തിരയുക

ത്രികാല പ്രാർത്ഥനയുടെ ജാലകത്തിൽ - പെന്തക്കോസ്താ നാളിൽ ത്രികാല പ്രാർത്ഥനയുടെ ജാലകത്തിൽ - പെന്തക്കോസ്താ നാളിൽ 

സകലത്തിനെയും നവീകരിക്കുന്ന പരിശുദ്ധാത്മാവ്

പെന്തക്കോസ്ത മഹോത്സവത്തില്‍ പാപ്പാ ഫ്രാന്‍സിസ് നയിച്ച ത്രികാലപ്രാര്‍ത്ഥനാ പരിപാടിയുടെ റിപ്പോർട്ട് – ശബ്ദരേഖയോടെ...

- ഫാദർ വില്യം  നെല്ലിക്കൽ 

ത്രികാലപ്രാര്‍ത്ഥനാ സന്ദേശം - പെന്തക്കോസ്താ


1. പെന്തക്കോസ്തായുടെ തിളക്കം
വസന്തത്തിന്‍റെ തെളിവുള്ള ദിവസമായിരുന്നു, മെയ് 23 ഞായർ. പെന്തക്കോസ്ത മഹോത്സവത്തിന്‍റെ ആനന്ദം അന്തരീക്ഷത്തിൽ അലയടിച്ചു നിന്നു. പാപ്പാ ഫ്രാൻസിസ് വത്തിക്കാനിൽ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിൽ രാവിലെ പ്രാദേശിക സമയം 10 മണിക്ക് ദിവ്യബലി അർപ്പിച്ചു. കോവിഡ് 19 മഹാവ്യാധിയുടെ പ്രോട്ടോക്കോൾ മാനിച്ച് കുറിച്ചുപേരെ മാത്രമേ ദിവ്യബലിയിൽ പങ്കെടുക്കുവാൻ അനുവദിച്ചിരുന്നുള്ളൂ. എന്നാൽ വിശുദ്ധ പത്രോസിന്‍റെ വിശാലമായ ചത്വരത്തിൽ പതിവിലും കൂടുതൽ ജനങ്ങൾ ത്രികാലപ്രാർത്ഥനാ പരിപാടിയിൽ പങ്കെടുക്കുവാൻ സമ്മേളിച്ചിരുന്നു. കൊടിതോരണങ്ങളുമായി സംഘടനകളും സന്ന്യാസ  സമൂഹങ്ങളും യുവജനപ്രസ്ഥാനങ്ങളും, തീർത്ഥാടകരും സന്ദർശകരുമായി ആയിരങ്ങൾ പാപ്പാ ഫ്രാൻസിസിന്‍റെ വരവും കാത്ത് അപ്പസ്തോലിക അരമനയുടെ മൂന്നാം നിലയിലെ മൂന്നാമത്തെ ജാലകത്തിലേയ്ക്ക് ദൃഷ്ടികൾ പതിപ്പിച്ചു നില്കുകയാണ്. മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലെ മണികൾ മുഴങ്ങിയതും പാപ്പാ ജാലകത്തിൽ പ്രത്യക്ഷനായി. മന്ദസ്മിതത്തോടെ കരങ്ങൾ ഉയർത്തി എല്ലാവരെയും അഭിവാദ്യംചെയ്തുകൊണ്ട്, ആദ്യം പ്രഭാഷണം ആരംഭിച്ചു.

2. ദൈവാരൂപിക്കായി ഹൃദയം തുറന്നവർ
ഈശോയുടെ ഉയിർപ്പിന്‍റെ 50-ാം നാൾ ജരൂസലേമിൽ സംഭവിച്ച കാര്യങ്ങളാണ് അപ്പസ്തോല നടപടി പുസ്തകം വിവരിക്കുന്നത് (2, 1-11). ഈശോ മുൻകൂട്ടി പറഞ്ഞിരുന്നതുപ്രകാരം പരിശുദ്ധാരൂപിയെ സ്വീകരിക്കുംവരെ ശിഷ്യന്മാർ നഗരം വിട്ടു പോകാതെ, പരിശുദ്ധ മറിയത്തോടൊപ്പം അവിടെ ഒരു മേൽമുറിയിൽ പാർക്കുകയും പ്രാർത്ഥനയിൽ ചെലവഴിക്കുകയും ചെയ്തു. പെട്ടന്ന് ശക്തിയായൊരു കാറ്റ് മുറിയിലേയ്ക്കു വീശി. അത് അവരുടെ മുറിയിൽ വ്യാപിച്ചു. അത് യഥാർത്ഥവും ഒപ്പം പ്രതീകാത്മകവുമായ ഒരു അനുഭവമായിരുന്നു. എന്നാൽ അന്ന് അവിടെ സംഭവിച്ചത് ഇന്നും എല്ലാവർക്കും  ഒരു പ്രതീകാത്മകമായ അനുഭവമാണ്.

3. മേൽമുറിയിലുണ്ടായിരുന്നവരുടെ അനുഭവം
മേൽമുറിയിലുണ്ടായിരുന്നവരുടെ അനുഭവപ്രകാരം പരിശുദ്ധാത്മതാവ് ഒഴുകിയെത്തുന്നൊരു ശക്തിയായിരുന്നു. അവിടുത്തെ തടഞ്ഞു നിർത്തുവാനോ നിയന്ത്രിക്കുവാനോ അളക്കുവാനോ ആർക്കും സാദ്ധ്യമല്ല. മാതമല്ല, അവിടുത്തെ ആഗമനത്തിന്‍റെ ഒഴുക്ക് മൂൻകൂട്ടി അറിയുവാനും വഴിയില്ല. നമ്മുടെ മാനുഷികാവശ്യങ്ങൾക്ക് അനുസൃതമായി അവിടുത്തെ ഒരിക്കലും നമ്മുടെ മുൻവിധിക്കോ ആവശ്യങ്ങൾക്കോ ഉതകുംവിധം ഒരു ചട്ടക്കൂട്ടിലാക്കുവാനോ സാദ്ധ്യമല്ല.

പരിശുദ്ധാത്മാവ് പിതാവായ ദൈവത്തിൽനിന്നും പുത്രനായ ദൈവത്തിൽനിന്നും പുറപ്പെടുന്നതാകയാൽ അത് സഭയിൽ ഓരോരുത്തരിലും വർഷിക്കപ്പെടുകയും നമ്മുടെ ഹൃദയങ്ങളേയും മനസ്സുകളേയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. വിശ്വാസപ്രമാണം പഠിപ്പിക്കുന്നതുപോലെ അരൂപി ജീവദാതാവാണ്. അവിടുന്ന് ദൈവമാകയാൽ ശക്തിയാണ്. അവിടുന്നു സ്രഷ്ടാവാണ്.

4. സകലത്തിനെയും നവീകരിക്കുന്ന പരിശുദ്ധാരൂപി
പെന്തക്കൂസ്താ നാളിൽ യേശുവിന്‍റെ ശിഷ്യന്മാർ ഇനിയും വിഭ്രാന്തിയിലും ഭീതിയിലുമായിരുന്നു. പുറത്തിറങ്ങുവാനുള്ള ധൈര്യംപോലും അവർക്കില്ലായിരുന്നു. ജീവിതത്തിൽ സുരക്ഷയുടെ മതിലിൽക്കെട്ടിൽ ഒളിച്ചിരിക്കാൻ നാമും പലപ്പോഴും ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ ദൈവം നമ്മുടെ ഹൃദയകവാടം തട്ടിത്തുറക്കുന്നു. അവിടുത്തെ പരിശുദ്ധാത്മാവിനെ അയച്ച് നമ്മുടെ ഭീതിയകറ്റി, സംശയം മാറ്റി, അവിടുന്നു നമ്മെ ബലപ്പെടുത്തുന്നു. നമ്മുടെ വ്യാജ സുനിശ്ചിതത്ത്വങ്ങളേയും മനസ്സിന്‍റെ സ്വാർത്ഥതയുടെ മതിലുകളേയും അവിടുന്നു തകർക്കുന്നു. ദൈവാരൂപി അപ്പസ്തോലന്മാരിൽ പ്രവർത്തിച്ചപോലെ അവിടുന്നു നമ്മെ നവീകരിക്കുന്നു. നമുക്കു നവജീവൻ പ്രദാനംചെയ്യുന്നുവെന്നു പാപ്പാ ഉദ്ബോധിപ്പിച്ചു.

5. പരിശുദ്ധാത്മാവിനെ സ്വീകരിച്ച അപ്പസ്തോലന്മാർ
പരിശുദ്ധാത്മാവിനെ സ്വീകരിച്ച അപ്പസ്തോലന്മാരിൽ മാറ്റങ്ങൾ ഉണ്ടായി. അവർ രൂപാന്തരപ്പെട്ടു. അവർ നാലു ദിക്കുകളിലേയ്ക്കും സുവിശേഷം പ്രഘോഷിക്കാനായി ഇറങ്ങിപ്പുറപ്പെട്ടു. അവർ യേശുവിനെക്കുറിച്ച് ബോധ്യത്തോടെ പറയുവാൻ തുടങ്ങി. അവർ അവിടുത്തെ ഉത്ഥാനത്തിന്‍റെ സാക്ഷികളായി മാറി. അവർ എവിടെല്ലാം പ്രസംഗിച്ചുവോ, ജനം അവരെ താന്താങ്ങളുടെ ഭാഷയിൽ മനസ്സിലാക്കി. കാരണം ദൈവാത്മാവ് സാർവ്വത്രികമാണ്. അവിടുന്ന് സംസ്കാരത്തനിമകൾ മാറ്റിമറിക്കുന്നില്ല, മറിച്ച് അംഗീകരിക്കുന്നു.

ദൈവാത്മാവ് മാറ്റങ്ങൾ വരുത്തുന്നത് ബാഹ്യമായിട്ടല്ല, ആന്തരികമായി ഹൃദയത്തിലാണ്. അവിടുന്ന് ശിഷ്യരുടെ കാഴ്ചപ്പാടുകളെ വിശാലമാക്കി. ദൈവത്തിന്‍റെ മഹത്തരവും അനന്തവുമായ പ്രവൃത്തികളെ സംവദിക്കാൻ അവരെ ശക്തരും യോഗ്യരുമാക്കി തീർത്തു. ചിന്തയിലും ജീവിതത്തിലും അവർ സംസ്കാരത്തിന്‍റേയും മതത്തിന്‍റേയും ഭാഷയുടേയും അതിർവരമ്പുകൾക്ക് അതീതമായിരുന്നു. മറ്റുള്ളവരെ അവരുടെ ഭാഷകളുടേയും സംസ്കാരങ്ങളുടേയും അതിർവരമ്പുകൾക്ക് അപ്പുറം ശ്രവിക്കുവാനും മനസ്സിലാക്കുവാനും കരുത്തുനല്കി. ഇങ്ങനെയാണ് സഭയുടെ സാർവ്വത്രികതയും ഐക്യവും യാഥാർത്ഥ്യമാകുന്നത്. അതിനാൽ സഭ എക്കാലത്തും ഭാഷകളുടേയും സംസ്കാരങ്ങളുടേയും അതിർവരമ്പുകൾക്ക് അപ്പുറം എത്തിപ്പെടേണ്ടതാണെന്ന് പാപ്പാ ആഹ്വാനംചെയ്തു.

6. ഭിന്നിച്ചു നില്കുന്ന സഭാ സമൂഹങ്ങൾ
യഥാർത്ഥത്തിൽ സഭയുടെ ഇന്നത്തെ അസ്ഥിത്വത്തിൽ ഏറെ ഭിന്നിപ്പും വിഭാഗീയതകളും കാണാം. എന്നാൽ ഇതൊന്നും ദൈവികമല്ല. ദൈവിക അരൂപിയുമല്ല. വിഭിന്നതകളെ കൂട്ടിയിണക്കുകയും ഐക്യപ്പെടുത്തുകുയം ചെയ്യുന്ന കണ്ണിയാണ് ദൈവാരൂപി. അവിടുന്നു കൂട്ടായ്മയും ഐക്യവുമാണ്. അവിടുന്ന് ദൈവികൈക്യമാകയാൽ വിഭിന്നതകളെ കൂട്ടിയിണക്കുന്നു.

ഇറ്റലിയിലെ ജനോവയുടെ  മെത്രാപ്പോലീത്തയായിരുന്ന  കർദ്ദിനാളിന്‍റെ ചിന്തകൾ പാപ്പാ ഓർത്തു പറഞ്ഞു. സഭ ഒരു നദിപോലെ ഒഴുകുകയാണ്. പ്രധാനപ്പെട്ട കാര്യം ദൈവികത അതിന്‍റെ ഭാഗമാണെന്നതാണ്. എന്നാൽ വ്യക്തികൾ അവരുടെ സ്വാർത്ഥതയിൽ തങ്ങളുടെ ചെറുമയെ മുറുകെ പിടിച്ചു നല്കുന്നതാണ് സമൂഹങ്ങളിലെയും സഭയിലെയും ഭിന്നതകൾക്കു കാരണം. അത് ദൈവികമല്ല.  സഭ എല്ലാവരുടേതുമാണ്. അതാണ് പെന്തക്കോസ്ത നാളിൽ നാം കണ്ടത്. ദൈവാത്മാവിനാൽ പ്രചോദിതരായി അപ്പസ്തോലന്മാർ ദൈവികൈക്യം പ്രകടമാക്കി. അവർ ജനമദ്ധ്യത്തിലേയ്ക്ക് ഇറങ്ങിപുറപ്പെടുകയും, ഏകമനസ്സോടെ ഉത്ഥിതനായ ക്രിസ്തുവിനെയും അവിടുത്തെ സുവിശേഷവും പ്രഘോഷിക്കുകയും ചെയ്തുവെന്ന് പാപ്പാ വ്യക്തമാക്കി.

7. കന്യകാനാഥയുടെ മാതൃസാന്നിദ്ധ്യം
സഭയുടെ അമ്മയായ പരിശുദ്ധ കന്യകാനാഥയുടെ മാദ്ധ്യസ്ഥം പ്രാർത്ഥിക്കാമെന്ന് പാപ്പാ ആഹ്വാനംചെയ്തു. അതുവഴി ദൈവാരൂപിയുടെ സാന്നിദ്ധ്യം നമ്മിൽ ഓരോരുത്തരിലും സമൃദ്ധമായി വർഷിക്കട്ടെ. വിശ്വസിക്കുന്ന സകലരുടെയും ഹൃദയങ്ങളിൽ ദൈവാത്മാവു വന്നു നിറയുകയും അവിടുത്തെ ദിവ്യസ്നേഹാഗ്നി മനുഷ്യഹൃദയങ്ങളെ പ്രകാശിപ്പിക്കുകയും ചെയ്യട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ ത്രികാലപ്രാർത്ഥനാ സന്ദേശം ഉപസംഹരിച്ചത്.

 

24 May 2021, 13:37