പരിശുദ്ധാത്മാവിനായി ഹൃദയം തുറക്കുക
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
വി. പത്രോസിന്റെ ബസിലിക്കയിൽ പെന്തക്കുസ്താ തിരുനാളിൽ ദിവ്യബലി മദ്ധ്യേ നടത്തിയ വചന പ്രഘോഷണത്തിൽ ഫ്രാൻസിസ് പാപ്പാ യേശു ശിഷ്യർക്ക് വാഗ്ദാനം ചെയ്ത അവസാന സമ്മാനമായ പരിശുദ്ധാത്മാവ് സമ്മാനങ്ങളിൽ ഏറ്റം വലിയ സമ്മാനമായാണ് വിശേഷിപ്പിച്ചത്. പരിശുദ്ധാത്മാവ് ദൈവത്തിന്റെ സ്നേഹം തന്നെയാണ് പാപ്പാ പറഞ്ഞു.
പരിശുദ്ധാത്മാവായ ആശ്വാസകൻ
കഷ്ടപ്പാടിന്റെ നേരത്ത് നമ്മൾ ആശ്വാസം തേടാറുണ്ട് എന്നാൽ അത് പലപ്പോഴും വേദനസംഹാരികളെപ്പോലുള്ള താൽകാലികമായ ഭൗമീക പ്രതിവിധികളിലാണ്. അവ നമുക്ക് ആശ്വാസം തരുമായിരിക്കും എന്നാൽ സൗഖ്യം തരില്ല. എന്നാൽ നമ്മളായിരിക്കുന്ന തുപോലെ നമ്മെ സ്നേഹിക്കുന്ന ഒരാൾക്ക് നമ്മുടെ ഇന്ദ്രീയക്കൾക്ക് മാത്രമല്ല നമ്മുടെ ഹൃദയത്തിനും സമാധാനം തരാൻ കഴിയും. അതിനാൽ ദൈവസ്നേഹമായ പരിശുദ്ധാത്മാവാണ് പ്രതിവിധി. പരിശുദ്ധാത്മാവ് നമ്മുടെ ആത്മാവിൽ പ്രവർത്തിക്കുകയും നമ്മുടെ കൂടെ നടക്കുകയും നമ്മുടെ ആശ്വാസത്തിന്റെ ഉറവിടവുമാണ് എന്ന് പാപ്പാ വിശദീകരിച്ചു.
നമ്മിലെ ഇരുളും വേദനയും ഏകാന്തതയും അഭിമുഖീകരിക്കാൻ ഹൃദയം പരിശുദ്ധാത്മാവിന് തുറന്നുകൊടുക്കാൻ പാപ്പാ എല്ലാവരേയും ആഹ്വാനം ചെയ്തു. കാര്യങ്ങൾ നന്നാകുമ്പോൾ പ്രശംസിക്കുകയും മോശമാകുമ്പോൾ അപലപിക്കുകയും ചെയ്യുന്ന ദുഷ്ടാത്മാവിനെപ്പോലല്ല പരിശുദ്ധാത്മാവെന്ന് അപ്പോസ്തലന്മാരുടെ അനുഭവത്തിൽ നിന്ന് നാം അറിഞ്ഞ് പ്രത്യാശഭരിതരാവണം. ശിഷ്യന്മാർക്കുണ്ടായ ഭീതികൾക്കും ബലഹീനതകൾക്കും വീഴ്ചകൾക്കും പരിശുദ്ധാത്മാവിന്റെ സ്വീകരണത്തോടെ മാറ്റം വരികയായിരുന്നു. അവരുടെ ബലഹീനതകളും പ്രശ്നങ്ങളും അപ്രത്യക്ഷമാവുകയല്ല മറിച്ച് അവയെ ഭയമില്ലാതെ അഭിമുഖീകരിക്കാൻ അവർക്ക് കഴിഞ്ഞു. ദൈവത്തിന്റെ സമാശ്വാസവും പിൻതുണയും അനുഭവിച്ച അവർ അത് പങ്കുവയ്ക്കാനും അവരനുഭവിച്ച സ്നേഹത്തെ സാക്ഷ്യപ്പെടുത്താനുമാണ് ആഗ്രഹിച്ചത്. ഇന്ന് നമ്മളോരോരുത്തരും നമ്മുടെ ലോകത്തിൽ വിളിക്കപ്പെട്ടിരിക്കുന്നത് പരിശുദ്ധാത്മാവിൽ സാക്ഷികളാകാനും ആശ്വാസകരാകനുമാണ് എന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു. അത് വാക്കുകളേക്കാൾ പ്രാർത്ഥനയും സാന്നിധ്യവും കൊണ്ടാവണമെന്നും തെറ്റുകൾ വിളിച്ചുപറഞ്ഞു കൊണ്ടുള്ള നിഷേധാത്മകതയേക്കാൾ, സന്തോഷത്തോടെ സുവിശേഷം പ്രഘോഷിച്ച് ലോകത്തിന് ദൈവസ്നേഹം നൽകുകയും അവന്റെ കരുണയ്ക്ക് സാക്ഷികളാകുകയും ചെയ്തു കൊണ്ടാവണം എന്ന് പാപ്പാ പ്രത്യേകം അടിവരയിട്ടു.
പരിശുദ്ധാത്മാവായ വക്താവ്
സത്യത്തിന്റെ ആത്മാവ് എന്ന നിലയിൽ പരിശുദ്ധാത്മാവ് നമ്മെ തിന്മയുടെ വഞ്ചനകളിൽ നിന്ന് തന്റെ പ്രചോദത്താൽ സംരക്ഷിക്കുന്നു എന്നതായിരുന്നു പാപ്പായുടെ വചന പ്രഘോഷണത്തിലെ രണ്ടാമത്തെ വിഷയം. പ്രലോഭനത്തിന് വഴങ്ങാൻ ദുഷ്ടാത്മാവ് നമ്മെ പ്രലോഭിപ്പിക്കുമ്പോൾ പരിശുദ്ധാത്മാവ് നിർദ്ദേശങ്ങളാണ് തരിക അടിച്ചേൽക്കുകയല്ല എന്നു പറഞ്ഞ പാപ്പാ ഇവിടെ നമുക്ക് മൂന്നു പ്രതിവിധികൾ കാണാമെന്നു ചൂണ്ടിക്കാണിച്ചു. ഒന്നാമതായി കഴിഞ്ഞകാല തെറ്റുകളിൽ കെട്ടപ്പെടാതെയും ഭാവിയെ കുറിച്ചുള്ള ഭയത്താൽ മരവിക്കാതെയും വർത്തമാനകാലത്തിൽ ജീവിക്കാൻ പരിശുദ്ധാത്മാവ് ഉപദേശിക്കുന്നു. രണ്ടാമത് നമുക്കപ്പുറം കടന്ന് സഭയെ വൈവിധ്യമാർന്ന സിദ്ധികളുടെ ഒരു കൂട്ടായ്മയായി കാണാൻ ക്ഷണിക്കുന്നു . വൈവിധ്യമാർന്ന വ്യക്തിത്വങ്ങളും, ദർശനങ്ങളും, ആശയങ്ങളുമുള്ള വ്യത്യസ്തരായ അപ്പോസ്തലന്മാരിൽ പ്രവർത്തിച്ചപോലെ ആത്മാവ് സമൂഹത്തിൽ പുതുമകൾ കൊണ്ടുവരുന്നു. പരിശുദ്ധാത്മാവിന്റെ വരവോടെ വ്യത്യാസങ്ങൾക്കപ്പുറം ദൈവത്തിന്റെ പദ്ധതിയുടെ "മുഴുവൻ " കാര്യത്തിനു മുൻഗണന നൽകി ഐക്യത്തിനും വൈവിധ്യങ്ങളുടെ സ്വരചേർച്ചയ്ക്കുമാണ് അവർ പരിഗണ നൽകിയത്. മൂന്നാമതായി ദൈവത്തോട് എളിമയാർന്ന ഒരു തുറവിനായി പരിശുദ്ധാത്മാവ് നമ്മെ ക്ഷണിക്കുന്നു എന്നും പാപ്പാ പറഞ്ഞു.
നമുക്ക് മുന്നേ ദൈവത്തെ പ്രതിഷ്ഠിക്കാനും കർത്താവിനിടം നൽകാൻ നമ്മെതന്നെ ശൂന്യവൽക്കരിക്കാനും ആവശ്യപ്പെട്ട പാപ്പാ അപ്പോഴാണ് നമ്മൾ സ്വയം നമ്മെ കണ്ടെത്തുന്നതെന്നും പരിശുദ്ധാത്മാവിൽ സമ്പന്നരാകുന്നതെന്നും ഉദ്ബോധിപ്പിച്ചു. സഭയെ സംബന്ധിച്ചും ഇത് വാസ്തവമാണ്. നമ്മുടെ പദ്ധതികളിലും പരിപാടികളിലും നമ്മൾ നഷ്ടപ്പെടരുതെന്നും സഭ ഒരു മനുഷ്യ പ്രസ്ഥാനമല്ലയെന്നും അത് പരിശുദ്ധാത്മാവിന്റെ ദേവാലയമാണെന്നത് നമ്മൾ മറക്കരുതെന്നും ഫ്രാൻസിസ് പാപ്പ ഓർമ്മിപ്പിച്ചു. എല്ലാം സൃഷ്ടിക്കുകയും നവീകരിക്കുകയും ചെയ്ത ദൈവത്തിന്റെ കൃപയിൽ വിശ്വസിച്ച് അപ്പോസ്തലരെപ്പോലെ ദൈവത്തിന്റെ ഇന്നുകൾക്ക് സാക്ഷികളാകാൻ, സഭയ്ക്കും മനുഷ്യകുലത്തിനും ഐക്യത്തിന്റെ പ്രവാചകരാകാൻ വക്താവും ആത്മാവിന്റെ ഉപദേശകനുമായ പരിശുദ്ധാത്മാവിനോടു പ്രാർത്ഥിച്ചു കൊണ്ടാണ് പാപ്പാ തന്റെ വചനപ്രഘോഷണം അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: