ഇന്തൊനേഷ്യ-പൂർവ്വതിമോർ പ്രളയദുരന്തം- പാപ്പായുടെ പ്രാർത്ഥന!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഇന്തൊനേഷ്യയിലെയും പൂർവ്വതിമോറിലെയും പ്രളയബാധിതർക്കായി മാർപ്പാപ്പാ പ്രാർത്ഥിക്കുന്നു.
ബുധനാഴ്‌ച (07/04/2021) വത്തിക്കാനിൽ, പേപ്പൽ ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയിൽ നിന്ന് ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയിൽ നടത്തിയ പ്രഭാഷണനാന്തരമാണ് ഫ്രാൻസീസ് പാപ്പാ ഈ നാടുകളിൽ കഴിഞ്ഞ ശനിയാഴ്‌ച (03/04/2021) മുതൽ, കനത്ത മഴമൂലം ഉണ്ടായ ജലപ്രളയത്തിനിരകളായവരെ അനുസ്മരിക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്തത്.
മരണമടഞ്ഞവരെ കർത്താവ് സ്വീകരിക്കുകയും അവരുടെ കുടുംബാംഗങ്ങൾക്ക് സാന്ത്വനമരുളുകയും പാർപ്പിടങ്ങൾ നഷ്ടപ്പെട്ടവർക്ക് തുണയേകുകയും ചെയ്യട്ടെയെന്ന് പാപ്പാ പ്രാർത്ഥിച്ചു.
ഇന്തൊനേഷ്യയിലും അയൽരാജ്യമായ കിഴക്കെതിമോറിലും ഉണ്ടായ മിന്നൽ പ്രളയത്തിലും അതുമൂലമുണ്ടായ മണ്ണിടിച്ചിലിലും മരണമടഞ്ഞവരുടെ സംഖ്യ മൊത്തം ഏതാണ്ട് 160 ആയിട്ടുണ്ടെന്നും ആയിരക്കണക്കിന് ഭവനങ്ങൾ തകർന്നിട്ടുണ്ടെന്നും ദുരന്ത നിവാരണ സേന വെളിപ്പെടുത്തുന്നു. ഈ മരണമടഞ്ഞവരിൽ പൂർവ്വതിമോർക്കാർ അമ്പതോളമാണ്.
വഴികൾ തകർന്നതുമൂലം രക്ഷാപ്രവർത്തനം അവിടെ ദുഷ്ക്കരമായിരിക്കയാണ്. എഴുപതോളം പേരെ കാണാതായിട്ടുണ്ട്.