തിരയുക

പ്രകൃതി പ്രകൃതി 

ആവാസ വ്യവസ്ഥ വീണ്ടെടുക്കല്‍ ദശകം- പാപ്പായുടെ സന്ദേശം!

“വീണ്ടെടുപ്പിന്‍റെ തലമുറ” എന്ന നമ്മുടെ ന്യായമായ സ്ഥാനം ഉറപ്പിക്കാന്‍ നമുക്ക് സാധിക്കട്ടെ, ഫ്രാന്‍സീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സൃഷ്ടിയുടെ ഉപരി ഉത്തരവദിത്വബോധമുള്ള സംരക്ഷകരായിത്തീരുകയും നാം ദീര്‍ഘകാലം ഹാനിവരുത്തുകയും ചൂഷണംചെയ്യുകയും ചെയ്തവ പ്രകൃതിക്ക് അടിയന്തിരമായി വീണ്ടെടുത്തു നല്‍കുകയും ചെയ്യുന്നതിനുവേണ്ടി പരിശ്രമിക്കാന്‍ ഇന്നത്തെ പാരിസ്ഥിതികാവസ്ഥ നമ്മെ ക്ഷണിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.

ഐക്യരാഷ്ട്രസഭ ആവാസ വ്യവസ്ഥ വീണ്ടെടുക്കല്‍ ദശകത്തിന് തുടക്കം കുറിച്ച നാലാം തീയതി വെള്ളിയാഴ്ച (04/06/21) ഫ്രാന്‍സീസ് പാപ്പാ നല്കിയ ഒരു സന്ദേശത്തിലാണ് ഈ ഓര്‍മ്മപ്പെടുത്തല്‍ ഉള്ളത്.

ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതിപരിപാടിയുടെ (UNEP) ചുമതലവഹിക്കുന്ന ശ്രീമതി ഇംഗെര്‍ ആന്‍ഡേഴ്സണ്‍ (Inger Andersen) ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യകൃഷിസംഘടനയുടെ മേധാവി ക്യു ദൊംഗ്യു (Qu Dongyu) എന്നിവരെ സംബോധന ചെയ്തുകൊണ്ടുള്ള പ്രസ്തുത സന്ദേശം, വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ (Card.Pietro Parolin) വീഡിയൊ വഴി വായിക്കുകയായിരുന്നു. 

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് ഈ സന്ദേശത്തിന്‍റെ തുടക്കത്തില്‍ അനുസ്മരിക്കുന്ന പാപ്പാ, സകലവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഓര്‍മ്മിക്കാന്‍ ഈ ദിനാചരണം പ്രചോദനം പകരുന്നുവെന്നു പറയുന്നു.

"പരിസ്ഥിതിയെക്കുറിച്ചുള്ള യഥാര്‍ത്ഥ ആശങ്ക മനുഷ്യജീവികളോടുള്ള ആത്മാർത്ഥമായ സ്നേഹവും സമൂഹ്യപ്രശ്നങ്ങളോടുള്ള നിരന്തരമായ പ്രതിബദ്ധതയുമായി സംയോജിപ്പിക്കണം" എന്ന് പാപ്പാ “ലൗദാത്തൊസീ” എന്ന തന്‍റെ ചാക്രികലേഖനത്തില്‍ നിന്നുദ്ധരിച്ചുകൊണ്ട് ഓര്‍മ്മിപ്പിക്കുന്നു. 

ആവാസവ്യവസ്ഥയുടെ പുനരുദ്ധാരണോന്മുഖ ദശകം, ലോകമെമ്പാടുമുള്ള ആവാസവ്യവസ്ഥയുടെ തകർച്ച തടയുന്നതിനും അത് പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനും  ആവാസ വ്യവസ്ഥകൾ വിജയകരമായി വീണ്ടെടുക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുമുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ നമ്മുടെ പൊതു ഭവനത്തെ പരിപാലിക്കുന്നതിന് പ്രതിജ്ഞാബദ്ധരാകാന്‍ നമ്മെ ക്ഷണിക്കുന്നുവെന്ന് പാപ്പാ പറയുന്നു. 

പരസ്പരവും നമ്മുടെ ഇടയിലുള്ള ദുര്‍ബ്ബലരെയും പരിപാലിക്കുന്നവരാകേണ്ടതിന്‍റെ  ആവശ്യകത ചൂണ്ടിക്കാട്ടുന്ന പാപ്പാ, മനുഷ്യരെയും പ്രകൃതിയെയും ചൂഷണം ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയ തുടരുന്നത് അന്യായവും കരുതലില്ലായ്മയുമാണെന്ന് കുറ്റപ്പെടുത്തുന്നു.നാം പ്രകൃതിയുടെ സംരക്ഷകരാകാത്തപക്ഷം നമ്മുടെ അടിത്തറ നാം തന്നെ നശിപ്പിക്കുന്ന അപകടമുണ്ടെന്ന് പാപ്പാ മുന്നറിയിപ്പേകുന്നു.

നാം നശിപ്പിച്ച പ്രകൃതിയെ പുനരുദ്ധരിക്കുകയെന്നാല്‍ പ്രഥമതഃ നമ്മെത്തന്നെ വീണ്ടെടുക്കലാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. കോവിദ് 19 മഹാമാരി, ആഗോളതാപനം തുടങ്ങിയ അടിയന്തിര ശ്രദ്ധയര്‍ഹിക്കുന്ന വിപത്തുകളെക്കുറിച്ചും പാപ്പാ തന്‍റെ സന്ദേശത്തില്‍ പരാമര്‍ശിക്കുന്നു.

കാലാവസ്ഥമാറ്റത്തെ അധികരിച്ച് ഗ്ലാസ്ഗോയില്‍ ഇക്കൊല്ലം നവമ്പറില്‍ സംഘടിപ്പിക്കപ്പെടുന്ന സമ്മേളനം ആവാസവ്യവസ്ഥ വീണ്ടെടുക്കുന്നതിന് പര്യാപ്തമായ വഴികള്‍ കണ്ടെത്താന്‍ സംഭാവനയേകുമെന്ന പ്രത്യാശ പ്രകടിപ്പിക്കുന്ന പാപ്പാ “വീണ്ടെടുപ്പിന്‍റെ തലമുറ” എന്ന നമ്മുടെ ന്യായമായ സ്ഥാനം ഉറപ്പിക്കാന്‍ നമുക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു. 

2019 മാര്‍ച്ച് 1-നാണ് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ ആവാസ വ്യവസ്ഥ വീണ്ടെടുക്കല്‍ ദശകം പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. 2021 മുതല്‍ 2030 വരെയാണ് ഈ ദശകം.

 

05 June 2021, 12:34