തിരയുക

ഒരുമിച്ചു നിന്നാൽ... (ഫയൽ ചിത്രം) ഒരുമിച്ചു നിന്നാൽ... (ഫയൽ ചിത്രം) 

ഒരു മഹാവ്യാധിയുടെ നടുവിൽ പാപ്പാ ഫ്രാൻസിസിന്‍റെ സന്ദേശം

കുടിയേറ്റക്കാരുടേയും അഭയാർത്ഥികളുടേയും ആഗോളദിനത്തിനായുള്ള സന്ദേശത്തിലെ ചില ചിന്തകൾ :

- ഫാദർ വില്യം  നെല്ലിക്കൽ

1. “ഒന്നായി വ്യാപരിക്കേണ്ട നമ്മൾ”
ഒരു മഹാവ്യാധിയുടെ നടുവിൽ കൂട്ടായ്മയ്ക്കും സാഹോദര്യത്തിനുമായുള്ള ക്ഷണവുമായി പാപ്പാ ഫ്രാൻസിസിന്‍റെ 2021-ലെ കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ദിനത്തിനുള്ള സന്ദേശം “ഒന്നായി വ്യാപരിക്കേണ്ട നമ്മൾ” എന്ന പ്രമേയത്തിൽ പ്രകാശിതമായി. മെയ് 5 ബുധനാഴ്ച രാവിലെ വത്തിക്കാന്‍റെ പ്രസ്സ് ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഈ വർഷത്തെ സന്ദേശം പ്രകാശിതമായത്.

2. കൈവെടിയേണ്ട “ഞങ്ങളും നിങ്ങളും…” എന്ന ചിന്ത
ഇന്ന് ലോകം നേരിടുന്ന മഹാമാരി കാരണമാക്കുന്ന ആരോഗ്യപരമായ വൻപ്രതിസന്ധിയും ആയിരങ്ങളുടെ മരണവും കേന്ദ്രീകരിച്ചാണ് പാപ്പാ വളരെ പ്രായോഗികമായി സന്ദേശം കുറിച്ചിരിക്കുന്നത്. ദൈവം അനുവദിക്കുകയാണെങ്കിൽ ഈ പ്രതിസന്ധി കഴിഞ്ഞ് പുറത്തുവരുന്നവർ സ്വാർത്ഥതയുടെ ഉപഭോഗസംസ്കാരത്തിലും വിവിധ തരത്തിലുള്ള തൻപോരിമയിലും മുഴുകി, “ഞങ്ങളും നിങ്ങളും…” എന്നു ചിന്തിച്ചു ജീവിക്കുന്നതിനു പകരം, ഒരുമയോടെ ജീവിക്കേണ്ടവർ നാം, എന്നു ചിന്തിക്കാനാണു സാദ്ധ്യത. “എല്ലാവരും സഹോദരങ്ങൾ” (Fratellit Tutti) എന്ന തന്‍റെ ചാക്രിക ലേഖനത്തിൽനിന്നും എടുത്ത ചിന്തയാണ് സന്ദേശത്തിന് ആമുഖമായി പാപ്പാ ഉദ്ധരിക്കുന്നത്. യഥാർത്ഥത്തിൽ കൂട്ടായ്മയുടേയും സഹോദര്യത്തിന്‍റേയും നവമായൊരു ജീവിതശൈലിക്കുള്ള നവചക്രവാളമാണ് ഈ വർഷത്തെ അഭയാർത്ഥികളുടേയും കുടിയേറ്റക്കാരുടേയും ദിനത്തിനുള്ള സന്ദേശത്തിലൂടെ താൻ ലക്ഷ്യംവയ്ക്കുന്നതെന്നും പാപ്പാ ഫ്രാൻസിസ് ലോകത്തോടു തുറന്നു പ്രസ്താവിക്കുന്നുണ്ട്.

3. സ്വാർത്ഥതയുടേയും ഔദാര്യത്തിന്‍റേയും നിലപാട്
സുവിശേഷത്തിലെ നല്ല സമറിയാക്കാരന്‍റെ കഥയിൽ സ്വാർത്ഥതയുടെ നിലപാടാണ് ആദ്യത്തെ രണ്ടു യാത്രക്കാരെ സാഹോദര്യത്തിന്‍റേയും ഔദാര്യത്തിന്‍റേയും നിലപാടിൽനിന്നും അകറ്റിനിർത്തിയത്. മുറിപ്പെട്ട് അർദ്ധപ്രാണനായി കിടക്കുന്ന മനുഷ്യനിൽനിന്നും കണ്ണുവെട്ടിച്ചു വഴിമാറി പോകുവാൻ രണ്ടു പേർക്കും നല്ല ഒഴികഴിവുകളും ഉണ്ടായിരുന്നു. ഒരാൾ ദേവാലയ ശുശ്രൂഷയ്ക്കു പോകുന്ന പുരോഹിതനും, രണ്ടാമൻ ദേവാലയ പരിചാരകനായ ലേവ്യനുമായിരുന്നു. “ഞങ്ങളും നിങ്ങളും” - ഇസ്രായേല്യരും അന്യജാതിക്കാരും എന്ന വകഭേദം പാലിച്ചത് രണ്ടുപേരുടേയും തെറ്റായിരുന്നു. ആ സങ്കുചിത മനഃസ്ഥിതി മാറ്റിവച്ചത് സമറിയാക്കാരന്‍റെ നന്‍മയുമായിരുന്നു.

4. എന്നും മാതൃകയാക്കാവുന്ന നിലപാട്
പ്രാണനുവേണ്ടി പിടയുന്ന അപകടത്തിൽപ്പെട്ട മനുഷ്യനും, അല്ലെങ്കിൽ മഹാമാരിയിൽ അകപ്പെട്ടു ക്ലേശിക്കുന്ന അയൽക്കാരും തമ്മിൽ “ഞങ്ങളും അവരും” എന്ന വ്യത്യാസമില്ലാതെ സഹായഹസ്തം നീട്ടിയ  നല്ല സമറിയക്കാരന്‍റെ എന്നും മാതൃകയാക്കാവുന്ന നിലപാട് സന്ദേശത്തിൽ പാപ്പാ ചൂണ്ടിക്കാണിക്കുന്നു. മഹാവ്യാധിക്കാലത്തിന്‍റെ തുടക്കത്തിൽ പാപ്പാ ഫ്രാൻസിസ് ഉപയോഗിച്ച, “നമ്മളെല്ലാവരും ഒരേബോട്ടിലാണ്” എന്ന... പ്രയോഗവും പാപ്പാ സന്ദേശത്തിൽ ആവർത്തിക്കുന്നുണ്ട്. എല്ലാവരും ഇക്കാലത്ത് വിവിധ തരത്തിലാണ് യാതനകൾ അനുഭവിക്കുന്നത്. കൊടുംങ്കാറ്റിൽ ഒരു ചെറിയബോട്ടിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നവർ ഒരേമനസ്സോടും ശക്തിയോടും ലക്ഷ്യത്തോടുംകൂടെ ഒത്തുപിടിച്ചാൽ രക്ഷപ്പെട്ടേക്കാം. മറിച്ച് കുറച്ചുപേർ അലസമായി തുഴഞ്ഞാലോ, രക്ഷയ്ക്കുള്ള സാദ്ധ്യതയും കുറഞ്ഞുവരും. എല്ലാവരും കോളിൽ നശിക്കാനും സാദ്ധ്യതയുണ്ട്.

5. ഒരുമിച്ചു നിന്നാൽ രക്ഷപ്പെടാം
നല്ല സമറിയക്കാരന്‍റെ മനോഭാവം എല്ലാവരിലേയ്ക്കും വ്യപരിച്ചാൽ നമുക്ക് എല്ലാവർക്കും രക്ഷനേടാം. സ്വാർത്ഥതവെടിഞ്ഞ്, എല്ലാവരെയും സഹായിക്കുന്ന തുറവുള്ള മനോഭാവമാണ് ഈ മഹാവ്യാഥിയെ മറികടക്കാനുള്ള ഏകമാർഗ്ഗമെന്ന് പാപ്പാ സന്ദേശത്തിൽ സമർത്ഥിക്കുന്നു. കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ദിനത്തിനുള്ള സന്ദേശത്തിൽ എന്നപോലെ.... “എല്ലാവരും സഹോദരങ്ങൾ” Fratelli Tutti എന്ന ചാക്രികലേഖനത്തിലും, സഭാമക്കളുടെ മാത്രമല്ല മാനവകുലത്തിന്‍റെതന്നെ രക്ഷയ്ക്കുള്ള ഉപാധിയായി പാപ്പാ ചൂണ്ടിക്കാണിക്കുന്നത് അനുദിന ജീവിതത്തിൽ അനിവാര്യമായിരിക്കുന്ന നല്ല സമറിയക്കാരന്‍റെ മനോഭാവമാണെന്നും... അതാണ് “ഒന്നായി വ്യാപരിക്കേണ്ട നമ്മൾ…” എന്ന കാഴ്ചപ്പാടെന്നും പ്രസ്താവിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിക്കുന്നത്.
 

06 May 2021, 16:15