തിരയുക

ഫ്രാൻസീസ് പാപ്പായും ഇറ്റലിയുടെ പ്രസിഡൻറ് സേർജൊ മത്തരേല്ലയും (Sergio Mattarella) . ഒരു പഴയ ചിത്രം ഫ്രാൻസീസ് പാപ്പായും ഇറ്റലിയുടെ പ്രസിഡൻറ് സേർജൊ മത്തരേല്ലയും (Sergio Mattarella) . ഒരു പഴയ ചിത്രം 

പാപ്പായ്ക്ക് ഇറ്റലിയുടെ പ്രസിഡൻറ് യാത്രാമംഗളങ്ങൾ നേർന്നു!

ഫ്രാൻസീസ് പാപ്പായും അൽ അഷറിലെ വലിയ ഇമാം അഹമദ് അൽ തയ്യിബും (Ahmad Al-Tayyeb) ഒപ്പുവച്ച മാനവസാഹോദര്യ പ്രഖ്യാപനം വെട്ടിത്തുറന്ന പാതയിലൂടെയുള്ള യാത്രയുടെ തുടർച്ചയുടെ അടയാളമാണ് ഇറാക്ക് ഇടയസന്ദർശനമെന്ന് പ്രസിഡൻറ് സേർജൊ മത്തരേല്ല.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പായുടെ ഇറാക്ക് സന്ദർശനം അന്നാട്ടിലെയും ആ ഭൂപ്രദേശം മുഴുവനിലേയും പീഡിത ക്രൈസ്തവസമൂഹത്തോട് പാപ്പായ്ക്കുള്ള സാമീപ്യത്തിൻറെയും പിതൃനിർവ്വിശേഷമായ ഔത്സുക്യത്തിൻറെയും സമൂർത്ത സാക്ഷ്യമാണെന്ന് ഇറ്റലിയുടെ പ്രസിഡൻറ് സേർജൊ മത്തരേല്ല (Sergio Mattarella).

മഹാമാരിമൂലം സംജാതമായ നീണ്ട ഇടവേളയ്ക്കു ശേഷം നടക്കുന്ന, ഏറെ ആഗ്രഹിച്ചിരുന്ന ഇറാക്ക് യാത്രയ്ക്ക് മംഗളങ്ങൾ നേർന്നുകൊണ്ട് വെള്ളിയാഴ്ച പാപ്പായ്ക്ക് അയച്ച ഒരു സന്ദേശത്തിലാണ് പ്രസിഡൻറിൻറെ ഈ പ്രസ്താവനയുള്ളത്.

വിശുദ്ധ രണ്ടാം ജോൺ പോൾമാർപ്പാപ്പായുടെ സഫലമാകാതിരുന്ന അഭിലാഷത്തിൻറെ സാക്ഷാത്ക്കാരമാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഇടയസന്ദർശനമെന്ന് പ്രസിഡൻറ് മത്തരേല്ല അനുസ്മരിക്കുന്നു.

യുണൈറ്റഡ് അറബ് എമേറേറ്റ്സ് സന്ദർശനവേളയിൽ അബുദാബിയിൽ വച്ച് 2019 ഫെബ്രുവരി 4-ന് പാപ്പായും അൽ അഷറിലെ വലിയ ഇമാം അഹമദ് അൽ തയ്യിബും (Ahmad Al-Tayyeb) ഒപ്പുവച്ച മാനവസാഹോദര്യ പ്രഖ്യാപനം വെട്ടിത്തുറന്ന പാതയിലൂടെയുള്ള യാത്രയുടെ തുടർച്ചയുടെ അടയാളമായ ഈ ഇടയസന്ദർശന ദൗത്യം സവിശേഷ പ്രസക്തി കൈവരിക്കുന്നുവെന്നും പ്രസിഡൻറ് പറയുന്നു.  

വെള്ളിയാഴ്ച (05/03/21) രാവിലെ വത്തിക്കാനിൽ നിന്നു പുറപ്പെട്ട പാപ്പാ തിങ്കളാഴ്ച (08/03/21) ഉച്ചതിരിഞ്ഞ് തിരിച്ചെത്തും.

 

05 March 2021, 13:41