തിരയുക

ചിത്രം - പൊതുകൂടിക്കാഴ്ചാ വേദിയിൽനിന്ന്... ചിത്രം - പൊതുകൂടിക്കാഴ്ചാ വേദിയിൽനിന്ന്... 

അൽമായരായ മതബോധകർക്ക് ഔദ്യോഗിക പദവി നല്കും

“പുരാതനമായ സഭാശുശ്രൂഷ” (Antiquum ministerium) പാപ്പാ ഫ്രാൻസിസ് പ്രകാശിപ്പിച്ച നവമായ സ്വാധികാര അപ്പസ്തോലിക പ്രബോധനം :

- ഫാദർ വില്യം നെല്ലിക്കൽ

1. “പുരാതനമായ സഭാശുശ്രൂഷ”
ക്രൈസ്തവ സമൂഹങ്ങളിൽ മതബോധനരംഗത്ത് പ്രകടവും വാസ്തവികവുമായ വിധത്തിൽ സമർപ്പിതരാകുന്ന അൽമായ പ്രേഷിതരെ ശുശ്രൂഷാപദവി നല്കി ഉയർത്തേണ്ടതാണെന്ന് പാപ്പാ ഫ്രാൻസിസ് പ്രസ്താവിച്ചു. മെയ് 11-ന് സഭയിൽ മതബോധനവും സുവിശേഷപ്രചാരണ ജോലിയും പൂർണ്ണമായും ഉൾക്കൊണ്ടു ജീവിക്കുന്ന അൽമായ സഹോദരങ്ങളെ സംബന്ധിച്ച് ഇറക്കിയ “പുരാതനമായ സഭാശുശ്രൂഷ” (Antiquum ministerium) എന്ന സ്വാധികാര അപ്പസ്തോലിക പ്രബോധനത്തിലാണ് അവർക്ക് ശുശ്രൂഷാപട്ടം നല്കി, അവരുടെ സമർപ്പണത്തെ അംഗീകരിക്കുകയും സ്ഥിരപ്പെടുത്തുകയും വേണമെന്ന് പാപ്പാ ഫ്രാൻസിസ് ഉദ്ബോധിപ്പിക്കുന്നത്. അപ്പസ്തോലിക പാരമ്പര്യത്തിൽ സഭാസമൂഹത്തിലുള്ള എല്ലാത്തരം വ്യത്യസ്ത ശുശ്രൂഷകളെയും അംഗീകരിക്കുകയും ആദരിക്കുകയും വേണമെന്നും  പ്രബോധനത്തിന്‍റെ ആമുഖത്തിൽ പാപ്പാ പ്രസ്താവിക്കുന്നുണ്ട്.

2. അൽമായർ ഇറങ്ങിത്തിരിക്കുന്ന
മൗലികമായ മതബോധനരംഗം

യഥാർത്ഥമായ മതബോധനം എപ്രകാരം ജീവന്‍റെ കൂട്ടായ്മയിലൂടെ ഫലദായകമായി തെളിഞ്ഞുനില്കുവാൻ ആദിമ ക്രൈസ്തവ സമൂഹത്തിലും ആദിമ സഭയിലും ജീവിച്ച വ്യക്തികളെ ദൈവാരൂപി പ്രചോദിപ്പിച്ച സംഭവങ്ങൾ പാപ്പാ പ്രബോധനത്തിൽ ഉദ്ധരിച്ചു. അപ്പസ്തോലന്മാർ ഉൾക്കൊണ്ട സഭയിലെ പ്രബോധനാധികാരവും രീതിയും കൂടുതൽ മൗലികവും സുസ്ഥിരവുമായ വിധത്തിൽ വ്യത്യസ്ത സാഹചര്യങ്ങളിൽ ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുള്ളവർ നിർവ്വഹിക്കുന്നത് സഭ അംഗീകരിക്കേണ്ടതാണെന്ന് രണ്ടാം വത്തിക്കാൻ സൂനഹദോസിന്‍റെ പഠനവും പാപ്പാ സ്വാധികാര അപ്പസ്തോലിക പ്രബോധനത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട് (Dei Verbum, 8). സഭയുടെ സുവിശേഷവത്ക്കരണ സ്വഭാവം വ്യക്തിപ്രഭാവമോ സിദ്ധിയോയായി തിളങ്ങുന്നതും അംഗീകരിക്കുന്നതും സഭയുടെ നവമായ മതബോധന-സുവിശേഷവത്ക്കരണ രീതിയായി കൗൺസിൽ പഠിപ്പിക്കുന്നതും പാപ്പാ ഫ്രാൻസിസ് പ്രബോധനത്തിൽ എടുത്തുപറയുന്നുണ്ട്.

3. സഹസ്രാബ്ദങ്ങളുടെ ചരിത്രവും പാരമ്പര്യവും
രണ്ടു സഹസ്രാബ്ദങ്ങളായുള്ള മതബോധകരുടെ പ്രവർത്തനവും ചരിത്രവും പരിശോധിച്ചാൽ ആഗോളസഭയിൽ എവിടെയും മതബോധനം ഫലദായകമാണെന്നു കാണാമെന്നും പാപ്പാ കൂട്ടിചേർക്കുന്നു. അതിനാൽ വിശ്വാസം മനുഷ്യന്‍റെ അനുദിന ജീവിതത്തിൽ പിൻബലമാകേണ്ടതിന് സഭാജീവിതത്തിൽ മതബോധകരായി മെത്രാന്മാർക്കും വൈദികർക്കും സന്ന്യസ്തർക്കുമൊപ്പം പ്രവർത്തിക്കുന്ന നിരവധി സ്ത്രീപുരുഷന്മാരായ സഭാശുശ്രൂഷകരെ അംഗീകരിക്കേണ്ടത് ആവശ്യമാണെന്ന് പാപ്പാ സമർത്ഥിച്ചു.

4. സഭാശുശ്രൂഷകർക്ക് അപ്രാപ്യമായ മേഖലകളിൽ
പ്രവർത്തിക്കുന്ന അൽമായർ

കുടുംബത്തിന്‍റേയും സാമൂഹിക ജീവിതത്തിന്‍റേയും സവിശേഷമായ മേഖലയിൽ അൽമായർക്ക് മാത്രം എത്തിപ്പെടാവുന്ന തലങ്ങളിൽ വിശ്വാസം പങ്കുവയ്ക്കുവാനും ബലപ്പെടുത്തുവാനും, സഭയുടെ പ്രബോധനാധികാരം കൈമാറുന്നതിനും അൽമായ സഹോദരങ്ങളുടെ ശുശ്രൂഷ സഭ ഔദ്യോഗികമായി അംഗകരിക്കുന്നതുവഴി സഹായകമാകുമെന്നും പാപ്പാ ഫ്രാൻസിസ് പ്രബോധിപ്പിക്കുന്നു. അവർ സഭയ്ക്കുവേണ്ടി വിശ്വാസം പഠിപ്പിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന അദ്ധ്യാപകരും വിശ്വാസ സാക്ഷികളും, വിശ്വാസയാത്രയിലെ സഹചാരികളും സഹയാത്രികരുമാണെന്ന് പാപ്പാ വ്യക്തമാക്കിക്കൊണ്ടാണ് മതബോധകരുടെ അൽമായശുശ്രൂഷയ്ക്ക് സഭയിൽ നവമായ അസ്തിത്വം നല്‍കുമെന്ന പ്രബോധനം സ്ഥിരപ്പെടുത്തുന്നത്.
 

12 May 2021, 13:49