തിരയുക

പാപ്പായെ കാണാ൯ ഗ്രീക്ക് ദ്വീപായ ലെസ്ബോസിൽ നിന്നെത്തിയ അഭയാർത്ഥികളുമായി  കൂടികാഴ്ച്ച നടത്തിയവസരത്തിൽ ഒരു കുട്ടിയെ  ആശീർവ്വദിക്കുന്ന പാപ്പാ (ഫയൽചിത്രം) പാപ്പായെ കാണാ൯ ഗ്രീക്ക് ദ്വീപായ ലെസ്ബോസിൽ നിന്നെത്തിയ അഭയാർത്ഥികളുമായി കൂടികാഴ്ച്ച നടത്തിയവസരത്തിൽ ഒരു കുട്ടിയെ ആശീർവ്വദിക്കുന്ന പാപ്പാ (ഫയൽചിത്രം) 

"ക്രിസ്തു ജീവിക്കുന്നു”- കുടിയേറ്റക്കാർക്കെതിരായ അക്രമവും വിദ്വേഷ പ്രചാരണവും

"Christus vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു”എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 94ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

മൂന്നാം അദ്ധ്യായം 

നിങ്ങൾ ദൈവത്തിന്റെ "ഇപ്പോൾ" ആകുന്നു

മൂന്നാമത്തെ അദ്ധ്യായം ഇന്നത്തെ യുവജനങ്ങളുടെ അവസ്ഥ വിവരിക്കുന്നു: അനേകം യുവജനങ്ങൾ പ്രത്യയശാസ്ത്രങ്ങളാൽ പിടിക്കപ്പെടുന്നു. മറ്റുള്ളവരെ നശിപ്പിക്കാനോ ഭയപ്പെടുത്താനോ പരിഹസിക്കാനോ അവരെ ഉപയോഗിക്കുന്നു. അവരിൽ അനേകർ വ്യക്തി പ്രാധാന്യവാദികളായി തീരുന്നു. മറ്റുള്ളവരോടു ശത്രുതയോ അവിശ്വസ്ഥതയോ കാണിക്കുന്നു. അവർ അങ്ങനെ രാഷ്ടീയ ഗ്രൂപ്പുകളുടേയും സാമ്പത്തിക ശക്തികളുടേയും മൃഗീയവും നാശോന്മുഖവുമായ തന്ത്രങ്ങൾക്ക് എളുപ്പമുള്ള ലക്ഷ്യമായി തീരുന്നു. കുടിയേറ്റക്കാരുടെ നിസ്സഹായത, ദുരുപയോഗിക്കപ്പെട്ട ഇരകൾ എന്നിങ്ങനെയുള്ള കറുത്ത പാടുകൾക്ക് മദ്ധ്യേയും തന്റെ സഭയെ ഒരിക്കലും ഉപേക്ഷിക്കാത്ത കർത്താവായ യേശുവിലേക്ക് ഈ അദ്ധ്യായം വിരൽചൂണ്ടുന്നു.

94. സിനഡ് പിതാക്കന്മാരുടെ വ്യത്യസ്ഥമായ പശ്ചാത്തലങ്ങൾ പോലും കുടിയേറ്റക്കാരെ സംബന്ധിച്ച ചർച്ച വളരെ വ്യത്യസ്തമായ സമീപനങ്ങൾ കൊണ്ട് പ്രത്യേകിച്ച് പുറപ്പെടുന്ന രാജ്യങ്ങളിൽനിന്നും വന്നെത്തുന്ന രാജ്യങ്ങളിൽനിന്നുള്ളവയാൽ വളരെ ഫലപ്രദമായി. യുദ്ധം മൂലം രക്ഷപ്പെട്ടു പോകുവാൻ നിർബന്ധിതരായ സഭകളും ഈ നിർബന്ധിത കുടിയേറ്റം മൂലം തങ്ങളുടെ നിലനിൽപ്പിന് ഭീഷണി നേരിടുന്നതായി അനുഭവിക്കുന്ന സഭകളും തങ്ങളുടെ ഗൗരവതരമായ വ്യഗ്രത വ്യക്തമാക്കുകയുണ്ടായി. വ്യത്യസ്ഥങ്ങളായ വീക്ഷണങ്ങളെ ആശ്ലേഷിക്കാൻ സഭയ്ക്ക് കഴിയുന്നു എന്ന വസ്തുത കുടിയേറ്റം എന്ന വിഷയത്തെ സംബന്ധിച്ചിടത്തോളം സമൂഹത്തിൽ പ്രവചനാപരമായ ഒരു ഉത്തരവാദിത്ത നിർവഹണം നടത്താൻ അവളെ സഹായിക്കുന്നു. പ്രത്യേകമായവിധം തങ്ങളുടെ രാജ്യങ്ങളിലേയ്ക്ക് പുതുതായി എത്തിച്ചേരുന്ന യുവജനങ്ങൾക്കെതിരായി നിലകൊള്ളാനും അവരെ ഒരു ഭീഷണിയായി കാണാനും മറ്റു മനുഷ്യരെ വ്യക്തികളെ പോലെ അവർക്കും നിഷേധിക്കപ്പെടാനാവാത്ത അതേ മാഹാത്മ്യമില്ലെന്ന് കരുതാനും  നിർബന്ധിക്കുന്നവരുടെ കൈകളിലേക്ക് സ്വയം ചെന്ന് പെടരുത് എന്ന് യുവജനങ്ങളോടു ഞാൻ അഭ്യർത്ഥിക്കുന്നു. (കടപ്പാട്. Carmel International Publishing House)

കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്ന പാപ്പാ

സമൂഹ മനസ്സാക്ഷിയെ വേട്ടയാടുന്ന കുടിയേറ്റത്തെക്കുറിച്ചും, കുടിയേറ്റക്കാരോടുളള സഭയുടെ സമീപനത്തെക്കുറിച്ചും പ്രത്യേകിച്ച് ഫ്രാന്‍സിസ് പാപ്പായുടെ വീക്ഷ​ണത്തെക്കുറിച്ചുമുള്ള വിശകലനമാണ് ക്രിസ്തൂസ് വിവീത്ത് എന്ന അപ്പോസ്തേലിക പ്രബോധനത്തിൽ  നാം ഇപ്പോൾ പരിചിന്തനം ചെയ്യുന്നത്.

"ഞാന്‍ പരദേശിയായിരുന്നു നിങ്ങൾ എന്നെ സ്വീകരിച്ചു; ഞാന്‍ നഗ്നനായിരുന്നു നിങ്ങൾ എന്നെ ഉടുപ്പിച്ചു". (മത്താ.25: 35 -36)  എന്ന തിരുവചനം നമ്മെ ഓർമിപ്പിക്കുന്നത് പരദേശികളിലും സമൂഹം മാറ്റിനിറുത്തപ്പെട്ടവരിലും ജീവിക്കുന്ന ദൈവസാന്നിധ്യത്തെ കുറിച്ചാണ്. 2019 ഫെബ്രുവരി മാസത്തിലെ പാപ്പായുടെ പ്രാർത്ഥനാ നിയോഗത്തിൽ മനുഷ്യക്കടത്തിനും, നിർബന്ധിത വ്യഭിചാരത്തിനും, കലാപത്തിനും ഇരകളായവർക്കു വേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം അവരെ ഹൃദയപൂർവ്വം സ്വീകരിക്കണമെന്ന് പാപ്പാ നിർദേശിച്ചത് കുടിയേറ്റക്കാരുടെ  ജീവിത ദുരന്തങ്ങളെ പാപ്പാ വ്യക്തമായി മനസിലാക്കിയതുകൊണ്ടാണ്.

പിറന്ന മണ്ണിനെയും മാതാപിതാക്കളെയും മക്കളെയും കുടുംബത്തെയും വിട്ട് വിദേശത്തേക്ക് കുടിയേറുന്ന അനേകം യുവജനങ്ങളെ പാപ്പാ പ്രത്യേകമായി ഈ അപ്പോസ്തോലിക പ്രബോധനത്തിൽ അനുസ്മരിക്കുന്നു. അടിസ്ഥാന ആവശ്യങ്ങൾ നിർവ്വഹിക്കാൻ പോലും കഴിയാത്ത അവസ്ഥ, അരക്ഷിതത്വം, കുറ്റകൃത്യങ്ങൾ, കൃഷിനാശം, വരൾച്ച, വെള്ളപ്പൊക്കം ദാരിദ്ര്യം, യുദ്ധം, കലാപം എന്നീ ദുരിതങ്ങൾ ജനങ്ങളെ സ്വദേശത്തുനിന്നു വിദേശത്തേക്ക് രക്ഷപ്പെടാൻ പ്രേരിപ്പിക്കുന്നു.

ഇന്ന് ലോകത്ത് നിലനിൽക്കുന്ന കൊറോണാ മഹാമാരിയുടെ ഭീകരത ആഗോള ജനതയെ വേട്ടയാടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ  അതിന്റെ ഭീകരതകളിൽ എത്തിപ്പെടുന്ന കുടിയേറ്റക്കാരുടെ ജീവിതം സാധാരണ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കാളും അതിതീവ്രവും ദയനീയവുമാണ്. നിയമപരമായും, രേഖകളുടെ അടിസ്ഥാനത്തിലും രാഷ്ട്രീയ നേതാക്കൾ അവരവരുടെ ജനങ്ങളെ സംരക്ഷിക്കുമ്പോൾ ഈ മഹാമാരിയിൽ നിന്ന് രക്ഷപെടാൻ പോലും കഴിയാതെ കുടിയേറ്റക്കാരുടെ  സമൂഹം  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ടു ജീവൻ നിലനിർത്താൻ പോരാടുന്നു എന്ന കാര്യം നാം  മറന്നുപോകുന്നു.

കുടിയേറ്റക്കാരുടെ വര്‍ദ്ധന

കണക്കുകൾ പറയുമ്പോൾ കഴിഞ്ഞ 2000 ത്തിൽ നടന്ന കുടിയേറ്റത്തേക്കാൾ 2017ൽ  50% ത്തോളം വർദ്ധന ഉണ്ടായതായി കാണാം. 258 ദശലക്ഷം ആളുകൾ 2000 ൽ  മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയെങ്കിൽ 2017ൽ അത് 685 ദശലക്ഷമായി ഉയർന്നു. അഭയാർത്ഥികളുടെ എണ്ണത്തിലും സാരമായ വർദ്ധനയുണ്ടായി. 15.4 ദശലക്ഷം പേർ 2010 ലും 25.4 ദശലക്ഷം 2017 ലും അഭയാർത്ഥികളായി എന്നത് 60% ത്തിൽ അധികമാണ്. കുടിയേറ്റത്തിന്റെ അവസ്ഥയെക്കുറിച്ച് 2015 സെപ്റ്റംബറിൽ യൂറോപ്യൻ യൂണിയൻ പുറത്തിറക്കിയ ആദ്യ റിപ്പോർട്ടിൽ ആരും കൂട്ടിനില്ലാത്ത കുട്ടികൾക്കും, കുടിയേറ്റക്കാർ വന്ന് കയറുന്ന ഇടങ്ങളിൽ സംരക്ഷണവും സുരക്ഷയും നൽകുന്നതിൽ വരുന്ന വീഴ്ച്ചയും പ്രാദേശിക സമൂഹത്തിലെ സ്വാധീനവും കുടിയേറ്റക്കാർക്ക് എതിരായ ആക്രമണവും വിദ്വേഷ പ്രചരണങ്ങളും ആശങ്കയുണ്ടാക്കുന്ന പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിച്ചു. 2010ലെ കണക്കനുസരിച്ച് ആഗോളതലത്തിൽ 214 ദശലക്ഷം അന്താരാഷ്ട്ര കുടിയേറ്റക്കാർ ഉണ്ടായിരുന്നു. 1965-ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടര ഇരട്ടിയാണെന്നത് നാം മറന്നു പോകരുത്.

കുടിയേറ്റക്കാർക്കെതിരായ അക്രമവും വിദ്വേഷ പ്രചാരണവു

കുടിയേറ്റക്കാർക്കെതിരായ കൈയ്യേറ്റവും ആക്രമണവും കഴിഞ്ഞ വർഷം നിരവധി യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അധികാരികളോ സ്വകാര്യ വ്യക്തികളോ ഗ്രൂപ്പുകളോ ചെയ്തതാണെങ്കിലും കുടിയേറ്റക്കാരുടെ അടിസ്ഥാന മനുഷ്യാന്തസ്സാണ് അവിടെ അവഹേളിക്കപ്പെട്ടത്. കഴിഞ്ഞ വർഷത്തിൽ പല സ്ഥലങ്ങളിലും കുടിയേറ്റക്കാരോടുള്ള പ്രതികൂല പ്രതികരണങ്ങളുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് ബൾഗേറിയയിൽ, കുടിയേറ്റക്കാരുടെ സ്വീകരണ കേന്ദ്രങ്ങൾക്ക് സമീപം താമസിക്കുന്ന പ്രാദേശിക ജനങ്ങളുടെ  പ്രതിഷേധം വർദ്ധിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.  ഗ്രീസിൽ  വംശീയ പ്രകടനങ്ങളുമായി ബന്ധപ്പെട്ട  സംഭവങ്ങൾ വർദ്ധിച്ചു. അഭയാർഥികളെ സ്വീകരിക്കുന്നതിൽ പ്രാദേശിക തലത്തിൽ, പ്രത്യേകിച്ചും ചെറിയ മുനിസിപ്പാലിറ്റികളിൽ, ഇറ്റലിയും ശക്തമായ വിമുഖത കാണിച്ചു. 

കഴിഞ്ഞ വർഷം ഗ്രീസ്, ഹംഗറി എന്നിവിടങ്ങളിൽ പോലീസ് കുടിയേറ്റക്കാരുടെ നേരെ നടത്തിയ അക്രമസംഭവങ്ങളുടെ വർദ്ധനവ് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ ക്രമരഹിതമായി കടക്കാൻ ശ്രമിക്കുന്ന ആളുകൾക്കെതിരായി ആക്രമങ്ങളും നടത്തി.

സഭ  ആവശ്യപ്പെടുന്ന നീതി പൂര്‍വ്വകമായ കുടിയേറ്റം

നാല്  ക്രിയാപദങ്ങൾ ഉപയോഗിച്ച് കത്തോലിക്കാ സഭയുടെ കുടിയേറ്റത്തോടുള്ള സമീപനം ഫ്രാൻസിസ് പാപ്പാ വ്യക്തമാക്കുന്നുണ്ട്.

1.സ്വാഗതം ചെയ്യുക

സുരക്ഷിതമായും നിയമപരമായും ഏതു രാജ്യത്തേക്കാണോ കുടിയേറ്റം ലക്ഷ്യം വയ്ക്കുന്നത് അവിടെ എത്തുന്നതിനും, ജനങ്ങളുടെ പുറപ്പാട് നീതി പൂർവ്വകവും സുരക്ഷിതമായ മാർഗ്ഗങ്ങളിലൂടെയാകാൻ വേണ്ട നടപടികൾ സ്വീകരിക്കുക.

2. സംരക്ഷിക്കുക

കുടിയേറ്റക്കാരുടെ അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ അവരുടെ ജന്മസ്ഥലത്തു നിന്ന് മുതൽ ആരംഭിക്കുക. കുടിയേറ്റം ആരംഭിക്കുന്നതിന് മുമ്പേ തന്നെ ആവശ്യമായ വിവരങ്ങൾ പരിശോധിച്ചറിയാനുള്ള സൗകര്യങ്ങൾ ഒരുക്കുക.

3. പ്രോൽസാഹിപ്പിക്കുക.

കുടിയേറ്റക്കാർക്ക് അവരെ തന്നെ സംരക്ഷിക്കാൻ കഴിയുന്ന തരത്തിൽ വരുമാനം നേടാനുള്ള ഉപാധികളും അവരുടെ അടിസ്ഥാന സ്വാതന്ത്ര്യവും ഉറപ്പുവരുത്തുകയും അവരുടെ കഴിവുകൾ വളർത്താൻ പോന്ന വിദ്യാഭ്യാസവും, സാമൂഹിക ജീവതത്തിൽ ഇടപഴകാനുള്ള അവസരവും നൽകുക.

4. സമന്വയനം ചെയ്യുക

ശരിയായി നടത്തപ്പെടുന്ന കുടിയേറ്റം വഴി അവർ എത്തുന്ന രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയിലും സംസ്കാര ജീവിതത്തിലും സമ്പന്നത നൽകും.

ജീവിതത്തിന്റെ  ദുരിതം നിറഞ്ഞ സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെട്ടോടി ജീവൻ നിലനിറുത്തുവാനും ജിവിത നിലവാരമുയർത്തുവാനും മനുഷ്യാന്തസ്സ് സംരക്ഷിക്കാനുമായുള്ള നെട്ടോട്ടമായി കുടിയേറ്റവും അഭയാർത്ഥി പ്രവാഹവും ഇന്നത്തെ ലോകത്തിലെ ഒരു പ്രമുഖ  ഉൽകണ്ഠയാകുന്ന സാഹചര്യത്തിൽ  കുടിയേറ്റക്കാരുടെ നേർക്ക് വേണ്ട സഹാനുഭൂതിയും മാനുഷീക പരിഗണയുമാണ് ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെടുന്നത്. നിയമാനുസൃതമായ കുടിയേറ്റത്തെ പ്രോൽസാഹിപ്പിക്കുന്നതു കൂടാതെ കുടിയേറ്റക്കാരുടെ ദുരിതത്തെ ചൂഷണം ചെയ്യുന്ന മനോഭാവവും മാറ്റി വയ്ക്കാൻ പാപ്പാ ആവശ്യപ്പെട്ടുന്നു. കുടിയേറ്റക്കാരെ ഭീഷണിയായി വിവരിക്കുന്ന പ്രചാരങ്ങളിൽ വീഴരുതെന്നും അവർ സമൂഹത്തിന് അവരുടെ വൈവിധ്യതയാൽ സംപൂർണ്ണത നൽകാൻ ഉപകരിക്കുമെന്നും ചൂണ്ടിക്കാണിക്കുന്ന പാപ്പാ വിവിധ നാടുകളിലും സാഹചര്യങ്ങളിലും കുടിയേറ്റം ആരംഭിക്കുന്ന നാടുകളിലും കുടിയേറ്റക്കാർ എത്തുന്ന നാടുകളിലും സാന്നിധ്യമുള്ള സഭയ്ക്ക് ഇവരുടെ സഹായത്തിനെത്താൻ മറ്റേത് ശക്തികളേക്കാളും പ്രാപ്തിയും സുവിശേഷകമായ കടമയും ഉണ്ടെന്ന് ബോധ്യപ്പെടുത്തുകയാണ് ഫ്രാൻസിസ് പാപ്പാ ഈ ഖണ്ഡികയിൽ.

 

 

09 July 2021, 12:31