തിരയുക

കർദ്ദിനാൾ പരോളിനുമായി അഭിമുഖം കർദ്ദിനാൾ പരോളിനുമായി അഭിമുഖം 

സാന്ത്വനവും പിൻതുണയും മതസൗഹാർദ്ദവുമായി പാപ്പാ ഇറാഖിലേയ്ക്ക്...

പാപ്പായ്ക്കൊപ്പം ഇറാഖു സന്ദർശിക്കുന്ന കർദ്ദിനാൾ പിയെത്രോ പരോളിനുമായി ഒരഭിമുഖം.

- ഫാദർ വില്യം  നെല്ലിക്കൽ 

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി, കർദ്ദിനാൾ പിയെത്രോ പരോളിൻ വത്തിക്കാൻ റേഡിയോയുടെയും വാർത്താവിഭാഗങ്ങളുടെയും തലവൻ, മാക്സിമില്യാനോ മനിക്കേത്തിയുമായി മാർച്ച 1-ന് ഞായറാഴ്ച നടത്തിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ :

സാന്ത്വനം
ആദ്യമായി, യുദ്ധവും കലാപവും കീറിമുറിച്ച ഇറാഖിന്‍റെ സാമൂഹികാന്തരീക്ഷത്തിൽ അവിടത്തെ പുരാതന കത്തോലിക്കാ ക്രൈസ്തവ സമൂഹങ്ങൾക്ക് സാന്ത്വനംപകരുകയാണ് പാപ്പായുടെ സന്ദർശനത്തിന്‍റെ പ്രഥമ ലക്ഷ്യമെന്ന് കർദ്ദിനാൾ പരോളിൻ ആമുഖമായി പ്രസ്താവിച്ചു. ആയിരങ്ങളുടെ ജീവൻ നഷ്ടമാവുകയും, സ്വന്തമായതൊക്കെ ഉപേക്ഷിക്കു കയും ചെയ്യേണ്ടിവന്ന  ഒരു ജനസഞ്ചയമാണ് ഇറാഖിലേതെന്നും, അതിനാൽ അവരെ പിൻതുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും കർദ്ദിനാൾ പരോളിൻ വ്യക്തമാക്കി.

പിൻതുണ
കലാപങ്ങൾ ശാന്തമായതോടെ പീഡിതരായവർ മെല്ലെ ജീവിതം പുനരാവിഷ്ക്കരിക്കുകയാണെന്നും, അതിനാൽ ഓരോരുത്തർക്കും ഓരോ സമൂഹത്തിനും അവരവർ അർഹിക്കുന്ന സ്ഥാനം ലഭിക്കണമെങ്കിൽ അവിടെ കടന്നുകൂടിയിട്ടുള്ള അഴിമതിയും ഭൗതികവാദവും ഇല്ലാതാക്കി, അതിനെ പുനർനിർമ്മിക്കുവാൻ പിൻതുണയ്ക്കുന്നതിന്  ഈ സന്ദർശനം അത്യന്താപേക്ഷിതമാണെന്ന് കർദ്ദിനാൾ പരോളിൻ വ്യക്തമാക്കി.

മതസൗഹാർദ്ദം
പുരാതന മതങ്ങളുടെ പിള്ളത്തൊട്ടിലായ ഇറാഖിൽ മതവിശ്വാസികൾ ഒത്തൊരുമിച്ചും മതസൗഹാർദ്ദത്തിലും ജീവിക്കേണ്ടത് അനിവാര്യമാണെന്ന് കർദ്ദിനാൾ പരോളിൻ ചൂണ്ടിക്കാട്ടി. മതങ്ങൾ സമാധാനത്തിനാണെന്നും, നാം എല്ലാവരും സഹോദരങ്ങളാണെന്നും, പ്രത്യേകിച്ച് അവിടെ ഭൂരിപക്ഷമായ ഇസ്ലാം മതസ്ഥരോടു ഐക്യദാർഢ്യത്തോടെ ജീവിക്കേണ്ടതാണെന്നും ചിന്തിക്കുവാൻ  പാപ്പായുടെ സന്ദർശനം സഹായകമാകും.  അങ്ങനെ സാഹോദര്യത്തിന്‍റേയും സമാധാനത്തിന്‍റേയും സന്ദേശം പങ്കുവച്ചുകൊണ്ടാണ് ചരിത്രപുരാതനമായ നാട്ടിലേയ്ക്ക് പാപ്പാ ഫ്രാൻസിസ് ഈ സന്ദർശനം നടത്തുന്നതെന്ന് കർദ്ദിനാൾ വെളിപ്പെടുത്തി. 

പാപ്പായ്ക്കൊപ്പം മാർച്ച് 5-ന്  കർദ്ദിനാൾ പരോളിനും ഇറാക്കിലേയ്ക്ക് യാത്രചെയ്യും.  

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 മാർച്ച് 2021, 14:46