തിരയുക

ഫ്രാന്‍സീസ് പാപ്പാ പ്രതിവാര പൊതുകൂടിക്കാഴ്ചാ വേളയില്‍- ഇറ്റലിയിലെ ശിശുരോഗാശുപത്രികളില്‍ സ്പൈഡര്‍മാന്‍വേഷധാരിയായി എത്തി കുഞ്ഞു രോഗികള്‍ക്ക് സന്തോഷം പകരുന്ന മത്തിയ വില്ലര്‍ദീത്ത (Mattia Villardita) പാപ്പായ്ക്കൊപ്പം, 23/06/2021 ഫ്രാന്‍സീസ് പാപ്പാ പ്രതിവാര പൊതുകൂടിക്കാഴ്ചാ വേളയില്‍- ഇറ്റലിയിലെ ശിശുരോഗാശുപത്രികളില്‍ സ്പൈഡര്‍മാന്‍വേഷധാരിയായി എത്തി കുഞ്ഞു രോഗികള്‍ക്ക് സന്തോഷം പകരുന്ന മത്തിയ വില്ലര്‍ദീത്ത (Mattia Villardita) പാപ്പായ്ക്കൊപ്പം, 23/06/2021  

പാപ്പാ:ക്രിസ്തുപ്രഘോഷണത്തിന്‍റെ സാഹോദര്യ സരണിയില്‍ സഞ്ചരിക്കുക!

പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാ പ്രഭാഷണം: പൗലോസപ്പസ്തോലന്‍ ഗലാത്തിയക്കാര്‍ക്കെഴുതിയ ലേഖനത്തിലെ ആശയങ്ങളെ അധികരിച്ചുള്ള പുതിയ പരമ്പര.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഈ ബുധനാഴ്ചയും (23/06/2021) ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ പതിവുപോലെ പൊതുദര്‍ശനം അനുവദിച്ചു. ഈ പ്രതിവാര പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ വേദി കഴിഞ്ഞ ആഴ്ചയിലെപ്പോലെ തന്നെ വത്തിക്കാന്‍ നഗരത്തിനകത്ത്, വിശുദ്ധ ദാമസ് പാപ്പായുടെ നാമത്തിലുള്ള അങ്കണമായിരുന്നു. വിവിധ രാജ്യക്കാരും ഭാഷാക്കാരുമായിരുന്ന നിരവധി തീര്‍ത്ഥാടകരും സന്ദര്‍ശകരും ചത്വരത്തില്‍ സന്നിഹിതരായിരുന്നു. “സ്പൈഡര്‍മാന്‍” വേഷ ധാരിയായി  ഇറ്റലിയിലെ ശിശുരോഗാശുപത്രികളിലെത്തി കുഞ്ഞു രോഗികളുടെ മനസ്സിലാനന്ദവും വദനത്തില്‍ പുഞ്ചിരിയും വിടര്‍ത്തുന്ന ഇറ്റലി സ്വദേശിയായ മത്തിയ വില്ലര്‍ദീത്തയും (Mattia Villardita) സ്പൈഡര്‍മാന്‍ വേഷത്തില്‍ ഈ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുകയും പാപ്പായുമൊത്ത് ഏതാനും നിമിഷങ്ങള്‍ ചിലവഴിക്കുകയും ചെയ്തു. പാപ്പാ ചത്വരത്തിലെത്തിയപ്പോള്‍ ജനങ്ങളുടെ ആനന്ദാരവങ്ങള്‍ ഉയര്‍ന്നു. കുഞ്ഞുങ്ങളെ തൊട്ടു തലോടിയും, ആശീര്‍വ്വദിച്ചും, പലരോടും കുശലം പറഞ്ഞും, ഹസ്തദാനമേകിയും ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചും കൊണ്ട് ജനങ്ങള്‍ക്കിടയിലൂടെ നടന്ന്, വേദിയിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ ഏതാണ്ട് 09.30 ആയപ്പോള്‍, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1 മണിയോടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു. തദ്ദനന്തരം ജനങ്ങളെ സംബോധനചെയ്ത പാപ്പാ, പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ താന്‍ പ്രാര്‍ത്ഥനയെ അധികരിച്ച് നടത്തിപ്പോന്നിരുന്ന പ്രബോധന പരമ്പര കഴിഞ്ഞയാഴ്ച അവസാനിച്ചതിനെ തുടര്‍ന്ന്, പുതിയൊരു പരമ്പരയ്ക്ക് തുടക്കം കുറിച്ചു. പൗലോസപ്പസ്തോലന്‍ ഗലാത്തിയക്കാര്‍ക്കെഴുതിയ ലേഖനത്തിലെ ആശയങ്ങളാണ് പാപ്പാ  തന്‍റെ  വിചിന്തനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 

പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ നടത്തിയ പ്രഭാഷണം: പൗലോസപ്പസ്തോലന്‍ ഗലാത്തിയക്കാര്‍ക്കെഴുതിയ ലേഖനം

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

പ്രാർത്ഥനയ്ക്കായി നീക്കിവച്ച നീണ്ട പരമ്പരയ്ക്കു ശേഷം, ഇന്ന് നാം പുതിയൊരു പ്രബോധന പരമ്പരയ്ക്ക് തുടക്കം കുറിക്കുകയാണ്. പ്രാര്‍ത്ഥനാ പരിചിന്തന പ്രയാണം വഴി അല്പമെങ്കിലും മെച്ചപ്പെട്ട രീതിയിലും കൂടുതലായും പ്രാര്‍ത്ഥിക്കാന്‍ നമുക്ക് കഴിഞ്ഞുവെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. പൗലോസപ്പസ്തോലന്‍  ഗലാത്യക്കാർക്കുള്ള ലേഖനത്തില്‍ മുന്നോട്ടുവയ്ക്കുന്ന ചില വിഷയങ്ങളെക്കുറിച്ച് മനനം ചെയ്യാന്‍ ഞാൻ ആഗ്രഹിക്കുന്നു. അപ്പസ്തോലനെ നന്നായി മനസ്സിലാക്കു കാര്യത്തില്‍  മാത്രമല്ല, എല്ലാറ്റിനുമുപരിയായി, സുവിശേഷത്തിന്‍റെ മനോഹാരിത അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം ആഴത്തിൽ കൈകാര്യം ചെയ്യുന്ന ചില വിഷയങ്ങൾ പരിഗണിക്കുമ്പോഴും ഇത് വളരെ പ്രധാനപ്പെട്ട ഒരു ലേഖനമാണ്, നിര്‍ണ്ണായകമായ ഒന്നാണെന്ന് ഞാൻ പറയും. പൗലോസിന്‍റെ പരിവര്‍ത്തനത്തെയും യേശുക്രിസ്തുവിനായി ജീവിതം സമര്‍പ്പിക്കാനുള്ള അദ്ദേഹത്തിന്‍റെ തീരുമാനത്തെയും കുറിച്ച് മനസ്സിലാക്കാന്‍ നമുക്ക് സാധിക്കുന്ന തരത്തിലുള്ള ജീവചരിത്രപരമായ നിരവധി പരാമര്‍ശങ്ങള്‍ അദ്ദേഹം ഈ കത്തിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനുപുറമെ, വിശ്വാസത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ചില വിഷയങ്ങള്‍, അതായത്, സ്വാതന്ത്ര്യം, കൃപ, ക്രിസ്തീയ ജീവിതരീതി തുടങ്ങിയവ അദ്ദേഹം കൈകാര്യം ചെയ്യുന്നു. അവ, നമ്മുടെ ഇക്കാലത്തെ സഭയുടെ ജീവിതത്തിന്‍റെ പല വശങ്ങളെയും സ്പർശിക്കുന്നതിനാൽ അവയ്ക്ക് അത്യന്തം ആനുകാലിക പ്രസക്തിയുണ്ട്.

പൗലോസപ്പസ്തോലന്‍റെ പ്രേഷിതയാത്ര

ഈ ലേഖനത്തില്‍ തെളിയുന്ന പ്രഥമ സവിശേഷത, തന്‍റെ പ്രേഷിതയാത്രയില്‍ ചുരുങ്ങിയത് രണ്ട് തവണയെങ്കിലും ഗലാത്യയിലെ സമൂഹങ്ങളെ സന്ദർശിച്ച അപ്പസ്തോലൻ നടത്തിയ മഹത്തായ സുവിശേഷവത്ക്കരണ പ്രവർത്തനമാണ്. പൗലോസ് ആ പ്രദേശത്തെ ക്രിസ്ത്യാനികളെ സംബോധന ചെയ്യുന്നു. ഭൂമിശാസ്ത്രപരമായി ഏതു മേഖലയെയാണ് സൂചിപ്പിക്കുന്നതെന്ന് നമുക്ക് കൃത്യമായി അറിയില്ലെന്നു മാത്രമല്ല, ഈ കത്തെഴുതിയ തീയതിയെക്കുറിച്ചും നമുക്കു ഉറപ്പിച്ചു പറയാനാകില്ല. ഗലാത്തിയർ ഒരു പുരാതന കെൽറ്റിക് ജനതയായിരുന്നുവെന്ന് നമുക്കറിയാം. നിരവധിയായ വിധിവൈപരീത്യങ്ങളെ തരണംചെയ്ത് അവര്‍ ആന്‍സിറ, ഇന്ന് തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറ, തലസ്ഥാനമായുള്ള, അനറ്റോലിയായിലെ അതിവിസ്തൃതമായ ആ പ്രദേശത്ത് താമസമാക്കുകയായിരുന്നു. രോഗം മൂലമാണഅ താന്‍ ആ പ്രദേശത്ത് തങ്ങാന്‍ നിര്‍ബന്ധിതനായതെന്ന് പൗലോസ് സൂചിപ്പിക്കുന്നുണ്ട് (ഗാലാത്തി 4,13). എന്നാല്‍, അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍,  വിശുദ്ധ ലൂക്കാ, കൂടുതലും കാണുന്നത് ഒരു ആദ്ധ്യാത്മിക പ്രചോദനമാണ്. “ഏഷ്യയില്‍ വചനം പ്രസംഗിക്കുന്നതില്‍ നിന്ന് പരിശുദ്ധാത്മാവ് അവരെ പിന്തിരിപ്പിച്ചതുകൊണ്ട് അവര്‍ ഫ്രീജിയാ, ഗലാത്തിയാ എന്നിവിടങ്ങളിലൂടെ യാത്ര ചെയ്തു (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 16,6). ഈ രണ്ടു വസ്തുതകളും പരസ്പരവിരുദ്ധങ്ങളല്ല: മറിച്ച്, സുവിശേഷവത്ക്കരണത്തിന്‍റെ പാത എല്ലായ്പ്പോഴും നമ്മുടെ ഇച്ഛയെയും പദ്ധതികളെയും ആശ്രയിച്ചല്ല ഇരിക്കുന്നതെന്നും നമ്മെത്തന്നെ രൂപപ്പെടുത്താനും അപ്രതീക്ഷിത വഴികളിലൂടെ സഞ്ചരിക്കാനുമുള്ള സന്നദ്ധത ആവശ്യമാണെന്നും സൂചിപ്പിക്കുന്നു. എന്നിരുന്നാലും ഗലാത്തിയ പ്രദേശത്തുടനീളം ചെറു സമൂഹങ്ങള്‍ സ്ഥാപിക്കുന്നതില്‍, തന്‍റെ അശ്രാന്തമായ സുവിശേഷത്ക്കരണ പ്രവര്‍ത്തനത്തിലൂടെ അപ്പസ്തോലന്‍ വിജയിച്ചു എന്ന് നമുക്കു കാണാം. ഒരു നഗരത്തില്‍, ജനങ്ങള്‍ക്കിടയില്‍, ഒരു പ്രദേശത്ത് എത്തിയ പൗലോസ്, ഉട‌ന്‍ തന്നെ ഒരു വലിയ കത്തീദ്രല്‍ പണിയുകയല്ല ചെയ്തത്. നമ്മുടെ ഇന്നതെ ക്രിസ്തീയ സംസ്ക്കാരത്തിന്‍റെ  പുളിമാവായ ചെറുസമൂഹങ്ങള്‍ രൂപീകരിക്കുകയാണ് ചെയ്തത്. ഇന്നും ഇതാണ് പ്രഥമ സുവിശേഷവത്ക്കരണത്തിന്‍റെ രീതി. 

അപവാദങ്ങള്‍- വിശ്വാസവളര്‍ച്ചയില്‍ അഭിമുഖീകരിക്കുന്ന അപകടങ്ങള്‍

നാം ശ്രദ്ധിക്കേണ്ട കാര്യം, അവരുടെ വിശ്വാസവളര്‍ച്ചയ്ക്കുണ്ടാകുന്ന വലിയ അപകടം, ഈ സഭകള്‍ സ്ഥാപിച്ചതിനു ശേഷം, തിരിച്ചറിഞ്ഞ പൗലോസിനുണ്ടാകുന്ന അജപാലനപരമായ ആശങ്കയാണ്. ഒരു ഇടയന്‍ അപ്പനെയൊ അമ്മയെയൊ പോലെയാണ്, അങ്ങനെയല്ലേ? മക്കള്‍ക്കുണ്ടാകാന്‍ പോകുന്ന അപകടം അവര്‍ പെട്ടെന്ന് തിരിച്ചറിയുന്നു. വാസ്തവത്തില്‍, യഹൂദമതത്തിൽ നിന്ന് വന്ന ചില ക്രിസ്ത്യാനികൾ അവര്‍ക്കിടയില്‍ നുഴഞ്ഞുകയറുകയും അപ്പസ്തോലന്‍റെ  പ്രബോധനങ്ങള്‍ക്ക് വിരുദ്ധമായ സിദ്ധാന്തങ്ങള്‍ തന്ത്രപൂര്‍വ്വം പ്രചരിപ്പിക്കുകയും അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുകപോലും ചെയ്യുകയും ചെയ്തു. നമുക്കു മനസ്സിലാക്കാന്‍ കഴിയുന്നതു പോലെ, ചില അവസരങ്ങളിൽ സത്യത്തിന്‍റെ ഏക ഉടമകളായി സ്വയം അവതരിപ്പിക്കുന്നതും അപവാദ൦ പരത്തിക്കൊണ്ടു പോലും മറ്റുള്ളവരുടെ പ്രവൃത്തികളെ ചെറുതാക്കിക്കാണിക്കുന്നതും ഒരു പഴയകാല രീതിയാണ്. പുറജാതികളും പരിച്ഛേദനത്തിന്  വിധേയരാകുകയും മോശയുടെ നിയമമനുസരിച്ച് ജീവിക്കുകയും ചെയ്യണമെന്ന് പൗലോസിന്‍റെ പ്രതിയോഗികള്‍ വാദിച്ചു. അതിനാൽ, യഹൂദ നിയമങ്ങൾക്കും, നിബന്ധനകള്‍ക്കും, ആചാരങ്ങൾക്കും വിധേയമായി ജീവിക്കുന്നതിനു വേണ്ടി ഗലാത്യക്കാർക്ക് അവരുടെ സാംസ്കാരിക സ്വത്വം ഉപേക്ഷിക്കേണ്ടിവരുമായിരുന്നു. അതു മാത്രമല്ല. പൗലോസ് ഒരു യഥാർത്ഥ അപ്പസ്തോലനല്ലെന്നും അതിനാൽ സുവിശേഷം പ്രസംഗിക്കാൻ അധികാരമില്ലെന്നും ആ എതിരാളികൾ വാദിച്ചു. ഇതു നാം പലപ്പോഴും കാണുന്നതാണ്. ഒരു ക്രൈസ്തവ സമൂഹമൊ, ഒരു രൂപതയൊ പ്രശ്നമുണ്ടാക്കുകയും ഇടവക വികാരിയെയും മെത്രാനെയുമൊക്കെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നതിനെക്കുറിച്ചൊന്നു ചിന്തിച്ചു നോക്കൂ. ഇത് സാത്താന്‍റെ വഴിയാണ്, ജനം ഭിന്നിക്കുന്നു, അവര്‍ക്ക്  കെട്ടിപ്പടുക്കാനറിയില്ല. ഗലാത്തിയക്കാര്‍ക്കുള്ള ലേഖനത്തില്‍ ഇതു നാം കാണുന്നുണ്ട്.

സ്വാതന്ത്ര്യപ്രദായക സരണിയും സന്ദിഗ്ദ്ധാവസ്ഥയും

ഗലാത്യർ പ്രതിസന്ധിയിലായിരുന്നു. അവർ എന്താണ് ചെയ്യേണ്ടത്? പൗലോസ് അവരോട് പ്രസംഗിച്ച കാര്യങ്ങൾ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യണോ? അല്ലെങ്കിൽ അവനെ കുറ്റപ്പെടുത്തുകയായിരുന്ന പുതിയ പ്രഭാഷകരെ ശ്രവിക്കണോ? അവരുടെ ഹൃദയത്തെ അലട്ടുന്ന അനിശ്ചിതത്വാവസ്ഥ നമുക്ക് എളുപ്പത്തില്‍ സങ്കൽപ്പിക്കാൻ കഴിയും. അവരെ സംബന്ധിച്ചിടത്തോളം, യേശുവിനെ അറിയുകയും അവന്‍റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും നേടിയ പരിത്രാണകര്‍മ്മത്തില്‍ വിശ്വസിക്കുകയും ചെയ്തത് ഒരു പുതിയ ജീവിതത്തിന്‍റെ തുടക്കമായിരുന്നു. റോമാ ചക്രവര്‍ത്തിയുടെ ആധിപത്യത്തിലായതുള്‍പ്പെടെ, അവരുടെ ചരിത്രം പല തരത്തിലുള്ള അക്രമാസക്തമായ അടിമത്തങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും, ഒടുവിൽ  തങ്ങള്‍ക്ക് സ്വാതന്ത്ര്യം പ്രദാനം ചെയ്യുന്ന ഒരു പാതയിലൂടെയുള്ള പ്രയാണം അവര്‍ ആരംഭിച്ചിരുന്നു. ആകയാൽ, പുത്തന്‍ പ്രാസംഗികരുടെ വിമർശനങ്ങൾക്കു മുന്നില്‍ എന്തു ചെയ്യണം, ആരാണ് ശരിയെന്ന് കരുതണം എന്നതിനെക്കുറിച്ച് അവർ ആശയക്കുഴപ്പത്തിലായി, അനിശ്ചിതത്വം അനുഭവപ്പെട്ടു. ചുരുക്കത്തിൽ, സന്ദിഗ്ദ്ധാവസ്ഥ, തീര്‍ച്ചയായും, അതിശക്തമായിരുന്നു.

സത്യത്തിന്‍റെ കപട വക്താക്കള്‍

ഈ അവസ്ഥ നമ്മുടെ ഈ കാലത്തെ അനേകം ക്രിസ്ത്യാനികളുടെ അനുഭവത്തില്‍ നിന്ന് ഏറെ വ്യത്യസ്തമല്ല. ക്രൂശിതനും ഉയിർത്തെഴുന്നേറ്റവനുമായ യേശുവിൽ മനുഷ്യനെ സ്നേഹിക്കുന്ന ദൈവത്തിന്‍റെ സുവിശേഷം പ്രഘോഷിക്കാനല്ല, മറിച്ച്, ക്രൈസ്തവരായിരിക്കുന്നതിനുള്ള എറ്റവും മെച്ചപ്പെട്ട മാര്‍ഗ്ഗമായ “സത്യത്തിന്‍റെ കാവല്‍ക്കാര്‍” തങ്ങളാണെന്ന് ഊന്നിപ്പറയുന്നതിന്, സര്‍വ്വോപരി, ആധുനിക സമ്പര്‍ക്കമാദ്ധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെടുന്നവര്‍, ഇന്ന് വിരളമല്ല. തങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് യഥാര്‍ത്ഥ ക്രിസ്തീയത എന്ന് അവര്‍ ശക്തിയായി വാദിക്കുന്നു. പലപ്പോഴും ഗതകാലത്തിന്‍റെ ചില രൂപങ്ങളുമായി ചേര്‍ത്തു വയ്ക്കുകയും വിശ്വാസത്തിന്‍റെ ആധികാരികത കൈമോശം വരാതിരിക്കുന്നതിന് പിന്നോട്ടു പോകുകയുമാണ്. ഇന്നത്തെ പ്രതിസന്ധികൾക്ക് പരിഹാരം എന്നും അവര്‍ വാദിക്കുന്നു. അക്കാലത്തെന്നതു പോലെ ഇന്നും, പഴയ പാരമ്പര്യങ്ങളിൽ നിന്ന് നേടിയ ചില ഉറപ്പുകളിലേക്ക് പിന്‍വലിയാനുള്ള പ്രലോഭനം ഉണ്ടെന്ന് ചുരുക്കം. ഏതു വഴി പിന്തുടരണം എന്ന് മനസ്സിലാക്കുന്നതിന് ഗലാത്തിയക്കാര്‍ക്കുള്ള ലേഖനത്തിലെ പൗലോസപ്പസ്തോലന്‍റെ പ്രബോധനങ്ങള്‍ പിന്‍ചെല്ലുക ഗുണദായകമാണ്. അപ്പസ്തോലന്‍ കാണിച്ചു തരുന്നത് സ്വതന്ത്രദായകവും ക്രൂശിതനും ഉത്ഥിതനുമായ യേശുവിന്‍റെ നിത്യനൂതനവുമായ വഴിയാണ്; എളിമയും സാഹോദര്യവും വഴി സാക്ഷാത്ക്കരിക്കുന്ന പ്രഘോഷണത്തിന്‍റെ പാതയാണ്; പുത്തന്‍ പ്രഭാഷകര്‍ക്ക്  അറിയില്ല എളിമ എന്താണെന്ന്, സാഹോദര്യം എന്താണെന്ന്. സൗമ്യവും അനുസരണയുമുള്ള വിശ്വാസത്തിന്‍റെ വഴിയാണ്. സൗമ്യതയും അനുസരണയും എന്താണെന്ന് നവപ്രഘോഷകര്‍ക്ക് അറിയില്ല. സഭയുടെ എല്ലാ യുഗങ്ങളിലും പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നു എന്ന സുനിശ്ചിതത്വത്തില്‍, സൗമ്യതയുടെയും അനുസരണയുടെയുമായി ഈ വഴി മുന്നേറുന്നു.  ആത്യന്തികമായി, സഭയില്‍ സന്നിഹിതനായ പരിശുദ്ധാത്മാവിലുള്ള വിശ്വാസമാണ് നമ്മെ മുന്നോട്ടു നയിക്കുന്നതും നമുക്ക് രക്ഷയേകുന്നതും. നന്ദി.

സമാപനാഭിവാദ്യങ്ങളും ആശീര്‍വ്വാദവും

പാപ്പാഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. 

സ്നാപകയോഹന്നാന്‍റെ തിരുന്നാള്‍

ജൂണ്‍ 24-ന് വ്യാഴാഴ്ച  വിശുദ്ധ സ്നാപകന്‍റെ ജനനത്തിരുന്നാള്‍ തിരുസഭ ആചരിക്കുന്നത് പാപ്പാ അനുസ്മരിച്ചു.

വെളിച്ചത്തിന് സാക്ഷ്യം വഹിക്കാനും കർത്താവിനായി നല്ലൊരു ജനതയെ ഒരുക്കാനും ദൈവം അയച്ചവനാണ് സ്നാപക യോഹന്നാന്‍ എന്ന് പാപ്പാ പറഞ്ഞു. 

കർത്താവിന്‍റെ വിളിയോടു വിശ്വസ്തരായിരിക്കാനുള്ള തീരുമാനം ശക്തിപ്പെടുന്നതിനായി വിശുദ്ധ സ്നാപക യോഹന്നാന്‍റെ മദ്ധ്യസ്ഥതയാല്‍ എല്ലാവര്‍ക്കും ദൈവകൃപ സമൃദ്ധമായി ലഭിക്കുന്നതിനായി പാപ്പാ  പ്രാര്‍ത്ഥിച്ചു.

പൊതുദര്‍ശനപരിപാടിയുടെ അവസാനഭാഗത്ത് പാപ്പാ യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്തതിനെ തുടര്‍ന്ന് കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനു ശേഷം  എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 June 2021, 08:14