തിരയുക

വേദപാരംഗത  ആവിലായിലെ അമ്മ ത്രേസ്യ വേദപാരംഗത ആവിലായിലെ അമ്മ ത്രേസ്യ 

സഭയുടെ ആദ്യവനിതാ വേദപാരംഗത അമ്മത്രേസ്യ

സഭാപണ്ഡിതയായി ഉയർത്തിയതിന്‍റെ 50-ാം വാർഷിക നാളിൽ പാപ്പാ ഫ്രാൻസിസ് ആവിലായിലേയ്ക്കു ആശംസാസന്ദേശം അയച്ചു.

- ഫാദർ വില്യം  നെല്ലിക്കൽ 

വേദപാരംഗത പദവിയുടെ 50-ാം വാർഷികം
സ്പെയിനിലെ ആവില അതിരൂപതാദ്ധ്യക്ഷൻ ആർച്ചുബിഷപ്പ് ഗിൽ തമായോയ്ക്കാണ് ഏപ്രിൽ 13-ന് പാപ്പാ സന്ദേശം അയച്ചത്. ഇന്നും ഈ മഹാവിശുദ്ധയ്ക്ക് സഭയുടെ ആത്മീയതയിലുള്ള പ്രാധാന്യവും, പൊതുവെ സ്ത്രീകൾക്ക് സഭയിലും സമൂഹത്തിലുമുള്ള മുൻഗണനയും എടുത്തു പറയുന്നതാണെന്ന്  പാപ്പാ ചൂണ്ടിക്കാട്ടി . 50 വർഷങ്ങൾക്കു മുൻപ് 1970 സെപ്തംബർ 27-നാണ് പോൾ ആറാമൻ പാപ്പാ വിശുദ്ധയായ അമ്മത്രേസ്യായെ സഭയുടെ പ്രഥമ വനിതാ വേദപാരംഗതയായി ഉയർത്തിയതെന്ന് പാപ്പാ അനുസ്മരിപ്പിച്ചു.

അമ്മയുടെ ജൂബിലിവർഷം പ്രമാണിച്ച് ഏപ്രിൽ 15-വരെ നീളുന്ന ഒരു “വെബിനാർ സ്പെയിനിലെ കത്തോലിക്കാ യൂണിവേഴ്സിറ്റി “ആത്മീയതയുടെ അനിതരസാധരണമായ സ്ത്രീ...” എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്നതിനെ പാപ്പാ അഭിനന്ദിച്ചു.

ആർക്കും പ്രകാശമാകുന്ന അമ്മയുടെ രചനകൾ
ഇന്നും തന്‍റെ ആത്മീയ രചനകളിലൂടെ സഭയുടെ ഈ ആത്മീയപണ്ഡിത നമ്മോടു സംസാരിക്കുന്നുണ്ടെന്ന് പാപ്പാ സന്ദേശത്തിൽ പ്രസ്താവിച്ചു. അമ്മയുടെ രചനകൾ സന്ന്യാസത്തിലും സമർപ്പണ ജീവിതത്തിലും പ്രവേശിപ്പിക്കുന്നവർക്കു മാത്രമല്ല, വിശുദ്ധിയുടെ പാതയിൽ വളരുവാൻ ആഗ്രഹിക്കുന്ന ആർക്കും പ്രചോദനവും പ്രകാശവുമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. അമ്മത്രേസ്യായെ ജീവിതത്തിൽ സുഹൃത്തും മാർഗ്ഗദീപവുമായി സ്വീകരിക്കുന്നവരുടെ ജീവിതയാത്രയിൽ അത്യപൂർവ്വമായ ആത്മീയതയുടെ സ്രോതസ്സായ വേദപാരംഗത സുരക്ഷയും സമചിത്തതയും ജീവിതത്തിൽ പ്രദാനംചെയ്യുമെന്നും പാപ്പാ കത്തിലൂടെ ആഹ്വാനംചെയ്തു.
 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 April 2021, 14:47