തിരയുക

പാപ്പാ വീഡിയോ സന്ദേശം നൽകുന്നു. പാപ്പാ വീഡിയോ സന്ദേശം നൽകുന്നു. 

വീണിടത്തു നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ വീഴ്ചകളുടെ സാഹചര്യം അഭിമുഖീകരിക്കണം

ഗ്ലോബ്സെക് ബ്രാട്ടിസ്ലാവ ഫോറത്തിന്റെ16 മത് സമ്മേളനത്തിലേക്ക് പാപ്പാ വീഡിയോ സന്ദേശമയച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ചെക്കോസ്ലാവാക്യയിൽ സ്ഥാപിതമായ ഗ്ലോബ്സെക് ബ്രാട്ടിസ്ലാവ എന്ന ഗവൺമെന്റേതര സംഘടന "ലോകം നമുക്ക് നന്നായി പുനരുദ്ധരിക്കാം" എന്ന വിഷയം ആസ്പദമാക്കി നടത്തുന്ന സമ്മേളനത്തിലേക്കാണ് വീഡിയോ സന്ദേശമയച്ചത്. 

തനിക്ക് പങ്കെടുക്കാൻ അവസരം നൽകിയതിന് നന്ദി പറഞ്ഞു കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. സമ്മേളനത്തിന്റെ അദ്ധ്യക്ഷനും സംഘാടകർക്കും പങ്കെടുക്കുന്നവർക്കും അഭിവാദനം അർപ്പിച്ച ശേഷം മഹാമാരി അനുഭവത്തിനു പിറകെ കഠിനവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതുമായ സാമൂഹിക, സാമ്പത്തീക, പാരിസ്തിതീക, രാഷ്ട്രീയ പ്രതിസന്ധികളിൽനിന്ന് എങ്ങനെ നമ്മുടെ ലോകത്തെ പുനരുദ്ധാരണം ചെയ്യാൻ കഴിയുമെന്നതിനെ സംബന്ധിച്ച് ബ്രാട്ടിസ്ലാവാ ഫോറം നടത്തുന്ന ചർച്ചകൾക്ക് നന്ദി പറഞ്ഞ പാപ്പാ കാണുക, തീരുമാനിക്കുക, പ്രവർത്തിക്കുക എന്നീ  കർമ്മത്രയങ്ങളിലൂടെ വികസിപ്പിച്ചാണ്  തന്റെ ആശയങ്ങൾ പങ്കുവച്ചത്.

കാണുക

കഴിഞ്ഞകാലത്തിൽ സ്രഷ്ടാവിനോടും, അയൽക്കാരനോടും, സൃഷ്ടികളോടുമുള്ള ഉത്തരവാദിത്വത്തിൽ വന്നുപോയ വ്യവസ്ഥാപിതമായ അപര്യാപ്തതകൾ തിരിച്ചറിഞ്ഞുള്ള ഗൗരവപൂർണ്ണവും സത്യസന്ധവുമായ വിശകലനം,  കൊറോണാ വൈറസിന് മുമ്പുണ്ടായിരുന്നവയെ പുനർനിർമ്മിക്കാൻ മാത്രമല്ല, അതുവരെ ശരിയായി പ്രവർത്തിക്കാതിരുന്നവയെ തിരുത്താനും, പ്രതിസന്ധി രൂക്ഷമാക്കാൻ ഇടവരുത്തിയവയെ കണ്ടെത്താനും ഉപകരിക്കും എന്ന് പറഞ്ഞ പാപ്പാ വീണിടത്തു നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ വീഴ്ചകളുടെ സാഹചര്യം അഭിമുഖീകരിക്കേണ്ടതിന്റെയും അതിന്റെ ഉത്തരവാദിത്വങ്ങൾ അംഗീകരിക്കേണ്ടതിന്റെയും ആവശ്യകത ചൂണ്ടിക്കാണിച്ചു.  നമ്മുടെ വീഴ്ചകളുടെ കാരണങ്ങളായി ലാഭത്തിനായുള്ള വിശപ്പും ആ അടിത്തറയിൽ കെട്ടിപ്പടുത്ത  ഒരു മിഥ്യാസുരക്ഷാബോധത്താൽ  വഞ്ചിക്കപ്പെട്ട ലോകത്തെയും താൻ കാണുന്നെന്നും ലോക ജനസംഖ്യയിലെ ഒരു ചെറു ന്യൂനപക്ഷം ഭൂരിഭാഗം ആളുകളെയും വിഭവങ്ങളേയും ചൂഷണം ചെയ്യാൻ മടിക്കാത്തതും, ധാരാളം ഉച്ചനീചത്വങ്ങളും സ്വാർത്ഥതയും നിറഞ്ഞ സാമൂഹ്യവും സാമ്പത്തീകവുമായ ജീവിത മാതൃകയും, പരിസ്തിതിയെ ആവശ്യം പരിഗണിക്കാത്ത ജീവിതശൈലിയും അതുമൂലം സകലർക്കും അവകാശപ്പെട്ടവയെയും സംരക്ഷിക്കേണ്ടവയേയും ഉപയോഗിച്ചും നശിപ്പിച്ചും ഒരു "പാരിസ്തിതീക കടം" പ്രത്യേകിച്ചു പാവപ്പെട്ടവർക്കും ഭാവിതലമുറയ്ക്കും ഉണ്ടാക്കി വയ്ക്കുന്നതും ഫ്രാൻസിസ് പാപ്പാ എടുത്തു പറഞ്ഞു.

തീരുമാനിക്കുക

രണ്ടാമത്തെ ഘട്ടം ഈ കണ്ടതിനെയൊക്കെ വിലയിരുത്തുക എന്നതാണ്.  പ്രതിസന്ധി തരുന്ന സാധ്യതകളെ മുന്നിൽ കണ്ട് യഥാർത്ഥ സാഹചര്യത്തെ അഭിമുഖീകരിച്ച് രൂപാന്തരപ്പെടുത്താനുള്ള ഒരു തെരഞ്ഞെടുപ്പിനുള്ള വെല്ലുവിളിയാണത് എന്ന് പറഞ്ഞ പാപ്പാ ഒരു പ്രതിസന്ധിയിൽ നിന്ന് ഒരിക്കലും നമുക്ക്  പഴയതുപോലെ പുറത്തു വരാൻ കഴിയില്ല എന്നും ഒന്നുകിൽ മെച്ചപ്പെട്ടോ അല്ലെങ്കിൽ മുമ്പത്തേതിനേക്കാൾ മോശമായോ ആയിരിക്കും അതിൽ നിന്ന് പുറത്തു വരിക എന്ന തന്റെ പ്രയോഗം ഇവിടെ വീണ്ടും ആവർത്തിച്ചു.  നാം കണ്ടതും അനുഭവിച്ചതും നമ്മെ  മെച്ചപ്പെടാൻ പ്രേരിപ്പിക്കുന്നു, അതിനാൽ ഈ അവസരം  നമുക്കുപയോഗിക്കാം, പാപ്പാ ആഹ്വാനം ചെയ്തു. നമ്മെ  എല്ലാവരേയും ബാധിച്ച ഈ പ്രതിസന്ധിയിൽ നിന്ന് ആർക്കും തനിച്ചു രക്ഷപ്പെടാനാവില്ലെന്നു നമ്മെ ഓർമ്മിപ്പിക്കുകയും അത് സകല മനുഷ്യരുടേയും സമത്വം തിരിച്ചറിയുന്ന ഒരു ഭാവിയിലേക്കുള്ള പാത തുറക്കയാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

പ്രവർത്തിക്കുക

പ്രവർത്തിക്കാതിരിക്കുന്നത് പ്രതിസന്ധി നൽകുന്ന അവസരം നശിപ്പിക്കലാണ്  അതിനാൽ സാമൂഹീകാനീതിക്കെതിരെയും പാർശ്വവൽക്കരണത്തിനെതിരേയും പ്രവർത്തിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു. ഇതിന് മനുഷ്യനും അവനെ സംബന്ധിക്കുന്ന സകലതും കേന്ദ്രമാക്കിയുള്ള ഒരു വികസന മാതൃക ആവശ്യമാണെന്നു യുനെസ്കോയുടെ അദ്ധ്യക്ഷ ശ്രീമതി അവ്ഡ്രേ അത്സൗളയുടെ വാക്കുകളും പാപ്പാ ഉദ്ധരിച്ചു.

ഓരോ പ്രവർത്തിക്കും ഒരു ദർശനം ആവശ്യമാണെന്നും അത് വാളുകൾ കലപ്പയാക്കുന്ന ഏശയാപ്രവാചകന്റെ ദർശനംപോലെ ഐക്യത്തിന്റെയും പ്രത്യാശയുടേയുമാകണമെന്നും പാപ്പാ പറഞ്ഞു. സകലരുടേയും വികസനത്തിനായുള്ള ഒരു പ്രവർത്തനമാണ് ആവശ്യം അത് എല്ലാറ്റിലുമുപരി മരണത്തെ ജീവനാക്കിയും ആയുധത്തെ ഭക്ഷണമാക്കിയും മാറ്റുന്ന തീരുമാനങ്ങളെടുക്കുന്നഒരു മാനസാന്തരത്തിന്റെ പ്രവർത്തിയാണ് എന്ന് പാപ്പാ സൂചിപ്പിച്ചു.

എന്നാൽ നാമെല്ലാവരും ഒരു പാരിസ്തിതിക മാനസാന്തരം കൂടി നടത്തേണ്ട ആവശ്യകതയും പാപ്പാ എടുത്തു പറഞ്ഞു കാരണം, എല്ലാം ഒരുമിപ്പിക്കുന്ന ഒരു ദർശനത്തിൽ സൃഷ്ട ലോകം നമ്മുടെ പൊതുഭവനമാണ് എന്നതും ഉൾപ്പെടുന്നു എന്നും അതിനെ സംരക്ഷിക്കേണ്ടതിന്റെ അടിയന്തിരാവസ്ഥയും പാപ്പാ ചൂണ്ടിക്കാണിച്ചു.

ദൈവത്തിൽ നിന്നു വരുന്ന പ്രത്യാശയാൽ കൂടുതൽ ഉൾച്ചേരുന്നതും സുസ്ഥിരമായ പരിഹാരങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളതുമായ ഒരു വീണ്ടെടുപ്പിന്റെയും, വിവിധ ജനസമൂഹങ്ങൾ തമ്മിലുള്ള സമാധാനപൂർവ്വമായ സഹവാസത്തിന്റെയും, സൃഷ്ടിയുമായുള്ള പൊരുത്തപ്പെടലിന്റെയും മാതൃക അവരുടെ ഈ നാളുകളിലെ ചർച്ചകളിലൂടെ സംഭാവന ചെയ്യാനിടയാകട്ടെ എന്ന ആശംസകളോടെയാണ് ഫ്രാൻസിസ് പാപ്പാ തന്റെ വീഡിയോ സന്ദേശം അവസാനിപ്പിച്ചത്. ചെക്കോസ്ലാവാക്യയിൽ സ്ഥാപിതമായ ഗ്ലോബ്സെക് ബ്രാട്ടിസ്ലാവ എന്ന ഗവൺമെന്റേതര സംഘടന അന്തർദ്ദേശീയ വിഷയങ്ങൾ ചർച്ചചെയ്യാനും നയങ്ങൾ രൂപീകരിക്കാനും പരിശ്രമിക്കുന്ന ഒന്നാണ്.

15 June 2021, 15:47