തിരയുക

വത്തിക്കാൻറെ കായിക വിനോദ വിഭാഗം സംഘടിപ്പിച്ച അർദ്ധ മാരത്തോൺ ഓട്ടത്തിൻറെ ഒരു പഴയ ചിത്രം 23/09/2019 വത്തിക്കാൻറെ കായിക വിനോദ വിഭാഗം സംഘടിപ്പിച്ച അർദ്ധ മാരത്തോൺ ഓട്ടത്തിൻറെ ഒരു പഴയ ചിത്രം 23/09/2019 

കായികവിനോദം സാഹോദര്യസംസ്കൃതി പ്രസരിപ്പിക്കണമെന്ന് പാപ്പാ!

ഏപ്രിൽ 6-ന് വികസനത്തിനും സമാധാനത്തിനും വേണ്ടിയുള്ള അന്താരാഷ്ട്ര കായികവിനോദ ദിനം ആചരിക്കപ്പെട്ടു. കായിക വിനോദം കൂട്ടായ്മയുടെ ഒരു അനുഭവമാണെന്ന ബോധ്യം വീണ്ടുമുണർത്താൻ ഈ ദിനാചരണത്തിന് കഴിയട്ടെയെന്ന് മാർപ്പാപ്പാ ആശംസിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കായികവിനോദം സംഘാതാത്മകതയുടെ അനുഭവം ആണെന്ന് മാർപ്പാപ്പാ.

ഏപ്രിൽ 6-ന് ചൊവ്വാഴ്ച (06/04/21) വികസനത്തിനും സമാധാനത്തിനും വേണ്ടിയുള്ള അന്താരാഷ്ട്ര കായികവിനോദ ദിനം ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ആചരിക്കപ്പെട്ടത് ബുധനാഴ്‌ച (07/04/21) വത്തിക്കാനിൽ, ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ നല്കിയ പ്രതിവാരപൊതുദർശന പ്രഭാഷണവേളയിൽ അനുസ്മരിക്കവെയാണ് ഫ്രാൻസീസ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

കായിക വിനോദം കൂട്ടായ്മയുടെ ഒരു അനുഭവമാണെന്ന ബോധ്യം വീണ്ടുമുണർത്തുന്നതിനും, സംസ്കാരങ്ങളും ഭിന്ന ജനതകളും തമ്മിലുള്ള സുദൃഢമായ സംഭാഷണം പരിപോഷിപ്പിക്കുന്നതിനും ഈ ദിനാചരണത്തിനു കഴിയട്ടെയെന്ന് പാപ്പാ ആശംസിച്ചു.

കായികവിനോദ രംഗത്ത് സാഹോദര്യസംസ്കൃതി പ്രസരിപ്പിക്കുന്നതിന് വത്തിക്കാൻറെ കായികവിനോദ വിഭാഗം നടത്തുന്ന പരിശ്രമങ്ങൾ തുടരാൻ പാപ്പാ പ്രചോദനം പകരുകയും ചെയ്തു.

കൂടുതൽ ദുർബ്ബലരായവരോടു കൂടുതൽ കരുതൽ കാട്ടുകയും സമാധനത്തിൻറെ സാക്ഷികളാകുകയും ചെയ്യേണ്ടതിൻറെ പ്രാധാന്യവും പാപ്പാ ചൂണ്ടിക്കാട്ടി.

2013 ആഗസ്റ്റ് 23-നാണ് ഐക്യരാഷ്ട്രസംഘടനയുടെ പൊതു സഭ വികസനത്തിനും സമാധാനത്തിനും വേണ്ടിയുള്ള അന്താരാഷ്ട്ര കായികവിനോദ ദിനം ഏർപ്പെടുത്തിയത്.

ഒളിമ്പിക് സമിതിയുടെ പിന്തുണയോടെ 2014 ഏപ്രിൽ 6 നാണ് ഈ വാർഷിക ദിനാചരണത്തിന് തുടക്കമായത്.

ഗ്രീസിലെ ഏതൻസ് പട്ടണത്തിൽ പ്രഥമ ഒളിമ്പിക്ക് കായിക മത്സരം 1896-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട തീയതിയാണ് ഈ ദിനാചരണത്തിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഏപ്രിൽ 6. 

 

08 April 2021, 09:12