തിരയുക

ഫ്രാൻസീസ് പാപ്പാ, “ഷെമൻ നെഫ്”ൻറെ (Chemin Neuf)  സമൂഹാംഗങ്ങളുമൊത്ത് വത്തിക്കാനിൽ, 30/04/2021 ഫ്രാൻസീസ് പാപ്പാ, “ഷെമൻ നെഫ്”ൻറെ (Chemin Neuf) സമൂഹാംഗങ്ങളുമൊത്ത് വത്തിക്കാനിൽ, 30/04/2021 

ഇന്നും മതിലുകൾ ഉയരുന്ന ലോകത്തിൽ പാലം പണിയാൻ പേടിക്കരുത്, പാപ്പാ!

എക്യുമെനിക്കൽ സമൂഹമായ “നവ സരണി” എന്നർത്ഥം വരുന്ന “ഷെമൻ നെഫ്”ൻറെ (Chemin Neuf) പ്രതിനിധികൾ ഫ്രാൻസീസ് പാപ്പായെ സന്ദർശിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സകലവും കൈവശപ്പെടുത്താനും പദവിയും പ്രശസ്തിയും അധികാരവും പിടിച്ചുപറ്റാനുമുള്ള ഭ്രാന്തമായ പരക്കം പാച്ചിലിൽ, ദുർബ്ബലരും എളിയവരും, പലപ്പോഴും, അവഗണിക്കപ്പെടുകയും തിരസ്കരിക്കപ്പെടുകയും ഉപയോഗശൂന്യരായി കണക്കാക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് മാർപ്പാപ്പാ.

ഫ്രാൻസിൽ 1973-ൽ ഈശോസഭാംഗമായിരുന്ന ലോറെൻ ഫാബ്രിൻറെ (Laurent Fabre) നേതൃത്വത്തിൽ രൂപം കൊണ്ട എക്യുമെനിക്കൽ സമൂഹമായ “നവ സരണി” എന്നർത്ഥം വരുന്ന “ഷെമൻ നെഫ്”ൻറെ (Chemin Neuf) നാല്പതിലേറെ പ്രതിനിധികളെ വെള്ളിയാഴ്‌ച (30/04/21) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

26 നാടുകളിലായി 2000-ത്തോളം സ്ഥിരാംഗങ്ങൾ ഈ സമൂഹത്തിനുണ്ട്.

പൊതുനന്മയും സാധുജനസേവനവും ലക്ഷ്യംവച്ചുകൊണ്ടുള്ള ഈ സമൂഹത്തിൻറെ മാനവികവും ആദ്ധ്യാത്മികവുമായ  പ്രയാണം ദാര്യദ്ര്യത്തെ തള്ളിക്കളയുകയും ഉപരി നീതിയും സാഹോദര്യവും വാഴുന്ന ഒരു ലോകനിർമ്മിതിക്കായി പ്രവർത്തിക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ നന്ദിയോടെ അനുസ്മരിച്ചു.

ആകയാൽ, ക്രിസ്തുവിൻറെ സുവിശേഷത്താൽ രൂപപ്പെടുത്തപ്പെട്ട, അവരുടെ പരസേവന പ്രവർത്തനവും അതിനുള്ള ഉത്സാഹവും അനേകർക്ക്, വിശിഷ്യ, യുവജനത്തിന്, ജീവിതത്തിന് സ്വാദും ഭാവിയെക്കുറിച്ചുള്ള പ്രത്യാശയും വീണ്ടെടുത്തു നല്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.  

അല്മായ വിളി, സർവ്വോപരി, കുടുംബത്തിലെ സഹാനുഭൂതിയും സാമൂഹ്യമൊ രാഷ്ട്രീയമൊ ആയ സഹാനുഭൂതിയും ആണെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ, അത്, ഒരു പുത്തൻ സമൂഹം കെട്ടിപ്പടുക്കുന്നതിന് വിശ്വാസത്തിൽ നിന്നു തുടങ്ങുന്ന സമൂർത്തമായ പ്രതിബദ്ധതയാണെന്ന് ഉദ്ബോധിപ്പിച്ചു.

അത്, ലോകത്തിൻറെയും സമൂഹത്തിൻറെയും വിഭിന്നങ്ങളായ ഘടകങ്ങളെ സുവിശേഷവത്ക്കരിക്കുന്നതിനും സമാധാനവും സഹിഷ്ണുതയും നീതിയും മനുഷ്യാവകാശങ്ങളും കാരുണ്യവും വർദ്ധമാനമാക്കുന്നതിനും അങ്ങനെ ലോകത്തിൽ ദൈവരാജ്യം വ്യാപിപ്പിക്കുന്നതിനും വേണ്ടി ലോകത്തിലും സമൂഹത്തിലും ജീവിക്കുകയാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ഇപ്പോഴും മറ്റുള്ളവരെ പേടിച്ച് നിരവധിയായ മതിലുകൾ ഉയർത്തുന്ന ഒരു ലോകത്തിൽ സാഹോദര്യ സരണികളിൽ സഞ്ചരിക്കാനും വ്യക്തികൾക്കും ജനതകൾക്കും ഇടയിൽ സേതുബന്ധം തീർക്കാനും ഭയപ്പെടരുതെന്നും പാപ്പാ പറഞ്ഞു.  

 

30 April 2021, 14:01