തിരയുക

ഫ്രാൻസീസ് പാപ്പാ പൊതുദർശന പ്രഭാഷണം നടത്തുന്നു, വത്തിക്കാനിൽ, പേപ്പൽ ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയിൽ, 24/03/2021 ഫ്രാൻസീസ് പാപ്പാ പൊതുദർശന പ്രഭാഷണം നടത്തുന്നു, വത്തിക്കാനിൽ, പേപ്പൽ ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയിൽ, 24/03/2021 

നൈജറിലെ ജനങ്ങൾക്ക് പാപ്പായുടെ പ്രാർത്ഥനയും സാന്ത്വന വചസ്സുകളും!

നൈജറിൽ ആക്രമണം, നൂറ്റിനാല്പതിനടുത്ത പൗരന്മാർ മരണമടഞ്ഞു. ഫ്രാൻസീസ് പാപ്പാ ദുഃഖം രേഖപ്പെടുത്തി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആഫ്രിക്കൻ നാടായ നൈജറിൽ ഞായറാഴ്ച (21/03/21) 137 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിൽ പാപ്പാ അതിയായ ദുഃഖം രേഖപ്പെടുത്തി. 

ബുധനാഴ്‌ച (24/03/21) വത്തിക്കാനിൽ, പേപ്പൽഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയിൽ നിന്ന് ദൃശ്യശ്രാവ്യമാദ്ധ്യമങ്ങളിലൂടെ പൊതുദർശന സന്ദേശം നൽകിയ വേളയിലാണ് ഫ്രാൻസീസ് പാപ്പാ ഈ ദുരന്തത്തെക്കുറിച്ച് അനുസ്മരിച്ചത്.

അവിടെ നടന്ന ഈ ആക്രമണം പ്രജാധിപത്യത്തിൻറെയും നീതിയുടെയും സമാധാനത്തിൻറെയും പ്രയാണത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്താൻ ഇടയാക്കാതിരിക്കുന്നതിനായി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

മാലിയുമായുള്ള അതിർത്തികുറിക്കുന്ന പ്രദേശങ്ങളിൽ പലയിടത്ത് സായുധർ നടത്തിയ ആക്രമണങ്ങളിൽ  മരണമടഞ്ഞവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും അന്നാട്ടിലെ ജനങ്ങൾക്കെല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ അഭ്യർത്ഥിച്ചു.

ഈ ആക്രമണത്തിൽ അനേകർക്ക് പരിക്കേല്ക്കുകയും ചെയ്തിട്ടുണ്ട്. നൈജറിൽ മുന്നു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കയാണ്.   

ഒരാഴ്ചയ്ക്കുള്ളിൽ നൈജറിൽ പൗരന്മാർക്കെതിരെ അരങ്ങേറിയ രണ്ടാമത്തെ ആക്രമണമായിരുന്നു ഇത്. ഇക്കഴിഞ്ഞ 15-ന് (15/03/21) തില്ലബേരി എന്ന സ്ഥലത്ത് വാരച്ചന്തയിൽ നിന്ന് മടങ്ങുകയായിരുന്നവർക്കു നേരെ നടന്ന വെടിവെയ്പ്പിൽ അറുപതോളം പേർ മരിച്ചിരുന്നു. ഈ പ്രദേശത്തുതന്നെ ജനുവരിയിൽ ഉണ്ടായ ഒരു ആക്രമണത്തിൽ നൂറോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

 

 

24 March 2021, 15:00