തിരയുക

ഫിലിപ്പീനിയയിലെ ക്രൈസ്തവ സാന്നിധ്യത്തിന്റെ 500 ആം വർഷം ആഘോഷിച്ചു കൊണ്ട് ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ ദിവ്യബലിയർപ്പിക്കുന്ന ചിത്രം ഫിലിപ്പീനിയയിലെ ക്രൈസ്തവ സാന്നിധ്യത്തിന്റെ 500 ആം വർഷം ആഘോഷിച്ചു കൊണ്ട് ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ ദിവ്യബലിയർപ്പിക്കുന്ന ചിത്രം  

പാപ്പാ: ക്രിസ്തുവിനോടു പ്രേഷിത ശിഷ്യരെന്ന പ്രതിബദ്ധത നവീകരിക്കുക

ഫിലിപ്പീനിയയിലെ ക്രൈസ്തവ സാന്നിധ്യത്തിന്റെ 500 ആം വർഷം ആഘോഷിച്ചു കൊണ്ട് മാർച്ച് പതിനാലാം തിയതി ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ അർപ്പിച്ച ദിവ്യബലി മദ്ധ്യേ നൽകിയ വചന സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

തെക്കു കിഴക്കൻ ഏഷ്യൻ രാജ്യമായ ഫിലിപ്പീനിയയിലെ ആഘോഷങ്ങളിൽ പങ്കുചേർന്നു കൊണ്ട് കർദ്ദിനാൾ ലൂയിസ് അന്തോണിയോ താഗ്ളെ ഉൾപ്പെടെ ഫിലിപ്പീനിയയിലെ സഭാ പ്രതിനിധികളൊത്ത് ഫ്രാൻസിസ് പാപ്പാ വി.പത്രോസിന്റെ ബസിലിക്കയിൽ മാർച്ച് പതിനാലാം തിയതി ദിവ്യപൂജയർപ്പിച്ചു.

ഫിലിപ്പീനോകാർക്ക് അരസഹസ്രാബ്ദങ്ങൾക്ക് മുമ്പ് സുവിശേഷത്തിന്റെ സന്തോഷം ലഭിച്ചെന്നും അതിന്റെ സന്തോഷം ജനങ്ങളിൽ പ്രകടമാണെന്നും ഫ്രാൻസിസ് പാപ്പാ തന്റെ  വചനപ്രഘോഷണത്തിൽ പറഞ്ഞു. ലോകത്തിനു മുഴുവനും, ക്രൈസ്തവ സമൂഹങ്ങൾക്കും അവർ പകരുന്ന സന്തോഷത്തിനു പാപ്പാ നന്ദി പറയുകയും  ചെയ്തു. വിവേകത്തോടും കഠിനാദ്ധ്വാനത്തോടും കൂടെ ഫിലിപ്പീനോക്കാർ നൽകുന്ന വിശ്വാസ സാക്ഷ്യത്തെ തിരിച്ചറിഞ്ഞ പാപ്പാ അവരോടു സുവിശേഷവൽക്കരണത്തിൽ തുടരാൻ ആവശ്യപ്പെട്ടുകൊണ്ട്  ആരും നശിക്കാതിരിക്കാനായി ദൈവസാമീപ്യത്തിന്റെ  സന്ദേശം നിരന്തരം പ്രഘോഷിക്കേണ്ടതിന്റെ ആവശ്യകതയും അറിയിച്ചു. സുവിശേഷം പ്രഘോഷിക്കാനും സ്നേഹിക്കാനും  സേവനം ചെയ്യാനും ഭയമരുതെന്നും അവരുടെ സന്തോഷംമൂലം സഭ  ലോകത്തെ അത്ര മാത്രം സ്നേഹിച്ചുവെന്ന് സഭയെക്കുറിച്ച് ജനങ്ങളെക്കൊണ്ട് പറയിക്കണം എന്നും സൂചിപ്പിച്ചു.

ഞായറാഴ്ചയിലെ സുവിശേഷത്തെ ധ്യാനിച്ചുകൊണ്ട് 'തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു' (യോഹന്നാന്‍ 3 : 16) എന്ന വാക്യത്തിൽ സുവിശേഷ സന്ദേശത്തിന്റെ  കാതൽ അടങ്ങിയിട്ടുണ്ടെന്നും സുവിശേഷത്തിന്റെ  സന്ദേശം ഒരു ആശയമോ സിദ്ധാന്തമോ അല്ല മറിച്ച് യേശു തന്നെയായതിനാൽ നമ്മുടെ സന്തോഷത്തിന്റെ ഉറവിടം എങ്ങനെ സന്തോഷം കണ്ടെത്തണമെന്ന സിദ്ധാന്തമല്ല മറിച്ച് അനുയാത്ര  ചെയ്യപ്പെടുകയും സ്നേഹിക്കപെടുകയും ചെയ്യുന്ന യഥാർത്ഥ അനുഭവമാണെന്നും പാപ്പാ എടുത്തു പറഞ്ഞു. ദിവ്യബലിയിലെ സുവിശേഷത്തിൽ കാണുന്ന ദൈവം അത്ര മാത്രം സ്നേഹിച്ചു, ദൈവം നൽകി എന്ന രണ്ട് ദർശനങ്ങളെ വിശകലനം ചെയ്തു.

ദൈവം അത്ര മാത്രം സ്നേഹിച്ചു

നമ്മൾ സ്വയം നഷ്ടപ്പെട്ട നേരത്ത് ദൈവം നമ്മെ തിരഞ്ഞെത്തി കൈപിടിച്ചുയർത്തി എന്ന് പറഞ്ഞ പാപ്പാ  ദൈവം നമ്മെ എപ്പോഴും സ്നേഹത്തോടെയാണ്  നോക്കുന്നതെന്നും സ്നേഹത്തെ പ്രതിയാണ് തന്റെ പുത്രനിൽ മാംസം ധരിച്ച് നമ്മുടെയിടയിൽ വന്നതെന്നും, നമ്മൾ നഷ്ടപ്പെട്ടവരല്ലെന്നും, എന്നെന്നും  സ്നേഹിക്കപ്പെടുന്നവരാണെന്ന് യേശുവിലൂടെ ദൈവം നമ്മുടെ ജീവിതത്തെക്കുറിച്ച് അത്യന്തികമായി പ്രഖ്യാപിച്ചു എന്നും വിശദീകരിച്ചു. സുവിശേഷം നമ്മെ ഹൃദയവിശാലരാക്കുകയും ദൈവസ്നേഹത്തിന്റെ അനന്തത നമ്മെ മനസ്സിലാക്കുകയും ചെയ്യുമ്പോഴും പലപ്പോഴും മ്ലാനവും സങ്കടവും സ്വാർത്ഥവുമായ മതപ്രതിപത്തിയാണ് നാം ഇഷ്ടപ്പെടുന്നത് എന്ന് പരിശുദ്ധ പിതാവ് ഖേദത്തോടെ അറിയിച്ചു.

ദൈവസ്നേഹത്തിന്റെ  പ്രവർത്തി

ദൈവസ്നേഹത്തിന്റെ  പ്രവർത്തിയെക്കുറിച്ച് പറഞ്ഞു കൊണ്ട് നമ്മുടെ രക്ഷയ്ക്കായി ദൈവം തന്റെ പുത്രനെ നൽകിയ പ്രവർത്തി ധ്യാന വിഷയമാക്കി, സ്നേഹം നമ്മിൽ നിന്ന് നമ്മെ പുറത്തേക്ക് നയിക്കുന്നു എന്നും എപ്പോഴും പരിപൂർണ്ണമായി നൽകാൻ പരിശ്രമിപ്പിക്കുന്നു എന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. സ്വയം നൽകാനായി സ്വാർത്ഥതയുടെ തൊണ്ടുകളും, സൂക്ഷമതയോടെ കെട്ടിച്ചമച്ച സുരക്ഷയുടെ തലങ്ങളും, മതിലുകളും പൊളിച്ച്, ഭയത്തെ മറികടന്ന് പുറത്തു വരുന്നതാണ് സ്നേഹത്തിന്റെ  ശക്തി. നമുക്കായി സ്വയം നൽകാൻ മടിക്കാത്തത്ര വലിയ സ്നേഹമാണ് യേശുവിൽ ദൈവത്തിന് നമ്മോടുള്ളതെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

സത്യമായ സന്തോഷം കണ്ടെത്താൻ കഴിയുന്നത് ദൈവം തന്റെ പുത്രനെ നൽകി നമുക്ക് കാണിച്ചതു പോലെ പൂർണ്ണമായി നൽകുന്നതിലാണ്. എന്നാൽ പലപ്പോഴും നമ്മൾ പ്രതാപത്തിന്റെ  സ്വപ്നങ്ങളിലോ ഭൗമീക സമ്പാദ്യത്തിന്റെ  തെറ്റായ സുരക്ഷിതത്വത്തിലോ ആണ് ആനന്ദം തേടുന്നതെന്നും പാപ്പാ പറഞ്ഞു. സ്നേഹിക്കുമ്പോഴാണ് നമുക്ക് കൂടുതൽ നൽകാൻ കഴിയുന്നത്. നമ്മൾ തനിച്ചല്ല എന്നും നമ്മുടെ സ്വപ്നങ്ങൾ പങ്കിടുന്ന,  തകർച്ചകളിൽ വീണടിയുമ്പോൾ നമ്മെ സഹായിക്കാനും സുരക്ഷയുടെ തീരത്തെക്ക് നയിക്കാനും ആളുണ്ടെന്നറിഞ്ഞ്, നമ്മൾ സൗജന്യമായി സ്നേഹിക്കപ്പെടുന്നു എന്ന തിരിച്ചറിവാണ് യഥാർത്ഥ ആനന്ദത്തിന്റെ ഉറവിടം എന്നാണ് ജീവിതം നമ്മെ പഠിപ്പിക്കുന്നത് എന്നു പറഞ്ഞു കൊണ്ടാണ് ഫ്രാൻസിന് പാപ്പാ തന്റെ  വചനപ്രഘോഷണം അവസാനിപ്പിച്ചത്.

15 March 2021, 12:10