തിരയുക

കാരുണ്യ ഞായറാഴ്ച (11/04/2021) ഫ്രാൻസീസ് പാപ്പാ ദിവ്യബലി അർപ്പിക്കുന്നു. വത്തിക്കാൻറെ സമീപത്ത് പരിശുദ്ധാരൂപിയുടെ നാമത്തിലുള്ള, ദൈവിക കാരുണ്യത്തിനു പ്രതിഷ്ഠിതമായ ദേവാലയത്തിൽ (Chiesa di Santo Spirito in Sassia) കാരുണ്യ ഞായറാഴ്ച (11/04/2021) ഫ്രാൻസീസ് പാപ്പാ ദിവ്യബലി അർപ്പിക്കുന്നു. വത്തിക്കാൻറെ സമീപത്ത് പരിശുദ്ധാരൂപിയുടെ നാമത്തിലുള്ള, ദൈവിക കാരുണ്യത്തിനു പ്രതിഷ്ഠിതമായ ദേവാലയത്തിൽ (Chiesa di Santo Spirito in Sassia)  

കാരുണ്യലബ് ധരായ നാം കാരുണ്യമുള്ളവരാണോ?

കരുണയുടെ ഞായറാഴ്ട അർപ്പിച്ച ദിവ്യബലിമദ്ധ്യേ ഫ്രാൻസീസ് പാപ്പാ പങ്കുവച്ച സുവിശേഷ ചിന്തകൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഉയിർപ്പുതിരുന്നാൾ കഴിഞ്ഞുവരുന്ന ആദ്യ ഞായറാഴ്ച ദൈവികകരുണയുടെ ഞായർ ആചരിക്കുന്നു. ഇക്കൊല്ലം ഇത് ഏപ്രിൽ 11-നായിരുന്നു (11/04/2021). അന്ന് ഫ്രാൻസീസ് പാപ്പാ വത്തിക്കാനടുത്ത്, പരിശുദ്ധാരൂപിയുടെ നമാത്തിലുള്ളതും ദൈവികകാരുണ്യത്തിന് സമർപ്പിതവുമായ ദേവാലയത്തിൽ (Chiesa di Santo Spirito in Sassia) ദിവ്യബലിയർപ്പിച്ചു. കോവിദ് 19 രോഗപ്രതിരോധ നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ ഇതിൽ പങ്കുകൊണ്ട വിശ്വാസികളുടെ എണ്ണം 80-ൽ താഴെയായി നിജപ്പെടുത്തിയിരുന്നു. തടവുകാർ, ഈ ദേവാലയത്തിനടുത്ത് പരിശുദ്ധാരൂപിയുടെ നാമത്തിലുള്ള ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർ, അംഗവൈകല്യം സംഭവിച്ചവർ, സിറിയ, നൈജീരിയ ഈജിപ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾ, കുടിയേറ്റക്കാർ എന്നിവരുടെ പ്രാതിനിദ്ധ്യം ഈ ദിവ്യബലിയിൽ ഉണ്ടായിരുന്നു.   വിശുദ്ധകുർബ്ബാന മദ്ധ്യേ, പാപ്പാ, ഇറ്റാലിയൻ ഭാഷയിൽ നടത്തിയ വചനവിശകലനത്തിൽ  ഇപ്രകാരം പറഞ്ഞു:

പ്രത്യാശയറ്റ ഹൃദയങ്ങൾക്ക് സാന്ത്വനമേകുന്ന ഉത്ഥിതൻ

ഉയിർത്തെഴുന്നേറ്റ യേശു ശിഷ്യന്മാർക്ക് പലതവണ പ്രത്യക്ഷപ്പെടുന്നു. നിരാശാഭരിതമായ  അവരുടെ ഹൃദയങ്ങളെ അവിടന്ന് ക്ഷമയോടെ ആശ്വസിപ്പിക്കുന്നു. തൻറെ പുനരുത്ഥാനത്തിനുശേഷം, അവിടന്ന് ഇപ്രകാരം "ശിഷ്യന്മാരുടെ പുനരുത്ഥാനം" സാധ്യമാക്കുന്നു. യേശുവിനാൽ പുനരുത്തേജിതരായ അവരുടെ ജീവിതം പരിവർത്തനം ചെയ്യപ്പെട്ടു. ഇതിനുമുമ്പ്, കർത്താവിൻറെ നിരവധിയായ  വാക്കുകൾക്കും  അനേകം മാതൃകകൾക്കും അവരെ രൂപാന്തരപ്പെടുത്താനായിരുന്നില്ല. ഇപ്പോൾ, പുനരുത്ഥാനത്തിൽ, പുതിയതായ എന്തോ സംഭവിക്കുന്നു. കാരുണ്യത്തിൻറെ അടയാളത്തിലാണ് അത് നടക്കുന്നത്. യേശു അവരെ വീണ്ടും എഴുന്നേൽപ്പിക്കുന്നത് കരുണയാലാണ്, - കരുണയോടെ അവരെ ഉയർത്തുന്നു – കാരുണ്യം ലഭിച്ച അവർ കരുണയുള്ളവരായിത്തീരുന്നു. തനിക്ക് കരുണ ലഭിച്ചിരിക്കുന്നു എന്ന് ഒരുവൻ തിരിച്ചറിയുന്നില്ലെങ്കിൽ അവന് കരുണയുള്ളവനായിരിക്കുക എന്നത് വളരെ പ്രയാസമാണ്.

മൂന്ന ദാനങ്ങൾ:സമാധനവും പരിശുദ്ധാത്മാവും തിരുമുറിവുകളും

1- സമാധാനം

സർവ്വോപരി, അവർക്ക് മൂന്ന് ദാനങ്ങളിലൂടെയാണ് കരുണലഭിക്കുന്നത്: ആദ്യം യേശു അവർക്ക് സമാധാനം നല്കുന്നു, പിന്നെ പരിശുദ്ധാത്മാവിനെയും ഒടുവിൽ തൻറെ മുറിവുകളും. ആദ്യം അവിടന്ന് അവർക്ക് നല്കുന്നത് സമാധാനമാണ്. ആ ശിഷ്യന്മാർ ദുഃഖിതരായിരുന്നു. തടവിലാക്കപ്പെടുമെന്നും ഗുരുവിന് സംഭവിച്ചതുതന്നെ തങ്ങൾക്കും സംഭവിക്കുമെന്നും ഭയന്ന് അവർ വീട്ടിൽ തന്നെ അടച്ചുപൂട്ടിയിട്ടിരിക്കയായിരുന്നു. എന്നാൽ അവർ ഭവനത്തിൽ മാത്രമല്ല  അവരുടെ കുറ്റബോധത്തിലും സ്വയം അടച്ചിട്ടിരിക്കയായിരുന്നു. അവർ യേശുവിനെ ഉപേക്ഷിക്കുകയും നിഷേധിക്കുകയും ചെയ്തിരുന്നു. തങ്ങൾ കഴിവില്ലാത്തവരും ഒന്നിനും കൊള്ളാരുതാത്തവരും തെറ്റുപറ്റിയവരുമാണെന്ന ചിന്തയിലായിരുന്നു അവർ. യേശു വന്ന് രണ്ടുതവണ ആവർത്തിക്കുന്നു: “നിങ്ങൾക്ക് സമാധാനം!”. അത് ബാഹ്യ പ്രശ്‌നങ്ങളെ അകറ്റുന്ന ഒരു സമാധാനമല്ല, മറിച്ച് ഉള്ളിലേക്ക് ആത്മവിശ്വാസം നിവേശിപ്പിക്കുന്ന ഒരു ശാന്തിയാണ്. ബാഹ്യമായ സമാധാനമല്ല, മറിച്ച് ഹൃദയശാന്തിയാണ്. ഉത്ഥിതൻ പറയുന്നു: “നിങ്ങൾക്ക് സമാധാനം! പിതാവ് എന്നെ അയച്ചതുപോലെ ഞാൻ നിങ്ങളെയും അയയ്ക്കുന്നു" (യോഹന്നാൻ 20:21). “ഞാൻ നിങ്ങളെ വിശ്വസിക്കുന്നതിനാലാണ് നിങ്ങളെ അയയ്ക്കുന്നത്” എന്ന് അവിടന്ന്  പറയുന്നതുപോലെയാണത്. നിരാശരായിരുന്ന ആ ശിഷ്യന്മാർ ആന്തരികസമാധാനമുള്ളവരായി. യേശുവിൻറെ സമാധാനം അവരെ പശ്ചാത്താപത്തിൽ നിന്ന് ദൗത്യത്തിലേക്ക് നയിക്കുന്നു. യേശുവിൻറെ സമാധാനം ദൗത്യത്തിന് കാരണമാകുന്നു. അത് ശാന്തതയല്ല, ആശ്വാസമല്ല,  അത് അവനവനിൽ നിന്ന്  പുറത്തുകടക്കലാണ്. നിഷ്ക്രിയരാക്കുന്ന അടച്ചിടലുകളിൽ നിന്ന്  യേശുവിൻറെ സമാധാനം മോചിപ്പിക്കുകയും ഹൃദയത്തെ തടവിലാക്കുന്ന ചങ്ങലകളെ തകർക്കുകയും ചെയ്യുന്നു. ശിഷ്യന്മാർക്ക് കരുണ ലഭിച്ചു: ദൈവം തങ്ങളെ കുറ്റം വിധിക്കുന്നില്ലെന്നും അപമാനിക്കുന്നില്ലെന്നും തങ്ങളെ വിശ്വസിക്കുന്നുവെന്നുമുള്ള തോന്നൽ അവർക്കുണ്ടായി. അതെ, നാം നമ്മെത്തന്നെ വിശ്വസിക്കുന്നതിനേക്കാൾ കൂടുതൽ അവിടന്ന് നമ്മെ വിശ്വസിക്കുന്നു. “നാം നമ്മളെത്തന്നെ സ്നേഹിക്കുന്നതിനേക്കാൾ അവിടന്ന് നമ്മെ സ്നേഹിക്കുന്നു” (cf. S. J.H. NEWMAN, ധ്യാനങ്ങളും ഭക്തികളും, III, 12,2). ദൈവത്തെ സംബന്ധിച്ചിടത്തോളം ആരും തെറ്റുകാരനല്ല, ആരും ഉപയോഗശൂന്യനല്ല, ആരും പരിത്യക്തനല്ല. ഇന്നും യേശു വീണ്ടും ആവർത്തിക്കുന്നു: “നിനക്കു സമാധാനം,  എൻറെ ദൃഷ്ടിയിൽ നീ വിലപ്പെട്ടവനാണ്. ഒരു ദൗത്യമുള്ള നിനക്ക് സമാധാനം. നിനക്കു പകരം മറ്റാർക്കും അതു ചെയ്യാൻ കഴിയില്ല. പകരം വയ്ക്കാനാകാത്തവനാണ് നീ. ഞാൻ നിന്നിൽ വിശ്വസിക്കുന്നു ”.

2- പരിശുദ്ധാത്മാവ്

രണ്ടാമതായി, യേശു പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ട് ശിഷ്യരോടു കരുണ കാണിക്കുന്നു. പാപമോചനമേകാൻ അവർക്കു കഴിയുന്നതിനാണ് അവിടന്ന് പരിശുദ്ധാരൂപിയെ നൽകുന്നത് (യോഹന്നാൻ 20:22-23). ശിഷ്യന്മാർ കുറ്റക്കാരായിരുന്നു, അവർ യജമാനനെ ഉപേക്ഷിച്ച് ഓടിപ്പോയി. പാപം അവരെ വേട്ടയാടുന്നു, തിന്മയ്ക്ക് അതിൻറെതായ വിലയുണ്ട്. നമ്മുടെ പാപം എപ്പോഴും നമ്മുടെ മുമ്പിലുണ്ട് എന്ന് സങ്കീർത്തനം പറയുന്നു (സങ്കീർത്തനം 51: 5). നമുക്കു തനിച്ച് അതിനെ ഇല്ലാതാക്കാനാകില്ല. ദൈവം മാത്രമാണ് അതിനെ ഇല്ലായ്മ ചെയ്യുന്നത്, തൻറെ കാരുണ്യത്താൽ  അവിടന്നു നമ്മെ നമ്മുടെ ആഴമേറിയ ദുരിതങ്ങളിൽ നിന്ന് പുറത്തുകൊണ്ടു വരുന്നു. ആ ശിഷ്യന്മാരെപ്പോലെ, ക്ഷമിക്കപ്പെടാൻ നമ്മെത്തന്നെ അനുവദിക്കേണ്ടതുണ്ട്, കർത്താവിനോട് ഹൃദയംഗമമായി മാപ്പപേക്ഷിക്കണം. ക്ഷമിക്കപ്പെടുന്നതിന്  ഹൃദയം തുറക്കണം. പരിശുദ്ധാത്മാവിൽ പാപം മോചിക്കപ്പെടുന്നത് ആന്തരിക  ഉയിർത്തെഴുന്നേൽപിനുള്ള പെസഹാദാനമാണ്. അത് സ്വീകരിക്കുന്നതിനും പാപ സങ്കീർത്തന കൂദാശ ആശ്ലേഷിക്കുന്നതിനുമുള്ള കൃപ നമുക്കു യാചിക്കാം. നമ്മെ വീണ്ടും എഴുന്നേൽപ്പിക്കുന്ന കൂദാശയാണത്. പുനരുത്ഥാനത്തിൻറെ കൂദാശയാണത്, സംശുദ്ധ കാരുണ്യമാണ്.

3-മുറിവുകൾ

പൂർവ്വദശയിലാക്കുന്ന സമാധാനത്തിനും വീണ്ടുമെഴുന്നേൽപ്പിക്കുകയും ചെയ്യുന്ന പാപമോചനത്തിനും ശേഷം, ഇതാ യേശു ശിഷ്യന്മാരോട് കരുണ കാണിക്കുന്ന മൂന്നാമത്തെ ദാനം: അവൻ അവർക്ക് മുറിവുകൾ കാണിച്ചുകൊടുക്കുന്നു. ആ മുറിവുകളാൽ നാം സൗഖ്യം പ്രാപിച്ചു (1 പത്രോസ്. 2:24; ഏശയ്യാ 53,5). എന്നാൽ ഒരു മുറിവ് നമ്മെ എങ്ങനെ സുഖപ്പെടുത്തും? അത് കാരുണ്യത്താൽ ആണ്. ദൈവം നമ്മെ ആഴത്തിൽ സ്നേഹിക്കുന്നുവെന്നും, അവിടന്നു നമ്മുടെ മുറിവുകളെ സ്വന്തമാക്കിയിട്ടുണ്ടെന്നും, നമ്മുടെ ബലഹീനതകളെ അവിത്തെ ശരീരത്തിൽ സംവഹിച്ചുവെന്നും, നാം  തോമാശ്ലീഹായെപ്പോലെ, കൈകൊണ്ട് തൊട്ടറിയുന്നു. മുറിവുകൾ അവിടത്തേയ്ക്കും നമുക്കും ഇടയിലുള്ള തുറന്ന ചാലുകളാണ്, അത് നമ്മുടെ ദുരിതങ്ങളിൽ കരുണ ചൊരിയുന്നു. ദൈവത്തിൻറെ ആർദ്രതയിലേക്ക് നാം കടക്കാനും അവിടന്ന് ആരാണെന്ന് കൈകൊണ്ട് തൊട്ടറിയാനുമായി ദൈവം നമുക്കായി വിശാലമായി തുറന്നിട്ടിരിക്കുന്ന വഴികളാണ് ഈ മുറിവുകൾ. ഈ മുറിവുകളെ ആരാധിക്കുകയും ചുംബിക്കുകയും ചെയ്യുകവഴി നമ്മൾ, നമ്മുടെ ബലഹീനതകളെല്ലാം അവിടത്തെ ആർദ്രതയിൽ സ്വാഗതം ചെയ്യപ്പെടുന്നതായി കണ്ടെത്തുന്നു. ദൈവത്തിൻറെ സ്നേഹം നാം സ്വീകരിച്ചെങ്കിൽ മാത്രമെ ലോകത്തിന് പുതിയതെന്തെങ്കിലും നല്കാൻ നമുക്കു സാധിക്കുകയുള്ളൂ.

കരുണ ലഭിച്ച ശിഷ്യർ കരുണയുള്ളവരാകുന്നു

 അപ്രകാരമാണ് ശിഷ്യന്മാർ ചെയ്തത്.: കരുണലഭിച്ച അവർ കരുണയുള്ളവരായിത്തീർന്നു. ആദ്യ വായനയിൽ നാം ഇത് കാണുന്നു. അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ ഇപ്രകാരം വിവരിക്കുന്നു: "ആരും തങ്ങളുടെ വസ്തുക്കൾ സ്വന്തമെന്ന് അവകാശപ്പെട്ടില്ല; എല്ലാം പൊതുസ്വത്തായിരുന്നു"(4:32). അത് കമ്മ്യൂണിസ്റ്റ് സിദ്ധാന്തമല്ല, ശുദ്ധമായ ക്രിസ്തുമതമാണ്. അതേ ശിഷ്യന്മാർതന്നെ പ്രതിഫലത്തെക്കുറിച്ചും ആദരവിനെക്കുറിച്ചും തങ്ങൾക്കിടയിൽ വലിയവൻ ആരാണെന്നതിനെക്കുറിച്ചും തർക്കത്തിൽ ഏർപ്പെട്ടിരുന്നതിനെപ്പറ്റി ചിന്തിക്കുമ്പോൾ ഇത്  വലിയ ആശ്ചര്യമായിതോന്നും (cf. മർക്കോസ് 10:37; ലൂക്കാ 22:24). ഇപ്പോൾ അവർ എല്ലാം പങ്കിടുന്നു, അവർക്ക് "ഒരു ഹൃദയവും ഒരു ആത്മാവും" ആണുള്ളത് (അപ്പസ്തോലപ്രവർത്തനങ്ങൾ. 4:32). അവർ എങ്ങനെ ഇതുപോലെ മാറി? അവരുടെ ജീവിതത്തെ മാറ്റിമറിച്ച അതേ കാരുണ്യം അവർ അപരനിൽ കണ്ടു. തങ്ങൾക്ക് പൊതുവായ ദൗത്യമുണ്ടെന്നും പാപമോചനവും യേശുവിൻറെ ശരീരവും തങ്ങൾക്ക് പൊതുവാണെന്നും അവർ കണ്ടെത്തി: ഭൗമിക വസ്തുക്കൾ പങ്കിടുകയെന്നത് അതിൻറെ സ്വാഭാവിക പരിണതഫലമായി അവർകണ്ടു. “അവരാരും ദരിദ്രരായിരുന്നില്ല” (അപ്പസ്തോലപ്രവർത്തനങ്ങൾ. 4:34) എന്ന് അപ്പസ്തോല പ്രവർത്തനങ്ങൾ പറയുന്നു. കർത്താവിൻറെ മുറിവുകളിൽ സ്പർശിച്ചപ്പോൾ അവരുടെ ഭയം അലിഞ്ഞുപോയി, ഇപ്പോൾ ദരിദ്രരുടെ മുറിവുകൾ സുഖപ്പെടുത്താൻ അവർ ഭയപ്പെടുന്നില്ല. കാരണം, അവിടെ അവർ യേശുവിനെ കാണുന്നു. കാരണം, അവിടെ യേശുവുണ്ട്, ദരിദ്രരുടെ മുറിവുകളിൽ യേശു ഉണ്ട്.

നാം എപ്രകാരമുള്ളവരാണ് ?

സഹോദരി, സഹോദരാ, ദൈവം നിൻറെ ജീവിതത്തെ സ്പർശിച്ചു എന്നതിന് തെളിവ് നിനക്കാവശ്യമുണ്ടോ? മറ്റുള്ളവരുടെ മുറിവുകളിലേക്ക് നീ കുനിയുന്നുണ്ടോയെന്ന് പരിശോധിക്കുക. ഇന്ന് നമ്മോടുതന്നെ ചോദിക്കേണ്ട ദിവസമാണ്: “ദൈവസമാധാനം അനേകം തവണ സ്വീകരിച്ച, അവിടത്തെ പാപമോചനവും കാരുണ്യവും നിരവധി പ്രാവശ്യം സ്വീകരിച്ച ഞാൻ മറ്റുള്ളവരോട് കരുണയുള്ളവനാണോ? യേശുവിൻറെ ശരീരത്താൽ പോഷിതനായ ഞാൻ, ദരിദ്രൻറെ വിശപ്പകറ്റാൻ എന്തെങ്കിലും ചെയ്യുന്നുണ്ടോ? നമ്മൾ നിസ്സംഗത പാലിക്കരുത്. വിശ്വാസം നമ്മൾ പകുതി ജീവിക്കുന്നു. സ്വീകരിക്കുന്നു നല്കുന്നില്ല, ദാനം സ്വീകരിക്കുന്നു, എന്നാൽ, ദാനമായി മാറുന്നില്ല.  കരുണ ലഭിച്ച നമ്മൾ കരുണയുള്ളവരായിത്തീരണം. കാരണം, സ്നേഹം നമ്മിൽത്തന്നെ അസ്തമിക്കുന്നുവെങ്കിൽ, വിശ്വാസം വരണ്ടുണങ്ങിയതും ഫലരഹിതവും വൈകാരികവുമായി ഭവിക്കും. മറ്റുളളവരുടെ അഭാവത്തിൽ വിശ്വാസം അമൂർത്തമായിരിക്കും. കാരുണ്യപ്രവർത്തികളില്ലെങ്കിൽ വിശ്വാസം മൃതമായിരിക്കും (യാക്കോബ് 2,17).

കരുണയുടെ സാക്ഷികളായിത്തീരുന്നതിനുള്ള കൃപ യാചിക്കാം

സഹോദരീ സഹോദരന്മാരേ, കരുണാമയനായ യേശുവിൻറെ സമാധാനം, പാപമോചനം, മുറിവുകൾ എന്നിവയാൽ ഉയിർത്തെഴുന്നേൽക്കാൻ നമുക്ക് നമ്മെത്തന്നെ അനുവദിക്കാം. കരുണയുടെ സാക്ഷികളായിത്തീരാനുള്ള കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം. അപ്രകാരം മാത്രമേ വിശ്വാസം ജീവസുറ്റതായിരിക്കുകയുള്ളൂ. അങ്ങനെ ജീവിതം ഏകീകരിക്കപ്പെടും. അപ്രകാരം മാത്രമേ കരുണയുടെ സുവിശേഷമായ ദൈവത്തിൻറെ സുവിശേഷം പ്രഘോഷിക്കാൻ സാധിക്കുകയുള്ളൂ.

 

 

 

 

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 April 2021, 12:27