തിരയുക

ഫ്രാൻസിസ് പപ്പായും തൊഴിലാളികളും - ഫയൽ ചിത്രം ഫ്രാൻസിസ് പപ്പായും തൊഴിലാളികളും - ഫയൽ ചിത്രം 

തൊഴിലിടങ്ങളും മാന്യതയും

തൊഴിലില്ലായ്മക്കെതിരെയും, അപകടകരവും തരംതാഴ്ന്നതുമായ രീതിയിലുള്ള ജോലിരീതികൾക്കെതിരെയും പുതിയ ഒരു സാമ്പത്തികപരിഷ്കരണം ആവശ്യമെന്ന് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

തൊഴിലില്ലായ്മക്കെതിരെയും, അപകടകരവും തരംതാഴ്ന്നതുമായ രീതിയിലുള്ള ജോലിരീതികൾക്കെതിരെയും പുതിയ ഒരു സാമ്പത്തികപരിഷ്കരണം ആവശ്യമെന്ന് ഫ്രാൻസിസ് പാപ്പാ. ജനീവയിൽ അന്താരാഷ്‌ട്ര തൊഴിലാളി സംഘടന വിളിച്ചുകൂട്ടിയ നൂറ്റിഒൻപതാമത് അന്താരാഷ്ട്ര തൊഴിലാളി സമ്മേളനത്തിലേക്ക് അയച്ച വീഡിയോ സന്ദേശത്തിലാണ്, പാപ്പാ ഇങ്ങനെ ആവശ്യപ്പെട്ടത്.

തൊഴിലാളി സംഘടനകളിൽ ചേരുന്നത് തൊഴിലാളികളുടെ അവകാശമാണെന്ന് പറഞ്ഞ പാപ്പാ  മാനുഷീകമായ തൊഴിലിടങ്ങൾക്ക് പകരം പലയിടങ്ങളിലും അപകടകരവും മോശവുമായ സ്ഥിതിയിലും അന്തരീക്ഷത്തിലുമാണ് ആളുകൾ ജോലിചെയ്യേണ്ടിവരുന്നതെന്ന് അഭിപ്രായപ്പെട്ടു. ജൂൺ പതിനേഴാം തീയതി നടന്ന പൊതുയോഗത്തിലേക്ക് സ്പാനിഷ് ഭാഷയിലാണ് സുദീർഘമായ തന്റെ വീഡിയോ സന്ദേശം അയച്ചത്.

കോവിഡിന്റെ ഭീകരമായ പരിണിതഫലങ്ങളിൽ കഴിയുന്ന പലർക്കും ഇപ്പോഴും ചികിത്സാസഹായ പദ്ധതികളുടെ സംരക്ഷണം കിട്ടുന്നില്ലെന്നും, സാമ്പത്തികവും മാനസികവുമായ സഹായം പലപ്പോഴും അവർക്കു ലഭിക്കുന്നില്ലെന്നും പറഞ്ഞു.

തൊഴിലില്ലായ്മയെക്കുറിച്ചും ദാരിദ്ര്യത്തിന്റെ ഉയർന്നുവരുന്ന സ്ഥിതിയെക്കുറിച്ചും സംസാരിച്ച പാപ്പാ, മാന്യമായ തൊഴിൽസൗകര്യങ്ങൾ എല്ലാവർക്കും ഉണ്ടാകണമെന്നും, ഗവണ്മെന്റുകളും, സംരംഭകരും തൊഴിലാളികളും തമ്മിൽ കൂടുതൽ സന്ധിസംഭാഷണങ്ങളും ഒരുമയും ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. ജോലിക്കാരായ സ്ത്രീകളുടെ ആവശ്യങ്ങൾക്ക് ഉത്തരം കണ്ടെത്തണമെന്ന് ഓർമിപ്പിച്ച പാപ്പാ, സ്ത്രീകൾക്കെതിരായുള്ള പീഡനങ്ങൾ കുറയുന്നുണ്ടെങ്കിലും, ഇനിയും പൂർണ്ണമായി ആ തിന്മയെ ഇല്ലാതാക്കാനായിട്ടില്ലെന്നും അഭിപ്രായപ്പെട്ടു.

26 June 2021, 09:27