“നമുക്ക് എല്ലാവരും വേണം” : ഒരു സൗഹാർദ്ദത്തിന്‍റെ മനോഭാവം
ഒരുക്കിയത് :
ഫാദർ ജസ്റ്റിൻ ഡോമിനിക്കും ഫാദർ വില്യം നെല്ലിക്കലും
1. സാഹോദര്യത്തിന്‍റെ സാന്ത്വനമായി - രണ്ടാംദിനത്തിൽ...
യുദ്ധവും കലാപവും ഭീകരപ്രവർത്തനങ്ങളും കീറിമുറിച്ച ഇറാഖിന്‍റെ മണ്ണിൽ സാഹോദര്യത്തിന്‍റെ സാന്ത്വനവുമായിട്ടാണ് ഈ അപ്പസ്തോലിക യാത്ര പാപ്പാ ഫ്രാൻസിസ് നടത്തുന്നത്. മാർച്ച് 5, വെള്ളിയാഴ്ച ആരംഭിച്ച യാത്രയുടെ രണ്ടാം ദിവസമാണിന്ന് - മാർച്ച് 6. ശനി. തലസ്ഥാന നഗരമായ ബാഗ്ദാദ്, നജാഫ്, ഊർ, മൊസൂൾ, അർബിൽ, ക്വർഘോഷ് എന്നിങ്ങനെ ഇറാഖിലെ 6 നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള യാത്രയിൽ ഇന്നു പാപ്പാ ചരിത്ര പ്രാധാന്യമുള്ള നജാഫ്, പൂർവ്വപിതാവായ അബ്രഹാമിന്‍റെ നസ്സീറിയയിലുള്ള ജന്മസ്ഥലമായ ഊർ നഗരങ്ങളാണ് സന്ദർശിച്ചത്.
2. ഷിയാ മുസ്ലീങ്ങളുടെ പുണ്യനഗരമായ നജാഫ്
മെക്കയും മദീനയും കഴിഞ്ഞാല്‍ ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ ആദരപൂര്‍വ്വം തീര്‍ത്ഥാടനത്തിനെത്തുന്ന പുണ്യനഗരമാണ് ഇമാം അലിയുടെ മോസ്‌ക് സ്ഥിതിചെയ്യുന്ന നജാഫ് നഗരം. പ്രവാചകനായ മുഹമ്മദ് നബിയുടെ അനന്തിരവനായിരുന്ന ഇമാം അലിയുടെ ഖബറിടവും ഇവിടെയാണ്. ഒമ്പതാം നൂറ്റാണ്ടില്‍ സ്ഥാപിതമായ നഗരം ചരിത്ര സ്മാരകങ്ങള്‍കൊണ്ട് ശ്രദ്ധേയമാണ്. പുരാതന ബാബിലോണിയയില്‍നിന്ന് 40 കി.മീ മാത്രം അകലെ സ്ഥിതിചെയ്യുന്ന നജാഫ് നഗരം ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക മതപഠന കേന്ദ്രം, ഏറ്റവും വിസ്തൃതമായ സെമിത്തേരി എന്നിവകൊണ്ടും പ്രസിദ്ധമാണ്.
3. ഇറാഖിലെ വലിയ ഇമാം
ബാഗ്ദാദിലെ വത്തിക്കാൻ സ്ഥാനപതിയുടെ മന്ദിരത്തിൽ വെള്ളിയാഴ്ച രാത്രി വിശ്രമിച്ച പാപ്പാ രാവിലെ 45 മിനിറ്റു വിമാനയാത്രചെയ്താണ് ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 8.30-ന് തെക്കു പടിഞ്ഞാറൻ നഗരമായ നജാഫിൽ എത്തിച്ചേർന്നത്. ഷിയ മുസ്‌ലിങ്ങളുടെ ആത്മീയ നേതാവ് ആയത്തൊള്ള സയീദ് അൽ ഹുസൈനുമായുള്ള കൂടിക്കാഴ്ചയ്ക്കായി പാപ്പാ കാറിൽ 5 കി. മീ. യാത്രചെയ്ത് ചരിത്രപുരാതനമായ വലിയ ഇമാം അലിയുടെ മോസ്കിനു സമീപത്തുള്ള വസതിയിൽ എത്തിച്ചേർന്നു. മെക്കയിലെ വലിയ പള്ളിക്കും മെദീനയിലെ പ്രവാചകന്‍റെ പുണ്യസ്ഥാനത്തിനും ശേഷമുള്ള മഹാപ്രാർത്ഥനാലയമായിട്ടാണ് നജാഫിലെ വലിയപള്ളി കണക്കാക്കപ്പെടുന്നത്. ഇസ്ലാമിന്‍റെ ആദ്യവിശ്വാസികൾക്കുവേണ്ടി ഏകദേശം ക്രിസ്ത്വാബ്ദം 786-ൽ പണികഴിപ്പിച്ചതാണ് വലിയ ഇമാം അലിയുടെ പേരിലുള്ള നജാഫിലെ പുരാതന പള്ളിയെന്നു വിശ്വസിച്ചുപോരുന്നു. മദ്ധ്യപൂർവ്വദേശത്തെ വലിയ പടയോട്ടങ്ങളിൽ ഈ പള്ളി പലവട്ടം നശിപ്പിക്കപ്പെടുകയും പുനരുദ്ധരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പള്ളിയോടു ചേർന്നുള്ള വസതിയിലായിരുന്നു കൂടിക്കാഴ്ച. 91 വയസ്സുകാരൻ ഇമാം സമാധാനകാംക്ഷിയും ഇറാഖിന്‍റെ ജനായത്ത ഭരണത്തിനുള്ള നിയമങ്ങൾ കുറിച്ച പണ്ഡിതനും ജനങ്ങൾക്ക് ആത്മീയ നേതാവുമാണ്.
4. സമാധാനവഴികളിലെ തുറന്ന സംവാദം – ഇമാമും പാപ്പായും
രാവിലെ 9 മണിയോടെ എത്തിയ പാപ്പാ ഫ്രാൻസിസിനെ ഇമാം ഹാർദ്ദവമായി സ്വീകരിച്ചു. തൂടർന്ന് 45 മിനിറ്റോളം സൗഹൃദസംഭാഷണത്തിൽ ഏർപ്പെട്ടു. എപ്രകാരം ഇറാഖിൽ മതങ്ങൾ സാഹോദര്യത്തിൽ വർത്തിച്ചാൽ സമാധാനത്തിൽ ജീവിക്കാമെന്ന സമാധാനവഴികളെക്കുറിച്ച് ഇരുവരും പങ്കുവച്ചതായി, വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി വെളിപ്പെടുത്തി. മതസമൂഹങ്ങൾ തമ്മിൽ നിലനില്‍ക്കുകയും പരിപോഷിപ്പിക്കപ്പെടുകയും ചെയ്യേണ്ട സാഹോദര്യത്തെയും സൗഹൃദത്തെയും കുറിച്ച് പാപ്പാ വിശദീകരിച്ചതായും, ഇറാഖിന്‍റെ മാത്രമല്ല മാനവകുലത്തിന്‍റെ തന്നെ നന്‍മയ്ക്കും ഭദ്രതയ്ക്കുമായി മതങ്ങൾ സംവാദത്തിന്‍റേയും പരസ്പരാദരവിന്‍റേയും വഴിയിൽ ചരിക്കണമെന്നും പാപ്പാ പങ്കുവച്ചു.
എപ്രകാരം ഷിയ മുസ്ലീംങ്ങൾ ഇറാഖിൽ ഒറ്റപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തുവെന്ന് വലിയ ഇമാം ആയത്തൊള്ള വെളിപ്പെടുത്തി. അതിനാൽ ഇറാഖി ജനതയുടെ ഐക്യത്തിനായി ജീവൻ ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നൊരു സംസ്കാരം വളർത്തേണ്ടത് അനിവാര്യമാണെന്ന് വലിയ ഇമാമും പങ്കുവച്ചതായി വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി മത്തെയോ ബ്രൂണി പ്രസ്താവനയിലൂടെ അറിയിച്ചു. പാപ്പായുടെ അടുത്ത സന്ദർശന സ്ഥാനം ഇറാഖിന്‍റെ തെക്കൻ നഗരമായ നസ്സീറയയുടെ പ്രാന്തത്തിലെ ഊർ താഴ്വാരമായിരുന്നു. വലിയ ഇമാമിന്‍റെ വസതിയിൽനിന്നും നജാഫ് വിമാനത്താവളത്തിലേയ്ക്കു പാപ്പാ മടങ്ങി. അവിടെനിന്ന് ഒരു മണിക്കൂർ വിമാനയാത്രചെയ്താണ് ഊർ താഴ്വാരത്ത് മതസൗഹാർദ്ദ സമ്മേളനവേദിയിൽ പാപ്പാ എത്തിച്ചേർന്നത്.
5. പ്രാചീന നഗരാവശിഷ്ടങ്ങളുമായി ഊര്‍ പ്രദേശം
ക്രൈസ്തവ-യഹൂദ-ഇസ്ലാം മതങ്ങളുടെ പൂര്‍വ്വ പിതാവായ അബ്രഹാമിന്‍റെ ജന്മദേശമെന്ന നിലയില്‍ ഊര്‍ ബൈബിളിലെ ഉല്പത്തി പുസ്തകത്തില്‍ സവിസ്തരം പരാമര്‍ശിക്കപ്പെടുന്നുണ്ട്.
ദക്ഷിണ ഇറാഖില്‍ നസറിയ നഗരത്തില്‍നിന്ന് 24 കി.മീ ദൂരെയാണ് ഊര്‍. പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ മുമ്പ് സുമേറിയയുടെ തലസ്ഥാനമായിരുന്ന ഊര്‍ യൂഫ്രട്ടീസ്-ടൈഗ്രിസ് നദീതട സംസ്‌ക്കാരത്തിന്‍റെ ഈറ്റില്ലമായി കണക്കാക്കപ്പെടുന്നു.
6. മതസൗഹാർദ്ദ സമ്മേളന വേദിയിൽ
ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 11.10-ന് പാപ്പാ എത്തിച്ചേർന്നു.
അറബിയിലുള്ള ആമുഖഗീതിയോടെ ആരംഭിച്ചു.
അബ്രഹാമിന്‍റെ ചരിത്രം പറയുന്ന ഉല്പത്തി പുസ്തകത്തിൽനിന്നും ആലപിക്കുകയുണ്ടായി.
തുടർന്ന് ഖൊറാനിൽനിന്നും സാഹോദര്യത്തെ സംബന്ധിച്ച ഒരു ഭാഗം ഉറക്കെ ഓതുകയുണ്ടായി.
രണ്ടു യുവാക്കൾ ഇറാക്കിലെ സാമൂഹ്യചുറ്റുപാടുകളെ സംബന്ധിച്ച അവരുടെ ജീവിസാക്ഷ്യം പങ്കുവച്ചത് ഹൃദയസ്പർശിയായിരുന്നു.
യുദ്ധവും ഭീകരതയും എപ്രകാരം സാഹോദര്യവും സമാധാനവും ഭാവിയുമില്ലാത്തൊരു ജീവിതത്തിനു കാരുണമാക്കുന്നുവെന്ന് ഇരുവരും പങ്കുവച്ചു.
തുടർന്ന് ഒരു ഇറാഖി മുസ്ലിംസ്ത്രീയുടെ സാക്ഷ്യമായിരുന്നു. എപ്രകാരം സ്ത്രീകൾ ഇറാഖിൽ നീറുകയും അസ്വാതന്ത്ര്യം അനുഭവിക്കുന്നുവെന്ന് വെളിപ്പെടുത്തുന്നതായിരുന്നു സബീയ മാണ്ഡ്യായുടെ പങ്കുവയ്ക്കൽ.
പാപ്പായുടെ പ്രഭാഷണം (3)
(പ്രഭാഷണത്തിന്‍റെ വരികൾ ചേർത്തിട്ടില്ല).
അതിനുശേഷം അബ്രഹാമിന്‍റെ സന്തതികളുടെ പ്രാർത്ഥന
വേദിയിൽ പരസ്യമായി വായിച്ചു.
6. അബ്രഹാമിന്‍റെ സന്തതികളുടെ പ്രാർത്ഥന
സർവ്വശക്തനായ ദൈവമേ, ഞങ്ങളുടെ സ്രഷ്ടാവേ,
അങ്ങയുടെ എല്ലാ കരവേലകളേയും മാനകുടുംബത്തേയും അങ്ങു സ്നേഹിക്കുന്നു. യഹൂദരും ക്രിസ്ത്യാനികളും മുസ്‌ലീങ്ങളുമായ അബ്രഹാമിന്‍റെ സന്തതികൾ എന്ന നിലയിൽ മറ്റു വിശ്വാസികളും സന്മനസ്സുള്ളവരുമായ എല്ലാ വ്യക്തികൾക്കുമൊപ്പം, ഉൽകൃഷ്ടവും പ്രിയങ്കരവുമായ ഈ ദേശത്തിന്‍റെ വിശിഷ്ട പുത്രരായി, വിശ്വാസത്തിന്‍റെ പിതാവായി അബ്രഹാമിനെ ഞങ്ങൾക്കു നല്‍കിയതിന് അങ്ങേയ്ക്കു നന്ദിപറയുന്നു. ഞങ്ങളുടെയും, ഞങ്ങളുടെ പിതാവായ അബ്രഹാമിന്‍റെയും ദൈവമായ അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു. കരുത്തുറ്റ വിശ്വാസം, സൽപ്രവൃത്തികൾകൊണ്ട് സമൃദ്ധമായ വിശ്വാസം, അങ്ങയോടു ഞങ്ങളുടെ ഹൃദയം തുറക്കുന്ന വിശ്വാസം, എല്ലാ സാഹചര്യങ്ങളിലും അവിടുന്നു നല്കുന്ന വാഗ്ദാനങ്ങളോടു അവിടുന്നു പാലിക്കുന്ന വിശ്വസ്തത തിരിച്ചറിയാൻ പ്രാപ്തിയുള്ള അളവറ്റ വിശ്വാസം ഞങ്ങൾക്ക് നല്കണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ദരിദ്രരും ദുർബലരുമായവരോടും, വിധവകളും അനാഥരുമായവരോടും അഭയാർത്ഥികളും ദേശഭ്രഷ്ടരുമായവരോടും പ്രത്യേകിച്ച് അങ്ങയുടെ സ്നേഹമയമായ കരുതലിന് സാക്ഷ്യംവഹിക്കുവാൻ ഞങ്ങളെ ഓരോരുത്തരെയും ഒരുക്കണമേ, ഞങ്ങളെ പ്രാപ്തരാക്കണമേ! മരിച്ചുപോയ എല്ലാവരെയും, പ്രത്യേകിച്ച് യുദ്ധത്തിനും അക്രമങ്ങൾക്കും ഇരയായി ജീവൻവെടിഞ്ഞവരെ അങ്ങയുടെ സ്വർഗ്ഗീയ സമാധാനത്തിലേയ്ക്കും നിത്യപ്രകാശത്തിലേയ്ക്കും ആനയിക്കേണമേ!
സമാപനഗാനം ആലപിക്കവേ, പാപ്പാ എല്ലാവരെയും അഭിവാദ്യംചെയ്തശേഷം വേദിവിട്ടിറങ്ങി. ബാഗ്ദാദിലേയ്ക്കു മടങ്ങുന്നതിന് നസ്സീറിയ വിമാനത്താവളത്തിലേയ്ക്കു പുറപ്പെട്ടു. ഇതോടെ രണ്ടാം ദിവസം ശനിയാഴ്ചത്തെ പരിപാടികളുടെ റിപ്പോർട്ട് ഉപസംഹരിക്കുകയാണ്.
7. സഭാ നേതൃത്വവുമായുള്ള കൂടിക്കാഴ്ച ബാഗ്ദാദിൽ
ആദ്യദിവസം വെള്ളിയാഴ്ചത്തെ റിപ്പോർട്ടിൽ ബാക്കി നില്ക്കുന്ന ഒരു പരിപാടിയാണ് – മെത്രാന്‍മാരും വൈദികരും സന്ന്യസ്തരുമായുള്ള കൂടിക്കാഴ്ച. ബാഗ്ദാദിൽ രാഷ്ട്രത്തലവന്മാരുമായുള്ള പരിപാടികൾക്കുശേഷം വത്തിക്കാൻ സ്ഥാനപതിയുടെ ഭവനത്തിൽ ഉച്ചയ്ക്ക് അല്പസമയം വിശ്രമിച്ച പാപ്പാ വൈകുന്നേരം 4 മണിക്ക് 2010-ലെ ഭീകരാക്രമണത്തില്‍ രണ്ടു വൈദികരുള്‍പ്പെടെ 58 വിശ്വാസികള്‍ ജീവന്‍ ബലികഴിച്ച “രക്ഷാകര നാഥ”യുടെ കത്തീഡ്രൽ ദേവാലയത്തിലേയ്ക്കു പുറപ്പെട്ടു. - സൈദാത് അൽ-നെജാത്, Our Lady of Salvation ദേവാലയത്തിൽ അനുസ്മരണ പ്രാര്‍ത്ഥന നടത്തിക്കൊണ്ട് ഇറാഖിലെ മെത്രാന്‍മാരെയും വൈദികരെയും സന്ന്യസ്തരെയും സെമിനാരി വിദ്യാർത്ഥികളെയും പാപ്പാ ഫ്രാൻസിസ് അഭിസംബോധനചെയ്യുകയുണ്ടായി. ജനങ്ങൾ പുഷ്പവൃഷ്ടിയോടും കൊട്ടുംകുരവയോടുംകൂടെയാണ് പാപ്പായെ വരവേറ്റത്. ഇറാഖിലെ ലത്തീൻ കത്തോലിക്കാ സഭാദ്ധ്യക്ഷനും ബാഗ്ദാദിലെ മെത്രാപ്പോലീത്തയുമായ കർദ്ദിനാൾ ലൂയി സാഖോ ദേശീയ സഭയുടേയും വിശ്വാസികളുടേയും പേരിൽ പാപ്പായ്ക്ക് സ്വാഗതം ആശംസിച്ചു.
പാപ്പായുടെ പ്രഭാഷണം (2)
(പ്രസംഗം വരികൾ ചേർത്തിട്ടില്ല).
പ്രഭാഷണാന്തരം സഭാദ്ധ്യക്ഷന്മാരുമായി പാപ്പാ സമ്മാനങ്ങൾ കൈമാറി.
തുടർന്ന് സ്വർഗ്ഗസ്ഥനായ പിതാവേ, എന്ന പ്രാർത്ഥന ചൊല്ലിയശേഷം
അപ്പസ്തോലിക ആശീർവ്വം നല്കിക്കൊണ്ടാണ് പാപ്പാ കൂടിക്കാഴ്ച ഉപസംഹരിച്ചത്.
പാപ്പാ ഫ്രാൻസിസിന്‍റെ ഇറാഖ് പര്യടനം - രണ്ടാം ദിവസത്തെയും ആദ്യദിവസം ഉച്ചതിരിഞ്ഞു നടന്ന പരിപാടികളുടെ റിപ്പോർട്ട്.