തിരയുക

പൗരാണികതയുടെ കഥപറയുന്ന കല്ലുകൾ ഊർ ദേശത്ത്... പൗരാണികതയുടെ കഥപറയുന്ന കല്ലുകൾ ഊർ ദേശത്ത്... 

അബ്രഹാമിന്‍റെ നാ‌ട്ടിൽ കാലുകുത്തുന്ന ആദ്യത്തെ പത്രോസിന്‍റെ പിൻഗാമി

ബൈബിൾ ചരിത്ര പണ്ഡിതയായ ഡോ. സിസ്റ്റർ ഗ്രാസ്സിയ പാപ്പൊളെയുമായുള്ള അഭിമുഖത്തിൽനിന്ന്...

- ഫാദർ വില്യം  നെല്ലിക്കൽ 

ചരിത്രഭൂമിയിൽ പത്രോസിന്‍റെ ആദ്യത്തെ പിൻഗാമി
ഏകദൈവത്തിൽ വിശ്വസിക്കുന്ന ക്രൈസ്തവ, ഇസ്ലാം, യഹൂദ മതങ്ങളുടെ ചരിത്രമുറങ്ങുന്ന മണ്ണിലേയ്ക്കാണ് പാപ്പാ ഫ്രാൻസിസിന്‍റെ സന്ദർശനമെന്ന് ഇറ്റലിയിലെ വെറോണ യൂണിവേഴ്സിറ്റിയിലെ ബൈബിൾ പണ്ഡിത സിസ്റ്റർ ഗ്രാസ്സിയ പാപ്പൊള വത്തിക്കാൻ വാർത്താ വിഭാഗത്തിനു നല്കിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. മാർച്ച് 5-ന് ആരംഭിക്കുന്ന അപ്പസ്തോലിക സന്ദർശനത്തെക്കുറിച്ചും ഇറാഖിന്‍റെ ചരിത്ര പശ്ചാത്തലത്തെ കുറിച്ചായിരുന്നു അഭിമുഖം. 2000-ാമാണ്ട് ജൂബിലി വർഷത്തിനുമുൻപ് വിശ്വാസത്തിന്‍റെ പിതാവായ അബ്രാഹം വസിച്ച, ബൈബിൾ പ്രതിപാദിക്കുന്ന ഊർദേശം സന്ദർശിക്കുവാനും ഇറാഖു പര്യടനം നടത്തുവാനും ജോൺ പോൾ 2-ാമൻ പാപ്പാ പരിശ്രമിച്ചുവെങ്കിലും, അന്നത്തെ ഇറാക്കിന്‍റെ ഭരണാധികാരി സദ്ദാംഹൂസൈന്‍ നാടിനെ യുദ്ധത്തിലേയ്ക്കു നയിച്ചതു മൂലം യാത്ര തടസ്സപ്പെട്ട കാര്യം സിസ്റ്റർ പാപ്പൊള അഭിമുഖത്തിൽ അനുസ്മരിച്ചു. അതിനാൽ ചരിത്രമുറങ്ങുന്ന ഇറാഖിന്‍റെ മണ്ണിൽ കാലുകുത്തുന്ന പത്രോസിന്‍റെ ആദ്യത്തെ പിൻഗാമിയാണ് പാപ്പാ ഫ്രാൻസിസെന്ന് ബൈബിൾ ചരിത്രവിഷയങ്ങൾ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിപ്പിക്കുന്ന സിസ്റ്റർ പാപ്പൊള പ്രസ്താവിച്ചു.

അബ്രഹാമിന്‍റെ നാട്ടിൽ മതസൗഹാർദ്ദ സംഗമം
മാനവസംസ്കാരത്തിന്‍റെ ഉറവിടമായി ചരിത്രകാരന്മാർ ഗണിക്കുന്ന മെസൊപ്പൊട്ടേമിയയെന്നും 19-ാം നൂറ്റാണ്ടിൽ ഊർ നഗരമെന്നും ആധുനിക കാലത്ത് നസ്സാറിയയെന്നും വിളിക്കപ്പെടുന്നതാണ് പൂർവ്വപിതാവായ അബ്രാഹമിന്‍റെ ഊർ ദേശമെന്നാൽ ചരിത്രകാരന്‍മാരുടെ നിഗമനം. എന്നാൽ ബൈബിളിലെ ഉല്പത്തി പുസ്തകവും അതുപോലെ മറ്റു പഴയനിയമ ഗ്രന്ഥങ്ങളും പറയുംപ്രകാരം ഈ നഗരത്തിന്‍റെ ചരിത്രം സമയബദ്ധമായി മെനഞ്ഞെടുക്കുക അത്ര എളുപ്പമല്ലെന്ന് പഠനങ്ങളുടെ വെളിച്ചത്തിൽ സിസ്റ്റർ പപ്പൊളെ അഭിപ്രായപ്പെട്ടു. എന്നാൽ പാപ്പാ ഫ്രാൻസിസ് ബൈബിൾക്കഥകളുടെ നാട്ടിലേയ്ക്കു നടത്തുന്ന ഈ ചരിത്ര സന്ദർശനത്തിന്‍റെ രണ്ടാം ദിവസം, മാർച്ച് 6 ശനിയാഴ്ച ഗവേഷണങ്ങൾ ഇന്നും നടക്കുന്ന ഊർ നഗരത്തിൽ പാപ്പാ എത്തിച്ചേരും.   അവിടെ മതനേതാക്കളുമായി പാപ്പാ സൗഹാർദ്ദ സംവാദത്തിൽ സംഗമിക്കുമ്പോൾ ക്രിസ്തുവിനു ഏകദേശം 2000 വർഷങ്ങൾക്കു മുൻപുള്ള ചരിത്രത്തിലേയ്ക്കും ചരിത്ര സംഭവങ്ങളിലേയ്ക്കുമുള്ള തിരനോട്ടമായിരിക്കും അതെന്നു ബൈബിൾ പണ്ഡിതയായ സിസ്റ്റർ പാപ്പൊളെ അഭിപ്രായപ്പെട്ടു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 March 2021, 16:08