അപൂർവ്വ രോഗബാധിതർക്ക് പാപ്പായുടെ സാന്ത്വന സാമീപ്യം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
അപൂർവ്വ രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണ പഠനങ്ങൾക്കും ചികിത്സാപരിപാടികൾക്കും പാപ്പാ പ്രചോദനം പകരുന്നു.
ഫെബ്രുവരിയിലെ അവസാന ദിനം ലോക അപൂർവ്വരോഗദിനം ആചരിക്കപ്പെടുന്നത് ഫ്രാൻസീസ് പാപ്പാ ഞായറാഴ്ച നയിച്ച മദ്ധ്യാഹ്നപ്രാർത്ഥനാവേളയിൽ അനുസ്മരിക്കുകയായിരുന്നു.
അധിവർഷത്തിൽ ഫെബ്രുവരി 29 ആണ് ഈ ദിനാചരണത്തിനുള്ള തീയതിയായി നിശ്ചയിക്കപ്പെട്ടിരിക്കുന്നതെങ്കിലും ഫെബ്രുവരിയിൽ 28 ദിവസം മാത്രം ഉള്ള വർഷങ്ങളിൽ അത് ഇരുപത്തിയെട്ടാം തീയതിയാണ് ആചരിക്കുക.
അപൂർവ്വ രോഗവുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സമിതിയുടെ പ്രതിനിധികൾ ത്രികാലപ്രാർത്ഥനയ്ക്കായി വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ സന്നിഹിതരായിരുന്നതിനാൽ പാപ്പാ അവരെ പ്രത്യേകം അഭിവാദ്യം ചെയ്തു.
അപൂർവ്വ രോഗങ്ങളുടെ കാര്യത്തിൽ, ഈ സമിതികളുടെ പിന്തുണയോടുകൂടി കുടുംബാംഗങ്ങൾ തമ്മിലുണ്ടാക്കിയിരിക്കുന്ന ഐക്യദാർഢ്യശൃംഖല എന്നത്തേക്കാളുപരി പ്രധാന്യമർഹിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.
തങ്ങൾ ഒറ്റയ്ക്കാണെന്ന തോന്നൽ ഉണ്ടാകാതിരിക്കുന്നതിനും അനുഭവങ്ങളും ഉപദേശങ്ങളും കൈമാറാനും ഈ ശൃംഖല സഹായകമാകുമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
അപൂർവ്വ രോഗബാധിതരോടും അവരുടെ കുടുംബങ്ങളോടും, പ്രത്യേകിച്ച്, കുഞ്ഞുങ്ങളോടുമുള്ള, തൻറെ സാമീപ്യം പാപ്പാ അറിയിച്ചു.
രോഗികളായ കുട്ടികളുടെ, ദുരിതമനുഭവിക്കുന്ന കുട്ടികളുടെ ചാരെ ആയിരിക്കുക, അവർക്കുവേണ്ടി പ്രാർത്ഥിക്കുക, ദൈവസ്നേഹത്തിൻറെ മൃദുലത, ആർദ്രത അവർക്കനുഭവവേദ്യമാക്കുക.. കുട്ടികളെ പ്രാർത്ഥനയിലൂടെ പരിചരിക്കുക, പാപ്പാ പറഞ്ഞു
അപൂർവ്വ രോഗങ്ങളുള്ള എല്ലാ ആളുകൾക്കും വേണ്ടി, പ്രത്യേകിച്ച് യാതനകളനുഭവിക്കുന്ന കുട്ടികൾക്കായി, പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.
ലോകത്തിൽ അപൂർവ്വ രോഗബാധിതരുടെ എണ്ണം 30 കോടിവരും.