പാപ്പാ: യേശു മനുഷ്യന്റെ മുറിവുകളെ അനുകമ്പയോടെ സമീപിച്ചു
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഫ്രാൻസിസ്കൻ ഐക്യദാർഢ്യ കേന്ദ്രത്തിൽ നിന്നെത്തിയ പ്രതിനിധികളെ സ്വാഗതം ചെയ്യുന്നതിൽ തന്റെ ആഹ്ലാദം പ്രകടിപ്പിച്ച പാപ്പാ ആ സമൂഹത്തിന്റെ അദ്ധ്യക്ഷ മരിയ യൂജിനിയ രല്ലെത്തോയുടെ അഭിവാദനത്തിന് കൃതജ്ഞത അർപ്പിക്കുകയും ചെയ്തു. അനേകം വർഷങ്ങളായി ഫ്ലോറൻസ് നഗരത്തിൽ സാമ്പത്തികവും സാമൂഹികവുമായ സാഹചര്യങ്ങളിൽ വ്യഥയനുഭവിക്കുന്ന പ്രത്യേകിച്ച്, വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്ന കുടുംബങ്ങളെയും, സഹായവും സൗഹൃദവും ആവശ്യപ്പെടുന്ന വൃദ്ധരെയും അംഗവൈകല്യമുള്ളവരെയും ശ്രവിക്കുന്നതിനും അവർക്ക് സമീപസ്തരായിരിക്കുന്നതിനും വേണ്ടി ഫ്രാൻസിസ്കൻ ഐക്യദാർഢ്യ കേന്ദ്രം നൽകുന്ന വിലയേറിയ സേവനത്തിന് പാപ്പാ നന്ദി രേഖപ്പെടുത്തി.
മനുഷ്യന്റെ മുറിവുകളെ അനുകമ്പയോടെ സമീപിച്ച യേശു
ഒരുവശത്ത് സമ്പത്ത് ഉത്പാദിപ്പിക്കുകയും മറുവശത്ത് അസമത്വം സൃഷ്ടിക്കുകയും ചെയ്തുകൊണ്ട് ലോകം രണ്ടു തരം വേഗതയിലാണ് ഓടുന്നതെന്ന് ചൂണ്ടിക്കാണിച്ച പാപ്പാ സന്നദ്ധ പ്രവർത്തനത്തെ അടിസ്ഥാനമാക്കി ഫലപ്രദമായ സഹായങ്ങളാണ് ഫ്രാൻസിസ്കൻ ഐക്യദാർഢ്യ കേന്ദ്രം നിർവ്വഹിക്കുന്നതെന്നും വിശ്വാസത്തിന്റെ ദൃഷ്ടിയിൽ അവർ ദൈവ രാജ്യത്തിന്റെ വിത്തുകൾ വിതയ്ക്കുന്നവരിൽ ഉൾപ്പെടുന്നുവെന്നും പാപ്പാ ആശംസിച്ചു. ലോകത്തിൽ വന്ന് പിതാവിന്റെ രാജ്യം പ്രഖ്യാപിച്ച യേശു മനുഷ്യന്റെ മുറിവുകളെ അനുകമ്പയോടെ സമീപിച്ചുവെന്നും എല്ലാറ്റിനുമുപരിയായി അവൻ ദരിദ്രരോടും, പാർശ്വവൽക്കരിക്കപ്പെട്ടവരോടും, നിരാകരിക്കപ്പെട്ടവരോടും, നിരാശരായവരോടും, ഉപേക്ഷിക്കപ്പെട്ടവരോടും അടിച്ചമർത്തപ്പെട്ടവരോടും കൂടെ യിരുന്നുവെന്നും വിശദീകരിച്ചു. "എനിക്കു വിശന്നു :നിങ്ങൾ ഭക്ഷിക്കാൻ തന്നു. എനിക്ക് ദാഹിച്ചു: നിങ്ങൾ കുടിക്കാൻ തന്നു. ഞാൻ നഗ്നനായിരുന്നു; നിങ്ങൾ എന്നെ ഉടുപ്പിച്ചു. " (മത്താ.25:35,36) എന്ന തിരുവചനങ്ങളെ നാം അനുസ്മരിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ അങ്ങനെ ക്രിസ്തു ദൈവത്തിന്റെ ഹൃദയത്തെ നമുക്ക് വെളിപ്പെടുത്തി തന്നുവെന്ന് ഓർമ്മിപ്പിച്ചു.നമ്മെ സംരക്ഷിക്കുകയും തന്റെ പുത്രീ പുത്രൻമാരുടെ അന്തസ്സ് കാത്തുസൂക്ഷിക്കാനും, പരിരക്ഷിക്കാനും, പ്രോത്സാഹിപ്പിക്കാനും ആഗ്രഹിക്കുന്ന ഒരു പിതാവാണ് ദൈവമെന്നും മൗലിക അവകാശങ്ങളിൽ നിന്ന് ആരെയും ഒഴിവാക്കുകയോ ചവിട്ടി മെതിക്കുകയോ, ഭൗതീകമായ അപ്പത്തിന്റെ അഭാവത്തിൽ നിന്നോ, ഏകാന്തത മൂലമോ ആരും കഷ്ടപ്പെടാതിരിക്കാൻ ദൈവം മാനുഷികവും സാമൂഹികവും സാമ്പത്തികവുമായ വ്യവസ്ഥകൾ കെട്ടിപ്പടുക്കാൻ നമ്മെ വിളിക്കുന്നുവെന്നും പാപ്പാ പങ്കുവെച്ചു.
മുറിവേറ്റവരോടു അനുകമ്പ പ്രകടിപ്പിക്കുന്ന സേവനം
സാർവ്വലൗകിക സാഹോദര്യം അഭ്യസിക്കുകയും എല്ലായിടത്തും സമാധാനം വിതയ്ക്കുകയും ദരിദ്രർ, ഉപേക്ഷിക്കപ്പെട്ടവർ, രോഗികൾ, നിരാകരിക്കപ്പെട്ടവർ, നിസ്സാരർ എന്നിവരോടൊപ്പം സഞ്ചരിക്കുകയുംചെയ്ത വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ മാതൃക പിന്തുടരാൻ പരിശ്രമിച്ചു കൊണ്ട് നാൽപത് വർഷങ്ങളായി ഫ്രാൻസിസ്കൻ ഐക്യദാർഢ്യ കേന്ദ്രം സേവനം ചെയ്യുന്നുവെന്നതു ഫ്രാൻസിസ് പാപ്പാ അനുസ്മരിച്ചു. ഇത് പ്രത്യാശയുടെയും, അതോടൊപ്പം നഗരത്തിലെ തിരക്കേറിയ ജീവിതത്തിൽ സ്വന്തം ദാരിദ്ര്യവും സഹനവുമായി ഏകരായി കഴിയുന്ന അനേകരുടെ ജീവിതത്തവൈരുദ്ധ്യത്തിന്റെയും അടയാളമാണെന്നും പാപ്പാ പറഞ്ഞു. പ്രവർത്തനരഹിതമായ മനസ്സാക്ഷിയെ ഉത്തേജിപ്പിക്കാനും, നിസ്സംഗതയിൽ നിന്ന് പുറത്തുവരാനും മുറിവേറ്റവരോടു അനുകമ്പ പ്രകടിപ്പിക്കാനും ജീവിത ഭാരത്താൽ തകർന്നവരുടെ മുന്നിൽ ആർദ്രതയോടെ കുനിയാനും നമ്മെ ക്ഷണിക്കുന്ന ഒരു അടയാളം കൂടിയാണിതെന്നും പാപ്പാ കൂട്ടിച്ചേർത്തു.
പ്രിയ സുഹൃത്തുക്കളെ എന്ന് അവരെ അഭിസംബോധന ചെയ്ത പാപ്പാ അവരുടെ പ്രവർത്തനങ്ങൾ ധൈര്യത്തോടെ മുന്നോട്ടു കൊണ്ടുപോകണമെന്നും അവരെ പിന്തുണയ്ക്കാൻ താൻ ദൈവത്തോടു അപേക്ഷിക്കുന്നുവെന്നും കാരണം നമ്മുടെ നല്ല മനസ്സും മാനുഷിക ശക്തിയും മാത്രം നമ്മുടെ പ്രവർത്തനങ്ങൾക്ക് പര്യാപ്തമല്ലെന്ന് നമുക്കറിയാം എന്നും പാപ്പാ അവരെ ഉദ്ബോധിപ്പിച്ചു. നാം ചെയ്യേണ്ട കാര്യങ്ങൾക്ക് മുൻപും അതിനു ശേഷവും ദരിദ്രനായ ഒരു മനുഷ്യനെ അഭിമുഖീകരിക്കുമ്പോൾ അവർ നമ്മുടെ സഹോദരനോ സഹോദരിയോ ആയി സ്നേഹിക്കപ്പെടുന്ന ഒരു അനുഭവത്തിലേക്ക് നാം വിളിക്കപ്പെടുന്നുവെന്നും പാപ്പാ വെളിപ്പെടുത്തി.
വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ മാധ്യസ്ഥതയിലൂടെ ദൈവം അവരിൽ ശുശ്രൂഷിക്കുന്നതിലുള്ള സന്തോഷം എപ്പോഴും കാത്തുസൂക്ഷിക്കുമെന്നും അതിന് തന്റെ പ്രാർത്ഥന വാഗ്ദാനം ചെയ്യുന്നുവെന്നും തനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിച്ചുകൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: