തിരയുക

ജനസഞ്ചയം ഒരു പ്രകടനത്തിൽ (പഴയ ചിത്രം) ജനസഞ്ചയം ഒരു പ്രകടനത്തിൽ (പഴയ ചിത്രം) 

ജനാധിഷ്ഠിത രാഷ്ട്രീയത്തിൽ നിന്ന് ഭാവി കെട്ടിപ്പടുക്കുക, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ വീഡിയൊ സന്ദേശം- “ജനങ്ങളിൽ വേരൂന്നിയ രാഷ്ട്രീയം” എന്ന ശീർഷകത്തിൽ ലണ്ടനിൽ സംഘടിപ്പിക്കപ്പെ അന്താരാഷ്ട്ര സമ്മേളനത്തിന്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പാവപ്പെട്ടവരോട് പുറംതിരിഞ്ഞു നില്ക്കുന്ന ഒരു രാഷ്ട്രീയത്തിന് ഒരിക്കലും പൊതുനന്മ ഊട്ടിവളർത്താനാകില്ലെന്ന് മാർപ്പാപ്പാ.

“ജനങ്ങളിൽ വേരൂന്നിയ രാഷ്ട്രീയം” (A Politics Rooted in the People) എന്ന ശീർഷകത്തിൽ വ്യാഴാഴ്‌ച (15/04/2021) വൈകുന്നേരം ലണ്ടനിൽ, പ്രാദേശിക ദൈവവിജ്ഞാനീയ കേന്ദ്രവും അമേരിക്കൻ ഐക്യനാടുകളിലെയും യൂറോപ്യൻ സമിതിയിലെയും ബ്രിട്ടനിലെയും കത്തോലിക്കാസ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തിന് നല്കിയ വീഡിയൊ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.

“നമുക്ക് സ്വപ്നം കാണാം” എന്ന തൻറെ പുസ്തകത്തിലെ ആശയങ്ങളിലൂന്നിയതാണ് പാപ്പായുടെ വീഡിയൊ സന്ദേശം.

കേവലമായ ജനകീയതയിൽ (populism) നിന്ന് രാഷ്ട്രീയത്തെ ജനങ്ങളിൽ രൂഢമൂലമായ സാഹോദര്യരാഷ്ടീയമായി ഉയർത്തുകയാണ് ഈ സമ്മേളനത്തിൻറെ ലക്ഷ്യമെന്ന് പാപ്പാ വിശദീകരിക്കുന്നു.

രാഷ്ട്രീയം ഒരു സേവനം എന്ന നിലയിൽ ജനങ്ങൾക്ക് സംഘടിക്കുന്നതിനും സ്വയം ആവിഷ്ക്കരിക്കുന്നതിനും പുത്തൻ സരണികൾ വെട്ടിത്തുറക്കുന്നുവെന്നും ഈ രാഷ്ട്രീയം കേവലം ജനങ്ങൾക്കു വേണ്ടി മാത്രമുള്ളതല്ല, മറിച്ച് ജനങ്ങളോടു കൂടെയുള്ളതും ജനസമൂഹങ്ങളിലും ആ സമൂഹങ്ങളുടെ മൂല്യങ്ങളിലും വേരൂന്നിയതുമാണെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

ജനങ്ങളെ മാറ്റി നിറുത്തുമ്പോൾ അവരുടെ ഭൗതിക ക്ഷേമത്തെ മാത്രമല്ല പ്രവർത്തനത്തിൻറെയും സ്വന്തം ഭാഗധേയത്തിൻറെയും ചരിത്രത്തിൻറെയും നായകരാകുകയും തങ്ങളുടെ മൂല്യങ്ങളും സംസ്കാരവും സർഗ്ഗാത്മകതയും ഫലദായകത്വവും വഴി സ്വയം ആവിഷ്ക്കരിക്കുന്നതിൻറെയും ഔന്നത്യത്തെയും നിഷേധിക്കുകയാണ് ചെയ്യുന്നതെന്ന് പാപ്പാ പറയുന്നു.

അതുകൊണ്ടാണ് സാമൂഹ്യ നീതിയിൽ നിന്ന് ജനങ്ങളുടെ സംസ്കാരങ്ങളെയും ഭൗതികവും ആത്മീയവുമായ മൂല്യങ്ങളെയും വേറിട്ടു നിറുത്താൻ സഭയ്ക്കാവാത്തതെന്നും പാപ്പാ കൂട്ടിച്ചേർക്കുന്നു.

ആകയാൽ ജനങ്ങളുടെ യഥാർത്ഥ ഇടയൻ അവരുടെ മുന്നിലും അവർക്കിടയിലും അവരുടെ പിന്നിലും നടക്കുന്നവനാണെന്ന് പാപ്പാ പ്രസ്താവിച്ചു. 

ഇടയൻ മുന്നിൽ നടക്കുന്നത് മുന്നോട്ടുള്ള വഴി അവർക്ക് ചൂണ്ടിക്കാണിക്കാനും അവരുടെ ഇടയിൽ ആയിരിക്കുന്നത്, ജനങ്ങളുടെ അനുഭവങ്ങൾ സ്വന്തമാക്കാനും തെറ്റുപറ്റാതിരിക്കാനുമാണെന്നും പിന്നിൽ നടക്കുന്നത്, കൂട്ടം തെറ്റിയവരെ സഹായിക്കാനും തനിച്ച്  ശരിയായ വഴികൾ കണ്ടെത്താൻ ജനത്തെ പ്രാപ്തമാക്കാനുമാണെന്ന് പാപ്പാ വിശദീകരിക്കുകയും ചെയ്യുന്നു.

താഴെത്തട്ടിൽ നിന്നും, ജനങ്ങളോടു കൂടിയതും ജനാധിഷ്ഠിതവുമായ ഒരു രാഷ്ട്രീയത്തിൽ നിന്നും ഭാവി കെട്ടിപ്പടുക്കേണ്ടതിൻറെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാണിക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 April 2021, 16:30