തിരയുക

അതിക്രമങ്ങൾക്ക് വിധേയയാക്കപ്പെടുന്ന സ്ത്രീമുഖം. അതിക്രമങ്ങൾക്ക് വിധേയയാക്കപ്പെടുന്ന സ്ത്രീമുഖം.  

"ക്രിസ്തു ജീവിക്കുന്നു”: അക്രമണങ്ങൾക്കിരയാകുന്ന യുവജനം

"Christus vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു”എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 74 ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

മൂന്നാം അദ്ധ്യായം

നിങ്ങൾ ദൈവത്തിന്റെ "ഇപ്പോൾ" ആകുന്നു

മൂന്നാമത്തെ അദ്ധ്യായം ഇന്നത്തെ യുവജനങ്ങളുടെ അവസ്ഥ വിവരിക്കുന്നു: അനേകം യുവജനങ്ങൾ പ്രത്യയശാസ്ത്രങ്ങളാൽ പിടിക്കപ്പെടുന്നു. മറ്റുള്ളവരെ നശിപ്പിക്കാനോ ഭയപ്പെടുത്താനോ പരിഹസിക്കാനോ അവരെ ഉപയോഗിക്കുന്നു. അവരിൽ അനേകർ വ്യക്തി പ്രാധാന്യവാദികളായി തീരുന്നു. മറ്റുള്ളവരോടു ശത്രുതയോ അവിശ്വസ്ഥതയോ കാണിക്കുന്നു. അവർ അങ്ങനെ രാഷ്ടീയ ഗ്രൂപ്പുകളുടേയും സാമ്പത്തിക ശക്തികളുടേയും മൃഗീയവും നാശോന്മുഖവുമായ തന്ത്രങ്ങൾക്ക് എളുപ്പമുള്ള ലക്ഷ്യമായി തീരുന്നു. കുടിയേറ്റക്കാരുടെ നിസ്സഹായത, ദുരുപയോഗിക്കപ്പെട്ട ഇരകൾ എന്നിങ്ങനെയുള്ള കറുത്ത പാടുകൾക്ക് മദ്ധ്യേയും തന്റെ സഭയെ ഒരിക്കലും ഉപേക്ഷിക്കാത്ത കർത്താവായ യേശുവിലേക്ക്" ഈ അദ്ധ്യായം വിരൽചൂണ്ടുന്നു.

74. മതത്തിന്റെയും വംശത്തിന്റെയും സമ്പത്തിന്റെയും പേരിൽ പാർശ്വവൽക്കരിക്കപ്പെടുകയും സാമൂഹികമായി ഒഴിവാക്കപ്പെടുകയും ചെയ്യുന്ന ചെറുപ്പക്കാർ അസംഖ്യമാണ്. ഗർഭിണികളായി തീരുന്ന കൗമാരപ്രായക്കാരായ യുവതികളെയും, ഗർഭഛിദ്രം എന്ന കഠോരയാതനയെയും, എച്ച്ഐവിയുടെ വ്യാപനത്തെയും, ആസക്തിയുടെ വിവിധ രൂപങ്ങളെയും (മയക്കുമരുന്ന്, പന്തയംവച്ചുള്ള കളികൾ, അശ്ലീലസാഹിത്യം മുതലായവ) വീടും കുടുംബവും സാമ്പത്തിക വിഭവങ്ങളും ഇല്ലാത്ത തെരുവ് കുട്ടികളെയും നമുക്ക് മറക്കാതിരിക്കാം. സ്ത്രീകളുടെ കാര്യത്തിൽ ഈ അവസ്ഥകൾ ഇരുമടങ്ങ് വേദനാജനകവും ക്ലേശകരവുമാണ്. (കടപ്പാട്. പി.ഒ.സി. പ്രസിദ്ധീകരണം).

മതത്തിന്റെ പേരിൽ ആക്രമണങ്ങൾ

മതവിശ്വാസങ്ങളുടെ പേരിലുള്ള വിവേചനങ്ങൾ ഇന്നത്തെ കാലത്തിന്റെ ഒരു വലിയ കുറവാണെന്നു മനസ്സിലാക്കാൻ വലിയ പ്രശ്നങ്ങളില്ല. ആധുനീകരെന്നു അഹങ്കരിക്കുമ്പോഴും മതവിശ്വാസത്തിലെ തീവ്രവാദ മനസ്ഥിതി ഇന്നും നൂറ്റാണ്ടുകൾക്കു പിന്നിലാണെന്ന് അതിന്റെ പേരിൽ നടക്കുന്ന യുദ്ധങ്ങളിലും, കൊലപാതകങ്ങളിലും, വിവേചനങ്ങളിലും നിന്ന് നമുക്ക് തിരിച്ചറിയാൻ പ്രയാസമില്ല. പാകിസ്ഥാനിലെ ആഷാബീബിയുടെ കാര്യത്തിലായാലും, ഈജിപ്തിൽ കൊലചെയ്യപ്പെട്ട ക്രൈസ്തവരുടെ കാര്യത്തിലായാലും, ഇന്ത്യയിൽ ഒറീസ്സയിലും, ഗുജറാത്തിലും നടന്ന അക്രമങ്ങളുടെ കാര്യത്തിലാണെങ്കിലും വിശ്വാസങ്ങളുടെ പേരിൽ നടക്കുന്ന വിവേചനങ്ങൾ നിരവധിയാണ്.

2008 ആഗസ്റ്റ് മാസം ഒറീസ്സയിൽ മതമൗലീക വാദികൾ ക്രൈസ്തവർക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. ഭയാനകമായിരുന്നു അതിന്റെ പരിണതഫലം. 120 പേർ കൊല്ലപ്പെടുകയും 56000 വിശ്വാസികൾ നിർബന്ധിത പാലായനം നടത്തേണ്ടി വരികയും, 415 ഗ്രാമങ്ങളിലായി 8000ത്തോളം വീടുകൾ തീയിട്ട് നശിപ്പിക്കുകയും കൊള്ളയടിക്കുകയും, 40ഓളം സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും, 12000 ത്തോളം കുട്ടികളെ മാറ്റിപ്പാർപ്പിച്ച് അവരുടെ പഠനം തടസ്സപ്പെടുത്തുകയും ചെയ്തു.

ഇന്ത്യയിലെ മതത്തിന്റെ പേരിൽ നടന്ന അക്രമങ്ങളിൽ 2005 മുതൽ 2009 വരെ, ഓരോ വർഷവും ശരാശരി 130 പേർ മരിച്ചു അതായത് ഒരു ലക്ഷം ജനസംഖ്യയിൽ 0.01 മരണങ്ങളാണ് സംഭവിച്ചത്. പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്കായി പ്രാർത്ഥിക്കുവാന്‍ ആവശ്യപ്പെട്ടു കൊണ്ട്  2019, മാർച്ച് 5ആം തിയതി ഫ്രാന്‍സിസ് പാപ്പാ നല്‍കിയ  വീഡിയോ സന്ദേശത്തില്‍ ക്രൈസ്തവർ പീഡനത്തിന് വിധേയരാക്കപെടുന്നത് അവർ സത്യം പറയുന്നത് കൊണ്ടും ക്രിസ്തുവിനെ സമൂഹത്തിൽ പ്രഘോഷിക്കുന്നതും കൊണ്ടുമാണെന്നും വ്യക്തമാക്കി. വിശ്വസിക്കാൻ ഒന്നാം നൂറ്റാണ്ടുകളേക്കാൾ കൂടുതൽ രക്തസാക്ഷികൾ ഇന്ന് ഉണ്ടെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. മതസ്വാതന്ത്ര്യം ഉറപ്പില്ലാത്ത രാജ്യങ്ങളിലും അവകാശങ്ങൾ "സിദ്ധാന്തത്തിലും കടലാസിലും" മാത്രം സംരക്ഷിക്കപ്പെടുന്ന സ്ഥലങ്ങളിലുമാണ് മതപീഡനങ്ങള്‍ സംഭവിക്കുന്നതെന്നും പാപ്പാ വെളിപ്പെടുത്തി.

സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ

പാപ്പാ ചൂണ്ടികാണിക്കുന്ന മറ്റൊരു തിന്മ സ്ത്രീകൾക്കെതിരെ തുടരുന്ന അതിക്രമങ്ങളാണ്. 2020 നവംബറിൽ ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ കണക്കനുസരിച്ച് അനുദിനം 137 സ്ത്രീകൾ സ്വന്തം കുടുംബാംഗങ്ങളാൽ കൊല്ലപ്പെടുന്നു. ലോക മനുഷ്യക്കടത്തിന്റെ ഇരകളിൽ പകുതിയും യുവതികളാണ്. ആഗോളതലത്തിൽ മൂന്നിൽ ഒരു ഭാഗം സ്ത്രീകൾ ശാരീരിക ലൈംഗീക അക്രമണങ്ങൾക്ക് ഇരകളാണ്. 15നും 19 നുമിടയിൽ പ്രായമുള്ള 15 ദശലക്ഷം യുവതികൾ നിർബന്ധിത ലൈംഗീക ബന്ധത്തിന് വിധേയരാക്കപ്പെട്ടിട്ടുണ്ട്. 155 രാജ്യങ്ങൾ ഗാർഹിക അതിക്രമങ്ങൾക്കെതിരെ നിയമങ്ങൾ അംഗീകരിച്ചിട്ടുണ്ട്. 140 രാജ്യങ്ങൾ  ജോലി സ്ഥലത്തെ ലൈംഗികാതിക്രമങ്ങൾക്കെതിരെ നിയമനിർമ്മാണം നടത്തിയിട്ടുണ്ട്. എന്നാൽ ഇവയെല്ലാം അന്തർദേശീയ മാനദണ്ഡങ്ങളും നിർദ്ദേശങ്ങളുമായി ഒത്തു പോകുന്നുവെന്നും, പാലിക്കപ്പെടുന്നുണ്ടെന്നും, പ്രാബല്യത്തിലാണെന്നും  അർത്ഥമില്ല.

പാപ്പായുടെ ആഗോള പ്രാർത്ഥനാ ശൃംഖല പുറത്തിറക്കുകയും,  കത്തോലിക്കാ സഭയ്ക്ക്  മുഴുവനുമായി നൽകിയ  ഫെബ്രുവരി മാസത്തെ പാപ്പായുടെ പ്രാർത്ഥന നിയോഗത്തിൽ അനുദിനം ആയിരമായിരം സ്ത്രീകൾ അനുഭവിക്കുന്ന മാനസീക, വാചീക, ശാരീരിക, ലൈംഗീക അതിക്രമങ്ങൾക്കെതിരെ ഫ്രാൻസിസ് പാപ്പാ പങ്കുവച്ച വളരെ ശക്‌തമായ സന്ദേശം ഇവിടെ പ്രസക്തമാണ്. മനുഷ്യകുലത്തിന്റെ തന്നെ അധ:പതനമായാണ്  സ്ത്രീകൾക്കെതിരെ നടക്കുന്ന  അതിക്രമങ്ങളെയും ചൂഷണങ്ങളെയും പാപ്പാ അപലപിച്ചത്. സ്ത്രീകളെ സമൂഹം സംരക്ഷിക്കണമെന്നും അവരുടെ കഷ്ടതകൾക്ക് എല്ലാവരും ചെവികൊടുക്കണമെന്നും പാപ്പാ വീഡിയോ സന്ദേശത്തിൽ ആവശ്യപ്പെട്ടു.

പ്രസിദ്ധനായ ഇറ്റാലിയൻ ചിത്രകാരനും ആനിമേഷൻ ചിത്രകലയുടെ പ്രൊഫസറുമായ ഹെർമെസ് മഞ്ചലാർദോയുടെ  ആനിമേഷൻ ചിത്രങ്ങളിലൂടെയാണ് സ്ത്രീകൾക്കെതിരെയുള്ള ഈ ദുരന്തം മനുഷ്യകുലത്തിനു മുന്നിൽ കൊണ്ടുവരാൻ പാപ്പായുടെ ഈ വീഡിയോ ശ്രമിച്ചിരിക്കുന്നത്. അതിക്രമത്തിന് വിധേയയായ ഒരു സ്ത്രീ അവളുടെ ധൈര്യം കൊണ്ടും സമൂഹത്തിന്റെ സഹായത്തോടെയും ചൂഷണങ്ങളുടെ തടവറയിൽ നിന്ന് രക്ഷപ്പെടുന്നതിന്റെ ചിത്രീകരണത്തിലൂടെ ആയിരുന്നു പാപ്പാ തന്റെ സന്ദേശം അവതരിപ്പിച്ചത്. സ്ത്രീകളെ മർദ്ദിക്കുന്നതും, അപവാദപ്പെടുത്തുന്നതും, ബലാൽക്കാരത്തിന് വിധേയരാക്കുന്നതും  ഞെട്ടിക്കുന്ന യാഥാർത്ഥ്യമാണെന്ന് പാപ്പാ പറഞ്ഞു.

കുട്ടികളുടെ നേരേ നടക്കുന്ന ആക്രമണങ്ങൾ

വീടും കുടുംബവും സാമ്പത്തിക വിഭവങ്ങളും ഇല്ലാത്ത തെരുവ് കുട്ടികളെയും നമുക്ക് മറക്കാതിരിക്കാം എന്ന് പ്രബോധനത്തിന്റെ 74 ആം ഖണ്ഡികയിൽ പാപ്പാ പറയുന്നു.  ആധുനീക  ലോകത്തിൽ യുദ്ധം, പട്ടിണി, പ്രക്യതിക്ഷോഭം, വിദ്യാഭ്യാസ രാഹിത്യം തുടങ്ങി അനവധി ദുരന്തങ്ങൾ കുട്ടികളുടെ ജീവിതത്തെ വേട്ടയാടുന്നു. ഇതിനുദാഹരണമാണ് കുട്ടികളടക്കം നിരവധിപേരെ മരണത്തിലേക്ക് നയിക്കുന്ന, പതിറ്റാണ്ടുകളായി തുടരുന്ന സിറിയയിലെ  സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യൂണിസെഫ് നൽകുന്ന കണക്കുകൾ ജനുവരി 24ന് യൂണിസെഫ് ഇറക്കിയ പ്രത്യേക പ്രസ്താവനയിൽ ഈ വർഷം ആരംഭിച്ചിട്ട് ഒരു മാസത്തിനുള്ളിൽതന്നെ ഏകദേശം 22 കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ദീർഘകാലമായി തുടരുന്ന ആക്രമണങ്ങൾ മൂലം രാജ്യത്തെ പകുതിയിലധികം കുട്ടികൾക്കു ഇന്ന് വിദ്യാഭ്യാസം അന്യമാണെന്നും ചൂണ്ടിക്കാണിച്ചു. സിറിയയ്ക്കുള്ളിൽ തന്നെ 2.4 ദശലക്ഷം കുട്ടികൾ വിദ്യാലയങ്ങളിൽ നിന്ന് പുറത്താണെന്നും അതിൽ 40 ശതമാനത്തോളം പെൺകുട്ടികളാണെന്നും വ്യക്തമാക്കുന്നു.

ദാരിദ്രര്യം

ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികളിൽ ഒന്നാണ് ദാരിദ്ര്യം. സമീപ വർഷങ്ങളിൽ, ലോകം വികസനങ്ങളുടെ കാര്യത്തിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തി. എന്നിട്ടും 700 ദശലക്ഷത്തിലധികം ആളുകൾ ഇപ്പോഴും കടുത്ത ദാരിദ്ര്യത്തിലാണ് കഴിയുന്നത്. കുട്ടികളെയാണ്  ഇത് കൂടുതൽ ബാധിക്കുന്നത്. ആഗോള ജനസംഖ്യയുടെ മൂന്നിലൊന്ന് ദരിദ്രരാണെങ്കിലും, പ്രതിദിനം വെറും138 രൂപാ താഴെ മാത്രം വേദനം കൊണ്ട് പാടുപെടുന്നവരാണ്. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികൾക്ക് പലപ്പോഴും ഭക്ഷണം, ശുചിത്വം, പാർപ്പിടം, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം എന്നിവ അന്യമാകുന്നു. ലോകമെമ്പാടും, ഏകദേശം ഒരു ബില്ല്യൺ കുട്ടികൾ ബഹുവിധ ദരിദ്രരാണ്, അതായത് പോഷകാഹാരം അല്ലെങ്കിൽ ശുദ്ധജലം പോലുള്ള അടിസ്ഥാന ആവശ്യങ്ങൾക്കുപോലും ബുദ്ധിമുട്ടുന്നു. COVID-19 മൂലം 150 ദശലക്ഷത്തിലധികം കുട്ടികൾ കൊടും ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടു.  ഈ ദാരിദ്ര്യമനുഭവിക്കുന്ന കുട്ടികൾ തന്നെയല്ലേ നാളത്തെ യുവതലമുറ?. ദാരിദ്രര്യത്തിന്റെ ബാല്യകാല സ്മരണകൾ ഇവരെ സമൂഹത്തെ എങ്ങനെ കാണാനാണ് പ്രേരിപ്പിക്കുക?

ഗർഭചിദ്രം, എയ്ഡ്‌സ് ബാധ, അശ്ലീല ലോകം

കണക്കുകൾ വിശകലനം ചെയ്യുമ്പോൾ2015 നും 2019 നും ഇടയിൽ ഓരോ വർഷവും ഏകദേശം 121 ദശലക്ഷം ആസൂത്രിത ഗർഭധാരണങ്ങൾ നടക്കുന്നുവെന്നും ആസൂത്രിതമല്ലാത്ത ഗർഭധാരണങ്ങളിൽ 61% ഗർഭച്ഛിദ്രമാണെന്നും ഇത് പ്രതിവർഷം 73 ദശലക്ഷം അലസിപ്പിക്കലുകളായി കണക്കാക്കപ്പെടുന്നുവെന്നും വ്യക്തമാക്കുന്നു.

എയ്ഡ്‌സ് ബാധിതരുടെ കാര്യമെടുത്താൽ, 2019 ൽ,  ആഗോളതലത്തിൽ 38ദശലക്ഷം ആളുകൾ എച്ച്.ഐ.വി ബാധിതരാണ്. 2020 ജൂൺ അവസാനത്തോടെ 26 ദശലക്ഷം ആളുകൾ ആന്റി റിട്രോവൈറൽ തെറാപ്പിയിലേക്ക് പ്രവേശിക്കപ്പെട്ടു. 2019 ന്റെ അവസാനം പകർച്ചവ്യാധി ആരംഭിച്ചതിനുശേഷം 75.7 ദശലക്ഷം ആളുകൾ എച്ച്ഐവി ബാധിതരാണ്. 32.7 ദശലക്ഷം ആളുകൾ എയ്ഡ്‌സ് സംബന്ധമായ അസുഖങ്ങളാൽ മരിച്ചുവെന്ന്- 2020 ലെ ആഗോള എച്ച്ഐവി, എയ്ഡ്സ് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.

മേൽ പറഞ്ഞ ദുരന്തങ്ങൾക്കൊപ്പം ഇന്നത്തെ യുവതലമുറ അശ്ലീല ലോകത്തിലും ഉൾപ്പെടുന്നു.  വെബ്ബ് പേജുകളിൽ ഏകദേശം 12% അശ്ലീലമാണ്. ഇന്റർനെറ്റ് ഗണ്യമായി വളരുമ്പോൾ, ഇന്റർനെറ്റിലെ അശ്ലീലത്തിന്റെ അളവും വർദ്ധിക്കുന്നു. Porn വിപണിയിൽ അശ്ലീലസാഹിത്യത്തിന്റെ ഏക ഉറവിടം ഇന്റർനെറ്റ് മാത്രമല്ല. ടെലിവിഷനും മാസികകളും ഇക്കാര്യത്തിൽ മുൻപന്തിയിൽ തന്നെയുണ്ടെന്ന് പല സർവേകൾ സൂചിപ്പിക്കുന്നു. 2006 ൽ നടത്തിയ ഒരു പഠനത്തിൽ 18 നും 49 നും ഇടയിൽ പ്രായമുള്ളവരിൽ 84% ആളുകളും വാടകയ്ക്കോ  ടെലിവിഷനിലോ മാസികകളിലൂടെയോ അശ്ലീല ചിത്രങ്ങൾ കണ്ടിട്ടുണ്ടെന്നും കണ്ടെത്തി.

നമുക്ക് ചുറ്റും നിൽക്കുന്ന ഈ തിന്മകളിൽ നിന്നും നമ്മെയും മറ്റുള്ളവരെയും രക്ഷിക്കാ൯ പാപ്പാ പറയുന്നത് പോലെ നമുക്ക് ദൈവത്തോടു സഹായം  തേടുകയും അവയ്‌ക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ മുഴുകുകയും ചെയ്യാം.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 March 2021, 15:56