ദൈവപിതാവുമായുള്ള സംഭാഷണം, യേശുവിന്‍റെ അസ്തിത്വത്തിന്‍റെ കാതല്‍!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
ഈ ബുധനാഴ്ചയും (16/06/2021) വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാരപൊതുദര്‍ശന പരിപാടിയുടെ വേദി വത്തിക്കാന്‍ നഗരത്തിനകത്ത്, വിശുദ്ധ ദാമസ് പാപ്പായുടെ നാമത്തിലുള്ള അങ്കണമായിരുന്നു. വിവിധ രാജ്യക്കാരും ഭാഷാക്കാരുമായിരുന്ന നിരവധി തീര്‍ത്ഥാടകരും സന്ദര്‍ശകരും ചത്വരത്തില്‍ സന്നിഹിതരായിരുന്നു. അവിടെ എത്തിയ പാപ്പായെ ജനസഞ്ചയം ഹര്‍ഷാരവങ്ങളോടെ വരവേറ്റു. ഹസ്തദാനം ചെയ്തും കുശലാന്വേഷണനടത്തിയും ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്, ജനങ്ങള്‍ക്കിടയിലൂടെ നടന്ന്, വേദിയിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ ഏതാണ്ട് 09.30 ആയപ്പോള്‍, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1 മണിയോടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു. തദ്ദനന്തരം ജനങ്ങളെ സംബോധനചെയ്ത പാപ്പാ, പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ താന്‍ പ്രാര്‍ത്ഥനയെ അധികരിച്ച് നടത്തിപ്പോരുന്ന തന്‍റെ വിചിന്തനം തുടര്‍ന്നു. ഈ പരമ്പരയിലെ അവസാനത്തേതായി പാപ്പാ പരിചിന്തനത്തിന് വിഷയമാക്കിയത് യേശുവിന്‍റെ അവസാനത്തെ പെസഹായിലെ അന്ത്യദിനങ്ങളിലെ തീക്ഷ്ണമായ പ്രാര്‍ത്ഥനയാണ്. ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന തന്‍റെ മുഖ്യ പ്രഭാഷണത്തില്‍ പാപ്പാ ഇപ്രകാരം പറഞ്ഞു:
പ്രാര്‍ത്ഥനാഭരിതമായ യേശു ജീവിതം
പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,
യേശുവിന്‍റെ ജീവിതത്തിലെ ഏറ്റവും തെളിഞ്ഞു നില്ക്കുന്ന സ്വഭാവ സവിശേഷതകളിലൊന്നാണ് പ്രാർത്ഥനയെന്ന് ഈ പ്രബോധനപരമ്പരയിൽ നാം ആവർത്തിച്ചു ഓർമ്മിക്കുകയുണ്ടായി. യേശു പ്രാര്‍ത്ഥിച്ചിരുന്നു, ഏറെ പ്രാര്‍ത്ഥിക്കുമായിരുന്നു. അവിടന്ന് സ്വന്തം ദൗത്യത്തിനിടയിൽ പ്രാര്‍ത്ഥനയില്‍ മുഴുകുന്നു, കാരണം പിതാവുമായുള്ള സംഭാഷണമാണ് അവിടത്തെ അസ്തിത്വം മുഴുവന്‍റെയും തപോജ്ജ്വലമായ കാതല്‍.
ഐഹികജീവിതാന്ത്യ വേളയിലെ തീവ്ര പ്രാര്‍ത്ഥന
പീഢാസഹനമരണങ്ങളുടെ സമയത്ത് യേശുവിന്‍റെ പ്രാര്‍ത്ഥന എത്രമാത്രം തീവ്രതരമായി മാറിയെന്ന് സുവിശേഷങ്ങള്‍ സാക്ഷിക്കുന്നു. വാസ്തവത്തിൽ, അവിടത്തെ ജീവിതത്തിലെ ഈ പര്യവസാന സംഭവങ്ങൾ ആണ് ക്രിസ്തീയ പ്രഘോഷണത്തിന്‍റെ, കേന്ദ്രബിന്ദു: ജറുസലേമിൽ യേശു ജീവിച്ച അവസാന മണിക്കൂറുകൾ സുവിശേഷത്തിന്‍റെ ഹൃദയമാണ്. ഇത്, ഈ വിവരണത്തിന് ആനുപാതികമായി കൂടുതൽ ഇടം സുവിശേഷകന്മാര്‍ നീക്കിവച്ചതുകൊണ്ടു മാത്രമല്ല, മരണവും പുനരുത്ഥാനവും - ഒരു മിന്നൽ എന്ന പോലെ – യേശുവിന്‍റെ ശേഷിച്ച എല്ലാ കഥയിലേക്കും വെളിച്ചം വീശുന്നതുകൊണ്ടു കൂടിയാണ്. യേശു മാനുഷികമായ കഷ്ടപ്പാടുകളെയും രോഗങ്ങളെയും ശമിപ്പിച്ച വെറുമൊരു മനുഷ്യസ്‌നേഹിയായിരുന്നില്ല: അവിടന്ന് മനുഷ്യസ്നേഹിയാണ് എന്നാല്‍ അതിനെക്കൊളൊക്കെ ഏറെ മുകളിലാണ്. അവിടന്നിൽ നന്മ മാത്രമല്ല ഉള്ളത്, അതിലുപരിയായ എന്തോ ഉണ്ട്: രക്ഷയുണ്ട്, അത് ഉപാഖ്യാനപരമായ രക്ഷയല്ല - ഒരു രോഗത്തിൽ നിന്നോ നിരാശയുടെ ഒരു നിമിഷത്തിൽ നിന്നോ എന്നെ രക്ഷിക്കുന്ന ഒരു പരിത്രാണമല്ല - സമ്പൂർണ്ണ രക്ഷയാണ്, മിശിഹായ്ക്കടുത്ത രക്ഷ, മരണത്തിന്‍റെ മേല്‍ ജീവന്‍റെ നിയതമായ വിജയത്തെക്കുറിച്ച് പ്രത്യാശ പ്രദാനം ചെയ്യുന്ന രക്ഷ.
ഗത്സേമന്‍ തോട്ടത്തില്‍ പ്രാര്‍ത്ഥനയില്‍
തന്‍റെ അവസാന പെസഹായുടെ നാളുകളിൽ, യേശു പൂർണ്ണമായും പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്നതായി നാം കാണുന്നു. മാരകമായ മനോവേദനയാൽ വലയിതനായി ഗത്സേമന്‍ തോട്ടത്തില്‍ അവിടന്ന് നാടകീയമാം വിധം പ്രാർത്ഥിക്കുന്നു. യേശു ആ വേളയിലും ദൈവത്തെ “അബ്ബാ”, പിതാവേ (മർക്കോസ് 14:36) എന്ന് വിളിക്കുന്നു. യേശുവിന്‍റെ ഭാഷയായിരുന്ന, അറമായ ഭാഷയില്‍, ഈ പദം അടുപ്പവും വിശ്വാസവും ആവിഷ്ക്കരിക്കുന്നു. തനിക്കുചുറ്റും അന്ധകാരം കനക്കുന്നതായി അനുഭവപ്പെടുമ്പോള്‍, യേശു ആ ചെറിയ വാക്കിലൂടെ അതിനെ മറികടക്കുന്നു: അബ്ബാ!
കുരിശിലുയരുന്ന യാചന
ദൈവത്തിന്‍റെ മൗനത്താല്‍ ആവരണം ചെയ്യപ്പെട്ട് കുരിശില്‍ കിടക്കുമ്പോഴും യേശു പ്രാർത്ഥിക്കുന്നു. ആ സമയത്തും അവിടത്തെ അധരങ്ങള്‍ "പിതാവ്" എന്ന് വീണ്ടും ഉരുവിടുന്നു. അത് ഏറ്റവും ധീരമായ പ്രാർത്ഥനയാണ്, കാരണം യേശു ക്രൂശിൽ പരമ മദ്ധ്യസ്ഥനാണ്: മറ്റുള്ളവർക്കുവേണ്ടി, എല്ലാവർക്കും വേണ്ടി, തന്നെ കുറ്റം വിധിക്കുന്നവർക്കുവേണ്ടിപ്പോലും അവിടന്ന് പ്രാര്‍ത്ഥിക്കുന്നു. ഒരു പാവപ്പെട്ട കുറ്റവാളിയൊഴികെ മറ്റാരുമില്ല, അവിടത്തെ പക്ഷം ചേരാന്‍. എല്ലാവരും അവിടത്തേക്കെതിരോ നിസ്സംഗരോ ആയിരുന്നു. ആ കുറ്റവാളി മാത്രം അവിടത്തെ ശക്തി തിരിച്ചറിയുന്നു. “പിതാവേ, അവരോടു പൊറുക്കേണമേ. എന്തെന്നാല്‍ അവര്‍ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല” (ലൂക്കാ 23:34). ആ സംഭവത്തികവില്‍, ആത്മശരീരങ്ങളുടെ ക്രൂരമായ വേദനയിൽ, യേശു സങ്കീർത്തന വാക്കുകളാൽ പ്രാർത്ഥിക്കുന്നു; ലോകത്തിലെ ദരിദ്രരോടും, പ്രത്യേകിച്ച് വിസ്മൃതരോടും ചേര്‍ന്ന് അവിടന്ന് ഇരുപത്തിരണ്ടാം സങ്കീർത്തനത്തിലെ ദാരുണമായ വാക്കുകൾ ഉച്ചരിക്കുന്നു: "എന്‍റെ ദൈവമേ,എന്‍റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ കൈവെടിഞ്ഞു?" (വാക്യം 2). യേശു പരിത്യക്തത അനുഭവിച്ചറിഞ്ഞു; അവിടന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു. ക്രൂശിൽ പിതാവിന്‍റെ ദാനം നിറവേറുന്നു, നമ്മുടെ രക്ഷ സാധിതമാകുന്നു. ഒരിക്കല്‍ കൂടി യേശു വിളിക്കുന്നു, “എന്‍റെ ദൈവമേ” എന്ന്. “പിതാവേ, അങ്ങേ കരങ്ങളില്‍ ഞാന്‍ എന്‍റെ ആത്മാവിനെ സമര്‍പ്പിക്കുന്നു” (ലൂക്കാ 23,46). അതായത്, കുരിശിന്‍റെ ആ മൂന്നു മണിക്കൂര്‍ നേരം സകലവും പ്രാര്‍ത്ഥനയാണ്.
എനിക്കായി പ്രാര്‍ത്ഥിക്കുന്ന യേശു
ആകയാല്‍, പീഢാസഹനമരണങ്ങളുടേതായ നിർണ്ണായക മണിക്കൂറുകളില്‍ യേശു പ്രാർത്ഥിക്കുന്നു. യേശുവിന്‍റെ പുനരുത്ഥാനത്തോടെ പിതാവ് പ്രാർത്ഥനയ്ക്ക് ഉത്തരം നൽകും. യേശുവിന്‍റെ പ്രാർത്ഥന തീവ്രമാണ്, യേശുവിന്‍റെ പ്രാർത്ഥന അദ്വിതീയമാണ്, മാത്രമല്ല നമ്മുടെ പ്രാർത്ഥനയുടെ മാതൃകയും. യേശു എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചു, എനിക്കും നിങ്ങള്‍ ഓരോരുത്തർക്കും വേണ്ടി അവിടന്ന് പ്രാർത്ഥിച്ചു. നമുക്കോരോരുത്തർക്കും ഇങ്ങനെ പറയാൻ കഴിയും: “യേശു ക്രൂശിൽ എനിക്കുവേണ്ടി പ്രാർത്ഥിച്ചു”. അവിടന്നു പ്രാർത്ഥിച്ചു. നാം ഓരോരുത്തരോടും യേശുവിന് പറയാൻ കഴിയും: "അവസാന അത്താഴവേളയിലും മരക്കുരിശിലും ഞാൻ നിനക്കായി പ്രാർത്ഥിച്ചു". നമ്മുടെ കഷ്ടപ്പാടുകളുടെ ഏറ്റവും വേദനാജനകമായ അവസ്ഥയിൽ പോലും നാം ഒരിക്കലും ഒറ്റയ്ക്കല്ല. യേശുവിന്‍റെ പ്രാർത്ഥന നമ്മോടൊപ്പമുണ്ട്. "ഇപ്പോൾ, പിതാവേ, ഇത് കേട്ടുകൊണ്ടിരിക്കുന്ന ഞങ്ങള്‍ക്കായി യേശു പ്രാർത്ഥിക്കുന്നുണ്ടോ?". ഉണ്ട്, അവിടന്ന് പ്രാര്‍ത്ഥന തുടരുന്നു, അത് നമുക്ക് മുന്നോട്ട് പോകാൻ അവിടത്തെ വചനം സഹായിക്കുന്നതിനാണ്, അല്ലേ? പ്രാർത്ഥിക്കുക. അവിടന്ന് നമുക്കുവേണ്ടി പ്രാർത്ഥിക്കുന്നു.
ധൈര്യവും പ്രത്യാശയും പകര്‍ന്നു തരുന്ന യേശുവിന്‍റെ പ്രാര്‍ത്ഥന
ഇത് ഓർമ്മിക്കേണ്ട ഏറ്റവും നല്ല കാര്യമായി തോന്നുന്നു. നാം പ്രാർത്ഥിക്കുകമാത്രമല്ല നമ്മള്‍ പരിശുദ്ധാത്മാവുമായുള്ള കൂട്ടായ്മയില്‍ പിതാവുമായുള്ള യേശുവിന്‍റെ സഭാഷണത്തില്‍ സ്വീകരിക്കപ്പെട്ടു കഴിഞ്ഞു. യേശു എനിക്കുവേണ്ടി പ്രാർത്ഥിക്കുന്നു: നമുക്കെല്ലാവർക്കും ഇത് നമ്മുടെ ഹൃദയത്തിൽ സൂക്ഷിക്കാം: അത് മറക്കരുത്. ഏറ്റവും മോശം നിമിഷങ്ങളിൽ പോലും അപ്രകാരമാണ്. യേശുക്രിസ്തുവിൽ നാം ആഗ്രഹിക്കപ്പെട്ടു, പിഢാസഹനമനരണോത്ഥാന സമയത്തും സകലവും നമുക്കായി സമര്‍പ്പിക്കപ്പെട്ടു. ആകയാല്‍, പ്രാർത്ഥനയോടും ജീവിതത്തോടും കൂടി, നമുക്ക് ഇനി ധൈര്യവും പ്രത്യാശയും അല്ലാതെ മറ്റൊന്നുമില്ല. ഈ ധൈര്യവും പ്രത്യാശയും വഴി യേശുവിന്‍റെ പ്രാര്‍ത്ഥന ശക്തമായി അനുഭവിച്ചറിയുകയും മുന്നോട്ടു പോകുകയും ചെയ്യുക. ദൈവം എനിക്കായി പ്രാർത്ഥിക്കുന്നു, യേശു എനിക്കായി പ്രാര്‍ത്ഥിക്കുന്നു എന്ന അവബോധത്തിൽ നമ്മുടെ ജീവിതം ദൈവത്തെ മഹത്വപ്പെടുത്തലായിരിക്കട്ടെ. നന്ദി.
സമാപനാഭിവാദ്യവും ആശീര്‍വ്വാദവും
ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.
പൊതുദര്‍ശനപരിപാടിയുടെ അവസാനഭാഗത്ത് ഇറ്റലിക്കാരെ പ്രത്യേകം അഭിവാദ്യം ചെയ്ത പാപ്പാ യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്തതിനെ തുടര്‍ന്ന് കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനു ശേഷം എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: