മ്യന്മാറിലെ രാഷ്ട്രീയ നേതാക്കളുടെ മോചനം പാപ്പാ അഭ്യർത്ഥിക്കുന്നു
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മ്യന്മാറിൽ തടവിലായിരിക്കുന്ന രാഷ്ട്രീയ നേതാക്കളെ വിട്ടയക്കേണ്ടത് അന്നാടിൻറെ പ്രജാധിപത്യപ്രയാണത്തിൻറെ പുനരാരംഭത്തിന് അനിവാര്യമെന്ന് മാർപ്പാപ്പാ.
ബുധനാഴ്ച (03/03/21) വത്തിക്കാനിൽ ദൃശ്യശ്രാവ്യമാദ്ധ്യമങ്ങളിലൂടെ നടത്തിയ പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിൻറെ അവസാനത്തിലാണ് പാപ്പാ ഈ ആവശ്യകത ചൂണ്ടിക്കാട്ടിയത്.
ഫെബ്രുവരി ഒന്നിന് സൈന്യം ഒരു അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത മ്യന്മാറിൽ (ബർമ്മ) നിന്ന് രക്തരൂഷിതസംഘർഷങ്ങളുടെയും മനുഷ്യജീവനുകൾ പൊലിയുന്നതിൻറെയുമായ ദുഃഖകരമായ വാർത്തകൾ എത്തിക്കൊണ്ടിരിക്കുന്നത് പാപ്പാ അനുസ്മരിക്കുകയും അടിച്ചമർത്തലുകളുടെ മേൽ സംഭാഷണവും അഭിപ്രായഭിന്നതകളുടെമേൽ ഏകതാനതയും പ്രബലപ്പെടണമെന്ന് ബന്ധപ്പെട്ട അധികാരികളെ ഓർമ്മിപ്പിക്കുകയും ചെയ്തു.
മ്യാൻമറിലെ ജനങ്ങളുടെ അഭിലാഷങ്ങളെ അക്രമങ്ങൾ ഞെരുക്കാതിരിക്കുന്നതിനുവേണ്ടി പരിശ്രമിക്കാൻ പാപ്പാ അന്താരാഷ്ട്രസമൂഹത്തോട് അഭ്യർത്ഥിച്ചു.
വിദ്വേഷവും അനീതിയും കൂടിക്കാഴ്ചയ്ക്കും അനുരഞ്ജനത്തിനും വഴിമാറുന്ന ഒരു ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ പ്രിയപ്പെട്ട അന്നാട്ടിലെ യുവതയിൽ ഉളവാകട്ടെയെന്ന് പാപ്പാ ആശംസിച്ചു.
മ്യന്മാർ സമീപകാലത്ത് ആരംഭിച്ച പ്രജാധിപത്യ പ്രയാണം പുനരാരംഭിക്കാൻ സാധിക്കണമെങ്കിൽ അന്നാട്ടിൽ തടവുകാരാക്കപ്പെട്ടിരിക്കുന്ന രാഷ്ട്രീയനേതാക്കളെ വിട്ടയക്കുകയെന്ന സമൂർത്തമായ പ്രവർത്തിയിലൂടെ മാത്രമെ സാധിക്കുകയുള്ളു എന്ന് താൻ ഒരു മാസം മുമ്പു പറഞ്ഞത് പാപ്പാ ആവർത്തിച്ചു.