തിരയുക

ത്രികാല പ്രാർത്ഥനാ ജാലകത്തിൽ 30-05-21 പരിശുദ്ധ ത്രിത്വത്തിന്‍റെ മഹോത്സവത്തിൽ... ത്രികാല പ്രാർത്ഥനാ ജാലകത്തിൽ 30-05-21 പരിശുദ്ധ ത്രിത്വത്തിന്‍റെ മഹോത്സവത്തിൽ... 

ദൈവികൈക്യത്തിന്‍റെ സൗന്ദര്യമായ പരിശുദ്ധത്രിത്വം

മെയ് 30, ഞായറാഴ്ച പരിശുദ്ധ ത്രിത്വമഹോത്സവത്തിൽ പാപ്പാ ഫ്രാന്‍സിസ് നയിച്ച ത്രികാലപ്രാര്‍ത്ഥന പരിപാടിയുടെ റിപ്പോർട്ട് : ശബ്ദരേഖയോടെ...

- ഫാദർ വില്യം നെല്ലിക്കൽ 

ത്രികാലപ്രാർത്ഥനാ സന്ദേശം


1. ത്രികാല പ്രാർത്ഥനാവേദി
വസന്തത്തിന്‍റെ തെളിച്ചത്തിലും പരിശുദ്ധ ത്രിത്വമഹോത്സവത്തിന്‍റെ പ്രാധാന്യം മാനിച്ചും  വിശ്വാസികളും തീർത്ഥാടകരും സന്ദർശകരുമായി നല്ലൊരു ജനക്കൂട്ടം വത്തിക്കാനിൽ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍, അപ്പസ്തോലിക അരമനയുടെ മുന്‍ഭാഗത്തായി പാപ്പായുടെ ത്രികാലപ്രാർത്ഥനയിൽ പങ്കെടുക്കാനായി സമ്മേളിച്ചിരുന്നു. പതിവുപോലെ മധ്യാഹ്നം കൃത്യം 12 മണിക്ക് മൂന്നാം നിലയിലെ ജാലകത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രത്യക്ഷപ്പെട്ടു. ജനങ്ങൾ ആനന്ദത്താൽ ഹസ്താരവം  മുഴക്കുകയും കൊടിതോരണങ്ങൾ വീശി അവരുടെ ആവേശം പ്രകടമാക്കുകയും ചെയ്തു. മന്ദസ്മിതത്തോടെ കരങ്ങള്‍ ഉയര്‍ത്തി എല്ലാവരെയും അഭിവാദ്യംചെയ്തശേഷം, പാപ്പാ ഫ്രാൻസിസ് പ്രഭാഷണം ആരംഭിച്ചു.

2. ത്രിയേക ദൈവത്തെക്കുറിച്ച്
ഈ തിരുനാളിൽ നാം ആഘോഷിക്കുന്നത് ഏകദൈവത്തിന്‍റെ രഹസ്യമാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവുമാണ് ഈ ദൈവം. മൂന്നാളുകൾ ആണെങ്കിലും ദൈവം ഒന്നാണ്. പിതാവായ ദൈവം, പുത്രനായ ദൈവം, പരിശുദ്ധാത്മാവായ ദൈവം. പക്ഷെ അവർ മൂന്നു ദൈവങ്ങളല്ല : മൂന്ന് ആളുകളായുള്ള ഏകദൈവമാണ് അവിടുന്ന്. യേശുക്രിസ്തു വെളിപ്പെടുത്തിയ രഹസ്യമാണിത് - പരിശുദ്ധത്രിത്വം. ദൈവത്തിന്‍റെ ഒരു അലങ്കാരപദമല്ല പരിശുദ്ധത്രിത്വം, അവർ മൂന്ന് ആളുകളാണ് എന്ന കാരണത്താലാണ് നാം തിരുനാൾ ആഘോഷിക്കുന്നത്. അവർ യഥാർത്ഥത്തിൽ വ്യക്തികളാണ്, വ്യക്തിത്വങ്ങളാണ്. വ്യത്യസ്ഥങ്ങളായ രീതിയിൽ വിഭിന്നരായവർ.

3. ദൈവത്തിന്‍റെ പ്രകാശനമല്ല
ദൈവിക കൂട്ടായ്മയാണ് ത്രിത്വം

താത്വികന്മാർ പറയുന്നതുപോലെ, ദൈവത്തിന്‍റെ പ്രകാശനമല്ല അവർ, അല്ലേയല്ല...! അവർ ആളുകളാണെന്ന് പാപ്പാ സമർത്ഥിച്ചു. പിതാവ് ആ കൂട്ടായ്മയിലുണ്ട്. അവിടുത്തോടാണ് നാം ഞങ്ങളുടെ പിതാവേ, എന്നു വിളിച്ചു പ്രാർത്ഥിക്കുന്നത്. പുത്രനും അവിടെയുണ്ട് - നമുക്കു രക്ഷയും ജീവിതത്തിൽ അർത്ഥവും ലക്ഷ്യവും തന്ന ക്രിസ്തു. മൂന്നാമത് പരിശുദ്ധാത്മാവും അവിടെയുണ്ട്. അവിടുന്ന് നമ്മിൽ വസിക്കുകയും സഭാസമൂഹത്തിൽ കുടികൊള്ളുകയും ചെയ്യുന്നു.

4. ത്രിത്വം – സ്നേഹമാകുന്ന ദൈവിക കൂട്ടായ്മ
ദൈവം സ്നേഹമാകുന്നു, എന്ന വിശുദ്ധ യോഹന്നാന്‍റെ വെളിപ്പെടുത്തലിൽ അത് നാം സമഗ്രമായി കണ്ടെത്തുന്നു (1 യോഹന്നാൻ 18, 16). ദൈവം സ്നേഹമാകുന്നു എന്നത് വെളിപാടിന്‍റെ രത്നച്ചുരുക്കമാക്കി നമ്മുടെ ഹൃദയത്തോട് സംസാരിക്കുന്നതും, നമുക്കു ചേർത്തുപിടിക്കാവുന്നതുമായ സംജ്ഞയാണ്, ദൈവം സ്നേഹമാകുന്നു, God is love!

5. ദൈവിക ഐക്യത്തിന്‍റെ ബാന്ധവം
പിതാവു സ്നേഹമാകുന്നു, പുത്രൻ സ്നേഹമാകുന്നു, പരിശുദ്ധാത്മാവ് സ്നേഹമാകുന്നു. അന്തഃസ്സത്തയിൽ സ്വയം ദാനമായി നല്കുന്നതാണ് സ്നേഹം. ഉത്ഭൂതവും അനന്തവുമായ യാഥാർത്ഥ്യം തന്നെയായ പുത്രനെ ഉരുവാക്കി ദാനമായി ഭൂമിക്കു നല്‍കിയത് പിതാവാണ്. തിരികെ എല്ലാം പിതൃഹിതത്തിനു നല്കിയവനും സമർപ്പിച്ചവനുമാണ് പുത്രൻ. അവരുടെ ഐക്യത്തിന്‍റെ ബാന്ധവത്തിൽനിന്ന് ഉടലെടുക്കുന്ന പരസ്പര സ്നേഹമാണ് പരിശുദ്ധാത്മാവ്. ഇത് മനസ്സിലാക്കാൻ എളുപ്പമല്ലെങ്കിലും നിങ്ങൾക്ക് ആ രഹസ്യം ജീവിതത്തിൽ പ്രകടമാക്കാൻ കഴിയും, നമുക്കെല്ലാവർക്കും അതിനു സാധിക്കും.

6. യേശു വെളിപ്പെടുത്തിയ ത്രിത്വരഹസ്യം
യേശു ക്രിസ്തുതന്നെയാണ് ത്രിത്വത്തിന്‍റെ ഈ രഹസ്യം നമുക്കായി വെളിപ്പെടുത്തിത്തന്നത്. കരുണാമയനായ പിതാവായ ദൈവത്തിന്‍റെ മുഖത്തെ അവിടുന്നു നമുക്കു കാണിച്ചുതന്നു. നമുക്കായി ജീവൻ ത്യജിക്കുന്ന രക്ഷകനും, പിതാവിന്‍റെ വചനവും, ദൈവപുത്രനും യഥാർത്ഥ മനുഷ്യനുമായി അവിടുന്നു സ്വയം കാണിച്ചുതന്നു. പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നവനും സത്യത്തിന്‍റെ ആത്മാവും ജ്ഞാനദാതാവുമായ (Paraclete) പരിശുദ്ധാത്മാവിനെക്കുറിച്ച് അവിടുന്ന് നമ്മോടു പറഞ്ഞു. കഴിഞ്ഞ ആഴ്ചയിൽ പരിശുദ്ധാത്മാവ്, ജ്ഞാനദാതാവ് എന്ന വിശേഷണത്തെക്കുറിച്ച് നാം സംസാരിക്കുകയുമുണ്ടായി. ഉപദേശകനും സാന്ത്വന ദാതാവുമാണ് അവിടുന്ന്. ഉത്ഥാനത്തിനുശേഷം ക്രിസ്തു ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ, പിതാവിന്‍റേയും പുത്രന്‍റേയും പരിശുദ്ധാത്മാവിന്‍റേയും നാമത്തിൽ എല്ലാജനതകളേയും ജ്ഞാനസ്നാനപ്പെടുത്താനും സുവിശേഷം അറിയിക്കുവാനുമാണ് (മത്തായി 28, 19) ഉത്ഥിതൻ അവരെ പറഞ്ഞയച്ചത്.

7. സ്നേഹക്കൂട്ടായ്മയുടെ പാഠം
ഇന്നത്തെ തിരുനാളിൽ, സ്നേഹത്തിന്‍റേയും വെളിച്ചത്തിന്‍റേയും കൂട്ടായ്മയുടേയും അത്ഭുത രഹസ്യത്തെക്കുറിച്ച് നമുക്കു ധ്യാനിക്കാം. അതിൽനിന്നാണ് നാം വന്നതും, ആ ലക്ഷ്യത്തിലേയ്ക്കാണ് നമ്മുടെ യാത്ര പോകുന്നതും. ദൈവവചനം പ്രഘോഷിക്കുന്നതിലും ക്രൈസ്തവ ദൗത്യത്തിന്‍റെ എല്ലാ രൂപങ്ങളും നമ്മിൽനിന്ന് യേശു ആവശ്യപ്പെടുന്ന ഈ ഐക്യത്തെ നമുക്ക് അവഗണിക്കാനാവില്ല. പിതാവിന്‍റേയും പുത്രന്‍റേയും പരിശുദ്ധാത്മാവിന്‍റേയും ഐക്യത്തെയും ഏകത്വവും പിന്തുടുരുകയെന്നത് നമുക്ക് ഒരിക്കലും അവഗണിക്കാൻ കഴിയില്ല.

8. സുവിശേഷം പഠിപ്പിക്കുന്ന ഐക്യത്തിന്‍റെ സൗന്ദര്യം
സുവിശേഷത്തിന്‍റെ സൗന്ദര്യം ഐക്യത്തിൽ ജീവിക്കുവാനും ആവശ്യപ്പെടുന്നു. നാം വ്യത്യസ്തരായിരിക്കുമ്പോൾ തന്നെ നമുക്കിടയിലുള്ള ഒരുമയാണ് അതിന് സാക്ഷ്യംവഹിക്കുന്നത്. ക്രിസ്ത്യാനികൾക്ക് അനുപേക്ഷണീയമാണ് ഈ ഐക്യമെന്ന് പാപ്പാ ശക്തമായി പ്രസ്താവിച്ചു. അതൊരു മനോഭാവമോ സംസാരരീതിയോ അല്ല, സ്നേഹത്തിൽനിന്നും ദൈവിക കാരുണ്യത്തിൽനിന്നും യേശു ക്രിസ്തുവിന്‍റെ അവതാരത്തിൽനിന്നും നമ്മുടെ ഹൃദയങ്ങളിലെ പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യത്തിൽനിന്നും ജനിക്കുന്ന ഐക്യമാണെന്നും പാപ്പാ സമർത്ഥിച്ചു.

9. പരിശുദ്ധ കന്യകാമറിയം ദൈവികൈക്യത്തിന്‍റെ ആൾരൂപം
തന്‍റെ വിനയത്താലും ലാളിത്യത്താലും ഏറ്റവും പരിശുദ്ധയായ മറിയം ത്രിത്വൈക ദൈവത്തിന്‍റെ മനോഹാരിതയെ പ്രതിഫലിപ്പിക്കുന്നു. യേശുവിനെ തന്നെ ജീവിതത്തിലേയ്ക്കു പൂർണ്ണമായി സ്വാഗതം ചെയ്തതു കാരണമാണിത്. മാതാവ് നമ്മുടെ വിശ്വാസത്തെ സുസ്ഥിരമാക്കുന്നു, അവിടുന്ന് നമ്മെ ദൈവത്തിന്‍റെ ആരാധകരും നമ്മുടെ സഹോദരങ്ങളുടെ ദാസന്മാരുമാക്കി രൂപാന്തരപ്പെടുത്തട്ടെയെന്ന് പാപ്പാ ആശംസിച്ചു.  

തു‌ടര്‍ന്ന് ജനങ്ങള്‍ക്കൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലിയശേഷം അപ്പസ്തോലിക ആശീർവ്വാദവും നല്കി. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 May 2021, 13:35