തിരയുക

ദരിദ്രനായ വയോധിക൯ ദരിദ്രനായ വയോധിക൯ 

പാപ്പാ: ദൈവ പിതാവിന്റെ യഥാർത്ഥമുഖം കണ്ടെത്താൻ ദരിദ്രർ നമ്മെ പ്രാപ്തരാക്കുന്നു.

അഞ്ചാം ലോക ദരിദ്ര ദിനത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം വെളിപ്പെടുത്തിയത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മാനസാന്തരത്തിന്റെ ആവശ്യകതയും ലോകത്തിൽ നിലനിൽക്കുന്ന നൂതന ദാരിദ്ര്യരൂപങ്ങളെയും  നേരിടാൻ കഴിയുന്ന സമീപനത്തെയും ഉയർത്തിക്കാണിച്ച പാപ്പാ ഓരോ വ്യക്തിയുടെയും കഴിവുകൾക്കനുസരിച്ച് തൃപ്തികരമായ ജീവിതം നയിക്കാൻ ആവശ്യമായ സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. "ദരിദ്രർ എപ്പോഴും നിങ്ങളുടെ കൂടെയുണ്ട് " എന്ന വിശുദ്ധ മാർക്കോസ് സുവിശേഷത്തിൽ നിന്നുള്ള വചനമാണ് അഞ്ചാം ലോക ദരിദ്ര ദിനത്തിന്റെ പ്രമേയം. തിരുസഭയുടെ ആരാധനക്രമത്തിലെ ആണ്ടുവട്ടം മുപ്പത്തിമൂന്നാം ഞായറാഴ്ച നവംബർ 14 നാണ് ആഗോള ദരിദ്ര ദിനം ആചരിക്കപ്പെടുന്നത്. അതിന്റെ മുന്നോടിയായാണ് പാപ്പാ തന്റെ സന്ദേശം ഇന്നലെ  ജൂൺ 14 ആം തീയതി നൽകിയത്.

രണ്ടു വ്യാഖ്യാനങ്ങൾ

മർക്കോസ് 14 :7ൽ നിന്നെടുത്ത പ്രമേയത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ സന്ദേശത്തിൽ പെസഹായ്ക്ക് ഏതാനും ദിവസങ്ങൾക്ക് ബഥനിയായിലെ കുഷ്ഠരോഗിയായ ശിമയോന്റെ ഭവനത്തിൽ നടന്ന വിരുന്നിൽ ഒരു കൽഭരണി നിറയെ വിലയേറിയ സുഗന്ധ തൈലവുമായി വന്ന് യേശുവിനെ ലേപനം ചെയ്ത സ്ത്രീ വളരെ അത്ഭുതണർത്തുകയും അവിടെ കൂടിയിരുന്നവരിൽ രണ്ടുതരം വ്യാഖ്യാനങ്ങൾക്കു ഇടനൽകുകയും ചെയ്തു എന്ന് പാപ്പാ  വെളിപ്പെടുത്തി.

ഒന്നാമത്തെ വ്യാഖ്യാനം

ധാർമ്മീകരോഷമായിരുന്നു ആദ്യത്തെ വ്യാഖ്യാനം.തൈലത്തിന്റെ മൂല്യം കണക്കിലെടുക്കുമ്പോൾ ശിഷ്യന്മാർ ഉൾപ്പെടെ അവിടെയുണ്ടായിരുന്ന ചിലർക്കു അതു വിറ്റ് അതിന്റെ തുക ദരിദ്രർക്ക് നൽകണം എന്ന് തോന്നി. അവരിൽ പ്രത്യേകിച്ച് യൂദാസ് ഈ സുഗന്ധതൈലം നല്ല വിലയ്ക്ക് വിറ്റ് ദരിദ്രർക്ക് കൊടുക്കാമായിരുന്നില്ലേ എന്ന് കൂടുതൽ ശബ്ദമുയർത്തി. അവൻ ഇത് പറഞ്ഞത് അവന് ദരിദ്രരോടു പരിഗണന ഉണ്ടായിരുന്നുതുകൊണ്ടല്ല. പ്രത്യുത അവൻ ഒരു കള്ളൻ ആയിരുന്നത് കൊണ്ടും പണസഞ്ചിയിൽ നിന്ന് അവൻ എടുത്തിരുന്നതും കൊണ്ടുമാണ്.

രണ്ടാമത്തെ വ്യാഖ്യാനം

ആ സ്ത്രീയുടെ പ്രവർത്തിയിലെ അർത്ഥം വിലമതിക്കുന്ന യേശുവിന്റെതാണ് രണ്ടാമത്തേത്. തന്റെ മൃതസംസ്കാരത്തിനു വേണ്ടി അവൾ തന്റെ ശരീരം മുൻകൂട്ടി തൈലം പൂശുകയാണ് ചെയ്തതെന്ന് പറഞ്ഞുകൊണ്ട് അവളെ സ്വൈര്യമായി വിടാനാണ് യേശു ആവശ്യപ്പെടുന്നത്. താൻ ദരിദ്രരിൽ പ്രഥമനും, ദരിദ്രരിൽ ദരിദ്രനുമാണെന്ന് യേശു അവരെ ഓർമ്മിപ്പിച്ചു. കാരണം യേശു എല്ലാവരെയും പ്രതിനിധീകരിക്കുന്നു. ദരിദ്രർ, ഏകാന്തർ, പാർശ്വവത്കരിക്കപ്പെട്ടവർ, വിവേചനത്തിന്റെ ഇരകൾ എന്നിവരെ പ്രതിയാണ് യേശു ആ സ്ത്രീയുടെ തൈലാഭിഷേകത്തെ സ്വീകരിച്ചതെന്ന് സൂചിപ്പിച്ച പാപ്പാ നാമമില്ലാത്ത ആ സ്ത്രീ നൂറ്റാണ്ടുകളായി താഴെക്കിടയിൽ മൗനം പാലിക്കുകയും അതിക്രമങ്ങൾ അനുഭവിക്കുകയും ചെയ്യുന്ന സകല സ്ത്രീകളെയും പ്രതിനിധികരിക്കുന്നുവെന്നു തന്റെ സന്ദേശത്തിൽ ഊന്നി പറഞ്ഞു.

സുവിശേഷവത്കരണത്തിന്റെ മഹനീയ ദൗത്യവുമായി അവളുടെ പ്രവർത്തിയെ യേശു ബന്ധപെടുത്തിയെന്നു വിശേഷിപ്പിച്ച പാപ്പാ,” ലോകത്തിലെവിടെയെല്ലാം സുവിശേഷം പ്രസംഗിക്കപ്പെടുമോ അവിടെയെല്ലാം ഇവള്‍ ചെയ്‌ത കാര്യവും ഇവളുടെ സ്‌മരണയ്‌ക്കായി പ്രസ്‌താവിക്കപ്പെടും.” (മര്‍ക്കോ14 : 9) എന്ന തിരുവചനത്തെ അനുസ്മരിപ്പിക്കുകയും ചെയ്തു. യേശുവും ആ സ്ത്രീയും തമ്മിൽ രൂപപ്പെട്ട സഹാനുഭൂതിയും, യൂദാസിന്റെയും മറ്റു ശിഷ്യന്മാരുടെയും അമർഷത്തിനു വിരുദ്ധമായി അവളുടെ തൈലാഭിഷേകത്തെകുറിച്ചുള്ള ഈശോയുടെ വ്യാഖ്യാനവും യേശുവും, ദരിദ്രരും, സുവിശേഷ പ്രഘോഷണവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ കുറിച്ചുള്ള ഫലപ്രദമായ പരിചിന്തനത്തിലേക്ക് നയിക്കുന്നുവെന്നു  എന്ന് പറഞ്ഞുകൊണ്ട് പാപ്പാ തന്റെ സന്ദേശത്തിൽ അവ വിശദീകരിച്ചു.

പാവപ്പെട്ടവരെ പ്രതിയുള്ള ഉത്കണ്ഠ

യേശു വെളിപ്പെടുത്തിയ ദൈവത്തിന്റെ മുഖം ദരിദ്രരെ കുറിച്ചുള്ള ഉത്കണ്ഠയും അവരോടു സാമീപ്യവും പ്രകടിപ്പിക്കുന്ന ദൈവപിതാവിന്റെ മുഖമാണ്, പാപ്പാ ഓർമ്മിപ്പിച്ചു. ദാരിദ്ര്യം ഒരു വിധിയല്ലെന്നും അത് യേശുവിന്റെ സാന്നിധ്യത്തിന്റെ യഥാർത്ഥ അടയാളമാണ് എന്നുമാണ്   ഈശോ പഠിപ്പിക്കുന്നത് അതിനാൽ എന്നും എവിടെയുമുള്ള ദരിദ്രർ പിതാവിന്റെ  മുഖം കണ്ടെത്താനുള്ള നവീന മാർഗ്ഗങ്ങൾ നമുക്ക്  കാണിച്ചുതന്നുകൊണ്ടു  നമ്മെ സുവിശേഷവൽക്കരിക്കയാണെന്നും പാപ്പാ പറഞ്ഞു  അങ്ങനെ, അവരിൽ ക്രിസ്തുവിനെ കണ്ടെത്താനും അവർക്ക്  വേണ്ടി നമ്മുടെ  സ്വരമുയർത്താനും, അവരെ ശ്രദ്ധിക്കാനും, മനസിലാക്കാനും, അവരെ സ്വീകരിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു. കാരണം “യേശു ദരിദ്രരോടു പക്ഷം ചേരുക മാത്രമല്ല  അവരുടെ ഗതിയിൽ പങ്ക് പങ്കുചേരുകയും ചെയ്യുന്നു”, പാപ്പാ  വിശദീകരിച്ചു

ദരിദ്രരുടെ നിരന്തരമായ സാന്നിധ്യം നമ്മെ നിസ്സംഗരാക്കരുത്.  നമ്മുടെ ജീവിതം പരസ്പരം പങ്കുവയ്ക്കവയ്ക്കാനുള്ള വിളിയിലേക്കാണ് നമ്മെ നയിക്കുന്നത്. പരിശുദ്ധാത്മാവ് നമ്മെ അണിനിരത്തുന്നത് അനിയന്ത്രിതമായ പ്രവർത്തനത്തിലേക്കല്ല  മറിച്ച് എല്ലാറ്റിലും ഉപരിയായി മറ്റൊരു വ്യക്തിയെ ഒരു പ്രത്യേക അർത്ഥത്തിൽ നമ്മോടൊപ്പം പരിഗണിക്കുന്ന കരുത്തലിലേക്കായതിനാൽ നമ്മുടെ പ്രതിബദ്ധത ദരിദ്രരുടെ, അഭിവൃത്തിക്കായുള്ള പ്രവർത്തനങ്ങളിലും, സഹായിക്കുന്നതിലോ മാത്രം ഒതുക്കി നിരുത്തരുതെന്നു പാപ്പാ മുന്നറിയിപ്പ് നൽകി  .

ഉപവി പ്രവർത്തനങ്ങളും പരസ്പര പങ്കുവയ്ക്കലും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് വിവരിച്ച പാപ്പാ ഉപവി പ്രവർത്തനങ്ങൾ ഒരു ദാതാവിനെയും സ്വീകർത്താവിനെയും മുൻകൂട്ടി സങ്കൽപ്പിക്കുന്നു എന്നാൽ പരസ്പര പങ്കുവയ്ക്കൽ സാഹോദര്യത്തെ സൃഷ്ടിക്കുന്നുവെന്നും പറഞ്ഞുകൊണ്ട് ഈ അർത്ഥത്തിൽ ദാനധർമ്മം ഇടയ്ക്കിടെ മാത്രം സംഭവിക്കുന്നതാണെന്നും എന്നാൽ പങ്കുവയ്ക്കൽ എന്നും നിലനിൽക്കുന്നതാണെന്നും ഓർമ്മിപ്പിച്ചു. ഉപവി പ്രവർത്തനങ്ങൾ അത് നിർവ്വഹിക്കുന്നവരെ സംതൃപ്തരാക്കുകയും സ്വീകരിക്കുന്നവരുടെ അന്തസ്സ് കുറയ്ക്കുകയും ചെയ്യുന്നു. എന്നാൽ പരസ്പരം പങ്കുവെയ്ക്കൽ ഐക്യദാർഢ്യത്തെ ശക്തിപ്പെടുത്തുകയും നീതി കൈവരിക്കുന്നതിന് ആവശ്യമായ അടിത്തറയിടുകയും ചെയ്യുന്നു.

മാനസാന്തരം

മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിക്കുക (മർക്കോസ് 1:15) എന്ന യേശുവിന്റെ  ക്ഷണം നാം പാലിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ പരിശുദ്ധ പിതാവ് ദാരിദ്ര്യത്തിന്റെ വിവിധരൂപങ്ങൾ തിരിച്ചറിയുന്നതിനും നമ്മുടെ ഹൃദയങ്ങളെ തുറക്കുന്നതിനും നാം അവകാശപ്പെടുന്ന വിശ്വാസത്തിന് അനുസൃതമായ ഒരു ജീവിതശൈലിയിലൂടെ ദൈവരാജ്യം പ്രകടമാക്കുന്നതിലുമാണ് മാനസാന്തരം അടങ്ങിയിരിക്കുന്നത് എന്ന് ചൂണ്ടിക്കാണിച്ചു. സുരക്ഷിതത്വത്തിന്റെ മിഥ്യാധാരണ നൽകുന്ന ഭൗമിക സമ്പത്ത് ശേഖരിക്കേണ്ടതല്ല ക്രിസ്തു ശിഷ്യത്വം മറിച്ച് യഥാർത്ഥ സന്തോഷവും ആനന്ദവും നേടുന്നതിൽ നിന്ന് നമ്മെ പിന്തിരിപ്പിക്കുന്ന എല്ലാറ്റിൽനിന്നും മോചിതരാക്കുകയും ആർക്കും നശിപ്പിക്കാൻ കഴിയാത്തതും ശാശ്വതമായതുമായവയെ തിരിച്ചറിയാൻ നമ്മെ സന്നദ്ധരാക്കുകയും ചെയ്യുന്നതിലാണെന്നും പാപ്പാ വിശദീകരിച്ചു.

മാനുഷികതയിലും സാമൂഹിക ഉത്തരവാദിത്വത്തിലും കുറവുള്ള മനസ്സാക്ഷിക്കുത്തില്ലാത്ത സാമ്പത്തിക വ്യവസ്ഥയും, സാമ്പത്തിക ദല്ലാളന്മാരും സജ്ജമാക്കിയ ദാരിദ്ര്യവും ഒഴിവാക്കലുകളും  പുതിയ കെണികൾ സൃഷ്ടിക്കുന്നത് ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കയാണെന്നത് ഫ്രാൻസിസ് പാപ്പാ അടിവരയിട്ടുകൊണ്ട് ദരിദ്രരോടു പ്രത്യേക പരിഗണന കാണിക്കാനും ദാരിദ്ര്യത്തിന്റെ നവ രൂപങ്ങൾ സൃഷ്ടിക്കുന്ന വൈവിധ്യമാർന്നതും അപരിമിതവുമായ ധാർമ്മീകവും സാമൂഹികവുമായ വൈകല്യങ്ങൾ തിരിച്ചറിയാനും ക്രിസ്തുവിന്റെ സുവിശേഷം നമ്മെ വിളിക്കുന്നുഎന്ന കാര്യം പരിശുദ്ധപിതാവ് ആവർത്തിച്ചു.

കോവിഡ്  മഹാമാരി

കോവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധി ദാരിദ്ര്യത്തിന്റെ ഒരു അടയാളമാണ്. ഇത് ദശലക്ഷക്കണക്കിന് ജനങ്ങളെ പ്രത്യേകിച്ച് ദരിദ്രരെ ക്രമാതീതമായി ബാധിക്കുന്നു. പക്ഷപാത താൽപര്യങ്ങൾ പ്രോത്സാഹിപ്പിക്കാതെ ആഗോളതലത്തിൽ കൊറോണാ വൈറസിനെ നേരിടാനുള്ള ഏറ്റവും അനുയോജ്യമായ മാർഗ്ഗം കണ്ടെത്തേണ്ടതുണ്ട്. ധാരാളം മാതാപിതാക്കൾ, ചെറുപ്പക്കാർ  ഉൾപ്പെടെ  തൊഴിൽ ഇല്ലാത്തവരോടു വ്യക്തമായ ഉത്തരങ്ങൾ നൽകേണ്ടത് അടിയന്തര കാര്യമാണ്. ചില രാജ്യങ്ങൾ കോവിഡ് മഹാമാരിയാൽ  കടുത്ത പ്രത്യാഘാതങ്ങളാണ് അനുഭവിക്കുന്നതെന്നും  അതിനാൽ അവിടുത്തെ ജനങ്ങൾ പ്രത്യേകിച്ച് ദുർബലരായവർക്ക് അടിസ്ഥാനആവശ്യങ്ങൾ ലഭ്യമാകാതെ  പോകുന്നതും പാപ്പാ ചൂണ്ടിക്കാണിച്ചു. സൂപ്പ് കിച്ചൻ പോലുള്ളവയുടെ മുന്നിൽ കാണുന്ന നീണ്ട നിരകൾ ഈ തകർച്ചയുടെ വ്യക്തമായ അടയാളമാണ്, പാപ്പാ പറഞ്ഞു.

പ്രത്യക്ഷമായ പ്രതികരണം

അമർഷവും നിസ്സംഗതയും മാത്രം അഭിമുഖീകരിക്കുന്ന ദശലക്ഷക്കണക്കിന് ദരിദ്രർക്ക് വ്യക്തമായ പ്രതികരണം നൽകാനും സാമൂഹിക അസമത്വങ്ങളും  ചവിട്ടിമെതിക്കുന്ന രീതികളും വെടിഞ്ഞ് മനുഷ്യാന്തസ്സ് പുന:സ്ഥാപിക്കാൻ എടുക്കേണ്ട ന്യായത്തിന്റെ വഴികളേതെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. എല്ലാവരുടേയും കഴിവുകൾ വിലമതിക്കുകയും വൈവിധ്യങ്ങളുടെ പരസ്പരപൂരക അവസ്ഥ തിരിച്ചറിഞ്ഞ് പരസ്പര പങ്കാളിത്തത്തിന്റെ ഒരു പൊതു വിഭവശേഖരണത്തിലേക്ക് നയിക്കുന്ന വികസന പ്രക്രിയയാണ് പാപ്പാ എടുത്തു് പറയുന്ന പ്രത്യക്ഷ പ്രതികരണം. ദാരിദ്ര്യം വിധിയല്ല അത് സ്വാർത്ഥതയുടെ പരിണതഫലമാണെന്നും ചൂണ്ടിക്കാണിച്ച പാപ്പാ ദരിദ്രരെക്കുറിച്ച് സ്ഥിതിവിവര കണക്കുകളിലും അമൂർത്തതയിലും സംസാരിക്കാതെ കാലത്തിന്റെ അടയാളങ്ങൾ മനസ്സിലാക്കി ഇന്നത്തെ ലോകത്തിലെ സുവിശേഷ പ്രേഷിതരാകാൻ ആവശ്യപ്പെട്ടു. ദരിദ്രരുടെ ആവശ്യങ്ങളോട് ഉടനടി പ്രതികരിക്കുന്നതോടൊപ്പം ദാരിദ്ര്യത്തിന്റെ ആധുനീക രൂപങ്ങളെ കണ്ടെത്തി അവയ്ക്ക് ക്രൈസ്തവ സ്നേഹത്തിന്റെയും ഉപവിയുടെയും പുത്തൻ അടയാളങ്ങൾ നടപ്പാക്കുന്നതിൽ ദീർഘവീക്ഷണം വേണമെന്നും പാപ്പാ മുന്നറിയിപ്പു നൽകി. ആഗോള ദരിദ്രദിനം നമ്മുടെ പ്രാദേശീക സഭകളിൽ ദരിദ്രരെ എവിടെയാണെങ്കിലും വ്യക്തിപരമായി സന്ദർശിക്കുന്ന സുവിശേഷവൽക്കരണത്തിന്റെ മുന്നേറ്റം വളർത്തട്ടെ എന്ന് പ്രത്യാശിച്ച ഫ്രാൻസിസ് പാപ്പാ ദരിദ്രർ തങ്ങളുടെ വാതിക്കൽ വന്നു മുട്ടാൻ കാത്തിരിക്കാതെ അവരുടെ വീടുകളിലേക്കും, ആശുപത്രികളിലേക്കും തെരുവുകളിലേക്കും ചെന്ന് കണ്ടുമുട്ടാൻ ആഹ്വാനം ചെയ്തു.

15 June 2021, 16:11