തിരയുക

സമൂഹമാധ്യമങ്ങൾ സമൂഹമാധ്യമങ്ങൾ 

"ക്രിസ്തു ജീവിക്കുന്നു”:“ഓൺലൈൻ ബന്ധങ്ങൾ മനുഷ്യത്വരഹിതമായി തീരാം

"Christus vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു”എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 90ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്. 

മൂന്നാം അദ്ധ്യായം

നിങ്ങൾ ദൈവത്തിന്റെ "ഇപ്പോൾ" ആകുന്നു

മൂന്നാമത്തെ അദ്ധ്യായം ഇന്നത്തെ യുവജനങ്ങളുടെ അവസ്ഥ വിവരിക്കുന്നു: അനേകം യുവജനങ്ങൾ പ്രത്യയശാസ്ത്രങ്ങളാൽ പിടിക്കപ്പെടുന്നു. മറ്റുള്ളവരെ നശിപ്പിക്കാനോ ഭയപ്പെടുത്താനോ പരിഹസിക്കാനോ അവരെ ഉപയോഗിക്കുന്നു. അവരിൽ അനേകർ വ്യക്തി പ്രാധാന്യവാദികളായി തീരുന്നു. മറ്റുള്ളവരോടു ശത്രുതയോ അവിശ്വസ്ഥതയോ കാണിക്കുന്നു. അവർ അങ്ങനെ രാഷ്ടീയ ഗ്രൂപ്പുകളുടേയും സാമ്പത്തിക ശക്തികളുടേയും മൃഗീയവും നാശോന്മുഖവുമായ തന്ത്രങ്ങൾക്ക് എളുപ്പമുള്ള ലക്ഷ്യമായി തീരുന്നു. കുടിയേറ്റക്കാരുടെ നിസ്സഹായത, ദുരുപയോഗിക്കപ്പെട്ട ഇരകൾ എന്നിങ്ങനെയുള്ള കറുത്ത പാടുകൾക്ക് മദ്ധ്യേയും തന്റെ സഭയെ ഒരിക്കലും ഉപേക്ഷിക്കാത്ത കർത്താവായ യേശുവിലേക്ക് ഈ അദ്ധ്യായം വിരൽചൂണ്ടുന്നു. 

90. സിനഡിന്റെ തലേദിവസം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 300 യുവജനങ്ങൾ ഒരുമിച്ചു കൂടി തയ്യാറാക്കിയ രേഖയിൽ അവർ ഇങ്ങനെ ചൂണ്ടിക്കാട്ടി. “ഓൺലൈൻ ബന്ധങ്ങൾ മനുഷ്യത്വരഹിതമായി തീരാം. ഡിജിറ്റൽ സ്പേസ് മറ്റു മനുഷ്യർ മുറിപ്പെടുത്തുന്നതിനെപ്പറ്റി നമ്മെ അന്ധരാക്കി തീർക്കുകയും ആത്മ വിചിന്തനത്തിൽ നിന്നു നമ്മെ തടയുകയും ചെയ്യുന്നു. അശ്ലീലസാഹിത്യം പോലുള്ള പ്രശ്നങ്ങൾ മാനുഷിക ലൈംഗികതയെക്കുറിച്ചുള്ള യുവജനത്തിന്റെ സങ്കൽപ്പത്തെ തകിടം മറിക്കുന്നു. ഈ വിധത്തിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ മനുഷ്യ മഹത്വത്തെ അവഗണിക്കുന്ന വഞ്ചനാത്മകമായ സമാന്തര യാഥാർഥ്യത്തെ സൃഷ്ടിക്കുന്നു.”  അനേകരെ സംബന്ധിച്ചെടുത്തോളം വെർച്ച്വൽ ലോകത്തിലെ ആമഗ്നത ഒരുതരം “ഡിജിറ്റൽ കുടിയേറ്റം” ഉളവാക്കിയിട്ടുണ്ട്. സ്വന്തം കുടുംബങ്ങളിൽനിന്നും സാംസ്കാരികവും മതപരവുമായ മൂല്യങ്ങളിൽ നിന്നും പിന്മാറി ഏകാന്തതയുടെയും സ്വയം കണ്ടുപിടുത്തത്തിന്റെയും ലോകത്തിലേക്കുള്ള പ്രവേശനമാണ് ഇത്തരം കുടിയേറ്റം. ഇതിന്റെ ഫലമായി അവർ ശാരീരികമായി ഒരിടത്ത് താമസിക്കുമ്പോഴും വേരില്ലാത്തവരായി സ്വയം തോന്നുന്നു. തങ്ങളുടെ വ്യക്തിത്വത്തെ സുസ്ഥാപിതമാക്കാ൯  ഇന്ന് ആഗ്രഹിക്കുന്ന പുതിയ, സമൃദ്ധമായ ജീവിതം പുതിയൊരു വെല്ലുവിളി നേരിടുന്നു-  തനിച്ചു പ്രവേശിക്കുന്ന യഥാർത്ഥവും വെർച്ച്വവുമായിട്ടുള്ള ഒരു ലോകത്തോടു ഇടപെടുക,ലോകത്തിൽ കണ്ട് പിടിക്കപ്പെടാത്ത ഒരു ഭൂഖണ്ഡത്തിൽ കാലുകുത്തുന്നത് പോലെ.  വ്യക്തിപരവും സ്വന്തം സംസ്കാരത്തിന്റെ തനിമ യുമായവയെ ആഗോളപരമായവയോടു സമന്വയിപ്പിക്കുന്നതിന്റെ പ്രഥമ ഉത്തരവാദിത്വം യുവജനത്തിന്റെതാണ്. ആദ്യം ചെയ്യേണ്ടത് ഇതിന്റെ അർത്ഥം ഇതാണ് -വെർച്ച്വൽ സമ്പർക്കത്തിൽ നിന്ന് നല്ലതും ആരോഗ്യകരവുമായ ആശയവിനിമയത്തിലേക്ക് കടക്കാനുള്ള വഴികൾ അവർ കണ്ടുപിടിക്കണം. (കടപ്പാട്. പി.ഒ.സി. പ്രസിദ്ധീകരണം).

ലോകം അഭിമുഖികരിക്കുന്ന അനേകം വെല്ലുവിളികളുണ്ട്. ഓരോ വെല്ലുവിളികളും ആധുനിക മനുഷ്യന്റെ വ്യക്തിപരവും സാമൂഹ്യ പരവുമായ ആഗോളപരവുമായ അസ്തിത്വത്തെ ചോദ്യം ചെയ്യുകയും മനുഷ്യന്റെ ആഗ്രഹങ്ങളുടെയും അന്വേഷണങ്ങളുടെയും താപത്തെ കൂടുതൽ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിൽ ഏറ്റവും പ്രധാനപെട്ടതാണ് ഡിജിറ്റൽ പരിസരത്തോടുള്ള മനുഷ്യന്റെ ഒടുങ്ങാത്ത ദാഹം. ഇന്ന് നാം പരിചിന്തനം ചെയ്യുന്ന ക്രിസ്തുസ് വിവിത്ത് എന്ന അപ്പോസ്തോലിക പ്രബോധനത്തിന്റെ തൊണ്ണൂറാം ഖണ്ഡികയിൽ യുവജന സിനഡിന്റെ തലേദിവസം മുന്നൂറു യുവജനങ്ങൾ തയ്യാറാക്കിയ ഒരു രേഖയിൽ സാങ്കേതികതയുടെ കോളനിവത്കരണം ഒരു മനുഷ്യന്റെ വ്യക്തി ജീവിതത്തെയും സമൂഹ ജീവിതത്തെയും എത്ര മാത്രം അധഃപതനത്തിലേക്കു വലിച്ചിഴയ്ക്കുന്നുവെന്നു വ്യക്തമാക്കുന്നു.

മനുഷ്യത്വ രഹിതമായ ഓൺലൈൻ ബന്ധങ്ങൾ

പവിത്രമെന്ന കരുതാവുന്ന ഇടങ്ങളിലും കാഴ്ചകളിലും വ്യക്തികളിലും സാങ്കേതികതയുടെ കടന്നു കയറ്റം അതിശക്തമായെന്നു അനുദിന മാധ്യമങ്ങളിൽ നിന്ന് നമുക്ക് വായിച്ചെടുക്കാൻ കഴിയും. സ്വന്തം മുഖം വെളിപ്പെടുത്താതെ ഇന്റർനെറ്റിന്റെ പിന്നാമ്പുറങ്ങളിൽ നിന്ന് വ്യക്തികളെയും ബന്ധങ്ങളെയും വേട്ടയാടുന്ന അവരുടെ സ്വകാര്യതകളെവിട്ടു കാശാക്കുന്ന ഭീഷണിപ്പെടുത്തുന്ന ഒരു സംസ്കാരത്തിന്റെയുള്ളിലാണ് ഇന്ന് ലോകം വലിച്ചുകൊണ്ടിരിക്കുന്നത്. കുഞ്ഞുങ്ങൾ മുതൽ വാർദ്ധ്യക്യത്തിലുള്ളവർ വരെ മറ്റുള്ളവരെ ജീവിതങ്ങളെ ചൂഷണം ചെയ്യുന്നു എന്ന ദാരുണമായ യാഥാർഥ്യങ്ങൾക്കു ഉദാഹരണങ്ങൾ ഏറെയുണ്ട്. 

ഇന്ന് നാം വിചിന്തനം ചെയ്യുന്ന ഖണ്ഡികയിൽ സാങ്കേതിക പരിസരത്തിന്റെ അപകടപരമായ പ്രവണതകളിൽ പ്രധാനപ്പെട്ട ഒന്നാണ് ഫ്രാൻസിസ് പാപ്പാ  ചൂണ്ടിക്കാണിക്കുന്നത്.  ഓരോരുത്തരുടേയും  മാനുഷീകമായ  വളർച്ചയിൽ ബന്ധങ്ങൾക്കുള്ള പ്രാധാന്യം പാപ്പായുടെ പ്രബോധനങ്ങളിൽ എന്നും മുഴങ്ങുന്ന ഒന്നാണ്. അത് നമ്മുടെ കുടുംബങ്ങളിൽ നിന്ന് തുടങ്ങി ഒരു സാർവ്വലൗകീക സാഹോദര്യത്തലേക്ക് വളരണമെന്ന് അതിയായി ആഗ്രഹിക്കുന്ന ഒരു പിതൃ മുഖം ഈ വരികളിൽക്കിടയിൽ കണ്ടുമുട്ടാൻ പ്രയാസമില്ല. ബന്ധങ്ങൾ വെറും സാങ്കേതികം മാത്രമായി ചുരുങ്ങുമ്പോൾ അതിൽ നഷ്ടപ്പെടുന്ന മാനുഷികതയെക്കുറിച്ചാണ് ഫ്രാൻസിസ് പാപ്പാ നമുക്ക് മുന്നറിയിപ്പ് നൽകുന്നത്. യുവജന സിനഡിന് മുൻപ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 300 യുവജനങ്ങൾ ചേർന്ന് തയ്യാറാക്കിയ പ്രമാണത്തിൽ അവർ തന്നെ ഇക്കാര്യങ്ങൾ എടുത്ത് പറയുന്നത് ഉദ്ധരിക്കുക കൂടി ചെയ്തു കൊണ്ടാണ് പരിശുദ്ധ പിതാവ് തന്റെ നിലപാട് ബലപ്പെടുത്തുന്നത്. സാങ്കേതിക പരിസരത്ത് മറ്റൊരു വ്യക്തിയുടെ ബലഹീനതകളെ  തിരിച്ചറിയാനും അതിനു നേരെ കണ്ണടക്കാനും എളുപ്പമാണ്. മാത്രമല്ല അവിടെ സ്വയവിചാരം നടത്തുന്നതിന് തടസ്സങ്ങളുമുണ്ട് എന്ന യാഥാർത്ഥ്യവും  അശ്ലീലസാഹിത്യങ്ങളുടെയും അസഭ്യ ചിത്രങ്ങളുടേയും സാന്നിദ്ധ്യം യുവജനങ്ങളെ ലൈംഗീക മാനസീകാവസ്ഥകളെ വികലമാക്കുന്നുവെന്നും  ആ രേഖകളിൽ 43 മത്തെ ഖണ്ഡികയിൽ ചേർത്തിട്ടുണ്ട്. ഈ ഭാഗത്ത് പ്രത്യേകം നമ്മുടെ ശ്രദ്ധ പതിപ്പിക്കേണ്ട ഒരു കാര്യം കൂടി എടുത്തു പറയുന്നുണ്ട്. സാങ്കേതിക വൈദഗ്ദ്ധ്യം ഉപയോഗിച്ച്  സൃഷ്ടിക്കാവുന്ന സമാന്തര യാഥാർത്ഥ്യങ്ങളെക്കുറിച്ചാണത്.

ഡീപ് ഫൈയ്ക് 

ഡീപ് ഫൈയ്ക് എന്ന പദം ഇന്നത്തെ സാങ്കേതിക ലോകത്തിന് പരിചിതമാണ്. എങ്കിലും അത്  മനുഷ്യാന്തസ്സിന്റെ  മനപ്പൂർവ്വമായ ഒരു ചവിട്ടിമെതിക്കലിനെതിരെ കണ്ണടക്കാനാവില്ല. കൃത്രിമബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗിച്ച്  ആളുകൾ ചെയ്യാത്തതും പറയാത്തതുമായ കാര്യങ്ങൾ ചെയ്യുന്നതും പറയുന്നതുമായി അവതരിപ്പിക്കാൻ കഴിയുന്നു എന്നതും അത് മുൻകാലങ്ങളെ അപേക്ഷിച്ച് അധികം ബുദ്ധിമുട്ടുകളില്ലാതെ ചെയ്യാൻ കഴിയുന്നു എന്നതുമാണ് സാങ്കേതിക പുരോഗതി കൊണ്ടു സാധ്യമാക്കപ്പെടുന്നത്. Deep fake എന്ന് പേരിട്ടു വിളിക്കുന്ന ഇത്തരം വീഡിയോകൾ വഴി വൃക്തിഹത്യകൾ നടത്താനും ഭീഷണിപ്പെടുത്തി ചൂഷണം ചെയ്യാനും    ഉപയോഗിക്കപ്പെടുന്നുണ്ട്.   ഇതെല്ലാം സാങ്കേതിക പരിസരത്ത് മറഞ്ഞിരുന്ന് നടത്താൻ കഴിയുമെന്നതാണ് ഈ ലോകത്തെ എത്ര ശ്രദ്ധയോടെയും വിവേകത്തോടെയും സമീപിക്കണം എന്ന് ഫ്രാൻസിസ് പാപ്പാ നമുക്ക് ഇവിടെ നൽകുന്ന സന്ദേശം.

ഈയടുത്തയിടെ മലയാളത്തിലെ തന്നെ ഒരു പ്രമുഖ ദിനപത്രത്തിൽ വന്ന ഒരു ലേഖനത്തിൽ സീപ് ഫേയ്ക് വീഡിയോകൾ കുടുംബ ബന്ധങ്ങളിൽ വരുത്തുന്ന വിള്ളലുകളെക്കുറിച്ചും കലാപങ്ങളെക്കുറിച്ചും എഴുതിയിരുന്നു. 2018 ഡിസംബറിൽ നിന്ന് 2019 ജൂലൈയിലേക്കെത്തുമ്പോൾ 84% വർദ്ധന ഇകാര്യത്തിൽ ഉണ്ടായിട്ടുള്ളതായും അവയെ യഥാർത്ഥ്യമാണോ അല്ലയോ എന്ന് തിരിച്ചറിയാൻ പോലും അതികഠിനമാണെന്നും ഡീപ് ഫേയ്ക്  വീഡിയോക്കെതിരെ അന്വേഷണത്തിനിറങ്ങുന്ന ഡീപ് ട്രേയ്സ് കമ്പനി മേധാവിയും ശാസ്ത്രജ്ഞനുമായ  ജോർജോ പട്രീനി പറഞ്ഞതായി ലേഖനം വിവരിക്കുന്നു. ഇതെല്ലം വിരൽ ചൂണ്ടുന്ന സത്യങ്ങൾ  സാങ്കേതിക പരിസരത്തിന്റെ നന്മകളോടൊപ്പം കടന്നു വരുന്ന തിന്മകളുടെ മലവെള്ളപ്പാച്ചിലുകളിലേക്കാണ്.

വെർച്ച്വൽ ലോകത്തേക്കുള്ള കടന്ന് കയറ്റം പലർക്കും ഒരു തരം കുടിയേറ്റം പോലെയാണ് എന്ന് ഫ്രാൻസിസ് പാപ്പാ - എഴുതുമ്പോൾ സ്വന്തം മണ്ണും സ്വന്ത ബന്ധങ്ങളും വിട്ടു നല്ല ഭാവിക്കായി നടത്തുന്ന കുടിയേറ്റം പോലല്ല ഇതിനെ വിശേഷിപ്പിക്കുന്നത്. ഇത് സ്വയം തിരഞ്ഞെടുക്കുന്ന ഒരകലം പാലിക്കലാണ്  കുടുംബത്തിൽ നിന്നും സാംസ്ക്കാരികവും മതപരവുമായ മൂല്യങ്ങളിൽ നിന്നും ശാരീരികമായി കുടുംബത്തിനും സ്വന്തം നാട്ടിലുമായിരിക്കുമ്പോഴും സാങ്കേതിക പരിസരത്തെ വിർച്ച്വൽ ലോകത്തേക്കുള്ള കുടികയറ്റത്തിൽ അവന്റെ വേരുകൾ നഷ്ടപ്പെടുന്നു.

കൗമാര പ്രായത്തിൽതന്നെ ഗർഭിണികളാക്കപ്പെടുന്ന പെൺകുഞ്ഞുങ്ങളെയും മയക്കുമരുന്നിന്റെയും അശ്ലീലലോകത്തിന്റെയും അടിമത്തത്തിൽ കഴിയുന്നവരെയും കുറിച്ച് നിസ്സംഗരാകാതിരിക്കണമെന്നും കഴിഞ്ഞ ഖണ്ഡികയിൽ പാപ്പാ പ്രബോധിപ്പിക്കുന്നു. “ഈ പ്രതിഭാസം മുഴുവനായി മനസ്സിലാക്കുന്നതിന് മറ്റുള്ള ഏതു മാനുഷിക യാഥാർത്ഥ്യത്തെയും എന്ന പോലെ ഇതിലും പരിധികളും അപരിയാപ്തതകളുമുണ്ട് എന്ന് നാം തിരിച്ചറിയണം. ആശയവിനിമയത്തെ കേവലം വെർച്വൽ സമ്പർക്കുവുമായി കൂട്ടി കുഴയ്ക്കുന്നത് ശരിയല്ല. യഥാർത്ഥത്തിൽ “ഡിജിറ്റൽ പരിസരം” ഏകാന്തതയുടെയും കൃത്രിമം കാട്ടലിന്റെയും, ചൂഷണത്തിന്റെയും, അക്രമത്തിന്റെയും അങ്ങേയറ്റം “ഇരുണ്ട വല”യുടെ പോലും ഒന്നാണ്. യഥാർത്ഥമായ വ്യക്തന്തര ബന്ധങ്ങളുടെ വികസനം തടഞ്ഞുകൊണ്ട് ആളുകളെ ആസക്തി, ഒറ്റപ്പെടൽ, മൂർത്ത യാഥാർത്ഥ്യവുമായുള്ള ബന്ധത്തിന്റെ ക്രമേണയുള്ള ശോഷണം എന്നീ അപകടങ്ങൾക്ക് വിധേയരാക്കാൻ ഡിജിറ്റൽ മീഡിയയ്ക്ക് കഴിയും.

യുവാക്കളുടെ സാമൂഹ്യ മാധ്യമ ദുരുപയോഗം

മ്യാൻമാറിലെ കർദ്ദിനാൾ ചാൾസ് മൗങ്ങ് ബോ ആഗോള സാമൂഹ്യ സമ്പർക്ക ദിനത്തിൽ നൽകിയ വചന പ്രഘോഷണത്തിൽ യുവതലമുറയിലെ ഒരു വിഭാഗം വിഷലബ്ധമായ വെറുപ്പു നിറഞ്ഞ കഥകളിലും, അക്രമവാസനയിലും, ചൂഷണത്തിലും, അശ്ലീല ചിത്രങ്ങൾക്കും  അടിമകളാവുകയാണെന്ന് അറിയിച്ചു.  സാമൂഹിക മാധ്യമങ്ങളുടെ യുവതലമുറയ്ക്കായുള്ള സംഭാവനകളെതെന്തെന്ന് ചോദ്യം ചെയ്തു. വ്യാജവാർത്തകൾ മാനുഷീക ബന്ധങ്ങളും സാമൂഹീക ഐക്യവും തകർക്കാനാണ്  സംഭാവന നടത്തുന്നതെന്നും ആരോപിച്ച അദ്ദേഹം കൊറോണാ വൈറസ് ഒരു വാക്സിൻ കണ്ടെത്തുന്നതോടെ അപ്രത്യക്ഷമാകും എന്നാൽ സാമൂഹ്യ മാധ്യമ വൈറസ് യുവജനങ്ങളിൽ ഏല്പിക്കുന്ന ധാർമ്മീക അധ:പതനം മാരകമാണെന്ന് അഭിപ്രായപ്പെട്ടു.  ഫേസ് ബുക്കിൽ പോകാനല്ല മുഖാമുഖമായിരുന്ന് കഥകൾ പറയാനാണ് 54 ആം ആഗോള സമ്പർക്ക ദിന സന്ദേശത്തിൽ പാപ്പാ ആവശ്യപ്പെടുന്നതെന്നും, നമ്മുടെ പരസ്പരബന്ധം ഫോൺ വഴിയല്ല പൊതുവായ മാനുഷീകതയിൽ കൂടിയാവണമെന്നും കർദിനാൾ ആഹ്വാനം ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 June 2021, 10:55