തിരയുക

ഫ്രാൻസീസ് പാപ്പാ വീഡിയൊ സന്ദേശം നല്കുന്നു! ഫ്രാൻസീസ് പാപ്പാ വീഡിയൊ സന്ദേശം നല്കുന്നു! 

ഭിന്നതകൾ സംഘാതാത്മക പ്രവർത്തനങ്ങൾക്ക് വിഘാതമല്ല, പാപ്പാ!

ഇറ്റലിയിലെ കരിസ്മാറ്റിക്ക് കൂടിയാലോചന സമിതിക്ക് ഫ്രാൻസീസ് പാപ്പായുടെ വിഡിയൊ സന്ദേശം!

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ക്രൈസ്തവർക്കിടയിൽ നിലവിലുള്ള ഭിന്നതകൾ ഐക്യത്തിൽ വർത്തിക്കാനും ഒത്തൊരുമിച്ച് ചരിക്കാനും പരസ്പരം ശുശ്രൂഷയേകാനും ക്രൈസ്തവരായ നമുക്ക് തടസ്സമല്ലെന്ന് മാർപ്പാപ്പാ.

ഇറ്റലിയിലെ കത്തോലിക്കാ കരിസ്മാറ്റിക്ക് നവീകരണപ്രസ്ഥാനവും പന്തക്കൂസ്താസഭകളും ചേർന്നു രൂപീകരിച്ചിട്ടുള്ള പ്രാദേശിക കരിസ്മാറ്റിക്ക് കൂടിയാലോചനാസമിതി (ITALIAN CHARISMATIC CONSULTATION) ഇറ്റലിയിലെ ബാരിയിൽ 1992-ൽ  സംഘടിപ്പിച്ചതു മുതലിങ്ങോട്ടുള്ള പതിവനുസരിച്ച്, ഇക്കൊല്ലവും (2021) ചേർന്ന സമ്മേളനത്തിന് ശനിയാഴ്ച (15/05/21)  നല്കിയ വീഡിയൊ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

കോവിദ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ നടന്ന ഈ “ത്സൂം” (zoom) സമ്മേളനത്തിൻറെ വിചിന്തന പ്രമേയം “സാഹോദര്യം ക്രിസ്തുവിൽ” എന്നതായിരുന്നു. 

“പോയി എൻറെ സഹോദരങ്ങളോടു പറയുക, എൻറെയും നിങ്ങളുടെയും പിതാവിൻറെയും, എൻറെയും നിങ്ങളുടെയും ദൈവത്തിൻറെയും പക്കലേക്കു ഞാൻ തിരച്ചു പോകുന്നു” എന്ന യോഹന്നാൻറെ സുവിശേഷം ഇരുപതാം അദ്ധ്യായത്തിലെ പതിനേഴാമത്തെതായ ഈ യേശു വാക്യത്തെ അടിസ്ഥാനമാക്കി തിരഞ്ഞെടുത്ത ഈ പ്രമേയത്തെക്കുറിച്ച് അനുസ്മരിച്ചുകൊണ്ട് പാപ്പാ, യേശു നമ്മെ അയക്കുന്നത് അവിടന്നു നമ്മോടൊപ്പമുണ്ടെന്നും അവിടന്ന് പിതാവിൻറെ മുന്നിലുണ്ടെന്നും നമുക്കു തുണയായുണ്ടെന്നും പ്രഖ്യാപിക്കാനാണെന്ന് ഓർമ്മിപ്പിക്കുന്നു. 

ഒരുമയോടെ സേവനം ചെയ്യുക, അത് സാഹോദര്യമാണ് പാപ്പാ പറയുന്നു. എല്ലാവർക്കും തൻറെ പ്രാർത്ഥനകൾ ഉറപ്പു നല്കുകയും തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തുകൊണ്ടാണ് പാപ്പാ തൻറെ വീഡിയൊ സന്ദേശം ഉപസംഹരിച്ചിരിക്കുന്നത്.

  

 

15 May 2021, 15:09