തിരയുക

വിശുദ്ധ യൗസേപ്പിന്‍റെ സവിധത്തിൽ.... വിശുദ്ധ യൗസേപ്പിന്‍റെ സവിധത്തിൽ....  

വിശുദ്ധ യൗസേപ്പിതാവ് ദൈവവിളിയുടെ സ്വപ്നക്കാരൻ

2021-ാമാണ്ടിലേയ്ക്കുള്ള ലോക ദൈവവിളി സന്ദേശം വത്തിക്കാൻ പ്രകാശനംചെയ്തു.

- ഫാദർ വില്യം  നെല്ലിക്കൽ 

1. സഭാശുശ്രൂഷകർക്ക് മാതൃകയായ സിദ്ധൻ
ഏപ്രിൽ 21-നാണ് ഈ വർഷം ദൈവിവിളി ദിനം സഭയിൽ ആചരിക്കുന്നത്. വിശുദ്ധ യൗസേപ്പിതാവിനെ ആഗോളസഭയുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചതിന്‍റെ 150-ാം വാർഷികം അനുസ്മരിച്ചുകൊണ്ടാണ് വിശുദ്ധ യൗസേപ്പിനെ ദൈവവിളിയുടെ സ്വപ്നക്കാരനായി സന്ദേശത്തിൽ പാപ്പാ ചിത്രീകരിച്ചിരിക്കുന്നത്. ദൈവഹിതത്തിനും ദൈവംതന്നെ ഭരമേല്പിച്ച പ്രത്യേക ദൗത്യത്തോടും നിശ്ശബ്ദതയിൽ വിശ്വസ്തനായി ജീവിച്ച സിദ്ധൻ സഭാശുശ്രൂഷയിൽ സമർപ്പിക്കുകയും ദൈവവിളി സ്വീകരിക്കുകയും ചെയ്തിച്ചിട്ടുള്ള ഏവർക്കും മാതൃകയും മദ്ധ്യസ്ഥനുമാണെന്ന് പാപ്പാ സന്ദേശത്തിന്‍റെ ആമുഖത്തിൽതന്നെ എടുത്തു പറയുന്നുണ്ട്. സുവിശേഷങ്ങൾ അധികമായിട്ടൊന്നും തിരുക്കുടുംബ പാലകനെക്കുറിച്ചു പറയുന്നില്ല.

2. നസ്രത്തിലെ ജോസഫിന്‍റെ ശ്രേഷ്ഠതയുടെ
മൂന്നു തലങ്ങൾ

ആശ്ചര്യപ്പെടുത്തുന്ന സിദ്ധികളോ, പ്രത്യേക കഴിവുകളോ ഇല്ലാതിരുന്നിട്ടും, ഒരു വിധത്തിലും സമൂഹത്തിൽ ശ്രദ്ധേയനാകാതിരുന്നിട്ടും ദൈവത്തിന്‍റെ വിശ്വസ്തനും വിവേകിയുമായ സേവകനായി ജീവിച്ചുവെന്നതാണ് വിശുദ്ധ യൗസേപ്പിതാവിന്‍റെ സവിശേഷതയായി പാപ്പാ ഫ്രാൻസിസ് സന്ദേശത്തിന്‍റെ ആരംഭത്തിൽതന്നെ വ്യക്തമാക്കുന്നത്. വിശുദ്ധ യൗസേപ്പിതാവിന്‍റെ ജീവിതത്തിൽനിന്നും ആർക്കും തങ്ങളുടെ ജീവിത ഉത്തരവാദിത്ത്വങ്ങൾ വിശ്വസ്തതയോടെ ജീവിക്കുവാൻ സഹായാകമാകുന്ന മുന്നു വാക്കുകൾ ഈ വർഷത്തെ സന്ദേശത്തിൽ പാപ്പാ വ്യാഖ്യാനിക്കുന്നു – സ്വപ്നം, സേവനം, വിശ്വസ്തത എന്നിവയാണ്.

3. ആദ്യത്തേത് സ്വപ്നം
ജീവിത സാഫല്യങ്ങൾ സ്വപ്നം കാണുന്നവനാണ് മനുഷ്യൻ. ആശകളും ആഗ്രഹങ്ങളും, ഭൗതിക നേട്ടങ്ങളും നമ്മൾ എല്ലാവരും ജീവിതത്തിൽ സ്വപ്നങ്ങളായി സൂക്ഷിക്കാറുണ്ട്. എന്നാൽ ഭൗതിക നേട്ടങ്ങളെക്കാൾ ജീവിതത്തിൽ പരസ്പരം സ്നേഹിക്കുക... എന്നതാണ് വലിയ സ്വപ്നമെന്ന് പാപ്പാ ചൂണ്ടിക്കാണിക്കുന്നു. കാരണം സ്നേഹമാണ് ജീവിതത്തിന് അർത്ഥം തരുന്നതും, ജീവിതത്തിന്‍റെ പൊരുൾ, അല്ലെങ്കിൽ രഹസ്യം വെളിപ്പെടുത്തിതരുന്നതുമെന്ന് പാപ്പാ വിശദീകരിച്ചു. സ്നേഹം ഉദാരമായി നല്‍കുമ്പോഴാണ് ജീവിതത്തിന് അർത്ഥം ലഭിക്കുന്നതും, ജീവിതത്തിൽ സന്തോഷമുണ്ടാകുന്നതും. ത്യാഗത്തോടെ സ്നേഹം പങ്കുവയ്ക്കുമ്പോഴാണ് മനുഷ്യൻ ജീവിത വിജയം കൈവരിക്കുന്നതെന്നും പാപ്പാ വിശുദ്ധ യൗസേപ്പിന്‍റെ സ്വപ്നങ്ങളുടെ വെളിച്ചത്തിൽ വ്യാഖ്യാനിച്ചു.

4. സ്വപ്നസാക്ഷാത്ക്കാരത്തിനായി
സ്നേഹത്തോടെ പുറപ്പെട്ടവൻ

സുവിശേഷത്തിൽ ദൈവത്തിൽനിന്നു ലഭിച്ച നാലു സ്വപ്നങ്ങളാണ് വിശുദ്ധ യൗസേപ്പിതാവിന്‍റേതായി രേഖപ്പെടുത്തിയിട്ടുള്ളത്. അവയെല്ലാം മത്തായിയുടെ സുവിശേഷത്തിലാണ് കാണുന്നത് (മത്തായി 1, 20… 2, 13. 19. 20). ജോസഫിനു സ്വപ്നത്തിൽ കിട്ടിയ ദൗത്യങ്ങൾ ഒന്നും എളുപ്പമായിരുന്നില്ല. എന്നാൽ അദ്ദേഹം പൂർണ്ണമായും അവയുടെ ദാതാവു ദൈവമാണെന്ന് മൗനമായ ഉറച്ച ബോദ്ധ്യത്തോടും സ്നേഹത്തോടുംകൂടെ അവ നിർവത്തിതമാക്കുവാനായി ഇറങ്ങിപ്പുറപ്പെട്ടു എന്നതാണ് വിജയത്തിനു കാരണം. ജോസഫിന്‍റെ ഹൃദയം ദൈവോത്മുഖമായിരുന്നുവെന്ന് പാപ്പാ സന്ദേശത്തിൽ എടുത്തു പറയുന്നു. ജീവിതത്തിൽ ദൈവികസ്വരം ശ്രവിക്കുക എന്നത് ആർക്കും അഭികാമ്യമാണെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യത്തിനു കടിഞ്ഞാണിട്ടുകൊണ്ട് ജീവതദൗത്യവും ഉത്തരവാദിത്ത്വങ്ങളും പൂർത്തീകരിക്കുവാൻ സാധിക്കണമെങ്കിൽ നസ്രത്തിലെ ജോസഫിനെപ്പോലെ നമ്മുടെ വിളിയിലും ദൗത്യത്തിലും ദൈവത്തിന്‍റെ വിളിയുടെ മൗനസ്വരം ശ്രവിക്കുവാനുള്ള വിശ്വാസബോധ്യവും ദർശനവും ആവശ്യമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാൾ ദിനമായ 2021 മാർച്ച് 19-നാണ് പാപ്പാ ആഗോള ദൈവവിളിദിന സന്ദേശം പ്രബോധിപ്പിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 March 2021, 15:40