തിരയുക

ജർമ്മനിയിൽ ജലപ്രളയം വരുത്തിയ കെടുതികൾ. ജർമ്മനിയിൽ ജലപ്രളയം വരുത്തിയ കെടുതികൾ. 

ജലപ്രളയത്തിൽ കെടുതികൾ അനുഭവിക്കുന്ന പാശ്ചാത്യ യൂറോപ്യൻ രാജ്യങ്ങളോടു തന്റെ സാമിപ്യം അറിയിച്ച് ഫ്രാൻസിസ് പാപ്പാ

ജർമ്മനി, ബെൽജിയം തുടങ്ങി പടിഞ്ഞാറൻ യൂറോപ്പിലെ മറ്റു രാഷ്ട്രങ്ങളിലുമുണ്ടായ ജലപ്രളയത്തിൽ 180 പേരോളം മരിക്കുകയും നൂറുകണക്കിനാളുകളെ കാണാതാവുകയും ചെയ്തു. മരണനിരക്ക് ഇനിയും ഉയർന്നേക്കുമെന്ന സാധ്യതയും തള്ളിക്കളയാനാവില്ല.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ജർമ്മനി, ബെൽജിയം, ഹോളണ്ട് എന്നിവിടങ്ങളിൽ നാശം വിതച്ച വെള്ളപ്പൊക്കം മൂലം ദുരിതത്തിലായ ജനങ്ങളോടു തന്റെ സാന്നിധ്യം അറിയിക്കുന്നുവെന്നും മരണമടഞ്ഞവരെ കർത്താവ് സ്വാഗതം  ചെയ്യുകയും അവരുടെ പ്രിയപ്പെട്ടവരെ ആശ്വസിപ്പിക്കുകയും ചെയ്യട്ടെ എന്നും ഫ്രാൻസിസ് പാപ്പാ ഇന്നലെ ത്രികാലജപത്തിനു ശേഷമുള്ള പ്രഭാഷണത്തിൽ അറിയിച്ചു. കഠിനമായ നാശനഷ്ടങ്ങൾക്കിരയായവരെ പിന്തുണയ്ക്കുന്ന എല്ലാവരുടെയും പരിശ്രമങ്ങളെ കർത്താവ് സഹായിക്കട്ടെ എന്നും പാപ്പാ കൂട്ടിച്ചേർത്തു.

ദുരന്ത വാർത്തയറിഞ്ഞ ഉടനെ കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടു തന്നെ ഫ്രാൻസിസ് പാപ്പാ ഒരു ടെലഗ്രാം അയച്ചിരുന്നു. അതിൽ ജർമ്മനിയിലെ വടക്കൻ റൈൻ വെസ്റ്റ് ഫാലിയയിലും, റൈൻ ലാൻഡ് - പാലറ്റിനേറ്റിലും ഉണ്ടായ കടുത്ത കൊടുങ്കാറ്റിനെക്കുറിച്ചും വെള്ളപ്പൊക്കത്തെക്കുറി ച്ചും അഗാധമായ വേദന രേഖപ്പെടുത്തിയിരുന്നു. അന്നു മുതൽ തുടരുന്ന കഠിനമായ മഴ മൂലം ഉണ്ടായ വെള്ളപ്പൊക്കം ബൽജിയത്തും ഹോളണ്ടിലും വൻ നാശനഷ്ടങ്ങളാണ് വരുത്തിയത്. ഞായറാഴ്ചയായപ്പോഴെക്കും പശ്ചിമ ജർമ്മനിയിലും ബൽജിയത്തുമായി നിറഞ്ഞു കവിഞ്ഞൊഴുകിയ നദികളും അപ്രതീക്ഷമായി ഉണ്ടായ വെള്ളപ്പൊക്കത്തിലും ഭവനങ്ങൾ ഇടിഞ്ഞു വീഴുകയും റോഡുകൾ തകരുകയും വൈദ്യുതി വിതരണം താറുമാറാവുകയും 184 പേരെങ്കിലും മരണപ്പെടുകയും ചെയ്തു. നൂറു കണക്കിനാളുകളെ ഇനിയും കണ്ടെത്താനോ അവിടങ്ങളിലേക്ക് എത്തപ്പെടാനോ കഴിഞ്ഞിട്ടില്ല. വാർത്താവിനിമയ സംവിധാനങ്ങളും തകരാറിലായി. ഇത് രക്ഷാപ്രവർത്തനങ്ങൾ അതീവ ക്ലേശകരമാക്കി.

ബുധനാഴ്ച തുടങ്ങിയ വെള്ളപ്പൊക്കം പ്രധാനമായും ബാധിച്ചത് ജർമ്മൻ സംസ്ഥാനങ്ങളായ റൈൻ ലാൻഡ് പാലറ്റൈനേറ്റ്, വടക്കൻ റൈൻ-വെസ്റ്റ് ഫാലിയയെയും ബെൽജിയത്തിന്റെ ചില പ്രദേശങ്ങളെയുമാണ്.  

300 ദശലക്ഷം യൂറോയാണ് അടിയന്തര ആശ്വാസ പ്രവർത്തനങ്ങൾക്കും   പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുമായി വിതരണം ചെയ്യാൻ ജർമ്മനി  തീരുമാനിച്ചിരിക്കുന്നത്. ബൽജിയത്ത് വരുന്ന ചൊവ്വാഴ്ച ദേശീയ ദു:ഖ ദിനമായി ആചരിക്കും. ജലമിറങ്ങിയതോടെ അവിടെ ഞായറാഴ്ച മുതൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കയും ചെയ്തിട്ടുണ്ട്. ഡസൻ കണക്കിന്  കെട്ടിടങ്ങൾ തകർന്ന  പെപിൻസ്റ്റെർ നഗരത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കും കാണാതായവരെ തിരയാനുമായി  സൈനീകരുടെ സേവനം തേടിയിട്ടുണ്ട്. ആയിരക്കണക്കിനാളുകൾ വൈദ്യുതിയും, ശുദ്ധജല ക്ഷാമവും മൂലം വലയുന്നതും ആശങ്കാജനകമാണെന്ന് അധികൃതർ അറിയിച്ചു.

പതിനായിരക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ച ഹോളണ്ടിലെ ലിമ്പുർഗിന്റെ  തെക്കൻ പ്രവിശ്യയിൽ കാര്യങ്ങൾ ഏതാണ്ട് സാധാരണ ഗതിയിലേക്ക് നീങ്ങുന്നുവെന്ന് അടിയന്തിര നടപടികൾക്കായുള്ള ഉദ്യോഗസ്ഥർ അറിയിച്ചു. ഹോളണ്ടിന്റെ വടക്കൻ പ്രദേശങ്ങൾ അതീവ ജാഗ്രതയിയിൽ തുടരുകയാണ്.

19 July 2021, 16:07