വൈദികാര്‍ത്ഥികള്‍ ദൈവസുതന്‍റെ വിധേയത്വം സ്വായത്തമാക്കുക, പാപ്പാ!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
യേശുവിനെ സ്വാഗതം ചെയ്യുകയും പരിപാലിക്കുകയും ദൈവപിതാവ് ഭരമേല്പിച്ച ദൗത്യം നിറവേറ്റുന്നതിന് അവിടത്തെ ഒരുക്കുകയും ചെയ്ത നസറത്തിലെ തിരുകുടുംബത്തിനു സമാനമാണ് സെമിനാരിയെന്ന് മാര്‍പ്പാപ്പാ.
ഇറ്റലിയുടെ മദ്ധ്യകിഴക്കെ പ്രദേശമായ മാര്‍ക്കെയിലെ പതിനൊന്നാം പീയുസ് സെമിനാരിയില്‍ നിന്നെത്തിയിരുന്ന അധികാരികളും വൈദികാര്‍ത്ഥികളുമടങ്ങുന്ന അമ്പതിലേറെപ്പേരെ ഫ്രാന്‍സീസ് പാപ്പാ വ്യാഴാഴ്ച (10/06/21) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു.
മാനവ മാതാപിതാക്കളായ മറിയവും യൗസേപ്പും തന്നെ സ്നേഹിക്കുന്നതിനും തനിക്കു ശിക്ഷണമേകുന്നതിനും അനുവദിച്ചുകൊണ്ട് ദൈവസൂനു വിധേയത്വം പ്രകടിപ്പിച്ചത് പാപ്പാ അനുസ്മരിച്ചു.
അനുസരണ എന്നത് നാം പ്രാര്‍ത്ഥിച്ചു നേടേണ്ട ഒരു പുണ്യമാണെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ വിധേയത്വം പുലര്‍ത്തുന്നവരാണോ അതോ നിഷേധികളാണോ എന്ന് നാം ആത്മശോധന ചെയ്യേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി.
വിധേയത്വം സ്വന്തം വിളിയുടെയും വ്യക്തിത്വത്തിന്‍റെയും രചനാത്മക ഭാവമാണെന്നും അതിന്‍റെ അഭാവത്തില്‍ ആര്‍ക്കും വളരാനൊ പക്വതപ്രാപിക്കാനൊ ആകില്ലെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
വൈദികാര്‍ത്ഥികളുടെ പരിശീലനത്തില്‍ അനിവാര്യമായ, മാനുഷികം, ആദ്ധ്യാത്മികം, ബൗദ്ധികം, അജപാലനപരം എന്നീ നാലുമാനങ്ങളും പാപ്പാ എടുത്തുകാട്ടി.