പാപ്പാ റോമൻ ജനതയുടെ സംരക്ഷകയായ പരിശുദ്ധ അമ്മയുടെ സവിധത്തിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
തൻറെ മുപ്പത്തിമൂന്നാമത്തെ വിദേശ അജപാലനയാത്ര പാപ്പാ “റോമൻ ജനതയുടെ സംരക്ഷക”യായി “സാളൂസ് പോപുളി റൊമാനി” (Salus Populi Romani) എന്ന അഭിധാനത്തിൽ വണങ്ങപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിച്ചു.
തൻറെ വിദേശ അപ്പസ്തോലിക യാത്രകൾക്കു മുമ്പുള്ള പതിവ് മുടക്കാതെ ഇറാക്ക് യാത്രയുടെ തലേദിവം ഫ്രാൻസീസ് പാപ്പാ റോമിലെ മേരി മേജർ ബസിലിക്കയിൽ, “സാളൂസ് പോപുളി റൊമാനി” നാഥയുടെ സവിധത്തിലെത്തി ഇറാക്കിലേക്കുള്ള അപ്പസ്തോലിക യാത്ര കന്യകാമറിയത്തിൻറെ സംരക്ഷണയക്ക് ഭരമേല്പിച്ച് പ്രാർത്ഥിച്ചു.
വ്യാഴാഴ്‌ച (04/03/21) ഉച്ചതിരിഞ്ഞാണ് പാപ്പാ വത്തിക്കാനിൽ നിന്ന് 5 കിലോമീറ്റർ മാത്രം അകലെയുള്ള മേരി മേജർ ബസിലിക്കയിൽ പ്രാർത്ഥനയ്ക്കായി എത്തിയതെന്ന് പരിശുദ്ധസിംഹാസനത്തിൻറെ പ്രസ്സ് ഓഫീസ് വെളിപ്പെടുത്തി.
പാപ്പാ വെള്ളിയാഴ്ച (05/03/21) ആരംഭിച്ച ഇറാക്ക് സന്ദർശനം തിങ്കളാഴ്ച (08/03/21) സമാപിക്കും.
“നിങ്ങളെല്ലാം സഹോദരങ്ങളാണ്” എന്ന മുദ്രാവാക്യമാണ് പാപ്പാ ഈ ഇടയസന്ദർശനത്തിൻറെ ആദർശപ്രമേയമായി സ്വീകരിച്ചിരിക്കുന്നത്.
മത്തായിയുടെ സുവിശേഷം 23-ɔ൦ അദ്ധ്യായത്തിലെ എട്ടാമത്തെതായ വാക്യത്തിൽ നിന്ന് അടർത്തിയെടുത്തതാണ് ഈ വാക്കുകൾ.