ഇറാക്ക് സന്ദർശനം-രാഷ്ട്രത്തലവന്മാർക്ക് പാപ്പായുടെ ആശംസകൾ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ജനതകൾക്കു മദ്ധ്യേ സമാധാനത്തിൻറെയും സാഹോദര്യത്തിൻറെയും തീർത്ഥാടകനായിട്ടാണ് താൻ ഇറാക്കിലേക്കു യാത്രയാരംഭിക്കുന്നതെന്ന് പാപ്പാ.
വെള്ളിയാഴ്ച (05/03/21) ഇറാക്കിലേക്ക് ചതുർദിന ഇടയസന്ദർശനത്തിനു പുറപ്പെട്ട ഫ്രാൻസീസ് പാപ്പാ റോമിൽ നിന്ന് ഇറാക്കിൻറ തലസ്ഥാനമായ ബാഗ്ദാദിലേക്കുള്ള യാത്രവേളയിൽ, വിമാനം ഏതെല്ലാം രാജ്യങ്ങളുടെ വ്യോമപാത ഉപയോഗപ്പെടുത്തിയോ ആ രാഷ്ട്രങ്ങളുടെ തലവന്മാർക്ക് അയച്ച സന്ദേശങ്ങളിൽ, ഇറ്റലിയുടെ പ്രസിഡൻറ് സേർജൊ മത്തരേല്ലയ്ക്കയച്ച സന്ദേശത്തിലാണ് ഈ പ്രസ്താവനയുള്ളത്.
പ്രസിഡൻറിനും ഇറ്റലിയിലെ ജനങ്ങൾക്കും പാപ്പാ ശാന്തിയും സമൃദ്ധിയും ആശംസിക്കുകയും ചെയ്തു.
പാപ്പായെയും അനുചരരെയും വഹിച്ചുകൊണ്ടുള്ള വിമാനം ഇറ്റലി, ഗ്രീസ്, സൈപ്രസ്, പാലസ്തീൻ, ഇസ്രായേൽ, ജോർദ്ദാൻ എന്നീ നാടുകളുടെ മുകളിലൂടെ പറന്നാണ് ലക്ഷ്യസ്ഥാനത്തിറങ്ങിയത്.
ഈ നാടുകളുടെയെല്ലാം തലവന്മാർക്ക് ഒരോരുത്തർക്കും പാപ്പാ ആശംസാപ്രാർത്ഥനാ സന്ദേശം അയച്ചു.
രാഷ്ട്രത്തലവന്മാർക്കും പൗരന്മാർക്കും ദൈവാനുഗ്രഹവും സമാധാനവും ഐക്യവും ലഭിക്കുന്നതിനായി സന്ദേശങ്ങളിൽ പാപ്പാ പ്രാർത്ഥിക്കുന്നു.
ഇറാക്കിൻറെ മണ്ണിൽ പാദമൂന്നുന്ന ആദ്യത്തെ പാപ്പായാണ് ഫ്രാൻസീസ്. പാപ്പാ, വെള്ളിയാഴ്ച (5/03/21) ആരംഭിച്ച അപ്പസ്തോലികയാത്ര തിങ്കളാഴ്ച (08/03/21) സമാപിക്കും.