തിരയുക

അബ്രഹാമിന്‍റെ സന്തതികൾ അബ്രഹാമിന്‍റെ സന്തതികൾ  

അബ്രഹാമിന്‍റെ സന്തതികളുടെ പ്രാർത്ഥന

ഊർ - ഇറാക്കിൽ മാർച്ച് 6-ന് പാപ്പാ ഫ്രാൻസിസ് നയിച്ച മതസൗഹാർദ്ദ സംഗമവേദിയിൽ ഉപയോഗിച്ച പ്രാർത്ഥന : അറബി ശബ്ദരേഖയോടെ...

- ഫാദർ വില്യം  നെല്ലിക്കൽ 

അബ്രഹാമിന്‍റെ സന്തതികളുടെ പ്രാർത്ഥന

 

1. സർവ്വശക്തനായ ദൈവമേ, ഞങ്ങളുടെ സ്രഷ്ടാവേ,
അങ്ങയുടെ എല്ലാ കരവേലകളേയും മാനകുടുംബത്തേയും
അങ്ങു സ്നേഹിക്കുന്നു.

2. യഹൂദരും ക്രിസ്ത്യാനികളും മുസ്‌ലീങ്ങളുമായ അബ്രഹാമിന്‍റെ സന്തതികൾ എന്ന നിലയിൽ മറ്റു വിശ്വാസികളും സന്മനസ്സുള്ളവരുമായ എല്ലാ വ്യക്തികൾക്കുമൊപ്പം, ഉൽകൃഷ്ടവും പ്രിയങ്കരവുമായ ഈ ദേശത്തിന്‍റെ വിശിഷ്ട പുത്രനായി, വിശ്വാസത്തിന്‍റെ പിതാവായി അബ്രഹാമിനെ ഞങ്ങൾക്കു നല്‍കിയതിന് അങ്ങേയ്ക്കു നന്ദിപറയുന്നു.

3. തനിക്ക് അജ്ഞാതമായ ഒരു ദേശത്തേയ്ക്ക് തന്‍റെ കുടുംബത്തേയും ഗോത്രത്തേയും ജന്‍മനാടിനേയും ഉപേക്ഷിച്ച് അങ്ങയെ പൂർണ്ണമായും അനുസരിച്ച് യാത്ര പുറപ്പെട്ട അബ്രഹാമിന്‍റെ മാതൃകയ്ക്ക് ഞങ്ങൾ അങ്ങയോട് നന്ദിപറയുന്നു.

4.ഞങ്ങളുടെ സമാന വിശ്വാസത്തിന്‍റെ പിതാവായ അബ്രാഹത്തെ മാതൃകയായി ഞങ്ങൾക്കു നല്കിയ ആത്മബലത്തിനും ധൈര്യത്തിനും അപരാജിതത്വത്തിനും ഉദാരതയ്ക്കും ആതിഥേയത്വത്തിനും കൂടെ ഞങ്ങൾ അങ്ങേയ്ക്ക് നന്ദിപറയുന്നു.

5. അങ്ങയുടെ ആജ്ഞ ആനുസരിച്ച് തന്‍റെ മകനെപ്പോലും ബലിയർപ്പിക്കുവാൻ സന്നദ്ധത കാണിച്ച അദ്ദേഹത്തിന്‍റെ വീരോചിതമായ വിശ്വാസത്തിന് അങ്ങേയ്ക്കു ഞങ്ങൾ പ്രത്യേകമായി നന്ദിപറയുന്നു.

6. കരുണാമയനും എല്ലാം പുതുതായി ആരംഭിക്കുവാനുള്ള അവസരം എപ്പോഴും നല്കുന്നവനുമായ അങ്ങിൽ അബ്രാഹാം സർവ്വാത്മനാ വിശ്വാസമർപ്പിച്ചിരുന്നതിനാൽ, അത് തീവ്രമായ ഒരു പരീക്ഷണമായിരുന്നുവെന്ന് ഞങ്ങൾക്ക് അറിയാമെങ്കിലും അദ്ദേഹം അതിലും വിജയിയായി ഉയർന്നു.

7. ഞങ്ങളുടെ പിതാവായ അബ്രാഹത്തെ അവിടുന്ന് അനുഗ്രഹിച്ചതിനാൽ എല്ലാ ജനതകൾക്കും അദ്ദേഹം ഒരു അനുഗ്രഹമായി ഭവിച്ചതിനും ഞങ്ങൾ അങ്ങേയ്ക്കു നന്ദിയർപ്പിക്കുന്നു.

8. ഞങ്ങളുടെയും ഞങ്ങളുടെ പിതാവായ അബ്രഹാമിന്‍റെയും ദൈവമായ അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു : കരുത്തുറ്റ വിശ്വാസം, സൽപ്രവൃത്തികൾകൊണ്ട് സമൃദ്ധമായ വിശ്വാസം, അങ്ങയോടു ഞങ്ങളുടെ ഹൃദയം തുറക്കുന്ന വിശ്വാസം, എല്ലാ സാഹചര്യങ്ങളിലും അവിടുന്നു നല്കുന്ന വാഗ്ദാനങ്ങളോടു അവിടുന്നു പാലിക്കുന്ന വിശ്വസ്തത തിരിച്ചറിയാൻ പ്രാപ്തിയുള്ള അളവറ്റ വിശ്വാസം ഞങ്ങൾക്ക് നല്കണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

9. ദരിദ്രരും ദുർബലരുമായവരോടും, വിധവകളും അനാഥരുമായവരോടും അഭയാർത്ഥികളും ദേശഭ്രഷ്ടരുമായവരോടും പ്രത്യേകിച്ച് അങ്ങയുടെ സ്നേഹമയമായ കരുതലിന് സാക്ഷ്യംവഹിക്കുവാൻ ഞങ്ങളെ ഓരോരുത്തരെയും ഒരുക്കണമേ, ഞങ്ങളെ പ്രാപ്തരാക്കണമേ!

10. മരിച്ചുപോയ എല്ലാവരെയും, പ്രത്യേകിച്ച് യുദ്ധത്തിനും അക്രമങ്ങൾക്കും ഇരയായി ജീവൻവെടിഞ്ഞവരെ അങ്ങയുടെ സ്വർഗ്ഗീയ സമാധാനത്തിലേയ്ക്കും നിത്യപ്രകാശത്തിലേയ്ക്കും ആനയിക്കേണമേ!

11. അങ്ങയുടെ ഔദാര്യത്തിന്‍റേയും നന്‍മയുടേയും അടയാളമായി ഞങ്ങൾക്കെല്ലാവർക്കുമായി നല്കിയ ഞങ്ങളുടെ പൊതുഭവനമായ ഭൂമിയെ പരിപാലിക്കുവാൻ ഞങ്ങളെ സഹായിക്കണമേ.

12. ഈ രാജ്യത്തിന്‍റെ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന  ഞങ്ങളുടെ കരങ്ങളെ അവിടുന്ന് നയിക്കണമേ. തങ്ങളുടെ ഭവനങ്ങളും നാടുകളും പിന്നിൽ ഉപേക്ഷിച്ച് പോകാൻ നിർബന്ധിതരായവരെ സഹായിക്കുവാൻ ആവശ്യമായ കരുത്ത് ഞങ്ങൾക്കു നല്കണമേ. അന്തസ്സോടെയും സുരക്ഷിതരായും തിരിച്ചെത്തി, പ്രശാന്തവും ഐശ്വര്യപൂർണ്ണവുമായ ഒരു പുതുജീവിതം ആരംഭിക്കുവാൻ അവരെ പ്രാപ്തരാക്കണമേ!
ആമേൻ.
 

06 March 2021, 16:25