തിരയുക

Vatican News

പാപ്പായുടെ പാരിസ്ഥിതിക പദ്ധതിയുടെ തീക്ഷ്ണമതികൾ

“അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ...” (Laudato Si’) ചാക്രികലേഖനത്തിന്‍റെ അന്തഃസത്ത ജീവിക്കുവാൻ ശ്രമിക്കുന്ന പട്നയിലെ നോട്ടർ ഡേം സഹോദരികൾ...

- ഫാദർ വില്യം  നെല്ലിക്കൽ 

1. ബീഹാറിലെ നോട്ടർ ഡേം സഹോദരികൾ

ലോകത്തിനു ജൈവോർജ്ജം പകരാൻ പാപ്പാ ഫ്രാൻസിസിന്‍റെ പാരിസ്ഥിതിക പ്രബോധനം, “അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ”യ്ക്കു (Laudato Si’) കരുത്തുണ്ടെന്ന് പഠിപ്പിക്കുന്ന ഒരു നോട്ടർഡേം  സഹോദരി, സിസ്റ്റര്‍ ജ്യോതിഷാ കണ്ണാങ്കലിന്‍റേയും  സമൂഹത്തിന്‍റേയും   പ്രവർത്തനങ്ങളിലേയ്ക്ക് ഒരെത്തിനോട്ടമാണിവിടെ. ബീഹാറിലെ പട്ന കേന്ദ്രീകരിച്ച് സഭയിൽ പാരിസ്ഥിതിക പ്രവർത്തനങ്ങളിൽ വ്യാപൃതയായിരിക്കുന്ന സിസ്റ്റർ ജ്യോതിഷ  വത്തിക്കാൻ വാർത്താവിഭാഗത്തിനു ഏപ്രിൽ 6-നു നല്കിയ അഭിമുഖത്തിലാണ് ബീഹാർ കേന്ദ്രീകരിച്ചുള്ള തന്‍റെ പദ്ധതികളെക്കുറിച്ചു പങ്കുവച്ചത്. ആഗോള കത്തോലിക്കാ കാലാവസ്ഥാ പ്രസ്ഥാനത്തിന്‍റെയും പ്രവർത്തകയാണ് സിസ്റ്റർ ജ്യോതിഷ. ബീഹാറിൽ ധാരാളമായുള്ള പാവങ്ങളെയും ഇപ്പോൾ മഹാവ്യാധി മൂലം രോഗികളായവരെയും ക്ലേശിക്കുന്നവരെയും സംബന്ധിച്ച കാര്യങ്ങളിൽ വ്യാപൃതയാണിവർ.


2. ഭൂമിയുടേയും പാവങ്ങളുടേയും കരച്ചിൽ
പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കുവാനുള്ള സങ്കീർണ്ണമായ കരുതലുകൾ മാനവകുലത്തിനു നല്കുന്ന പാപ്പാ ഫ്രാൻസിസിന്‍റെ അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ, എന്ന ചാക്രികലേഖനമാണ് തന്നെപ്രത്യേകിച്ച് പാരിസ്ഥിതികവും സാമൂഹികവുമായ പ്രവർത്തന മണ്ഡലങ്ങളിലേയ്ക്ക് ഏതാനും വർഷങ്ങളായി തിരിച്ചുവിട്ടതെന്ന് സിസ്റ്റർ ജ്യോതിഷ സാക്ഷ്യപ്പെടുത്തി.

3. മഹാവ്യാധി കാരണമാക്കിയ വർദ്ധിച്ച ദാരിദ്ര്യാവസ്ഥ
പാവങ്ങൾ അധികമുള്ള സംസ്ഥാനമാണ് ബീഹാറെന്ന് സിസ്റ്റർ സ്ഥിതിവിവര കണക്കുകളോടെ വിവരിച്ചു. എന്നാൽ മഹാവ്യാധി അവരെ കൂടുതൽ ദരിദ്രരാക്കുകയാണെന്നു സിസ്റ്റർ ചൂണ്ടിക്കാട്ടി. നഗരങ്ങളിൽ ജോലിക്കായി അഭയം തേടിയവർ വൈറസ് ബാധയും  അടച്ചുപൂട്ടലും മൂലം ഗ്രാമങ്ങളിലേയ്ക്ക് തിരിച്ചു പോരുകയാണെന്നും, ഇത് സാധാരണക്കാരായ ബഹുഭൂരിപക്ഷത്തിന്‍റെ യാതനകളും ക്ലേശങ്ങളും പൂർവ്വോപരി വർദ്ധിപ്പിക്കുകയാണെന്നും സിസ്റ്റർ സാക്ഷ്യപ്പെടുത്തി.

4. ആത്മീയ നവോത്ഥാനം
പാരിസ്ഥിതിക പ്രതിസന്ധികൾ ചൂണ്ടിക്കാണിക്കുന്നതും, സൃഷ്ടിയുടെ സംരക്ഷണം എന്ന ആശയം ശക്തമായി അവതരിപ്പിക്കുകയും ചെയ്യുന്ന പ്രബോധനമാണ് പാപ്പാ ഫ്രാൻസിസിന്‍റെ അങ്ങയ്ക്കു സ്തുതിയായിരിക്കട്ടെയെന്ന ചാക്രിക ലേഖനമെന്ന് സിസ്റ്റർ സാക്ഷ്യപ്പെടുത്തി. “വാസുദേവ കുടുംബം” അല്ലെങ്കിൽ ദൈവം മനുഷ്യർക്കു ദാനമായി തന്ന കുടുംബമാണ് ഭൂമി, സൃഷ്ടി എന്ന ഭാരതീയ ആത്മീയ നവോത്ഥാന സങ്കല്‍പം ഇന്നു ലോകത്തു വളരുവാൻ ഈ സഭാപഠനം കാരണമായിട്ടുണ്ടെന്ന് സിസ്റ്റർ പറഞ്ഞു. ലോകത്തുള്ള ഭൗതികതയുടേയും സ്വാർത്ഥതയുടേയും കാഴ്ചപ്പാടു മാറ്റി സാഹോദര്യത്തിന്‍റേയും കൂട്ടായ്മയുടേയും  പങ്കുവയ്ക്കലിന്‍റേയും സംസ്കാരം വളർത്താൻ നവമായ ഈ വീക്ഷണം സഹായിക്കുമെന്നത് ലോകത്ത് സന്മനസ്സുള്ളവരുടെയും, ജാതിമത ഭേദമെന്യേ സകലരുടെയും പ്രതീക്ഷയാണ്. അതിനാൽ സഭാമക്കൾ പൂർവ്വോപരി കാലികമായ പാപ്പായുടെ ഈ പ്രബോധനം കണക്കിലെടുക്കുകയും അതു പ്രാവർത്തികമാക്കാൻ പ്രാദേശിക ദേശീയ തലങ്ങളിൽ പരിശ്രമിക്കുകയും ചെയ്യേണ്ടതാണെന്നും സിസ്റ്റർ ജ്യോതിഷ അഭിപ്രായപ്പെട്ടു.

5. സിസ്റ്റർ ജ്യോതിഷയുടെ കർമ്മപഥം
കേരളത്തിൽ 1960-ൽ ജനിച്ച സിസ്റ്റർ ജ്യോതിഷ 1987-ൽ നോട്ടർ ഡേം സിസ്റ്റേഴ്സിന്‍റെ സന്ന്യാസ സഭയിൽ അംഗമായി വടക്കെ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചു. ആദ്യം സഭയുടെ സ്കൂളിൽ അദ്ധ്യാപന ജോലിയിൽ വ്യാപൃതയായി. മെല്ലെ ഉദ്യോഗം ഉപേക്ഷിച്ച് ചുറ്റും കണ്ട ബഹുഭൂരിപക്ഷം പാവങ്ങളുടെ സേവനത്തിനായി ഇറങ്ങിത്തിരിച്ചു. പ്രത്യേകിച്ച് പാവങ്ങളായ സ്ത്രീകളുടേയും പെൺകുട്ടികളുടേയും പൊതുവായ പരിചരണത്തിൽ മുഴുകി ജീവിച്ചു. 2010-ൽ സാമൂഹ്യ സേവനമേഖലയിലെ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുവാൻ
തന്‍റെ  ശുശ്രൂഷയ്ക്കുതകുന്ന ബിരുദാനന്തര ബിരുദം (MSW) കരസ്ഥമാക്കി. യുഎന്നിന്‍റെ നേതൃത്വത്തിലുള്ള പാവങ്ങളുടെ പരിചരണം സംബന്ധിച്ച ഒരു ഡിപ്ലോമ കൂടി നേടിയെടുത്തു.

തുടർന്ന് സിസ്റ്റർ ജ്യോതിഷ നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പട്നയിലെ കമ്മിഷന്‍റേയും  സൃഷ്ടിയുടെ സമഗ്രതയ്ക്കുള്ള കമ്മിഷന്‍റേയും നേതൃസ്ഥാനം ഏറ്റെടുത്തു. യൂനിസെഫ്, ബീഹാർ മതസൗഹാർദ്ദ പ്രസ്ഥാനം എന്നിവയുടെയും സജീവ പ്രവർത്തകയാണ്. പാവങ്ങളെയും പാർശ്വവത്ക്കരിക്കപ്പെട്ടവരെയും ലക്ഷ്യമിടുന്ന പദ്ധതികൾ ഒരിക്കലും അവരുടെ ജാതിയോ മതമോ അന്വേഷിക്കുന്നില്ല. ഇതാണ് നോട്ടർ ഡേം  സഭാംഗമായ സിസ്റ്റർ ജ്യോതിഷയുടെ പ്രവർത്തന ശൈലി..
 

10 April 2021, 15:20