തിരയുക

പാപ്പാ സന്ദേശം നൽകുന്നു പാപ്പാ സന്ദേശം നൽകുന്നു 

പാപ്പാ: നിങ്ങൾക്ക് ഞാനാരാണെന്ന് നമ്മോടും യേശു ആവർത്തിക്കുന്നു

ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത് " എന്ന് ഇന്നത്തെ സുവിശേഷത്തിൽ കർത്താവ് ശിഷ്യരോടു ചോദിക്കുന്ന ചോദ്യത്തെ ആസ്പദമാക്കി രണ്ടു വലിയ അപ്പോസ്തലരായ വി. പത്രോസിന്റെയും പൗലോസിന്റെയും തിരുനാൾ ദിനത്തിൽ വത്തിക്കാനിൽ പാപ്പാ മദ്ധ്യാഹ്ന പ്രാർത്ഥനാ സന്ദേശം നൽകി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

നിങ്ങൾക്ക് ഞാനാരാണ്?

നിങ്ങൾക്ക് ഞാനാരാണ് എന്ന നിർണ്ണായകമായ ചോദ്യം ഇന്നു നമ്മോടും യേശു ആവർത്തിക്കുന്നു. വിശ്വാസം സ്വീകരിച്ചിട്ടും എന്റെ വചനത്തിൽ യാത്ര ചെയ്യാൻ ഇപ്പോഴും ഭയപ്പെട്ടിരിക്കുന്ന നിനക്ക്, വളരെ കാലമായി ക്രിസ്ത്യാനിയായിരിക്കുന്ന നിന്റെ ശീലങ്ങൾ തളർത്തി നിന്നിലുണ്ടായിരുന്ന ആദ്യസ്നേഹം നഷ്ടമാക്കിയ നിനക്ക്, ഞാൻ ആരാണ് എന്ന്  ചോദിക്കുന്ന യേശുവിന് നമ്മുടെ ഹൃദയത്തിൽ നിന്നു വരുന്ന ഒരുത്തരം നൽകാനാണു വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാൾ ദിനത്തിൽ പാപ്പാ വിശ്വാസീസമൂഹത്തെ ആഹ്വാനം ചെയ്തത്. എന്നാൽ ഈ ചോദ്യം ശിഷ്യർക്കു മുന്നിൽ വയ്ക്കുന്നതിനു മുമ്പ്  ജനങ്ങൾ തന്നെക്കുറിച്ചെന്താണ് പറയുന്നതെന്ന്  യേശു ശിഷ്യരോടു അന്വേഷിച്ചിരുന്നു. ക്രിസ്തീയ ജീവിതത്തിന്റെ ഒരു അടിസ്ഥാന വ്യത്യാസം അടിവരയിടാനായിരുന്നിരിക്കണം എന്നാണ് പരിശുദ്ധപിതാവിന്റെ അനുമാനം.

യേശുവിന്റെ ആരാധകരാകാതെ അനുകരിക്കുന്നവരാകുക

ചിലർ ആദ്യചോദ്യത്തിന്റെ ഉത്തരമായ അഭിപ്രായങ്ങളിലും യേശുവിനെക്കുറിച്ചുള്ള സംസാരങ്ങളിലും മാത്രം അവസാനിപ്പിക്കും. എന്നാൽ മറ്റു ചിലർ യേശുവിനോടു സംസാരിക്കും, അവരുടെ ജീവിതം അവനിൽ കൊണ്ടുവന്ന്  അവനുമായി ബന്ധം സ്ഥാപിക്കുന്ന ഒരു ചുവടുവയ്പ്പ് നടത്തും. ഇതാണ് കർത്താവിന് ആവശ്യം: നമ്മുടെ ചിന്തയുടേയും വാൽസല്യങ്ങളുടേയും സൂചികയാകാൻ. നമ്മുടെ ജീവിതത്തിന്റെ സ്നേഹമാകാൻ, പാപ്പാ വിശദീകരിച്ചു

വി.പത്രോസും പൗലോസും  യേശുവിന്റെ ആരാധകരായിരുന്നില്ല മറിച്ച്  യേശുവിനെ അനുകരിക്കുന്നവരും സാക്ഷികളുമായിരുന്നു. വാക്കുകളെക്കാളേറെ പ്രവർത്തികളിലൂടെ രണ്ടു പേരും അവരുടെ ജീവിതം കർത്താവിനും സഹോദരർക്കുമായി ചെലവഴിച്ചു. ഈ ജീവിതങ്ങൾ നമുക്ക്  നേരെ ഉയർത്തുന്ന  വെല്ലുവിളിയാണ് വാക്കുകളേക്കാൾ പ്രവർത്തിപഥത്തിലേക്കു വരാനെന്ന് പാപ്പാ പറഞ്ഞു. സുവിശേഷത്തോടു വിശ്വസ്ഥതയും ജനങ്ങളോടു സമീപനവും, കൂടുതൽ പ്രവാചീകവും, പ്രേഷിതവുമായ ഒരു സഭയെക്കുറിച്ച് പലപ്പോഴും സംസാരിച്ചാലും പ്രായോഗീകമായി ഒന്നും ചെയ്യാറില്ല എന്ന് പാപ്പാ ഖേദം പ്രകടിപ്പിച്ചു. പലരും സംസാരിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യും എന്നാൽ ചുരുക്കം ചിലർ മാത്രമാണ് സാക്ഷികളാവുക എന്ന വിഷമവും പാപ്പയുടെ വാക്കുകളിൽ കാണാൻ കഴിഞ്ഞു. ദൈവത്തെ വിളംബരം ചെയ്യുകയല്ല മറിച്ച് ജീവിത സാക്ഷ്യം കൊണ്ടു കാണിച്ചു കൊടുക്കയാണ് വേണ്ടതെന്നാണ് വി. പത്രോസും പൗലോസും നമ്മെ ഓർമ്മിപ്പിക്കുന്നത്, പാപ്പാ പറഞ്ഞു.

ബലഹീനതകളോടു കൂടി സാക്ഷികളാകാം

പത്രോസ് കർത്താവിനെ നിഷേധിച്ചതും പൗലോസ് ക്രിസ്ത്യാനികളെ പീഡിപ്പിച്ചതും ചൂണ്ടിക്കാണിച്ച് അവർ അനുകരണീയ മാതൃകയല്ല എന്ന ഒരു എതിർപ്പുയരാം - എന്നാൽ അവർ അവരുടെ ബലഹീനതകളുടേയും കൂടി  സാക്ഷികളാവുകയായിരുന്നു എന്ന് പരിശുദ്ധ പിതാവ് ചൂണ്ടിക്കാണിച്ചു. സുവിശേഷകരും വിശുദ്ധർ തന്നെയും അവരുടെ ജീവിതം നഗ്നമായി നമ്മുടെ മുന്നിൽ വയ്ക്കുന്നത് നമ്മൾ നമ്മുടെ പ്രതിഛായ സംരക്ഷിക്കാൻ ശ്രമിക്കാതെ കർത്താവിനോടും മറ്റുള്ളവരോടും സുതാര്യമായിരിക്കുമ്പോൾ കർത്താവിന് നമ്മിലൂടെ വൻകാര്യങ്ങൾ ചെയ്യാൻ കഴിയും എന്ന സത്യമാണ് വെളിവാക്കുന്നതെന്നും പാപ്പാ പറഞ്ഞു.

കർത്താവ് ശിഷ്യരോടു ചോദിച്ച നിങ്ങൾക്ക് ഞാൻ ആരെന്ന  അതേ ചോദ്യം തന്നെ ഇന്ന് നമ്മോടും ചോദിച്ചുകൊണ്ടു ഈ വിശുദ്ധരുടെ സാക്ഷ്യം വഴി കർത്താവ് നമ്മുടെ മുഖംമൂടികൾ എടുത്തു മാറ്റാനാണ് ആവശ്യപ്പെടുന്നത് എന്നു പാപ്പാ പറഞ്ഞു. അതേപോലെ നമ്മുടെ പാതി മനസ്സും നമ്മെ ഉദാസീനരും ഇടത്തരവുമാക്കുന്ന ഒഴിവു കഴിവുകൾ ഉപേക്ഷിക്കാനും ആവശ്യപ്പെടുന്നു.  ഇതിന് അപ്പോസ്തലരുടെ റാണിയായ പരിശുദ്ധ കന്യക നമ്മെ സഹായിക്കട്ടെ എന്നും  യേശുവിന് സാക്ഷികളാകാനുള്ള ആഗ്രഹം നമ്മിൽ ജ്വലിപ്പിക്കട്ടെ എന്നും പ്രാർത്ഥിച്ചുകൊണ്ട് പാപ്പാ സന്ദേശം ചുരുക്കി.

29 June 2021, 15:01