തിരയുക

Vatican News
ഫ്രാൻസീസ് പാപ്പാ, ഒരു പഴയ ചിത്രം ഫ്രാൻസീസ് പാപ്പാ, ഒരു പഴയ ചിത്രം  (Vatican Media)

വചനവും ജീവിതവും പൊരുത്തപ്പെട്ടുപോകണം , പാപ്പാ!

ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിലെ കത്തോലിക്കാ പ്രവർത്തന സംഘടനാംഗങ്ങളെ വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഏതുതരം മാനവികതയാണ് നമുക്കാവശ്യം, എപ്രകാരമുള്ളൊരു മണ്ണിലാണ് നാം ജീവിക്കേണ്ടത് എങ്ങനെയുള്ളൊരു ലോകമാണ് നാം കെട്ടിപ്പടുക്കേണ്ടത് എന്ന് ഒത്തൊരുമിച്ച് പുനർവിചിന്തനം ചെയ്യാൻ സഭയെയും സമൂഹത്തെയും സഹായിക്കാൻ കത്തോലിക്കാ പ്രവർത്തനം എന്ന സംഘടനയിലെ അല്മായവിശ്വാസികൾക്കാകുമെന്ന് മാർപ്പാപ്പാ.

ഇറ്റലിയിലെ ഈ സംഘടനയുടെ 17-ɔ൦ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് അതിൻറെ എൺപതോളം പ്രതിനിധികളെ വെള്ളിയാഴ്‌ച (30/04/21) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്ത ഫ്രാൻസീസ് പാപ്പാ ഈ സംഘടനയുടെ പേരിലടങ്ങിയിട്ടുള്ള, പ്രവർത്തനം, കത്തോലിക്ക, ഇറ്റലി  എന്നീ മൂന്നു പദങ്ങൾ എടുത്തു വിശകലനം ചെയ്യുകയായിരുന്നു.

പ്രവർത്തിക്കുക എന്ന ക്രിയയുടെ പൊരുൾ എന്തെന്ന് മർക്കോസിൻറെ സുവിശേഷത്തിൻറെ അടിസ്ഥാനത്തിൽ വിശദീകരിച്ച പാപ്പാ പ്രവർത്തനം എന്നും കർത്താവിൻറെതാണെന്നു വ്യക്തമാക്കി.

ഇന്ന് ലോകത്തെ ഗ്രസിച്ചിരിക്കുന്ന കോവിദ് 19 എന്ന പകർച്ച വ്യാധി നിരവധിയായ പദ്ധതികളെ നിനച്ചിരിക്കാതെ കാറ്റിൽ പറത്തിയതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ അപ്രതീക്ഷിതമായുണ്ടാകുന്നവയെ അവഗണിക്കുകയൊ തള്ളിക്കളയുകയൊ ചെയ്യാതെ സ്വീകരിക്കുമ്പോൾ നമ്മൾ ചെയ്യുക പരിശുദ്ധാത്മാവിനോടു വിധേയത്വം പുലർത്തുകയും നമ്മുടെ ഈ കാലഘട്ടത്തിലെ സ്ത്രീപുരുഷന്മാരുടെ ജീവിതത്തോടു വിശ്വസ്തരായിരിക്കുകയുമാണെന്ന് വിശദീകരിച്ചു.

വചനവും ജീവിതവും പൊരുത്തപ്പെടേണ്ടതിൻറെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.

കത്തോലിക്ക എന്ന പദത്തിൻറെ വിവക്ഷ ഇവിടെ സാമീപ്യം ആണെന്നും ശാരീരികമായി അകലം പാലിക്കാൻ ആവശ്യപ്പെടുന്ന ഈ മഹാമാരിക്കാലം സാഹോദര്യ സാമീപ്യത്തിൻറെ പ്രാധാന്യം പൂർവ്വോപരി എടുത്തുകാട്ടുന്നുവെന്നും ഉദ്ബോധിപ്പിച്ചു. 

 

30 April 2021, 13:43