്ള ജപമാല പ്രാർത്ഥനാ സംരംഭത്തിന് ഫ്രാൻസീസ് പാപ്പായുടെ കൃതജ്ഞതാ പ്രകാശനം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തൻറെ ജന്മനാടായ അർജന്തീനയിൽ കോവിദ് 19 രോഗികൾക്കായി നടക്കുന്ന കൊന്തനസ്ക്കാര പ്രാർത്ഥനാ സംരംഭത്തിന് പാപ്പാ പ്രചോദനമേകുന്നു.

കോവിദ് രോഗികൾക്കായി അനുദിനം ജപമാല പ്രാർത്ഥന ചൊല്ലുന്നതിനെക്കുറിച്ച് അറിയിച്ചുകൊണ്ട് “ഇടക്കാലം” എന്നർത്ഥംവരുന്ന “എന്ത്രെത്യേമ്പൊ” (Entretiempo) എന്ന പേരിലുള്ള പ്രസ്ഥാനത്തിൻറെ പ്രതിനിധി റൊഡ്രീഗൊ ഫെർണാണ്ടസ് മദേരൊ ജൂലൈ 27-ന് ചൊവ്വാഴ്ച തനിക്കെഴുതിയ കത്തിന് (ഇ-മെയിൽ) തൊട്ടടുത്ത ദിവസം തന്നെ നല്കിയ മറുപടിയിലാണ് ഫ്രാൻസീസ് പാപ്പാ പ്രാർത്ഥനയുമായി മുന്നേറുന്നതിന് പ്രചോദനമേകിയത്.

തനിക്കയച്ച സന്ദേശത്തിനും കോവിദ് രോഗികൾക്കായുള്ള ജപമാല പ്രാർത്ഥനയ്ക്കും പാപ്പാ മറുപടിക്കത്തിൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

ഈ ജപമാലയിൽ അകലങ്ങളിൽ ഇരുന്നുകൊണ്ട് “ത്സൂം” (Zoom) സാമൂഹ്യമാദ്ധ്യമത്തിലൂടെ  പങ്കുചേരുന്നവരുടെ സംഖ്യ അനുദിനം വർദ്ധമാനമായിക്കൊണ്ടിരിക്കയാണ്.

അർജന്തീനയിൽ കോവിദ് രോഗികളുടെ മൊത്ത സംഖ്യ 49 ലക്ഷം കവിഞ്ഞു. 45 ലക്ഷത്തിലേറെപ്പേർ ഇതു വരെ സുഖം പ്രാപിച്ചു. മരണമടഞ്ഞവരുടെ സംഖ്യ 1 ലക്ഷത്തി 6000 കടന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 July 2021, 12:11