തിരയുക

വിശ്വാസ വേരുകൾ സംരക്ഷിക്കാനും ഇളംതലമുറയ്ക്ക് പകർന്ന് കൊടുക്കാനും വിരമിക്കൽ പ്രായമില്ല വയോധികരോടു പാപ്പാ

മുത്തശ്ശീമുത്തച്ഛൻമാർക്കും വയോധികർക്കുമായുള്ള പ്രഥമ ആഗോള ദിനത്തോടനുബന്ധിച്ച് പാപ്പയുടെ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ജൂലൈ ഇരുപത്തഞ്ചാം തിയതി യേശുവിന്റെ മുത്തശ്ശീ മുത്തച്ഛൻമാരായ ജൊവാക്കിമിന്റെയും അന്നയുടെയും തിരുന്നാൾ ദിവസമാണ് തിരുസഭയിൽ മുത്തശ്ശീമുത്തച്ഛൻമാർക്കും മുതിർന്നവർക്കുമായുള്ള പ്രഥമ ആഗോള ദിനം ആചരിക്കപ്പെടുന്നത്.   "ഞാന്‍ എന്നും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും" (മത്തായി 28 : 20) എന്ന വചനമാണ് ആചരണത്തിന്റെ പ്രമേയം.  ഈ ദിനത്തോടനുബന്ധിച്ച് പാപ്പാ നൽകിയ സന്ദേശമാരംഭിച്ചത്.  റോമായുടെ മെത്രാനും അവരെപോലെ വൃദ്ധനായ ഒരാളും എന്ന നിലയിൽ അവരോടുള്ള ഐക്യദാർഢ്യം ഊട്ടിയുറപ്പിച്ചു കൊണ്ട് മുത്തശ്ശീ മുത്തച്ഛൻമാർക്കും മുതിർന്നവർക്കുമുള്ള ഈ ആഗോള ദിനത്തിൽ താനും  സഭ മുഴുവനും ആശംസിക്കുന്നത് യേശു പറഞ്ഞ അതേ സാമിപ്യം തന്നെയാണ് എന്ന് ആദ്യഖണ്ഡികയിൽ തന്നെ പാപ്പാ പറഞ്ഞു.

ദൈവസാന്നിധ്യമറിയിക്കുന്ന മാലാഖമാർ

മഹാമാരി ഒരു കൊടുങ്കാറ്റുപോലെ നമ്മെ തകർത്ത നേരത്താണ് ഈ സന്ദേശം എന്നതും, പ്രത്യേകിച്ച്, പ്രായമായവരിൽ അസുഖം ബാധിച്ചവരും, മരണം വരിച്ചവരും, ഭാര്യയോ ഭർത്താവോ പ്രിയപ്പെട്ടവരോ നഷ്ടപ്പെട്ടവരും ഏകാന്തരും കടന്നുപോയ പരീക്ഷണ നിമിഷങ്ങളും പാപ്പാ മറന്നില്ല. എന്നാൽ ഇതെല്ലാം കർത്താവ് അറിയുകയും സമീപസ്ഥനായിരിക്കുകയും ചെയ്തിരുന്നു. യാക്കോബിന്റെ ആദ്യ സുവിശേഷത്തിലെ  (protoevangelium iacobi) യേശുവിന്റെ മുത്തച്ഛനായ ജോവാക്കിമിന്റെ നിരാശയുടെ നേരത്ത് പ്രത്യക്ഷപ്പെട്ട മാലാഖയുടെ കഥ ഉദ്ധരിച്ച പാപ്പാ, നമ്മുടെ ഇരുണ്ട നിമിഷങ്ങളിലും മഹാമാരി കാലത്തെ പോലെ മാലാഖമാരെ അയച്ച് തന്റെ സാമിപ്യം കർത്താവറിയിക്കാറുണ്ടെന്നും ആ മാലാഖയ്ക്ക് പേരക്കുട്ടികളുടേയോ, കുടുംബാംഗങ്ങളുയോ കൂട്ടുകാരുടേയോ അറിഞ്ഞു കേട്ടുവരുന്നവരുടെയോ മുഖമാവാം എന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.

 ദൈവവചനത്തിലൂടെയും കർത്താവ് നമുക്ക് സന്ദേശവാഹകരെ അയക്കുന്നു എന്ന് വിവരിച്ച പാപ്പാ സുവിശേഷങ്ങളിലും സങ്കീർത്തനങ്ങളിലും പ്രവാചകഗ്രന്ഥങ്ങളിലും കർത്താവിന്റെ വിശ്വസ്തയുടെ ആശ്വാസം കണ്ടെത്താൻ കഴിയുമെന്ന സത്യവും എടുത്തു പറഞ്ഞു.അങ്ങനെപുതിയ സാധ്യതകളും, ആശയങ്ങളും മറ്റുമായി ദൈവം എപ്പോഴും നമ്മുടെ സമീപസ്ഥനാണ്. കർത്താവ് ഒരിക്കലും വിരമിക്കുന്നില്ല.

വാർദ്ധക്യത്തിലെ വിളി

മത്തായിയുടെ സുവിശേഷത്തിലെ അവസാന അദ്ധ്യായത്തിൽ  ലോകം മുഴുവനും തനിക്ക് ശിഷ്യരെ നേടാനും തന്റെ കല്പനകൾ പാലിക്കാനും അവരെ പഠിപ്പിക്കാൻ അപ്പോസ്തലന്മാരോടു ആവശ്യപ്പെടുന്ന വചനങ്ങൾ നമ്മളോടും ആവശ്യപ്പെടുന്നതാണ് എന്നു പറഞ്ഞു കൊണ്ട് ഈ പ്രായത്തിലുള്ള അവരുടെ വിളി നമ്മുടെ വേരുകൾ സംരക്ഷിക്കാനും, വിശ്വാസം ഇളംതലമുറയ്ക്ക് പകർന്ന് കൊടുക്കാനും കുഞ്ഞുങ്ങളെ സംരക്ഷിക്കാനുമാണെന്ന് ഫ്രാൻസിസ് പാപ്പാ വിശദീകരിച്ചു. സുവിശേഷ പ്രഘോഷണ വേലയ്ക്ക് വിരമിക്കൽ പ്രായമില്ല എന്നും അതിനാൽ ചെറു മക്കൾക്ക് പാരമ്പര്യങ്ങൾ പകർന്നു കൊടുക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

നാളത്തെ ലോകത്തെ താങ്ങേണ്ട തൂണുകൾ

പ്രായാധിക്യവും ശക്തിക്ഷയവും ഏകാന്തതയും നിറഞ്ഞ ഈ പ്രതിസന്ധി നിമിഷത്തിലും നിങ്ങൾക്ക് ഒരു നവീകൃത വിളിയുണ്ട്. കൊറോണാ സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് മുമ്പായിരുന്നതുപോലെ നാം ഒരിക്കലും തിരിച്ചു വരില്ല ഒന്നുകിൽ കൂടുതൽ മെച്ചപ്പെട്ടവരാകും ഇല്ലെങ്കിൽ മോശമാകും അതിനാൽ ഈ അഗാധ ദുഃഖം ഒരു ദുരന്തമായി മാറാതെ ഒരു പുതിയ ജീവിതരീതിയിലേക്കുള്ള കാൽവയ്പാകട്ടെ എന്ന് പാപ്പാ ആശംസിച്ചു. നമുക്ക് പരസ്പരം ആവശ്യമുണ്ടെന്ന് തിരിച്ചറിഞ്ഞാലെ നമ്മുടെ മാനുഷീക ബലഹീനതകൾ പുനർജന്മമറിയൂ എന്നും ആർക്കും തനിച്ച് രക്ഷപ്പെടാനാവില്ല എന്നും പാപ്പാ വീണ്ടുമോർമ്മിപ്പിച്ചു. അതിനാൽ സാഹോദര്യത്തിലും സാമൂഹ്യ സൗഹൃദത്തിലും നാളത്തെ ലോകം കെട്ടിപ്പടുക്കാൻ അവരെ ആവശ്യമുണ്ടെന്നും ആ പുതു സൃഷ്ടിയെ താങ്ങി നിറുത്തുന്ന സ്വപ്നങ്ങൾ, ഓർമ്മകൾ, പ്രാർത്ഥന  എന്നീ മൂന്ന് തൂണുകൾ നിർമ്മിക്കാൻ മറ്റാരെയുംകാൾ അവർക്കു സഹായിക്കാനാവുമെന്നും ഫ്രാൻസിസ് പാപ്പാ സന്ദേശത്തിൽ ചൂണ്ടിക്കാണിച്ചു.

സ്വപ്നങ്ങൾ

 ജോയേൽ പ്രവാചകൻ സ്വപ്നം കണ്ട "നിങ്ങളുടെ വൃദ്‌ധന്മാര്‍ സ്വപ്‌നങ്ങള്‍ കാണും;യുവാക്കള്‍ക്കു ദര്‍ശനങ്ങള്‍ ഉണ്ടാവും."

(ജോയേല്‍ 2 : 28 ) എന്ന വാക്കുകൾ അനുസ്മരിച്ചു കൊണ്ട്, തലമുറകൾ തമ്മിലുള്ള ഉടമ്പടിയിലാണ് ലോകത്തിന്റെ ഭാവി എന്ന്  പാപ്പാ പറഞ്ഞു. മുതിർന്നവരുടെ സ്വപ്നം സാക്ഷാൽക്കരിക്കുക യുവതലമുറയല്ലാതെ പിന്നെയാരാണ് എന്ന് ചോദിച്ചു കൊണ്ട് തുടർന്നും സ്വപ്നങ്ങൾ കാണണമെന്നും നീതിയെക്കുറിച്ചും, സമാധാനത്തെക്കുറിച്ചും, ഐക്യമത്യത്തെക്കുറിച്ചുമുള്ള നമ്മുടെ സ്വപ്നങ്ങൾ യുവതലമുറയ്ക്ക് പുതിയ ദർശനങ്ങളേകുമെന്നും അങ്ങനെ നമുക്ക് ഒരുമിച്ച് ഒരു ഭാവി പണിതുയർത്താനാവുമെന്നും അറിയിച്ച പാപ്പാ ദുരന്താനുഭവങ്ങളിൽ നിന്ന് നവീകൃതരായി പുറത്തു വരാൻ കഴിയുമെന്ന് യുവതലമുറയ്ക്ക് കാണിച്ചു കൊടുക്കണമെന്നും അവരോടു ആവശ്യപ്പെട്ടു.

 ഓർമ്മകൾ

യുദ്ധത്തിന്റെ വേദനാജനകമായ ഓർമ്മകൾ യുവാക്കളിൽ സമാധാനത്തിന്റെ വില മനസ്സിലാക്കാൻ എത്ര പ്രാധാന്യമർഹിക്കുന്നു എന്ന് സൂചിപ്പിച്ച് സ്വപ്നങ്ങളും ഓർമ്മകളും തമ്മിലുള്ള പരസ്പര ബന്ധം  വിശദീകരിച്ച ഫ്രാൻസിസ് പാപ്പാ ഓർമ്മകൾ സജീവമായി നിലനിർത്തേണ്ടതും അതു പങ്കുവയ്ക്കേണ്ടതും എല്ലാ മുതിർന്നവരുടേയും യഥാർത്ഥ ദൗത്യമാണെന്ന് ചൂണ്ടിക്കാണിച്ചു. നാസി തടങ്കൽ ഭീകരതയെ അതിജീവിച്ച തനിക്ക് ഓർമ്മ ജീവനാണെന്ന് എഴുതിയ എഡിത്ത് ബ്രൂക്കിനെയും കുടിയേറി അർജന്റീനയിലെത്തിയ തന്റെ മുത്തച്ഛൻമാരെയും ഓർമ്മിച്ച ഫ്രാൻസിസ് പാപ്പാ ഇത്തരം ഓർമ്മകൾ കൂടുതൽ മാനുഷീകവും സ്വാഗതം ചെയ്യുന്നതുമായ ഒരു ലോകം പണിതുയർത്താൻ ഇടയാക്കുമെന്നും ജീവിതത്തിന്റെ അടിത്തറയാണ് ഓർമ്മയെന്നും അറിയിച്ചു.

 പ്രാർത്ഥന

തന്റെ മുൻഗാമിയായ ബനഡിക്ട് പാപ്പായെ ഉദ്ധരിച്ചു കൊണ്ടാണ് ലോകത്തെ സംരക്ഷിക്കാൻ മുതിർന്നവരുടെ പ്രാർത്ഥനയ്ക്ക് കഴിയുമെന്ന് ഫ്രാൻസിസ് പാപ്പാ സ്ഥാപിക്കുന്നത്. പ്രത്യേകിച്ച് കൊടുങ്കാറ്റുലയ്ക്കുന്ന മഹാമാരിയുടെ കടലിലൂടെ മനുഷ്യകുലം സഞ്ചരിക്കുന്ന ഈ നേരത്ത് സഭയ്ക്കും ലോകത്തിനും വളരെ അവശ്യമായ ഒരു സമ്പത്താണ് നിങ്ങളുടെ പ്രാർത്ഥന, പാപ്പാ ഓർമ്മിപ്പിച്ചു.അൾജീരിയയിലെ സന്യാസ ഭവനത്തിലെ സ്വന്തം ഏകാന്തതയുടെ മരുഭൂമിയിലും ലോകത്തിലെ മുഴുവൻ ദരിദ്രർക്ക് വേണ്ടി പ്രാർത്ഥിച്ച് ഒരു സാർവ്വലൗകീക സാഹോദര്യത്തിന് സാക്ഷിയായ ധന്യനായ ചാൾസ് ഡി ഫൗകോൾസിന്റെ ഉദാഹരണം എടുത്തു കൊണ്ടു പ്രാർത്ഥനയിൽ ദരിദ്രരുടെ കഷ്ടപ്പാടുകളോടു സംവേദനക്ഷമതയോടെ നമ്മുടെ ഹൃദയം തുറക്കാനും അവരുടെ ആവശ്യങ്ങൾക്കായി പ്രാർത്ഥിക്കാനും കൃപ തരാൻ കർത്താവിനോട് പ്രാർത്ഥിച്ചു കൊണ്ടും ഞാൻ നിങ്ങളോടുകൂടെയുണ്ടെന്ന കർത്താവിന്റെ വചനം പരസ്പരം , പ്രത്യേകിച്ച് യുവതലമുറയോടു ആവർത്തിക്കാനും അങ്ങനെ മുന്നോട്ട് പോകുവാനും ആഹ്വാനം ചെയ്തും കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 June 2021, 15:20