തിരയുക

കർഷക ഭൂമിയും കർഷകനും... കർഷക ഭൂമിയും കർഷകനും... 

FAO യുടെ 42 മത് സമ്മേളനത്തിന് പാപ്പായുടെ സന്ദേശം

റോം അടിസ്ഥാനമാക്കിയുള്ള ഐക്യരാഷ്ട്രസഭയുടെ സംഘടനയായ FAO ഫുഡ് ആന്റ് അഗ്രിക്കൾച്ചർ ഓർഗനൈസേഷന്റെ (ഐക്യ രാഷ്ട്രസഭയുടെ ഭക്ഷണത്തിനും കാർഷിക കാര്യങ്ങൾക്കുമായുള്ള സംഘടന) ജൂൺ 14 മുതൽ 18 വരെ 4 ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിലേക്ക് ഫ്രാൻസിസ് പാപ്പാ അയച്ച സന്ദേശത്തിൽ ഇന്നത്തെ പ്രതിസന്ധിക്കു ശേഷം എങ്ങനെ ലോകം പുനരുദ്ധരിക്കണം എന്നാണ് സൂചിപ്പിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കുമായുള്ള  പോളണ്ടിന്റെ മന്ത്രി മൈക്കൾ കുർത്തിക്ക അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം ലോകത്തിലെ ഭക്ഷണത്തിന്റെയും കൃഷിയുടേയും അവസ്ഥ പുന:പരിശോധിക്കുന്നതോടൊപ്പം "കൃഷി, ഭക്ഷണ സംവിധാനങ്ങളുടെ പരിവർത്തനം: ഉപായ തന്ത്രത്തിൽ നിന്ന് പ്രവർത്തിയിലേക്ക്" എന്ന പ്രമേയമാണ് വിഷയമാക്കുന്നത്.

പട്ടിണിയെ തോല്പിക്കാനും പോഷകാഹാരവും ഭക്ഷണ സുരക്ഷയും ഉയർത്തുവാനും നടത്തുന്ന അന്തർദേശീയ ശ്രമങ്ങളെ കോർത്തിണക്കുന്ന സംഘടനയാണ് ഫാവോ. പരിശുദ്ധ സിംഹാസനത്തിന്റെയും കത്തോലിക്കാ സഭയുടെയും  പിന്തുണ ഫാവോയ്ക്ക് വാഗ്ദാനം ചെയ്ത പാപ്പാ  അളവിലോ ഗുണനിലവാരത്തിലോ ആവശ്യത്തിന് ഭക്ഷണ സാധ്യതയില്ലാത്ത കോവിഡ് 19 ന്റെ സാഹചര്യത്തിൽ ഫാവോയുടെ  പ്രവർത്തിക്ക് പ്രത്യേക പ്രാധാന്യം കൈവരുന്നതും ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ വച്ച് ഏറ്റവും ഉയർന്ന ഭക്ഷണ ദാരിദ്ര്യമാണ് ഇക്കഴിഞ്ഞ വർഷത്തേതെന്നും സംഘർഷങ്ങളുടേയും തീവ്രമായ കാലാവസ്ഥാ, സാമ്പത്തിക, ആരോഗ്യ പ്രതിസന്ധികൾ എന്നിവയെക്കാപ്പം ഭാവി ഇനിയും മോശമായേക്കാമെന്നും അതിനാൽ വർദ്ധിച്ചു വരുന്ന ഭക്ഷണ ദൗർബല്യങ്ങളുടെ ഘടനാപരമായ കാരണങ്ങളെ  കൈകാര്യം ചെയ്യാനുതകുന്ന രാഷ്ട്രീയനയങ്ങൾ രൂപീകരിക്കേണ്ടതുണ്ടെന്നും പാപ്പാ ഓർമ്മിപ്പിച്ചു. എന്നിരുന്നാലും നമ്മെ നശിപ്പിക്കുന്ന പ്രതിസന്ധിയിൽ നിന്ന് കരകയറാൻ മനുഷ്യരാശിക്ക് ഉതകുന്ന, ലാഭത്തിൽ മാത്രമല്ല പൊതുനന്മയിൽ ഊന്നിയ, ധാർമ്മീകസൗഹൃദവും പരിസ്ഥിതിബഹുമാനവുമാർന്ന ഒരു സമ്പദ് വ്യവസ്ഥയാണ് ആവശ്യമെന്നു ഫ്രാൻസിസ് പാപ്പാ അടിവരയിട്ടു പറഞ്ഞു.

മഹാമാരിക്കുശേഷമുള്ള സമ്പദ് വ്യവസ്ഥകളുടെ പുനർനിമ്മിതിയിൽ കുടുംബ കൃഷിയുടേയും ഗ്രാമീണ സമൂഹങ്ങളുടെയും വിലയേറിയ പങ്ക് കണക്കിലെടുക്കണമെന്നു പറഞ്ഞ പാപ്പാ ഭക്ഷണം ഉൽപ്പാദിപ്പിക്കുന്ന ഇവരാണ് ഭക്ഷണമില്ലായ്മയും അതിന്റെ കുറവുമനുഭവിക്കുന്നവരെന്നതും ലോകത്തിലെ മുക്കാൽഭാഗം ദരിദ്രരും ഗ്രാമങ്ങളിൽ വസിച്ച് ഉപജീവനത്തിനായി കൃഷിയെ ആശ്രയിക്കുന്നവരാണ് എന്ന സത്യവും വരച്ചുകാട്ടി.    ഓരോ രാജ്യങ്ങളുടേയും പ്രാദേശീക ആവാസാവസ്ഥയും  ജൈവ വൈവിധ്യവും നിലനിർത്തിക്കൊണ്ട് ഭക്ഷ്യ സ്വാശ്രയത്തിലെത്തിക്കാൻ  അന്തർദേശീയ സമൂഹം നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച ഫ്രാൻസിസ് പാപ്പാ ചെറുകിട ഉൽപ്പാദകർക്ക് പിൻതുണയും അവരുടെ നില മെച്ചപ്പെടുത്താൻ വേണ്ട നൂതന മാർഗ്ഗങ്ങൾ ആവിഷ്കരിക്കാനും ആഹ്വാനം ചെയ്തു.

മഹാമാരിക്കു ശേഷം വീണ്ടും ആരംഭിക്കാൻ  ലോകം ഒരുങ്ങുന്ന ഈ അവസരത്തിൽ സമൂഹത്തിലുള്ള സ്വാർത്ഥത നിറഞ്ഞ, കൈയ്യേറ്റം ചെയ്യുകയും തള്ളിക്കളയുകയും ചെയ്യുന്ന പ്രവണതകളെക്കാൾ ഒരു പരിചരണ സംസ്ക്കാരം  പ്രോൽസാഹിപ്പിക്കേണ്ടത് അടിസ്ഥാനപരമാണെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. കുറച്ചുപേർ പിരിമുറുക്കങ്ങളും അസത്യങ്ങളും വിതക്കുമ്പോൾ മനുഷ്യന്റെ എല്ലാ വശങ്ങളെയും ഉൾക്കൊള്ളുന്ന ഒരു സമാധാന സംസ്ക്കാരം ക്ഷമയോടെ  കെട്ടിപ്പടുത്ത് നിസ്സംഗതയുടെ  വൈറസ്സിനെ തള്ളിക്കളയാൻ പാപ്പാ ആവശ്യപ്പെട്ടു. അതിനായി മനുഷ്യകുലത്തിന്റെ പൊതുവായ സാഹോദര്യം വളർത്തുന്ന വിദ്യാഭ്യാസവും, ചർച്ചകളും തുല്യതയും പ്രോൽസാഹിപ്പിക്കുന്ന പ്രായോഗീകമായ പ്രവർത്തികൾ നടത്താനും പാപ്പാ ആഹ്വാനം ചെയ്തു. ആരെയും തള്ളിക്കളയാത്ത സർവ്വവും ഉൾക്കൊളളുന്ന ഒരു ദർശനമില്ലാതെ ആർക്കും ഭാവിയുണ്ടാവില്ല എന്നോർമ്മിപ്പിച്ചു കൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 June 2021, 16:02