കത്തോലിക്കാ സ്കൗട്ടിനെ പ്രത്യാശ വിതക്കാരുടെ പ്രസ്ഥാനമാക്കുക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ലോകത്തിൽ, ആരോഗ്യമേഖലയിലുൾപ്പടെയുള്ള, പ്രതിസന്ധികൾക്കു മുന്നിൽ യുവജന സ്കൗട്ട് പ്രസ്ഥാനം സ്വപ്നം കാണാനും പ്രവർത്തിക്കാനും ഭാവിയെ പ്രത്യാശയോടെ നോക്കാനും യുവതയെ ക്ഷണിക്കുന്ന പ്രചോദനദായക അടയാളമാണെന്ന് മാർപ്പാപ്പാ പ്രസ്താവിച്ചു.
ഫ്രാൻസിൽ 1971-ൽ സ്ഥാപിതമായ കത്തോലിക്ക സ്കൗട്ട് പ്രസ്ഥാനത്തിൻറെ 50-ɔ൦ വാർഷികത്തോടനുബന്ധിച്ച് അതിൻറെ അമ്പതോളം പേരടങ്ങിയ പ്രതിനിനിധി സംഘത്തെ വെള്ളിയാഴ്ച (15/05/21) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
മാനുഷിക ബന്ധങ്ങൾ വഷളായിക്കൊണ്ടിരിക്കുന്നതും രൂപവത്ക്കരണം ആവശ്യമുള്ള യുവതയ്ക്ക് വിശ്വാസയോഗ്യമായ മാതൃകകൾ ഇല്ലാത്തതും ഇന്നത്തെ സമൂഹത്തിൽ പ്രകടമാണെന്ന വസ്തുത ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.
ഈ ഒരു അവസ്ഥയെ കൂടുതൽ മോശമാക്കിയിരിക്കായണ് ഇന്നത്തെ ആരോഗ്യ മേഖലയിലെ സ്ഥിതിയെന്നും ഇത് സാഹോദര്യ-സൗഹൃദബന്ധങ്ങൾ വളർത്തുന്നതിനുള്ള സമാഗമസാധ്യതകളെ കൂടുതൽ സന്ദിഗ്ദാവസ്ഥയിൽ ആക്കിയെന്നും പാപ്പാ പറയുന്നു.
വാസ്തവത്തിൽ അമൂർത്തങ്ങളായവ മാത്രമല്ല യഥാർത്ഥ മാനുഷികബന്ധങ്ങൾ ജീവിക്കുകയെന്നത് നാമെല്ലാവരുടെയും ആവശ്യമാണെന്ന് പാപ്പാ വ്യക്തമാക്കുന്നു.
സ്കൗട്ടംഗങ്ങൾക്കിടയിൽ, വിവാഹജീവിതത്തിൻറെ മനോഹാരിതയ്ക്ക് സാക്ഷ്യമേകുന്ന ദമ്പതികൾ ഉള്ളതും പാപ്പാ കൃതജ്ഞതയോടെ അനുസ്മരിക്കുകയും അവർ യുവജനത്തിനേകുന്ന പിന്തുണയ്ക്ക് നന്ദി പറയുകയും ചെയ്തു.
ചലനാത്മകതയുള്ള ക്രൈസ്തവരും വിശ്വസ്തരായ സ്കൗട്ടംഗങ്ങളും ആയിരിക്കാൻ പാപ്പാ എല്ലവാർക്കും പ്രചോദനം പകർന്നു.
സ്കൗട്ടംഗങ്ങൾക്ക് പ്രകൃതിയുമായുള്ള ബന്ധത്തെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ മറ്റുള്ളവരോടും പരിസ്ഥിതിയോടുമുള്ള ആദരവ് കൈകോർത്തു നീങ്ങുന്നുവെന്നും അതിനാൽ "എല്ലാ മൗലിക മാനുഷികബന്ധങ്ങളെയും സൗഖ്യമാക്കാതെ പ്രകൃതിയുമായും പരിസ്ഥിതിയുമായും ഉള്ള ബന്ധത്തെ സുഖമാക്കാമെന്ന് നാം വ്യാമോഹിക്കരുതെന്ന് ഓർമ്മിപ്പിച്ചു.
ലോകത്തിൻറെ സ്വാർത്ഥതയ്ക്കു മുന്നിൽ നിരാശരാകരുതെന്നും സ്വയം അടച്ചിടരുതെന്നും ആദർശരഹിതരും സ്വപ്നങ്ങളില്ലാത്തവരുമായിക്കൊണ്ട് നിഷ്ക്രിയരായി മാറരുതെന്നും പാപ്പാ യുവതയെ ഉപദേശിച്ചു.
എവിടെയായിരുന്നാലും അവിടെ, പ്രത്യേകിച്ച് ചെറുപ്പക്കാർക്കിടയിൽ, സ്വന്തം ചുറ്റുപാടുകളിൽ, കായികവിനോദരംഗത്ത്, സുഹൃത്തുക്കളുമൊത്തു പുറത്തു പോകുമ്പോൾ, സന്നദ്ധപ്രവർത്തനത്തിൽ അല്ലെങ്കിൽ ജോലിസ്ഥലത്ത്, എല്ലാം, പ്രേഷിതവിളംബരം സധൈര്യം എത്തിക്കാൻ കർത്താവ് വിളിക്കുന്നു എന്നത് മറന്നുപോകരുതെന്ന് പാപ്പാ പറഞ്ഞു.
കത്തോലിക്കാ സ്കൗട്ടിനെ പ്രത്യാശ വിതയ്ക്കുന്നവരുടെയും സമൂഹ ജീവിതം വീണ്ടും കണ്ടെത്തലിൻറെയും ഒരു പ്രസ്ഥാനമാക്കി മാറ്റാനുള്ള യത്നത്തിന് പാപ്പാ പ്രചോദനം പകരുകയുടെ ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: